പുരാണ പനി

പുരാണ പനി

യഹൂദനും ദാര്‍ശനികനുമായ ഡറീഡ ഫ്രോയിഡിന്‍റെ മോസസും ഏക ദൈവവിശ്വാസവും (Moses and Monotheism) എന്ന കൃതിയുടെ പഠനത്തില്‍ മോസസിനെയും യഹൂദതനിമയെയും വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദപ്രയോഗം "പുരാണ പനി" (Archive fever) എന്നാണ്. ഈ പനി പുരാണം അഥവാ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. അതു പ്രേതബാധപോലെയുമാണ്.

യഹൂദതനിമയാണിവിടെ ചര്‍ച്ചാവിഷയം. യഹൂദനായി ജനിച്ചവന്‍ എന്നും യഹൂദനാണ്. യഹൂദമതം ഉപേക്ഷിച്ചാലും യഹൂദനാണ്. ഈ യഹൂദതനിമ പാരമ്പര്യമായി കിട്ടുന്നതത്രേ. ഈ പാരമ്പര്യം വംശത്തിലൂടെയാണോ പകര്‍ന്നു കിട്ടുന്നത്? ഫ്രോയിഡ് അങ്ങനെയാണ് എന്നു കരുതി. ഗോത്രത്തിന്‍റെ ബയോളജിയുമായി അതു ബന്ധപ്പെട്ടു നില്ക്കുന്നു. അതാണല്ലോ നാസികളും അവകാശപ്പെട്ടത്. അവര്‍ ആര്യവര്‍ഗവും അതുവഴി ഭരിക്കാന്‍ അവകാശമുള്ളവരുമാണുപോലും. യഹൂദരെ കൊന്നൊടുക്കിയ ഭീകരതയായി അതു മാറി. ഈ ഗോത്രാധിപത്യജ്വരമാണോ യഹൂദതനിമ? യഹൂദവംശത്തിന്‍റെ ഉന്മൂലനത്തിന്‍റെ ഓര്‍മ്മയുടെ മ്യൂസിയങ്ങള്‍ യഹൂദര്‍ എഴുതിവച്ചത് "ഇതു വംശാധിപത്യമല്ല" എന്നാണ്.

യഹൂദതനിമയുടെ അടിസ്ഥാനം വംശാധിപത്യമല്ല. എങ്കില്‍ പിന്നെ അവരുടെ മഹത്ത്വത്തിന്‍റെ പനി എന്തിന്‍റെയാണ്. അത് ഇസ്രായേലിന്‍റെ ചരിത്രപ്രാധാന്യമാണുപോലും. അതു തെളിയിക്കാന്‍ നാടകീയതെളിവുകള്‍ വേണ്ടപോലും. ദൈവം വെളിവാകുന്നതു ചരിത്രമായിട്ട് മാത്രമാണ്. ചരിത്രമാണ് അവര്‍ക്കു തനിമ ഉണ്ടാക്കുന്നത്. ചരിത്രം വായിക്കുന്നവര്‍ക്കറിയാം, അതു യുക്തിസഹമല്ല. അതു മുന്‍കൂട്ടി കാണാവുന്നതുമല്ല. പ്രത്യക്ഷങ്ങളെ അവഗണിച്ചാലും അത് എവിടെയോ ഭാവിയിലേക്ക് തുറന്നതാണ്. പഴമ മനസ്സിലാക്കുന്നതിലാണു യൂഹദന്‍ തന്‍റെ ഭാവിയും തന്‍റെ തനിമയും അറിയുന്നത്. യഹൂദസ്വഭാവം എന്നതു നിര്‍വചിതമല്ല, അതിന്‍റെ ഏതു നിര്‍വചനവും ഭാവിയിലേക്കു തുറന്നതാണ്.

ഇവിടെയാണു ഫ്രോയിഡിനു തെറ്റിയത് എന്നു ഡറീഡ പറയുന്നു. ഫ്രോയിഡ് പറയുന്നു: "മതം മിഥ്യയാണ്, അതിനു ഭാവിയില്ല." പക്ഷേ, ഫ്രോയിഡിന്‍റെ ഈഡിപ്പസിന്‍റെയും ലായിയുസ്സിന്‍റെയും ഭാവി എന്ത്? ഈ പ്രതീക്ഷാ രാഹിത്യത്തിലാണു ഫ്രോയിഡിന്‍റെ പ്രബോധനം അത് യഹൂദവിരുദ്ധമാണ്.

ഇതാണ് അന്തരം; മോസസും ഈഡിപ്പസും തമ്മില്‍. ഈഡിപ്പസ് ബൈബിളില്‍ തീര്‍ത്തും അന്യനാണ്. എന്നാല്‍ ഫ്രോയ്ഡ് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു മാനം തീര്‍ത്തും യഹൂദമാണ്. ഈഡിപ്പസും പിതാവും തമ്മിലുള്ള ബന്ധം – പിതൃഹത്യയിലെത്തുന്ന – സംഘര്‍ഷത്തിന്‍റെ പ്രതിസന്ധി. ബൈബിള്‍ കഥയും ഈഡിപ്പസിന്‍റെ കഥയും തമ്മില്‍ ഒരു വലിയ വ്യത്യാസം. അതു പഴമയും വര്‍ത്തമാനവും വായിക്കുന്നതിലല്ല. അതിന്‍റെ കാഴ്ചപ്പാടു വ്യത്യസ്തമാണ്. ഭാവിയുടെ വാഗ്ദാനവും ദീര്‍ഘവീക്ഷണവും ബൈബിളില്‍ നിറഞ്ഞുനില്ക്കുന്നു. പിതൃഹത്യയുടെ പ്രലോഭനമുണ്ട്; പക്ഷേ, സംഘട്ടനം പ്രതീക്ഷാനിര്‍ഭരവുമാണ്. ഈഡിപ്പസിന്‍റെ സംഘട്ടനത്തില്‍ പ്രതീക്ഷയില്ല. ആ ദുര്‍വിധിയില്‍നിന്ന് അയാള്‍ പുറത്തുവരുന്നില്ല. "പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും, മക്കളുടെ ഹൃദയങ്ങളെ പിതാക്കളിലേക്കും തിരിക്കും" (മലാക്കി 4:6) എന്ന പ്രതീക്ഷയുടെ അഭാവമാണു പ്രശ്നം.

യഹൂദസംസ്കാരം പിതാവിന്‍റെ അധീശത്വത്തിന്‍റെയാണ്, മാതാവിന്‍റെയല്ല. മാതാവില്‍ നിന്നു പിതാവിലേക്കു തിരിയുമ്പോള്‍ വൈകാരികതയില്‍നിന്നു ബൗദ്ധികതയിലേക്കാണു മാറുന്നത്. പുരുഷപക്ഷം ചിന്തയ്ക്ക് ഇന്ദ്രിയങ്ങളേക്കാള്‍ പ്രാമുഖ്യം കല്പിക്കുന്നതാണ്. ഈ കാല്‍വയ്പ് ആത്മീയതയ്ക്കും എഴുതപ്പെട്ട വചനത്തിനും പ്രഥമസ്ഥാനം നല്കി. യഹൂദര്‍ സ്വാഭാവികമായി ആശയത്തിനും ആത്മീയതയ്ക്കും പ്രാമുഖ്യം നല്കി. ദൈവവുമായുള്ള മല്‍പ്പിടുത്തം ചില മതങ്ങള്‍ നിഷേധിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. യഹൂദസംസ്കാരം അടിച്ചമര്‍ത്തിയവയുടെ നിരന്തരമായ തിരിച്ചുവരവിന്‍റെയായി. ചരിത്രത്തിന്‍റെ വായന അവരെ ചരിത്രം സൃഷ്ടിക്കുന്നവരാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org