അപരനുമായുള്ള പൊക്കിള്‍ക്കൊടി

അപരനുമായുള്ള പൊക്കിള്‍ക്കൊടി

"റാമായില്‍ ഒരു വിലാപം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാദ്ധ്യം. എന്തെന്നാല്‍ അവള്‍ക്കു കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു" (മത്താ. 2: 18). ഹേറോദേശിന്‍റെ ശിശുഹത്യയുടെ ഭീകരതയുടെ പശ്ചാത്തലത്തിലാണ് ഈ വാചകങ്ങള്‍ എഴുതപ്പെട്ടത്. അതിനേക്കാള്‍ ഭീകരമായ ശിശുവധത്തിന്‍റെ കൊടുംഭീകരതയുടെ കഥയാണല്ലോ നാസി തടങ്കല്‍ പാളയങ്ങളില്‍ നടന്നത്. യഹൂദ അമ്മമാരില്‍നിന്നു കുഞ്ഞുങ്ങളെ പിടിച്ചു വാങ്ങി തീച്ചൂളകളിലേക്കും ശവക്കുഴിയിലേക്കും വലിച്ചെറിഞ്ഞു കൊല്ലുന്നു എന്നത് അമ്മമാര്‍ കാണുന്നു എന്ന് ഉറപ്പാക്കി. ഗര്‍ഭിണികളെ നിര്‍ബന്ധിച്ചു ഗര്‍ഭച്ഛിദ്രം നടത്തി ജീവനോടെ പുറത്തേയ്ക്കു വന്ന കുഞ്ഞുങ്ങളെ അമ്മയുടെ കണ്‍മുമ്പില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലുന്നു. അങ്ങനെ യഹൂദന്‍റെ ജന്മവും യഹൂദനെ പ്രസവിക്കലും ഒന്നുപോലെ ശിക്ഷിക്കപ്പെട്ടു.

നാസികള്‍ യഹൂദരെ കൊല്ലാനല്ല നിരാശപ്പെടുത്തി ആത്മഹത്യ ചെയ്യിക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ ഒരു യഹൂദസ്ത്രീയും തന്‍റെ കുഞ്ഞിനെ കൊന്ന് രക്ഷപ്പെടാനോ ആത്മഹത്യ ചെയ്യാനോ മുതിര്‍ന്നില്ല. ആത്മഹത്യയിലൂടെ ജീവിതത്തെ വെറുക്കാന്‍ അവര്‍ തയ്യാറായില്ല. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ സന്നദ്ധമായി. പക്ഷേ, ഒരമ്മയും തന്‍റെ കുഞ്ഞിനെ കൊന്നില്ല. അതവര്‍ക്ക് അസാദ്ധ്യമായിരുന്നു. ജനിക്കുന്നതിനുമുമ്പേ കുഞ്ഞുങ്ങളെ അവര്‍ സ്വന്തം പ്രാണനേക്കാള്‍ സ്നേഹിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചു രക്ഷപ്പെടാനും അവര്‍ ആഗ്രഹിച്ചില്ല. കുഞ്ഞിനെ കൊന്നു ജീവിക്കുക എന്നത് അവര്‍ക്ക് അസാദ്ധ്യമായിരുന്നു. കുഞ്ഞിന്‍റെ സ്ഥാനത്ത് സ്വന്തം ജീവന്‍ വച്ചുമാറാന്‍ അവര്‍ അശക്തരായിരുന്നു. അത്ര അഗാധമായ ബന്ധം അവര്‍ തമ്മിലുണ്ട്. ലെവീനാസ് പറയുന്നതനുസരിച്ചു ശുദ്ധമായ മാതൃത്വത്തില്‍ നാം ദൈവികത സ്പര്‍ശിക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മനുഷ്യനും അപരനും തമ്മിലുള്ള ബന്ധത്തിന്‍റെ രൂപകമാണ്. വേര്‍പെടുത്താനാവാത്തതും സ്വാതന്ത്ര്യം അലിഞ്ഞില്ലാതാകുന്നതുമായ പൊക്കിള്‍ക്കൊടി ബന്ധം അപരനുമായി ഉണ്ട് – അതാണു മനുഷ്യനിലെ ദൈവികത. അതിന്‍റെ മഹത്തായ കലാരൂപമാണു മൈക്കിള്‍ ആഞ്ചലോ പിയെത്ത എന്ന കലാരൂപത്തിലൂടെ ലോകത്തിനു നല്കിയത് – അമ്മയുടെ മടിയില്‍ കിടക്കുന്ന ക്രൂശിതമകന്‍റെ ശരീരം – മനുഷ്യത്വത്തിന്‍റെ മാതൃത്വമാര്‍ന്ന ദൈവികമുഖം – വ്യാകുലമാതാവ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org