വഴിയിലാണു കാശി

വഴിയിലാണു  കാശി

ഒരേ വഴി നടന്ന അഞ്ചു പേരുടെ കഥയാണു നല്ല സമരിയാക്കാരന്‍റേത്. ജെറുസലേമിനും ജെറിക്കോക്കും മദ്ധ്യേയുള്ള വഴി. ഓരോരുത്തരും അവരവരുടെ വഴി നടക്കുകയാണ്. എങ്ങനെ വഴി നടക്കുന്നു എന്നതാണു പ്രധാനം. വഴി എങ്ങോട്ടാണു എന്നതല്ല. വഴിയല്ല പ്രധാനം, വഴി എങ്ങനെ നടക്കുന്നു എന്നതാണ്. അഞ്ചു പേരും ഒരേ വഴിയിലൂടെ അഞ്ചു വിധമാണു നടന്നത്. അതാണു കഥയുടെ കഴമ്പ്.

യാത്രികന്‍ നിയമാനുസൃതമായി വഴിയിലൂടെ യാത്ര ചെയ്തു. കൊള്ളക്കാരന്‍ അതേ വഴിയിലൂടെ നിയമവിരുദ്ധമായി നടന്നു. പിന്നെ, അതേ വഴിയിലൂടെ വന്നതു വൈദികനാണ്. കൊള്ള ചെയ്യപ്പെട്ട ദുര്‍ഭഗനെ കണ്ടു. കള്ളന്‍ കൊള്ളയടിച്ചു വഴിയില്‍ ഉപേക്ഷിച്ചവന്‍. പൗരോഹിത്യത്തിന്‍റെ നിസ്സംഗതയില്‍ വൈദികന്‍ നടന്നു. ദുരിതവും അനീതിയും അക്രമവും കണ്ടു കണ്ണു തഴക്കമായവന്‍ തഴക്കദോഷത്തില്‍ നടന്നു. പിന്നെ ലേവായന്‍ വന്നു – അതേ വഴിയില്‍ അയാളും കടന്നുപോയി, സ്വന്തം കാര്യം നടത്താന്‍. അഞ്ചാമനായി വന്നതു സമരിയാക്കാരനാണ് – അയാളും വഴി നടന്നു. അവനു വഴി കരുണയുടേതായി. വഴി എങ്ങനെ നടക്കണമെന്ന് ആത്മീയമായി അയാള്‍ കാണിച്ചു. പ്രത്യക്ഷത്തില്‍ അയാള്‍ ആത്മീയനല്ല. വര്‍ഗശുദ്ധിയും മതശുദ്ധിയും ആരാധനയുമില്ലാത്തവനാണ്. അവന്‍ അവന്‍റെ കാര്യം മറന്നു, അപരന്‍റെ ദൈന്യത്തില്‍.

"നീയും പോയി ഇതുപോലെ ചെയ്യുക" എന്നതാണു സുവിശേഷം. എങ്ങനെ നടക്കുന്നു എന്നതാണു വഴിയെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ എന്നു നിശ്ചയിക്കുന്നത്. നടക്കുന്ന വിധമാണു പ്രധാനം. ജീവിതത്തിന്‍റെ വഴി എങ്ങനെ നടക്കണം എന്നതാണു പാഠം. വഴികളെല്ലാം ഏതാണ്ട് ഒന്നുപോലെ. കാശിയിലേക്കു വഴി എവിടെ എന്നല്ല ചോദിക്കേണ്ടത്. കാശിയിലേക്ക് എങ്ങനെ നടക്കും – അതാണു കാശിയിലേക്കോ എന്നു നിശ്ചയിക്കുന്നത്.

രണ്ടുപേര്‍ ഒരേ കിടക്കയില്‍ ഉറങ്ങി; ഒരാള്‍ രക്ഷിക്കപ്പട്ടു, അപരന്‍ ശിക്ഷിക്കപ്പെട്ടു. ഒരേ പ്രാര്‍ത്ഥനാലയത്തില്‍ രണ്ടുപേര്‍ പ്രാര്‍ത്ഥിക്കാന്‍ വന്നു. ഒരുവന്‍ തിരസ്കരിക്കപ്പെട്ടു; അപരന്‍ രക്ഷയുമായി വീട്ടിലേക്കു മടങ്ങി. രണ്ടു പേര്‍ ഒരേ വിശ്വാസപ്രമാണം ചൊല്ലി, ഒരുവന്‍ രക്ഷിതനായി, അപരനു ജീവിതം നഷ്ടമായി. സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും രണ്ടു വഴികളില്ല. ഒരേ വഴി. രണ്ടു വിധമുള്ള വഴിനടക്കല്‍.

സത്യം വഴിയിലാണ്. വഴിയും സത്യവും ജീവനും ഞാനാണ് എന്നു വചനം – സത്യം വെളിപ്പെട്ട അറിവുകളുടെ ആകെത്തുകയല്ല. ക്രൈസ്തവികത വഴിയെക്കുറിച്ചുള്ള പ്രബോധനങ്ങളല്ല. സത്യം ജീവിതത്തിന്‍റെ നടത്തിപ്പാണ്. ആ നടത്തിപ്പ് എങ്ങനെ നടക്കുന്നു? അതു മനസ്സിലാക്കപ്പെടുന്നിനേക്കാള്‍ മുമ്പ് അതു ജീവിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org