വായനയുടെ പാരമ്പര്യം

വായനയുടെ പാരമ്പര്യം

ക്രൈസ്തവരുടെ ഓശാന പെരുന്നാള്‍ യഹൂദപാരമ്പര്യത്തിലെ പെസഹായുമായി ബന്ധപ്പെട്ടതാണ്. ക്രൈസ്തവരുടെ ബൈബിളിന്‍റെ ആദ്യഭാഗം യഹൂദരുടെ വേദഗ്രന്ഥമാണ്. ക്രൈസ്തവ അനുഷ്ഠാനങ്ങള്‍ പശ്ചാത്തലമായതു ജെറുസലേം ദേവാലയമോ യഹൂദരുടെ സിനഗോഗോ?

ചരിത്രത്തില്‍ നടന്ന രണ്ടു ദുരന്തങ്ങളില്‍ നിന്നു പുതിയ തുടക്കം യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കുമുണ്ട്. ഒന്നു യേശുവിന്‍റെ കുരിശിലെ മരണം. ഏതാണ്ട് ക്രിസ്തുവര്‍ഷം 70-ല്‍ ജറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടു. അതിനുമുമ്പു ബാബിലോണ്‍ അടിമത്തത്തിലും ഈ ദേവാലയം നശിപ്പിക്കപ്പെട്ടു. ദേവാലയം അങ്ങനെ ഇല്ലാതായി, അതോടെ പൗരോഹിത്യം നിന്നു പോയി. ഇതൊരു വലിയ പ്രതിസന്ധിയായിരുന്നു. ബലിയര്‍പ്പണങ്ങള്‍ നിലച്ചു. നാടു കടത്തപ്പെട്ടു, നാലുപാടും യഹൂദര്‍ ചിതറിക്കപ്പെട്ടു. മതപരമായ വലിയ പ്രതിസന്ധി. അതിനെ അവര്‍ അതിജീവിച്ചതു സിനഗോഗ് എന്ന സ്ഥാപനത്തിലൂടെയാണ്. ഇതു പുതിയൊരു സംഭവമായിരുന്നു. സിനഗോഗ് എന്ന ഗ്രീക്ക് പദത്തിനു മതപരമായ ഒരു ധ്വനിയുമില്ല. അതു സമ്മേളനസ്ഥലമാണ്. യഹൂദര്‍ സമ്മേളിച്ചു. പ്രാര്‍ത്ഥനാസ്ഥലമായിരുന്നില്ല സിനഗോഗ്. അതു വായനയുടെ ഇടമായിരുന്നു. യഹൂദര്‍ വായനയുടെ ഇടമാണ് ഉണ്ടാക്കിയത്. മതം നിലനിര്‍ത്താന്‍ മതം അഭ്യസിക്കുന്നു. ബലിയര്‍പ്പിച്ചവര്‍ ബലി നിര്‍ത്തി മതപരമായ പുതിയ അഭ്യാസം ആരംഭിച്ചു – വായന. ഇതു വേദവായനയായിരുന്നു. പ്രത്യേകിച്ചു ദൈവം ചെയ്ത കര്‍മങ്ങളുടെ കഥകള്‍ – പഞ്ചഗ്രന്ഥിയാണു പ്രധാനമായും വായിച്ചത്.

അത് ഉണ്ടാക്കിയതു മറ്റൊരു പ്രശ്നമായിരുന്നു. വായിക്കാന്‍ പറ്റിയ വേദഗ്രന്ഥമില്ല. ഭൂരിപക്ഷത്തിനു ഹീബ്രു മനസ്സിലാകാതാകുകയും ഗ്രീക്ക് ഭാഷ സാര്‍വത്രികമാകുകയും ചെയ്തപ്പോള്‍ വായിച്ചറിയാന്‍ ഗ്രീക്കുവേദം വേണ്ടി വന്നു. റോമാസാമ്രാജ്യത്തില്‍ ഈജിപ്ഷ്യന്‍ പ്രവിശ്യയിലെ ടോളമി രാജാവിന്‍റെ കാലത്ത് അലക്സാന്‍ഡ്രിയായില്‍ 72 പണ്ഡിതന്മാര്‍ കൂടി ഹീബ്രു ബൈബിള്‍ ഗ്രീക്ക് ഭാഷയിലേക്കു തര്‍ജ്ജമ ചെയ്തു. ഒരു ഗോത്രത്തില്‍ നിന്നു ആറു പേര്‍വച്ചു 72 പണ്ഡിതമാര്‍ ഒന്നിലധികം നൂറ്റാണ്ടുകളുടെ സമയത്തില്‍ തര്‍ജ്ജമയുണ്ടാക്കി.

ഈ വായനയുടെ ഗ്രന്ഥം ദൈവത്തിന്‍റെ കര്‍മങ്ങളുടെ ഗ്രന്ഥമായിരുന്നു. അവരുടെ മതനിഷ്ഠകള്‍ പൗരോഹിത്യ ബലിയര്‍പ്പണങ്ങളില്‍ നിന്നു വായനയുടെ അനുഷ്ഠാനത്തിലേക്ക്, ചാക്കുടുത്തു ചാരം പൂശിയുള്ള അനുതാപത്തിന്‍റെ അനുഷ്ഠാനങ്ങളിലേക്കും മാറി. അനുഷ്ഠാനങ്ങളില്‍ നിന്നു ധര്‍മവ്യവസ്ഥയ്ക്കു പ്രാധാന്യം കൊടുത്തു. പൂജാരികളെ മാറ്റണം, പ്രവാചകര്‍ ഉണര്‍ന്നു. പ്രവാചകര്‍ അനുഷ്ഠാനവിരോധികളായി കാണപ്പെട്ടു. അവര്‍ ദൈവത്തെ കണ്ടതു ചരിത്രത്തില്‍ പ്രവേശിച്ചു ചരിത്രം നവീകരിക്കുന്നതും ചരിത്രത്തില്‍ നിന്നു പിന്‍വാങ്ങുന്നതുമാണ്. ചരിത്രത്തല്‍ ദൈവം പ്രവേശിക്കുമ്പോള്‍ ചരിത്രം രക്ഷാകരചരിത്രമായി മാറുന്നു. ലോകത്തിന്‍റെ ആശ്ചര്യത്തിന്‍റെ പ്രത്യക്ഷത്തിനും പ്രത്യക്ഷപ്പെടുക എന്ന കര്‍മത്തിനുമിടയില്‍ കാണാനോ കേള്‍ക്കാനോ കഴിയാത്ത വ്യത്യാസമാണു എല്ലാ വ്യാഖ്യാനങ്ങളുടെയും കാരണം. പ്രത്യക്ഷങ്ങള്‍ അവയെ മാത്രമല്ല കാണിക്കുക; അവയ്ക്കിടയിലെ ആദിയെ അവ ബിംബനം ചെയ്യുന്നു. ഈ പ്രത്യക്ഷത്തെ ബിബംത്തിലെ സൂചനകളെയാണു കവികളും പ്രവാചകരും വ്യാഖ്യാനിച്ചത്.

ലോകത്തില്‍ പ്രവാസികളായവര്‍ വായനയിലൂടെ ദൈവാനുഭവം കണ്ടെത്തി, മതത്തിന്‍റെ മൗലിക ഉത്തരവാദിത്വം ധര്‍മാചരണമാക്കി. പ്രവാചകര്‍ നീതിയുടെ വക്താക്കളായി. വേദം എന്ത് എന്നു ജെറെമിയ ചോദിച്ചു; ദൈവത്തിന്‍റെ ലിഖിതം എവിടെ? "ഞാന്‍ എന്‍റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയത്തില്‍ എഴുതും" (ജെറെ. 21:33). മനുഷ്യന്‍റെ ഹൃദയവായനയും വേദവായനയായി കണ്ടു. പഴയ നിയമത്തിലെ സുഭാഷിതങ്ങള്‍ പറയുന്നു: "നീ ജ്ഞാനത്തിനു ചെവി കൊടുക്കുകയും അറിവിന്‍റെ നേരെ നിന്‍റെ ഹൃദയം ചായിക്കുകയും ചെയ്യുക. പൊരുളറിയാന്‍ വേണ്ടി കേണപേക്ഷിക്കുക. അറിവിനുവേണ്ടി കേണപേക്ഷിക്കുക. നീ അതു വെള്ളിയെന്നപോലെ തേടുകയും നിഗൂഢ നിധിയെന്നപോലെ അന്വേഷിക്കുകയും ചെയ്യുക" (2:2-3). ദൈവത്തിന്‍റെ ഗ്രന്ഥമായ ബൈബിള്‍ വായിക്കുന്നതുപോലെ രക്ഷാകരമാണു പ്രപഞ്ചഗ്രന്ഥത്തിന്‍റെ വായനയും. ഞാന്‍ എന്നെ വായിക്കുമ്പോഴും ഞാന്‍ എന്നില്‍നിന്നു ദൈവത്തിലേക്കു കടക്കുന്നു. "എല്ലാം അവിടുന്നില്‍നിന്ന്, അവിടുന്നു വഴി, അവിടുന്നിലേക്ക്. അവിടുത്തേയ്ക്ക് എന്നേക്കും മഹത്ത്വമുണ്ടായിരിക്കും" (റോമാ 11:36). ബിലിയര്‍പ്പണം നിര്‍ത്തിയവന്‍ സിനഗോഗുകളില്‍ വേദവായനയും പഠനവും ആത്മശോധനയും നടത്തി. സാവധാനം സിനഗോഗുകള്‍ പ്രാര്‍ത്ഥനയുടെയും കാവ്യകീര്‍ത്തനങ്ങളുടെയും മണ്ഡലമായി. ഖുമ്റാന്‍ ഭൂര്‍ഗഭ അറകളിലെ എസ്സീന്‍ സമൂഹവും വിശുദ്ധിയുടെ മാര്‍ഗമായി നിയമപുസ്തകപഠനത്തിന്‍റെ സിനഗോഗില്‍ പോയിരുന്നു. അതവര്‍ക്കു വായനശാലയായിരുന്നു – ദൈവത്തെ വായിക്കുന്ന വായനശാല.

മാത്രമല്ല മറ്റുള്ളവരുമൊത്തു നന്നായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന നീതിസ്ഥാപനങ്ങള്‍ക്ക് അവര്‍ പ്രാമുഖ്യം നല്കി. വിശ്വാസത്തിന്‍റെ മൗലികപ്രകാശനങ്ങളായി മാറിയതു നിയമങ്ങളുടെ പാരമ്പര്യങ്ങളും പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും അനുഷ്ഠാനരൂപങ്ങളും കഥകളും വിജ്ഞാനലിഖിതങ്ങളുമായിരുന്നു. ഇതൊക്കെ ദൈവത്തിന്‍റെ നാമകരണ സംരംഭങ്ങളാണ്. നീ തിയുടെ അഭാവത്തിന്‍റെ ഗര്‍ജ്ജനങ്ങളും സ്നേഹത്തിന്‍റെ നഷ്ടത്തിന്‍റെ വിലാപങ്ങളും ദൈവത്തിന്‍റെ വചനങ്ങളായി മാറുന്നു. ഞാനല്ലാത്ത ഏതോ എന്നിലെ സാന്നിദ്ധ്യമാണ് എന്നില്‍ വിപ്ലവം ഉണ്ടാക്കുന്നത്. ആ വചനങ്ങള്‍ സാഹിത്യം, കാവ്യം എന്നൊക്കെ വിശേഷിപ്പിക്കാം. അതിനെ പ്രവാചികം എന്നു യഹൂദര്‍ വിശേഷിപ്പിച്ചു. അതു വന്ധ്യമായ വിമര്‍ശനമല്ല. വിമര്‍ശനത്തിന്‍റെ മണല്‍ക്കാടിനതീതമായി വിമര്‍ശകന്‍ വിളിക്കപ്പെടുന്നു. ഭാഷയുടെ സ്വപ്നംകൊണ്ടു വര്‍ത്തമാനത്തെ അഴിച്ചു പണിയാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org