ആഘോഷത്തിന്‍റെ ചിന്ത

ആഘോഷത്തിന്‍റെ ചിന്ത

നാം വീടിന്‍റെ ഭിത്തിയില്‍ തൂക്കുന്ന കലണ്ടറിന്‍റെ പ്രധാന ലക്ഷ്യം അതില്‍ ചുവന്ന അക്ഷരങ്ങളില്‍ അടയാളപ്പെടുത്തിയ വിശേഷദിവസങ്ങളാണ്. ഒഴിവുദിനങ്ങള്‍ ആഘോഷദിവസങ്ങളാണല്ലോ. ആ ദിനങ്ങള്‍ പെരുന്നാളിന്‍റെ വരവാണ്, ഉത്സവമാണ്, ഉല്ലാസമാണ്. അവ വരികയാണ്, ആവര്‍ത്തിക്കുകയല്ല. മറ്റൊരു പെരുന്നാളിന്‍റെ ഓര്‍മയല്ല, ആഘോഷത്തിന്‍റെ ഓര്‍മയല്ല ആഘോഷമാണ്. എന്താണു വരുന്നത്? ആഘോഷം, അതിന്‍റെ ഒഴിവുകള്‍. പണിയില്‍ നിന്ന് ഒഴിവ്. പണിയാതിരിക്കുന്നതു ദൈവത്തിനുവേണ്ടിയാണ്. പണി ഉപേക്ഷിക്കുന്നത് ആഘോഷിക്കാനാണ്. ശൂന്യമായ സമയത്തെ ആഘോഷംകൊണ്ടു നിറയ്ക്കുന്നു.

ആഘോഷിക്കുന്നതു മൂന്നു മുഹൂര്‍ത്തങ്ങളാണ്. ജന്മം ആഘോഷിക്കാനുള്ളതാണ്. മരണവും ആഘോഷിക്കുന്നു. പിന്നെ നടുവിലുള്ളത് ആഘോഷങ്ങളുടെ ആഘോഷമാണ് വിവാഹം. ഇതൊന്നും ആവര്‍ത്തിക്കുന്നില്ല. ആവര്‍ത്തിക്കാനാവാത്തതാണ് ആഘോഷിക്കുന്നത്. മഹത്തായി ചിന്തിക്കുന്നവന്‍ മഹത്താക്കി തെറ്റിപ്പോകും. ആവര്‍ത്തിക്കുന്ന വാക്ക് മഹത്തായി എന്നതുമാണ്. അതു ശൂന്യമായിരിക്കുന്നു.

ആഘോഷം എത്തിച്ചേരുന്നതു വീട്ടിലാണ്. വീട്ടിലാകുകതന്നെയാണ് ആഘോഷം. വീട് ആദിയുടെ ഇടമാണ്. രോഗാതുരമായവന്‍ വിശ്രമിക്കാന്‍ വീട്ടിലേക്കു മടങ്ങുന്നു. വീടിനുവേണ്ടി വേദനിക്കുന്നു. സ്വന്തത്തിന്‍റെ ഇടമാണു വീട്. അസ്തിത്വം മറക്കുന്നിടത്തു വീടില്ല. ജീവിതം മറക്കുന്നതു വീട്ടിലല്ല. നാം വസിക്കാന്‍ ഇടം തേടുന്നു. വസിക്കാനാവാത്തവനു വീടില്ല. ഒരു വിളിയും അതിന്‍റെ കേള്‍വിയുമുള്ളിടമാണ്. എന്‍റെ സാന്നിദ്ധ്യത്തിനു സ്വീകരണവും അസാന്നിദ്ധ്യം കേള്‍ക്കപ്പെടാത്തിടവുമാണ്. അതായത് എനിക്കു സംഭവിക്കാന്‍ കഴിയുന്നിടമാണത്. ഞാനാകുന്ന സംഭവത്തിന്‍റെ ഇടം. ജീവിതത്തെ അംഗീകരിക്കുന്നതും ആദരിക്കുന്നതും പോഷിപ്പിക്കുന്നതുമായ ഇടം. വീടും ആദിയും അതിന്‍റെ അടുപ്പം അടിസ്ഥാനവുമാണ്, അതു വിശുദ്ധ വേദിയാണ്. അതാണു പിന്‍വലിയുന്നതും. അനുദിനത്തിന്‍റെ വ്യഗ്രതയില്‍ കാണാതെപോകുന്നതും കാണാത്തതും – ഈ ആദി വിശുദ്ധമാണ്. അതു ഭാഷയുടെയും ഉറവിടമാണ്. ദൈവികതയുടെ ഉറവിടത്തില്‍ നിന്നും പാട്ടും കാവ്യവും ജനിക്കുന്നു. അവിടെയാണു ദൈവത്തിന്‍റെ ഇടിമിന്നലും അസ്തിത്വത്തിന്‍റെ പ്രകമ്പനവും ഉണ്ടാകുന്നത്. പെരുന്നാളിന്‍റെ വിശ്രമത്തിലാണ് എല്ലാ വേലികളും അതിരുകളും അതിലംഘിക്കുന്ന ഉന്മാദമുണ്ടാകുന്നത്.

എമ്മാനുവേല്‍ കാന്‍റ് തന്‍റെ മൂന്നാമത്തെ കാവ്യപഠനത്തില്‍ ഈഡിസ്സിന്‍റെ ക്ഷേത്രത്തിലെ ആലേഖനം ഉദ്ധരിക്കുന്നു: "ആയിരുന്നതും ആയിരിക്കുന്നതും ആകാനുള്ളതും ഞാനാണ്; ഒരു മര്‍ത്യനും എന്‍റെ മുഖാവരണം മാറ്റിയിട്ടില്ല." രാത്രിയും പകലും ഒന്നിക്കുന്നതും ഭൂതഭാവി വര്‍ത്തമാനങ്ങള്‍ നിശ്ചലമാകുന്നതും ദൈവികതയുടെ ആഘോഷത്തിലാണ്. അവിടെയാണ് സമയബോധം നഷ്ടമാകുന്നത്. ആട്ടവും പാട്ടും ആഘോഷവും കാലത്തിന്‍റെ കാലബോധത്തില്‍ നിന്നകറ്റുന്നു. സമയം പോയതറിഞ്ഞില്ല എന്നു നാം പറയുന്നു. കാലത്തിലായിരിക്കുകയും കാലത്തിന്‍റെ കടന്നുപോക്ക് അറിയാതിരിക്കുകയും ചെയ്യുന്നു. ആഘോഷം കാലം നിശ്ചലമാക്കുന്നു. അപ്പോഴാണു കാലം നിത്യതയുടെ നിഴലാകുന്നത്. കാലത്തില്‍ നിത്യത നില്ക്കുന്നു. നിത്യതയിലേക്കു വലിഞ്ഞുള്ള ചിന്തയാണ് ആഘോഷത്തിന്‍റെ ചിന്ത.

ഇതു സാധാരണ ചിന്തയല്ല. അതു വിശുദ്ധ ചിന്തയാണ്. വ്യഗ്രതയുടെ അനുദിന വ്യാപാരചിന്തയല്ല. പറഞ്ഞതിനെയും കേട്ടതിനെയും കുറിച്ചല്ല. പറയാത്തതും കേള്‍ക്കാത്തതും കാലികമല്ലാത്തതും നിത്യതയെ പിടിച്ചുനിര്‍ത്തുന്നതുമായ വിശുദ്ധ ചിന്ത. അതു സോക്രട്ടീസിന്‍റെ ശുദ്ധചിന്തയാണ്. അതുതന്നെയാണ് അദ്ദേഹത്തിനു ഹെംലോക് എന്ന മാരകവിഷമായതും. അതു സൗഖ്യത്തിന്‍റെയും സന്തോഷത്തിന്‍റെയും പൂര്‍ണതയുടെയും ചിന്തയാണ്. അതു ദൈവികതയുടെ വരവിന്‍റെ ചിന്തയാണ്. അതു നന്ദിയുടെ സ്തോത്രവുമാണ്. വന്നതെല്ലാം ദാനമായിരുന്നു. അതൊക്കെ ദാനങ്ങളുടെ വരവിന്‍റെയും സ്വീകരണത്തിന്‍റെയും വിശുദ്ധമായ ആഘോഷം നന്ദിയോടെ ഏറ്റുപറയുന്നു. ക്രിസോസ്റ്റം എഴുതി: "പണക്കാരും പാവങ്ങളും ഒന്നിച്ച് ആഘോഷം കൊണ്ടാടുക. മിതക്കാരും അമിതക്കാരും ഈ ദിനം ആഘോഷിക്കുക. ഉപവസിക്കുന്നവരും ഉപവസിക്കാത്തവരും ആമോദിക്കട്ടെ. ഊട്ടുമേശ പൂര്‍ണമാണ്, നിങ്ങള്‍ ഇഷ്ടംപോലെ ആമോദിക്കുക. കൊഴുത്ത കാളക്കുട്ടിയെ പാകപ്പെടുത്തിയിരിക്കുന്നു, ആരും വിശന്നു പോകണ്ട. എല്ലാവരും വിശ്വാസത്തിന്‍റെ പെരുന്നാള്‍ ആഘോഷിക്കൂ. സ്നേഹകാരുണ്യത്തിന്‍റെ സമ്പന്നത എല്ലാവരും സ്വീകരിക്കുക."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org