ദൈവപുത്രന്‍റെ അവസാനവാക്ക് വിലാപം

ദൈവപുത്രന്‍റെ അവസാനവാക്ക് വിലാപം

ക്രിസ്തുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യം വിലാപത്തിലായിരുന്നു. കുരിശില്‍ കിടന്നവന്‍ നിലവിളിച്ചു. എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു? ക്രിസ്തുസംഭവത്തിന്‍റെ വെളിപാടിന്‍റെ അവസാന വാക്ക്. യേശുക്രിസ്തു ദൈവഭാഷണമായിട്ടാണു ക്രൈസ്തവര്‍ മനസ്സിലാക്കുക. അതുകൊണ്ടാണു യോഹന്നാന്‍റെ സുവിശേഷം "ആദിയില്‍ വചനമുണ്ടായിരുന്നു" എന്നു പറഞ്ഞു തുടങ്ങുന്നത്; ദൈവവചനമായി അവന്‍ പ്രഖ്യാപിച്ചതിന്‍റെ അന്ത്യം കുരിശില്‍ നിന്നു കേട്ട വചനവിലാപത്തിലാണ്. സഹനത്തില്‍ സകലരോടും ഐക്യപ്പെട്ട യേശു ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ഇടയില്‍ നില്ക്കുന്നു. ഗ്രീക്ക് ദുരന്തനാടകങ്ങളിലെപ്പോലെ അസ്തിത്വത്തില്‍ നിന്നു കടന്നുപോകുമ്പോള്‍ അവശേഷിപ്പിച്ചതു വിലാപമാണ്. ദൈവം സ്നേഹമാണെന്നതിന്‍റെ കയ്യൊപ്പുപോലെയാണു കുരിശില്‍നിന്നു നിലവിളിയുയര്‍ന്നത്. കുരിശില്‍ നിന്നാണു യേശു ലോകം വിട്ടത്. ഭാഷണത്തിന്‍റെ ലോകത്തില്‍നിന്നു നിശ്ശബ്ദതയുടെ ലോകത്തിലേക്ക്. അതു ദൈവത്തിന്‍റെ ഹൃദയത്തില്‍ നിന്നുള്ള നിലവിളിയായിരുന്നു. പ്രപഞ്ചത്തില്‍ ദൈവം വെളിവായ ഒരു വിധവുമാണത്. നിലവിളി ഭാഷയ്ക്കതീതമാണ്. ജീവിതസമസ്യ ഭാഷയ്ക്കതീതമാണ് എന്ന് അതു വെളിവാക്കുന്നു.

ആയുസ്സിന്‍റെ ദിനാന്ത്യം ഒരു വാക്കില്‍ വന്നുനില്ക്കുന്നു. എല്ലാ വാക്കുകളുടെയും അവസാന വാക്ക്. വചനം മാംസം ധരിച്ചവന്‍ നിലവിളിച്ചു നിശ്ശബ്ദനായി. വചനത്തിന്‍റെ വഴി ചരിത്രത്തിന്‍റെ ഗതിവിഗതികളില്‍പ്പെട്ട നിലവിളിയായി. ദൈവത്തിന്‍റെ ഏറ്റവും അത്ഭുതാവഹമായ മനുഷ്യനിലേക്കുള്ള തിരിയല്‍ പൂര്‍ണമാകുന്നതു നിലവിളിയുടെ വെളിപാടിലാണ്.

പ്രവാചകര്‍ വിളിക്കപ്പെടുന്നതു ദൈവത്തിനുവേണ്ടി നിലവിളിക്കാനാണ്. നിലവിളിക്കുന്നവനും നിലവിളിയും തമ്മില്‍ അകലമുണ്ടായിരുന്നു. യേശുവില്‍ ആ അകലം ഇല്ലാതായി. അവന്‍റെ വക്ഷസ്സില്‍ നിന്നു രക്തവും വെള്ളവുമൊഴുകി. നിലവിളിക്കു രക്തത്തിന്‍റെ രൂപഭാവങ്ങള്‍ ഉണ്ടായി. അതു സ്വന്തം മാംസാസ്ഥികളില്‍ നിന്നുള്ള സംവേദനമായിരുന്നു. വിലാപത്തിന്‍റെ രൂപമാണു രക്തം.

ഈ വിലാപമാണു സഹനത്തിനു ദൈവം നല്കുന്ന ഉത്തരം. ശവകുടീരത്തിലെ നിശ്ശബ്ദതപോലെ ദുരൂഹം. ഇതിനു മുമ്പുള്ളതു വാക്കില്ലാത്ത നെടുവീര്‍പ്പുകളാണ്. അതാണു ദൈവത്തോടുള്ള പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ രൂപം. നെടുവീര്‍പ്പുകള്‍ ഒരു അറിവില്‍ നിന്നു വരുന്നു. ദൈവത്തിനു കീഴടങ്ങലിനു വിപരീതമാണു വിലാപം. അതില്‍ എല്ലാ ചോദ്യങ്ങളുമുണ്ട്. ദൈവത്തില്‍നിന്നു മനുഷ്യനിലേക്കും മനുഷ്യനില്‍നിന്നു ദൈവത്തിലേക്കുമുള്ള വചനമായിരുന്നു. വചനം നിശ്ശബ്ദതയിലേക്ക് അകപ്പെടുന്നതിനുമുമ്പുള്ള ഭാഷണരൂപമായി വിലാപം. ലൗകികമായ എല്ലാ ഭാഷണങ്ങള്‍ക്കും അതീതനും ആത്യന്തികനുമായ ദൈവം നിശ്ശബ്ദനാണ്. നിശ്ശബ്ദതയുടെ ശാന്തിയില്‍ വസിക്കുന്ന ദൈവത്തിന്‍റെ ശബ്ദമാണത്. പക്ഷേ, ദൈവികത നിശ്ശബ്ദത വിട്ടു നിലവിളിച്ചു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവന്‍റെ മുന്നില്‍ നിന്നപ്പോള്‍ ഈ നിശ്ശബ്തയുടെ മണ്ഡലം വ്യക്തമാകുന്നു. യേശുവിന്‍റെ ജീവിതത്തിലുടനീളം വചനങ്ങളും പ്രവൃത്തികളും പ്രവാചകഭാഷയിലായിരുന്നു. എന്നാല്‍ പീഡാനുഭവത്തിലേക്കു വരുമ്പോള്‍ ആ വചനം നിശ്ശബ്ദതയിലേക്കു നീങ്ങുന്നു. വചനം മരണത്തില്‍ വചനമല്ലാതായോ? ഇല്ല, "മഹത്തായ" നിശശബ്ദതയായി. ഭാഷയേക്കാള്‍ ശക്തമായ നിശ്ശബ്ദത – പിതാവിന്‍റെ വ്യക്തവും ദൃഢവുമായ നിശ്ശബ്ദത. ഈ നിശ്ശബ്ദതയാണു കലാകാരന്മാരുടെ വീക്ഷണത്തില്‍ അനുസരണത്തിന്‍റെ രൂപം. ദൈവത്തോടുള്ള അനുസരണത്തിന്‍റെ നിശ്ശബ്ദത മരണത്തിന്‍റെയാണ് – അതു കുറ്റബോധത്തിന്‍റെയല്ല. അത് അനുസരണത്തിന്‍റെ വിനാഴികയാണ്. പ്രൊമിത്തിയൂസിന്‍റെ ഔദ്ധത്യത്തിന്‍റെ മഹത്ത്വമല്ല, എളിമയുടെ മഹത്ത്വമാണ്. അതു പരിമിതമായ സ്വന്തം മനസ്സു നിത്യതയുടെ മനസ്സുമായി അഴിച്ചുപണിതതിന്‍റെ ഫലമാണ്. ഈ അനുസരണവും നിലവിളിയും ആ മനസ്സുമായി ഐക്യപ്പെട്ടതിന്‍റെ തന്നെ. മഹത്തായ നിശ്ശബ്ദതയില്‍നിന്നു വന്ന ദൈവത്തിന്‍റെ സംഗീതം ഭാഷണമായി, വിലാപമായി നിശ്ശബ്ദതയില്‍ ലയിച്ചു. ദൈവകാവ്യത്തിന്‍റെ അവസാനവാക്കാണു കുരിശിലെ നിലവിളി. സുവിശേഷത്തിന്‍റെ അവസാനവാക്ക് നിലവിളിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org