ബൈബിള്‍ ദൈവശാസ്ത്രഗ്രന്ഥമല്ല

ബൈബിള്‍ ദൈവശാസ്ത്രഗ്രന്ഥമല്ല

ബൈബിള്‍ 72 പുസ്തകങ്ങളുടെ സമാഹരണമാണ്. പല കാലദേശങ്ങളില്‍ പലര്‍ എഴുതിയ വ്യത്യസ്തമായ സാഹിത്യരൂപങ്ങളുടെ ഗ്രന്ഥങ്ങള്‍ സാഹിത്യമായി അംഗീകരിക്കുന്നു. അവയില്‍ കഥ, കവിത, ചരിത്രം, പാട്ടുകള്‍, രൂപകങ്ങള്‍, പ്രബോധനങ്ങള്‍, നിയമങ്ങള്‍ പരിഹാസം എന്നിങ്ങനെയുള്ള കാവ്യഭാഷയിലുള്ള ആലേഖനങ്ങളാണ്. ഈ ഗ്രന്ഥങ്ങള്‍ പൊതുവില്‍ എന്തു വെളിപ്പെടുത്തുന്നു എന്നു ചോദിച്ചാല്‍ അതു ദൈവത്തെക്കുറിച്ചുള്ള അറിവുകളുടെ പുസ്തകമല്ല എന്നു പറയേണ്ടിയിരിക്കുന്നു. അങ്ങനെയൊരു ദൈവശാസ്ത്രഗ്രന്ഥമല്ല ബൈബിള്‍. ദൈവത്തെക്കുറിച്ചുള്ള കഥകളും ആഖ്യാനങ്ങളുമല്ല ഇതിലുള്ളത്.

നേരെ മറിച്ച് ഇതിനകത്തു മുഴുവന്‍ മനുഷ്യവ്യക്തികളുടെ കര്‍മ്മങ്ങളെക്കുറിച്ചാണ് നിരന്തരം പറുയുന്നത്. മനുഷ്യന്‍റെ പെരുമാറ്റമാണു മുഖ്യപ്രമേയം. ഇതില്‍ ഏകമായ ഒരു വിഷയമുണ്ടെങ്കില്‍ അതു മനുഷ്യന്‍റെ ധര്‍മ്മാചരണമാണ് – അതിന്‍റെ വിജയപരാജയങ്ങള്‍. പഴയ നിയമത്തിന്‍റെ മൗലികവെളിപാട് മോസസിനു ദൈവം നല്കി എന്നു പറയുന്ന പത്തു കല്പനകളാണ്. അതായിരുന്നല്ലോ വെളിപാട് – അതു മനുഷ്യജീവിതത്തിന്‍റെ വ്യാകരണനിയമങ്ങളാണ്.

ഈ വ്യാകരണത്തില്‍ താളപ്പിഴകളുണ്ടാകുമ്പോള്‍ പ്രവാചകര്‍ നിരന്തരം ഇടപെടുന്നു. ഈ താളപ്പിഴകളില്‍ ഏറ്റവും പ്രധാനമായതു മനുഷ്യന്‍റെ അക്രമപ്രവണതയാണ്. അക്രമത്തിലുടനീളം ദൈവം ഇടപെടുന്നു. അതു പ്രവാചകരിലൂടെയാണു പ്രധാനമായും. ഈ ഇടപെടലുകള്‍ കഥകളായും രൂപകങ്ങളായും ഉപമകളായും ആഖ്യാനിക്കുന്നു. ദാവീദിനെ നാഥന്‍ മുഖത്തു നോക്കി വെല്ലുവിളിക്കുന്നത് ഒരു കഥ പറഞ്ഞാണ്-ആടുമോഷണത്തിന്‍റെ കഥ. യോഥാം ഗരീസിം മലയുടെ മുകളില്‍നിന്നു പറയുന്ന മരങ്ങളുടെ രാജാവിനെ തിരഞ്ഞെടുത്ത കഥ സ്വന്തം കുടുംബത്തിലെ 70 പേരെ കൊന്ന പശ്ചാത്തലത്തിലാണ്. ആമോസ് പറയുന്നതു തൂക്കുകട്ടയുടെ നീതിയുടെ കഥകളാണ്. ഏശയ്യായുടെ ആട്ടിന്‍കുട്ടിയും സിംഹക്കുട്ടിയും ഒന്നിച്ചു വസിക്കുന്നതിനെക്കുറിച്ചാണ്; വാളു വളച്ച് അരിവാളുണ്ടാക്കുന്നതിനെപ്പറ്റിയാണ്.

ഈ സന്ദര്‍ഭങ്ങളിലൊക്കെ ദൈവം വെളിവാക്കുന്നതായി ബൈബിള്‍ പറയുന്നതു മനുഷ്യന്‍ തന്‍റെ അക്രമവാസനകളെ മെരുക്കി അതിനെ അതിജീവിക്കാം എന്ന വലിയ പ്രത്യാശയാണ്. മനുഷ്യന്‍ അവന്‍റെ വാസനകളില്‍ ആണിവയ്ക്കപ്പെട്ടതു വിധിയല്ല, അവന്‍റെ വിധികളെ പൊളിച്ചെഴുതാം മനുഷ്യന് എന്ന വലിയ പ്രതീക്ഷയാണ്. മനുഷ്യസത്തയെ മാറ്റാനാവില്ല എന്ന വലിയ വിധിയുടെ നിരാശ നിറഞ്ഞ പേഗനിസത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വാഗ്ദാനം. മനുഷ്യന്‍ ഉണ്ടാക്കപ്പെട്ടതു മരണത്തിലാണ്. അവനെ ഉണ്ടാക്കുന്നത് അവന്‍ തന്നെയാണ് എന്ന സ്വാതന്ത്ര്യത്തിന്‍റെ വലിയ ചക്രവാളമാണ് മനുഷ്യനു മുമ്പില്‍ ബൈബിള്‍ തുറക്കുന്നത്. ബൈബിളിന്‍റെ വെളിപാടു മനുഷ്യന്‍റെ ധര്‍മ്മമാണ്. മനുഷ്യനു മഹത്തായ ആയിത്തീരലിന്‍റെ ധര്‍മ്മമാര്‍ഗ്ഗം തുറന്നു കാണിക്കുന്നു ബൈബിള്‍. ആത്യന്തികമായി മഹത്ത്വമാര്‍ന്ന മാനവികത ബൈബിളില്‍ വെളിവാക്കുന്നു. അത്യുന്നതങ്ങളിലേക്കു മനുഷ്യനെ ഉയര്‍ത്തുന്ന മനുഷ്യന്‍റെ മഹത്ത്വമാണു ബൈബിള്‍ നല്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org