അവസാനമില്ലാത്ത സൃഷ്ടിയുടെ കഥ

അവസാനമില്ലാത്ത സൃഷ്ടിയുടെ കഥ

ഉല്പത്തിയുടെ കഥയ്ക്ക് അവസാനമുണ്ടോ? ദൈവം മനുഷ്യനെ സൃഷ്ടിച്ചതു സൃഷ്ടിയുടെ മണ്ഡലത്തിലെ സ്രഷ്ടാവായിട്ടുതന്നെ. മനുഷ്യന്‍റെ ചരിത്രം സൃഷ്ടിയുടെയും കണ്ടുപിടുത്തങ്ങളുടെയും കണ്ടെത്തലുകളുടെ പുതിയ പുതിയ സംരംഭങ്ങളുടെയും കഥയാണ്. ലോകത്തില്‍ എന്നും പുത്തന്‍ പൂക്കള്‍ ഉണ്ടാകുന്നതുപോലെ മനുഷ്യചരിത്രം പുതുമയുടെ സൃഷ്ടിയുടെ അനന്തമായ കഥയായി തുടരുന്നു. പുതിയ പുതിയ കണ്ടെത്തലുകള്‍ നടത്തുന്ന മനുഷ്യന്‍റെ കഴിവിനെ വിവരിച്ച അലക്സാണ്ടര്‍ പോപ്പ് മനുഷ്യനു ദൈവികമായ വിശേഷണമാണു നല്കുന്നത്. അദ്ദേഹത്തിനു ഹോമറാണ് ഏറ്റവും വലിയ കണ്ടുപിടുത്തക്കാരന്‍ – ഹോമര്‍ കവിയായി ഉണ്ടാക്കിയതു കവിതയാണ്; മഹാകാവ്യമാണ്. ശാസ്ത്രജ്ഞന്മാര്‍ പ്രപഞ്ചത്തില്‍ മറഞ്ഞിരിക്കുന്നതു കണ്ടുപിടിക്കുമ്പോള്‍ കവികളും കലാകാരന്മാരും സാഹിത്യകാരന്മാരും ദൈവത്തിന്‍റെ സൃഷ്ടിയുടെ സര്‍ഗാത്മക സിദ്ധിയില്‍ പുത്തന്‍ പുത്തന്‍ ഇതിഹാസങ്ങള്‍, കാവ്യങ്ങള്‍, വെളിപാടുകള്‍ എന്നിവ ഉണ്ടാക്കുന്നു. അത് എവിടെനിന്നു വരുന്നു എന്നു അത് എഴുതുന്നവര്‍ക്കുപോലും അറിയില്ല. കാവ്യത്തിന്‍റെ അജ്ഞാതമായ ഹൃദയമിടിപ്പ് കവികളില്‍ സംഭവിക്കുന്നു.

ദൈവം, ആകാശവും ഭൂമിയും സൃഷ്ടിച്ച ഉല്പത്തിയുടെ കഥയെഴുതി. പേരില്ലാത്ത ആ വ്യക്തി എന്തു പേരിലാണ് അത് എഴുതിയത്? ശാസ്ത്ര-സാങ്കേതികവിദ്യയുടെ ഉച്ചിയില്‍ നില്ക്കുന്ന ഇക്കാലത്തു കണ്ടുപിടുത്തങ്ങളുടെ ശാസ്ത്രജ്ഞന്മാര്‍ "ഉല്പത്തിയുടെ കഥ വെറും കെട്ടുകഥയായി പരിഹസിച്ചു തള്ളുന്നു. പക്ഷേ, മഹാവിസ്ഫോടനത്തിന്‍റെ അത്യാധുനിക സിദ്ധാന്തമോ? അതു ശാസ്ത്രീയമാണ് എന്നു പറയുമ്പോഴും അതൊരു കഥയല്ലേ? അതിനെക്കുറിച്ചു സങ്കല്പിക്കുന്നതു കണ്ടിട്ടില്ലാത്തതു കാണുന്ന കഥയാണ്. പക്ഷേ, ആ കഥയ്ക്കു ശാസ്ത്രീയമായ വഴികളുണ്ട്. അതു ശാസ്ത്രത്തിന്‍റെ കഥയാണ്. പക്ഷേ, ആ കഥയില്‍ വിസ് ഫോടനത്തിന്‍റെ പിന്നില്‍ എന്തായിരുന്നു എന്നു ചോദിച്ചാല്‍ അവന്‍ കോപിക്കും. പിന്നില്‍ എന്തെന്നു ചോദ്യമില്ല. മനുഷ്യന്‍റെ ബുദ്ധിയെ അവിടെവരെ എത്തിച്ചവര്‍ ഇനി ചോദ്യം വേണ്ട എന്നു പറയുന്നത് ഏതോ മൗലികവാദമായി മാറില്ലേ? ശാസ്ത്രത്തിലും സാഹിത്യത്തിലും സങ്കല്പവും ഊഹങ്ങളുമുണ്ട്. മഹാവിസ്ഫോടനത്തിലും ഊഹമുണ്ട് – ഒരു വൈദികന്‍റെ കണക്കുകൂട്ടിയുളള ഊഹം.

സാഹിത്യത്തിന്‍റെ ഒരു അത്ഭുതമായ മാസ്റ്റര്‍ പീസിന്‍റെ മുമ്പിലും മഹാവിസ്ഫോടനത്തിലെപ്പോലെ വിശദീകരണമില്ലാത്ത ആദിയുടെ രഹസ്യം ബാക്കിനില്ക്കുന്നു. സോഫോക്ലിസിന്‍റെ ഈഡിപ്പസും സോര്‍വാന്‍റസിന്‍റെ ഡോം ക്വിക് സോട്ടും ഷേക്സ്പിയറിന്‍റെ ഹാംലെറ്റും വാല്മീകിയുടെ രാമായണവും മോസസിന്‍റെ പുറപ്പാടും വായിച്ചുകഴിയുമ്പോള്‍ വിശദീകരണമില്ലാത്ത അത്ഭുതബോധത്തില്‍ നാം അന്തംവിട്ടു നില്ക്കുന്നു. നാം സൃഷ്ടിയുടെ തുടര്‍ച്ചയുടെ ലോകത്തിലാണ്. മനുഷ്യന്‍റെ സൃഷ്ടിയെ മാനുഷികമായി വ്യാഖ്യാനിക്കാനാവാത്ത വലിയ രഹസ്യത്തില്‍ മുട്ടിനില്ക്കുന്നു. ശാസ്ത്രത്തിനും സാങ്കേതികതയ്ക്കും തുറന്നു കിടക്കുന്ന നാളെകള്‍ നല്കുന്ന ലോകം. അവിടെ കലാകാരന്മാരും പ്രവാചകരും ചിന്തകരും പുതുമ നിരന്തരം സൃഷ്ടിക്കുന്നു. അവരല്ല അതു സൃഷ്ടിക്കുന്നത് എന്നവര്‍ ആവര്‍ത്തിച്ചു പറയുന്നു. ദൈവം എന്ന പദം പരിഹസിക്കുന്നവര്‍ പരിഹാസ്യരായി മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org