Latest News
|^| Home -> Pangthi -> ചിന്താജാലകം -> പ്രേതാവാസത്തിന്‍റെ ജീവിതം

പ്രേതാവാസത്തിന്‍റെ ജീവിതം

ഫാ. പോള്‍ തേലക്കാട്ട്

“അവന്‍ കടലിനു മീതെ നടന്നുവരുന്നതു കണ്ടു ശിഷ്യന്മാര്‍ പരിഭ്രാന്തരായി. ഇതാ ഭൂതം എന്നു പറഞ്ഞു നിലവിളിച്ചു” (മത്താ. 14:26). “എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ” (ലൂക്ക 24:39). യേശുവിനെഭൂതമായി ശിഷ്യന്മാര്‍ തെറ്റിദ്ധരിച്ചു. എന്താണു ഭൂതം? ശാരീരികമായി ഇല്ലാത്ത ഒരു സാന്നിദ്ധ്യം. മരിച്ചയാള്‍ കടന്നുപോയി, പക്ഷേ, അയാളുടെ ശേഷിക്കുന്ന സാന്നിദ്ധ്യം ഭൂതമായി മാറുന്നു. ഭൂതം എന്ന വാക്കിനു കഴിഞ്ഞകാലം എന്നും അര്‍ത്ഥമുണ്ട്. കഴിഞ്ഞതു കഴിഞ്ഞെങ്കിലും അതിന്‍റെ ഏതോ സാന്നിദ്ധ്യം നിലനില്ക്കുന്നു. സന്നിഹിതമായ അസാന്നിദ്ധ്യമായി അതു തുടരുന്നു. ഭൂതങ്ങള്‍ പഴയതാണെങ്കിലും അവര്‍ക്കു ക്ഷീണമില്ല. അന്യമായതുമായി നാം ബന്ധപ്പെടുമ്പോള്‍ ഒന്നുകില്‍ ആകുലമാകുന്നു, അല്ലെങ്കില്‍ മന്ദഹസിക്കുന്നു… ഇതില്‍ ഏതു എന്നു നിശ്ചയിക്കുന്നതു ഭൂതവുമായുള്ള പരിചയമാണ്.

ഒഴിവാക്കാന്‍ സമ്മതിക്കാത്തവര്‍ പ്രേതങ്ങളായി തിരിച്ചുവരുന്നു. പീഡിപ്പിച്ചവര്‍, കൊന്നു കുഴിച്ചുമൂടിയവര്‍, പുറത്താക്കപ്പെട്ടവര്‍, ഇവര്‍ എത്ര ഭൂതോച്ഛാടനം നടത്തിയാലും തിരിച്ചുവരുന്നു. ബോധപൂര്‍വം മറന്നവരും വെട്ടിനീക്കിയവരും ചരിത്രത്തില്‍ നിന്നു പുറത്താകാന്‍ അനുവദിക്കാതെ വരുന്നു.

പ്രേതം ഒരു സാദ്ധ്യതയുമാണ്. രക്ഷാകരവും പൈതൃകപരവും അഭയവുമായി വരുന്ന സാദ്ധ്യതകളും പ്രേതഭാവമെടുക്കാം. ചരിത്രത്തെയും കാലത്തെയും അട്ടിമറിക്കാന്‍ കഴിയുന്ന സാദ്ധ്യതകളുമായി പ്രേതങ്ങള്‍ വരും. രക്ഷാകരമായ പ്രേതം ഭാവിയായി കടന്നുവരുന്നു.

ക്രൈസ്തവ പാരമ്പര്യത്തില്‍ ഭൂതം വിശുദ്ധമാകുമ്പോള്‍ അതു പരിശുദ്ധാത്മാവാകുന്നു. അതു ദൈവത്തിന്‍റെ അരൂപിയുടെ ആവാസമാണ്. ദൈവത്തിന്‍റെ സാന്നിദ്ധ്യം പ്രേതത്തിന്‍റെ സാന്നിദ്ധ്യം പോലെയാണ്-അതു അസാന്നിദ്ധ്യത്തിന്‍റെ സാന്നിദ്ധ്യമാണ്. ഈ പ്രേതം എന്തായിരിക്കും? ഞാന്‍ എന്നിലെ മൃഗത്തോടു പറയുന്ന ഭാഷയോ, യുക്തി യുക്തിയോടു പറയുന്ന ഭാഷയോ എന്നില്‍ എന്നെ ചോദ്യം ചെയ്യുന്നതുമാണല്ലോ. യുക്തി ഒരു വലിയ പുനരുക്തിയല്ലേ? യുക്തിയെ പ്രപഞ്ചത്തിന്‍റെ അടിസ്ഥാനമാക്കി യുക്തി സ്ഥാപിക്കും. പക്ഷേ, മറ്റൊന്നുകൂടി യുക്തി ചെയ്യുന്നു! യുക്തിയെ അധികാരത്തില്‍ നിന്നു തട്ടി താഴെയിടുന്നു. യുക്തിയെ നിലംപരിശാക്കിയ ഇടത്തില്‍ യുക്തി കയറിക്കൂടും. മനുഷ്യന്‍റെ ബോധം ഒരു ശൂന്യതയാണ്, ഈ ശൂന്യത ലോകത്തിലേക്കു വീഴുന്ന ഓട്ടയായി ബോധം മാറുന്നുണ്ടല്ലോ. എന്നെ സൃഷ്ടിക്കുന്ന വാക്കുകള്‍കൊണ്ടു സൃഷ്ടിക്കുന്നു. എന്‍റെ എഴുത്ത് എന്നെ എഴുതുകയാണ്. എന്‍റെ ബന്ധങ്ങളുടെ സത്ത ബോധങ്ങള്‍ക്കിടയിലെ വൈരുദ്ധ്യവും സംഘര്‍ഷവുമാണ്. ഒരുവന്‍ ഒന്നുകില്‍ തന്നെ മറികടക്കുന്നു, അല്ലെങ്കില്‍ തന്നെ മറികടക്കാന്‍ അനുവദിക്കുന്നു. നമ്മെ നശിപ്പിക്കുന്നതിനു നാം സ്ഥിരമായി എന്തുകൊണ്ടു സമ്മതം കൊടുക്കുന്നു? ഇതു മനുഷ്യര്‍ എന്ന ഇരുകാലി തത്ത്വചിന്തകനോടു ചോദിക്കുന്നതാണ്. കണ്ണാടികള്‍ നോക്കുകയും അതില്‍ ഒന്നും കാണാതിരിക്കുകയും സൂര്യനു താഴെ നടക്കുകയും നിഴലുണ്ടാകാതിരിക്കുകയും ചെയ്യുക സാദ്ധ്യമാണോ? എന്‍റെ കാര്യമാണു ഞാന്‍ എഴുതുന്നതും പറയുന്നതും, പക്ഷേ അത് എന്‍റെ ഉള്ളിലെ ഗര്‍ത്തത്തില്‍ കേട്ട മുറുമുറുപ്പിന് അനുസൃതമാണോ? വിരുദ്ധമാണോ? പൂര്‍ണമാകാന്‍ ആഗ്രഹിക്കുന്ന ഒരു വെറും ഓട്ടയാണോ ഞാന്‍? ആ ഓട്ട ഒരു പ്രേതമല്ലേ? എന്‍റെ ആത്മകഥയില്‍ എനിക്കു കാണാനാകാത്തത് എന്‍റെ കണ്ണില്‍ ഞാന്‍ കാണാതെ മറഞ്ഞിരിക്കുന്ന എന്‍റെ സ്വാര്‍ത്ഥതയാണ്. ഒരു പ്രേതത്തെ എനിക്ക് ഒഴിവാക്കാനാവില്ല. ഞാന്‍ എന്ന പ്രേതം. ഞാന്‍ കാണാമറയത്താകുമ്പോള്‍ എനിക്കു പരസ്നേഹം ഒഴിവാക്കാം. എന്‍റെ പ്രേതം എന്നിലെ ശൂന്യതയായി ഒളിഞ്ഞിരിക്കുന്നു. അതു ശൂന്യത അര്‍ത്ഥപൂര്‍ണമാക്കി ഞാന്‍ നിറയ്ക്കുമ്പോള്‍ അഹത്തിന്‍റെ പ്രേതം ഒരുപക്ഷേ, ഒഴിവാകും. എന്‍റെ പ്രേതത്തിന്‍റെ ഭാരത്തില്‍ ഞാന്‍ കൂനിനടക്കുന്നു. എന്നില്‍ ഒളിഞ്ഞിരിക്കുന്ന എന്‍റെ പ്രേതം എന്‍റെ കഥ പറയാതെ നിങ്ങളോട് നുണക്കഥകള്‍ പറയുന്നവനായി മാറിയോ?

എന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രേതവും എന്നിലുണ്ട്. ഞാന്‍ ഒരു ധാര്‍മിക ഉത്തരവാദിത്വം ചെയ്യാതിരുന്നാല്‍, ഞാന്‍ ചെയ്തെങ്കില്‍ ഉണ്ടാകുമായിരുന്ന മാറ്റം എന്നെ ആവസിക്കുന്നു. ഞാന്‍ ചെയ്തില്ല, അതുകൊണ്ട് അതില്ല. പക്ഷേ, അത് എന്നിലേക്കു കടന്നിരുന്നു. അസ്തിത്വമുണ്ടാക്കുന്നു. അതു നിരന്തരം എന്നെ ശല്യപ്പെടുത്തുന്നു. ഈ പ്രേതത്തിനു ധാര്‍മികജ്ഞാനത്തില്‍ വ്യക്തികളെ ഇളക്കിമറിക്കാന്‍ കഴിയുന്നു. സാഹിത്യവും കലയും ഈ പ്രേതമാധ്യമമാണ് ഉപയോഗിക്കുന്നത്. പീഡിതമായ ഒരു സമൂഹത്തെ പുനഃ സൃഷ്ടിക്കുന്ന ഭാവി ഉണ്ടാക്കാന്‍ ഈ പ്രേതത്തിനു കഴിയും. പ്രേതം ഇവിടെ പേരും വിലാസവും തരാതെ വരുന്ന അപരനാണ്. അപരര്‍ ഒരു അസാന്നിദ്ധ്യത്തിന്‍റെ കരച്ചിലാണ്. സന്നിഹിതമല്ലാത്ത നഷ്ടം. നഷ്ടപ്പെട്ടതും അദൃശ്യമായതും നമുക്കു വെളിവാക്കുന്ന വിധമാണു പ്രേതം. പ്രേതം പിന്തുടരുന്നു. നമ്മെ പിന്തുടരുന്നു എന്നു നാം കരുതുന്നു. ഓടിച്ചു പീഡിപ്പിക്കുമ്പോഴും നാം അവന്‍റെ പിന്നാലെ ഓടുകയാണ്.

Leave a Comment

*
*