Latest News
|^| Home -> Pangthi -> ചിന്താജാലകം -> വീടണയാത്ത മനുഷ്യന്‍

വീടണയാത്ത മനുഷ്യന്‍

ഫാ. പോള്‍ തേലക്കാട്ട്

ഒരു നാടകമെന്ന നിലയില്‍ ആര്‍ക്കും മറികടക്കാനാവാത്തതാണു സോഫോക്ലീസിന്‍റെ “ആന്‍റിഗണി.” അതിലാണു മനുഷ്യനു “സ്തോത്ര”മുള്ളത്. ആ ഗീതം മനുഷ്യന്‍ എന്ന അത്ഭുതത്തെക്കുറിച്ചാണ്. “അത്ഭുതങ്ങള്‍ പലതാണ്, എന്നാല്‍ മനുഷ്യനോളം അത്ഭുതകരമായി മറ്റൊന്നുമില്ല.” ഇവിടെ “അത്ഭുതം” എന്ന പദം തന്നെയാണു ശ്രദ്ധേയം. അതു ഗ്രീക്കില്‍ Dainon എന്നാണ്. അതിന് അത്ഭുതം എന്നുതന്നെയാണോ പരിഭാഷ? അതേ നാടകത്തില്‍ ഗായകര്‍ പാടുന്ന “എല്ലാ വഴികളും മറികടന്നു, മനുഷ്യന്‍ വഴിയൊന്നുമില്ലാത്തവനായി മാറുന്നു.” പരസ്പരവിരുദ്ധമായ രണ്ടു കാര്യങ്ങള്‍ അതിലുണ്ട്. വഴികളെല്ലാം മറികടക്കുന്നവനാണു മനുഷ്യന്‍. പക്ഷേ, അവസാനം ഒരു വഴിയുമില്ലാതാകുന്നവനുമാണ്. മനുഷ്യന്‍ വീരനാണ്, പക്ഷേ, ദുരന്തവീരനുമാണ്.

ഇതാണ് ഈ നാടകത്തെ അമര്‍ത്യമാക്കുന്നത്. സ്ത്രീക്കു വലിയ അവകാശവും ബഹുമാനവും നല്കാതിരുന്ന 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു സ്ത്രീയെ മുഖ്യകഥാപാത്രമാക്കി അവതരിപ്പിക്കുന്ന നാടകം വിധിക്കെതിരായ ചെറുത്തുനില്പാണ്. രണ്ടു സഹോദരന്മാര്‍ പരസ്പരം യുദ്ധം വെട്ടി രണ്ടുപേരും മരിച്ചു. ഒരുവനു രാജാവ് രാജകീയമായ ശവസംസ്കാരം നടത്തി. അപരന്‍റെ ശരീരം ദേശശത്രുവിനെപ്പോലെ കാട്ടിലേക്കു വലിച്ചെറിഞ്ഞു. രണ്ടു പേരുടെയും സഹോദരി വലിച്ചെറിയപ്പെട്ടവന്‍റെയും മൃതദേഹം എടുത്ത് ആദരപൂര്‍വം അടക്കാന്‍ തീരുമാനിക്കുമ്പോള്‍ രാജാവു മരണശിക്ഷയുടെ വിധിയുമായി എതിര്‍ക്കുന്നു. പെണ്ണിന്‍റെ ഭീഷണിക്കു വഴങ്ങില്ല എന്നു പറയുന്ന രാജാവിനോട് അയാളുടെ മകന്‍റെ കാമുകി പറഞ്ഞു: “വെറുപ്പില്‍ പങ്കുചേരുന്നത് എന്‍റെ സ്വഭാവത്തിനു ചേര്‍ന്നതല്ല, സ്നേഹത്തില്‍ ഞാന്‍ പങ്കുചേരുന്നു.”

“നീ (മരിച്ച) അവരുടെ ലോകത്തിലേക്കു പോയി സ്നേഹിച്ചോളൂ. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു സ്ത്രീയും എന്നെ ഭരിക്കേണ്ട.”

“ഞാന്‍ താങ്കളെ പരിഹസിക്കുന്നെങ്കില്‍ അതു ദുഃഖത്തോടെയാണ്. താങ്കളുടെ തീരുമാനം ജീവിക്കാനും എന്‍റേതു മരിക്കാനുമാണ്.” സഹോദരന്‍റെ ശവമടക്കിയതിന്‍റെ പേരില്‍ മരിക്കേണ്ടി വരുമെന്നായപ്പോള്‍ അവള്‍ പറഞ്ഞു: “ഏതു ഭീകരതയും ഞാന്‍ സഹിക്കും.” ഇവിടെ “ഭീകരത” എന്നു തര്‍ജ്ജമ ചെയ്യുന്നതു “അത്ഭുതം” എന്നു തര്‍ജ്ജമ ചെയ്ത വാക്കുതന്നെയാണ്. മനുഷ്യന്‍ അത്ഭുതമാണ് എന്നു മാത്രമല്ല, അതു ഭീകരവുമാണ് എന്നര്‍ത്ഥമാക്കുന്നു.

ഇതേ വാക്കു ഹൈഡഗര്‍ തര്‍ജ്ജമ ചെയ്യുന്നതു “വീടണയാത്തത്” എന്നാണ്. മനുഷ്യന്‍ ഒരിടത്തും വീടണയാത്തവനാണ് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഒരു വീടും മനുഷ്യനു വീടാകാത്ത വൈരുദ്ധ്യം. മനുഷ്യനില്‍ അക്രമത്തിന്‍റെ ഊര്‍ജ്ജവും ശക്തിയും കുടികൊള്ളുന്നു. ഒരു വീട്ടിലും അയാള്‍ വീടണയുന്നില്ല, ഒരിടത്തും അയാള്‍ അന്യനാകാതിരിക്കില്ല. എല്ലായിടത്തുനിന്നും പുറത്താകുന്നതും ഒരു നഗരവും സ്വന്തമാക്കാത്തതുമായ വന്യത, അന്യത അവനില്‍ കുടികൊള്ളുന്നു. ഒരു ചരിത്രവും അവനെ ഉള്‍ക്കൊള്ളുന്നില്ല, എല്ലാ കഥകളില്‍ നിന്ന് അവന്‍ പുറത്താകുന്നു. സകല വിധികളെയും അവന്‍ വെല്ലുവിളിക്കുന്നു. മരണഭീഷണിയെയും ധീരമായി നേരിടുന്ന ഒരു നിഷേധം അവനില്‍ അധിവസിക്കുന്നു. എല്ലാറ്റിനോടും വിഘടിക്കുന്നവന്‍, തോല്പിക്കാനാവാത്ത ധീരത.

രാജാവിനെ ധിക്കരിച്ചു തന്‍റെ സഹോദരന്‍റെ ശവമടക്കാന്‍ അവളുടെ ഉള്ളിലെ തോല്പിക്കാനാവാത്ത വിഘടനത്തിന്‍റെ കഥ ഏതു മനുഷ്യനിലും കാണാം. സഹോദരന്‍റെ മൃതദേഹത്തിന്‍റെ പേരില്‍ തന്‍റെ ജീവിതം കുഴിച്ചുമൂടുന്നതിനു തയ്യാറാകുന്ന ധീരതയും വിഘടനവുമാണത്. ഈ നാടകം അരങ്ങേറുമ്പോള്‍ ആഘോഷിക്കുന്നത് ഒരു തന്‍റേടത്തെയാണ്. അതു മനുഷ്യനിലെ അന്യവും വന്യവും വൈദേശിയമായതു കണ്ടെത്തുന്നു. അതു മനുഷ്യാത്മാവിലെ തീയാണ്. ദുരന്തത്തിന്‍റെ സാഹസികത തീര്‍ക്കുന്നത് ആര്‍ക്കും മെരുക്കാനാവാത്ത അഗ്നിയുടെ ഏതോ ഉറവിടം നമ്മെ അമ്പരപ്പിക്കുന്നു. ഈ സാന്നിദ്ധ്യമാണ്, അഥവാ ഈ അഗ്നിയുടെ ഉറവയാണ് നിഷേധത്തിന്‍റെയും മരണത്തെ ഭയക്കാത്ത ഏതോ സാന്നിദ്ധ്യം. സര്‍വം നിഷേധിക്കുന്ന സഹനത്തിന്‍റെ ധീരതയ്ക്കു വിശദീകരണമില്ല. ഭീകരമായതു മനുഷ്യനില്‍ വസിക്കുന്നു. അതാണ് എസ്ക്കിലസ് സ്വര്‍ഗത്തിന്‍റെ അഗ്നി മോഷ്ടിച്ചു മനുഷ്യനു നല്കിയ പ്രൊമിത്തിയൂസിന്‍റെ കഥയിലൂടെ നമ്മോടുപറയുന്നത്.

Leave a Comment

*
*