ദൈവവിമര്‍ശനം

ദൈവവിമര്‍ശനം

"എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു, നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു" (ലൂക്കാ 19:46). യേശുവിന്‍റെ ഈ നടപടി ദൈവവിമര്‍ശനത്തിന്‍റെ ഭാഗമാണ്. ഈ ദൈവവിമര്‍ശനത്തിന്‍റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പഴയ നിയമത്തിലുണ്ട്. "മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ജലത്തിലോ… ഒന്നിന്‍റെയും പ്രതിമയോ രൂപമോ നിര്‍മിക്കരുത്, അവയ്ക്കു മുന്നില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്" (പുറ. 20:45). ഇവയെല്ലാം ആദ്യന്തവും അജ്ഞാതവും അവര്‍ണനീയവുമായ രഹസ്യത്തിന്‍റെ വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നിബന്ധനകളുടെ താക്കീതുകളുമാണ്. തോമസ് അക്വിനാസ് എഴുതിയതുപോലെ "പ്രകൃതി അതിന്‍റെ ആന്തരികതയില്‍ രഹസ്യമായി ദൈവത്തെ അന്വേഷിക്കുന്നു." ഈ അര്‍ത്ഥത്തില്‍ മനുഷ്യബുദ്ധി ദൈവത്തെ തേടുന്നു. അതു നന്മയിലോ വിജ്ഞാനത്തിലോ തൃപ്തമാകുന്നില്ല. അതു കല്ലിനെയോ മരത്തെയോ ദൈവമാക്കി തൃപ്തമാകുന്നില്ല. അതു വിശ്രമമില്ലാതെ അന്വേഷിക്കണം.

ഈ അന്വേഷണം "ആദി"യിലേക്ക് എത്തുന്നു. എല്ലാത്തിന്‍റെയും ഉറവിടം. അവിടെനിന്നാണു സത്യവും നന്മയും പുറപ്പെടുന്നത്. ആ പുറപ്പെടലിന്‍റെ ഈ ലോകവിലാസം ഏതെങ്കിലും പേരു സ്വീകരിക്കുന്നതിനുമുമ്പ് അതു വിടുകയാണ്, പ്രത്യക്ഷീഭവിക്കുകയാണ്, സംഭവിക്കുകയാണ്. വിടരുന്ന പ്രക്രിയയും അതിനു പിന്നിലെ അജ്ഞാതമായതും രണ്ടാണ്. എക്കാര്‍ട്ട് ഒന്നിലെ ദൈവികത (Gottheit) എന്നും മറ്റേതിനെ ദൈവം (Gott) എന്നും വിളിക്കുന്നു. രണ്ടും തമ്മില്‍ ആകാശവും ഭൂമിയും തമ്മിലുള്ള അന്തരമുണ്ട്. കവികള്‍ വിശുദ്ധിക്കു പേരിടുന്നു എന്നു പറയുന്നു; പേരിട്ട വിശുദ്ധിയും പേരില്ലാത്ത ഉറവിടവും രണ്ടാണ്.

എക്കാര്‍ട്ടിനു ദൈവം ഈ ലോകസംഭവത്തിന് അപ്പുറത്താണ്. ദൈവം ഉണ്ട് എന്നുപോലും പറയാന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല, കാരണം ഉള്ളതില്‍ ഒന്നുമല്ല ദൈവം. "ദൈവം ഇതോ അതോ അല്ല… എന്തെങ്കിലും അറിയുന്നെങ്കില്‍, അറിഞ്ഞതൊന്നും അവനല്ല." എല്ലാം ദൈവത്തില്‍ നിന്നു വരുന്ന, വരുന്നതെല്ലാം "ദൈവമേ" എന്നു വിളിക്കുന്നു. സൃഷ്ടികള്‍ പറയുന്ന ദൈവം സൃഷ്ടിയുടെ പിന്നിലെ ദൈവമാണോ? ആദിയുടെ അപ്പുറത്തുള്ള ദൈവികതയെക്കുറിച്ച് ഒന്നും പറയാനാവില്ല. "സ്വജീവനെതന്നെയും വെറുക്കാതെ എന്‍റെയടുത്തു വരുന്ന ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല (ലൂക്കാ 14:26) ദൈവത്തെ പിന്തുടരാന്‍ "പൂര്‍ണമായി ഉപേക്ഷ" വേണം. ഈ ഉപേക്ഷ എന്നാല്‍ അനാസക്തിയാണ്. അതു ഞാന്‍ എന്നെ ഉപേക്ഷിക്കലാണ്, എന്നില്‍ നിന്നു പുറത്തുപോകലാണ്.

എക്കാര്‍ട്ട് എഴുതി, "ഒരു മനുഷ്യന് ഉപേക്ഷിക്കാവുന്ന ഏറ്റവും അടിസ്ഥാനപരവും ഏറ്റവും ഉദാത്തവുമായത്, ദൈവത്തിനുവേണ്ടി ദൈവത്തെ ഉപേക്ഷിക്കുന്നതാണ്." ദൈവത്തെ ഉപേക്ഷിക്കുന്ന ദൈവികതയാണിവിടെ സൂചിതം. ദൈവത്തിന്‍റെ ദൈവികത കാത്തുസൂക്ഷിക്കാന്‍ ദൈവനാമങ്ങള്‍ ഉപേക്ഷിക്കുന്നു. "മനുഷ്യന്‍റെ ദൈവികതയിലേക്കുള്ള അസ്തിത്വത്വരയ്ക്കു കൂടുതല്‍ മൗലികമായ വ്യാഖ്യാനം ദൈവശാസ്ത്രം നേടണമെന്നു" ഹൈഡഗര്‍ എഴുതിയതിന്‍റെ പ്രസക്തിയിതാണ്. ദൈവത്തിന് അസ്തിത്വമുണ്ട് എന്നു പറയാന്‍ ഹൈഡഗറും വിസമ്മതിക്കുന്നു. അസ്തിത്വമുള്ളവയുടെ മണ്ഡലത്തിലല്ല ദൈവം. അതുകൊണ്ടു ദിവന്നാസിയോസ് എഴുതി: "എല്ലാ നാമങ്ങളിലും ഉപരിയായ അത്ഭുതനാമമാണത്, അതുകൊണ്ട് അതു നാമമല്ല. മറിച്ച് അവര്‍ ഇതിനു പല പേരുകള്‍ നല്കുന്നു." ഈ പേരുകള്‍ ഒന്നും ശരിയായ പേരുകളല്ല എന്നു നിരന്തരം പറയേണ്ടി വരുന്നതു പേരുകളെ വിഗ്രഹമാക്കാതിരിക്കാനാണ്. ലൂക്ക് മാരിയോണ്‍ എഴുതി "ദൈവം എന്നു പറയേണ്ടിടത്തു ദൈവം എന്തല്ല എന്നു പറയണം… ദൈവപ്രയോഗം അസന്ദിഗ്ദ്ധവും വിഗ്രഹവത്കരണത്തിന്‍റെയും ആകുമ്പോള്‍ ഈ നിഷേധം അനിവാര്യമാണ്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org