കഷ്ടകാലത്തെ കവികള്‍

കഷ്ടകാലത്തെ കവികള്‍

"ഈ കഷ്ടകാലത്തു കവികള്‍ എന്തിനാണ്?" പ്രസക്തമായ ഈ ചോദ്യം ജര്‍മന്‍ ചിന്തകനായ ഹൈഡഗറിന്‍റേതാണ്. കവിയാണ് സ്വര്‍ഗീയമായതു പാട്ടില്‍ പൊതിഞ്ഞു ജനങ്ങള്‍ക്കു കൊടുക്കുന്നവന്‍. സത്യസന്ധമായ ചിന്ത കാവ്യാത്മകമാണ്. അങ്കുശമായ ആ ബിന്ദുവില്‍ കേന്ദ്രീകരിച്ചു കടാക്ഷം. ആകാശത്തിലെ നക്ഷത്രംപോലെ ശോഭിച്ചുനില്ക്കും. ഈ ലോകത്തില്‍ ജീവിക്കാന്‍ പഠിച്ചവര്‍ കാവ്യാത്മകമായി ഇവിടെ വസിക്കുന്നവരാണ്. കഷ്ടകാലമാണിത്. കാരണം ലോകത്തില്‍ ഇരുട്ടുപരന്നിരിക്കുന്നു. ഈ ഇരുട്ട് ഉണ്ടാകുന്നതു ദൈവങ്ങള്‍ അപ്രത്യക്ഷരായതുകൊണ്ടാണ്. മനുഷ്യരെ യോജിപ്പിക്കാന്‍ ദൈവങ്ങളില്ല. ഈ കഷ്ടം വന്നുഭവിച്ചതിനു പിന്നെയും കാരണങ്ങളുണ്ട്. ഈ കാലത്തു മനുഷ്യന്‍റെ സങ്കടം, മരണം, സ്നേഹം എന്നിവയുടെ സ്വഭാവം വെളിവാകുന്നില്ല. മരണം, സഹനം, സ്നേഹം ഇവ എല്ലാക്കാലത്തുമുണ്ട്. പക്ഷേ, കഷ്ടകാലം ഈ ജീവിതത്തിന്‍റെ അനിവാര്യങ്ങളായ അര്‍ത്ഥ പ്രസക്തികള്‍ വെളിവാക്കുന്നില്ല എന്നതാണ്. അവയുടെ സ്വഭാവങ്ങള്‍ പിന്‍വലിഞ്ഞ് അവ അപ്രസക്തവും അര്‍ത്ഥരഹിതവുമാകുന്നു. ഇവയുടെ അര്‍ത്ഥങ്ങള്‍ പൊഴിഞ്ഞുപോകുമ്പോള്‍ ഉണ്ടാകുന്നത് അസ്തിത്വശൂന്യതയാണ്. അപ്പോഴും പേരുകളും പാട്ടുകളും ഉണ്ടാകാം. മര്‍ത്യന്‍ പാടുന്നതെപ്പോള്‍? ആ പാട്ടു വായ്പിളര്‍ന്നു നില്ക്കുന്ന അസ്തിത്വഗര്‍ത്തത്തെ സമീപിക്കുന്നുണ്ടോ?

കഷ്ടകാലം എന്നതു കഷ്ടകാലത്തെ അറിയാതെ പോകുന്ന വലിയ കഷ്ടംതന്നെയാണ്. ഇത് അസ്തിത്വവിസ്മൃതിതന്നെയാണ്. ഹൈഡഗര്‍ എഴുതി: ചിന്തകര്‍ അസ്തിത്വം ഭാഷിക്കുന്നു, കവികള്‍ വിശുദ്ധിക്കു പേരിടുന്നു. ഇതു രണ്ടും നടക്കാതെ പോകുമ്പോള്‍ ലോകമാണു പിന്‍വലിയുന്നത്. ലോകത്തില്‍ നിരന്തരമായ പീലി വിടര്‍ത്തലിന്‍റെ രഹസ്യത്തിനു മുമ്പില്‍ ചിന്തകരും കവികളും ഊമരും നിശ്ശബ്ദമാകുന്നു. വാക്കുകള്‍ പൊങ്ങുതടികള്‍പോലെ ഒഴുകുന്നു, ഭാഷയ്ക്ക് ആഴമോ ശുദ്ധിയോ ഇല്ലാതെ വരുന്നു. ലോകവിലാസത്തില്‍ വസ്തുവകകള്‍ക്കു പേരും പ്രസക്തിയും നഷ്ടപ്പെടുന്നു. വിശുദ്ധിക്കു പേരു നല്കാന്‍ കവികള്‍ അസ്തിത്വപ്രകടനത്തിന്‍റെ അടുത്തുനില്ക്കണം. പക്ഷേ, അതില്ലാതായി അവര്‍ അസ്തിത്വം മറക്കുന്നു. അ സ്തിത്വബോധമാണു കവിയുടെ ജീവിതം. അതു ദാനമാണ്, കഴിവല്ല. ലോകത്തിന് അതീതമായ വിശുദ്ധിയുടെ സന്ദേശങ്ങള്‍ ഉന്നതങ്ങളില്‍നിന്നു വരുന്നു. അതു സ്വീകരിക്കാന്‍ കഴിവുള്ളവരാണു കവികള്‍. അത്യുന്നതവും വാക്കുകളില്ലാത്തതുമായ കാവ്യത്തിന്‍റെ പ്രതികരണമാണു കവികളില്‍നിന്നു വരുന്നത്. അത് ഇല്ലാതായാല്‍ ദൈവികത മനസ്സിലാക്കുന്ന സന്തോഷം കുറയുന്നു, വിശുദ്ധമായ പേരുകള്‍ ഇല്ലാതാകുന്നു. ഇല്ലാത്തതു ഭാവിയില്‍ നിന്നാണു വരുന്നത്, അതു ഭാഷയിലാണു സംഭവിക്കുന്നത്. കവിയുടെ വിളി ദൈവികവും കാവ്യാത്മകവുമായവ അന്വേഷിക്കുക എന്നതാണ്.

കഷ്ടകാലം അമേരിക്കന്‍ ലോകത്തിന്‍റെ വരവില്‍നിന്നാണ് ഉണ്ടാകുന്നത്. അതു ചരക്കുകളുടെ ലോകമാണ്. ലോകവിലാസം എന്നതു ചരക്കുകളുടെ വിലാസമായി മാറുന്നതാണ്. ഈ ചരക്കുകളുടെ ഇടയില്‍ സ്പന്ദിക്കുന്നതു നാണയങ്ങളുടെ കലമ്പലാണ്. അവയുണ്ടാക്കുന്നതു ക്രയവിക്രയത്തിന്‍റെ സംസ്കാരമാണ്. പണം സ്വര്‍ണംപോലെ ലോഹമാണ് – ഏറ്റവും സുന്ദരമായത് അതാകുന്നു. മനുഷ്യവിരുദ്ധമായത് അസ്തിത്വത്തെ ആവരണം ചെയ്യുന്നു. അതു ചരക്കാക്കി കാണുന്ന വീക്ഷണമാണ്. സൃഷ്ടികള്‍ക്കു പ്രത്യക്ഷമാകാനാവാതെ ശ്വാസംമുട്ടുന്ന അന്തരീക്ഷം. പ്രപഞ്ചം പ്രത്യക്ഷമാകുന്നതു ചരക്കുകളുടെ ചന്തയായിട്ടാണ് എന്നതാണ് ഈ കഷ്ടകാലത്തിന്‍റെ വിധി. ഈ ലോകത്തില്‍ മരണവും മര്‍ത്യതയും നാടുവിടുന്നു. അസ്തിത്വത്തിന് അതിരുകളോ വ്യത്യാസങ്ങളോ ഇല്ലാതാകുന്നു. അവയ്ക്ക് അസ്തിത്വമുണ്ട് എന്നുപോലും പറയാനാവില്ല. സൃഷ്ടികള്‍ ദൃശ്യമാകാതെ അദൃശ്യമായി ചരക്കുകളായി പ്രത്യക്ഷപ്പെടുന്നു. എല്ലാം ചരക്കാകുമ്പോള്‍ എല്ലാം ഒന്നുപോലെയായി. എല്ലാ തനിമകളും തച്ചുടയ്ക്കപ്പെട്ടു. എല്ലാം മറ്റൊന്നിന്‍റെ വെറും ആവര്‍ത്തനങ്ങളായി. എല്ലാറ്റിന്‍റെയും തനിമപോലെ എല്ലാം വെറും ചരക്കിന്‍റെ ആവര്‍ത്തനമായി. ലോകം എന്ന തോട്ടം വെറും ചരക്കുകളുടെ കമ്പോളമായി. ഫലമായി തോട്ടത്തിനു തോട്ടക്കാരനില്ലാതായി. ടിന്‍റന്‍ ആബി എന്ന കവിതയില്‍ വേഡ്സ്വര്‍ത്ത് പറഞ്ഞുവച്ച തോട്ടത്തിന്‍റെ കാരണവര്‍ അസന്നിഹിതനായി എന്നാണ്.

പലരും രക്ഷയുടെ വാഗ്ദാനവുമായി വന്നു. രക്ഷയുടെ വാര്‍ത്തകളും. പക്ഷേ, അവയൊക്കെ അപൂര്‍ണങ്ങളും വഴിതെറ്റിക്കുന്നതുമായി. അതിലൊക്കെ കച്ചവടം കയറിനിന്നു. ഇവയൊന്നും ഉപകാരപ്രദമല്ല. ദൈവവുമായി ഒന്നാകുന്നത് അപ്രത്യക്ഷമായി. ഒന്നാകല്‍ കൂട്ടംകൂടലും സംഘം ചേരലും സംഖികളുടെ വേട്ടയുമായി. എല്ലായിടത്തും സാങ്കേതികവിദ്യ ഭരിച്ചു. എല്ലാം ഒന്നുപോലെ ഒന്നായി. പക്ഷേ, ഈ ഒന്നാകലില്‍ ഒരിടത്തും അപരനില്ലാതെ വന്നു. ഫലമായി ഒന്നാകല്‍ അപകടമായി മാറി. ഈ ഒന്നാകല്‍ രണ്ടില്ലാത്ത ഒന്നിന്‍റെ ആവര്‍ത്തന സംഖ്യയായി. ചരക്കുകളുടെ സങ്കല്പം. അപരന്‍റെ അസ്തിത്വ നഷ്ടമായ സമഗ്രാധിപത്യം. അപരന്‍റെ വിളി കേള്‍ക്കാത്ത കഷ്ടകാലം. ജീവിതത്തിന്‍റെ ഭാഷാഭവനത്തില്‍ സത്യം സംഭവിക്കുന്നില്ല, സത്യത്തിന്‍റെ വിലാസം കാണുന്നവരില്ല. ജീവിതത്തിന് ഏറ്റവും അനിവാര്യമായതു ഭാഷയിലേക്കു കൊണ്ടുവരാന്‍ കവികള്‍ക്കു കഴിയാതെ പോകുകയാണോ? ഈ നൂറ്റാണ്ടുകളിലൂടെ നടക്കുന്നതു കലയുടെ മരണമാണ് – ദൈവത്തിന്‍റെ അസാന്നിദ്ധ്യം. അസ്തിത്വത്തിന്‍റെ അര്‍ത്ഥം സന്നിഹിതമാകുന്നില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org