Latest News
|^| Home -> Pangthi -> ചിന്താജാലകം -> ദൈവാനുഭവം

ദൈവാനുഭവം

ഫാ. പോള്‍ തേലക്കാട്ട്

ലക്ഷക്കണക്കിന് ആളുകള്‍ ധ്യാനകേന്ദ്രങ്ങളില്‍ തടിച്ചുകൂടുന്ന ഒരു യുഗത്തിലാണു നാം. ഇവരൊക്കെത്തന്നെ പ്രയോഗിക്കുന്ന ഒരു പദമാണ് “ദൈവാനുഭവം.” ഇവര്‍ക്കെല്ലാം ദൈവാനുഭവമുണ്ടായി എന്നു പറയുന്നു. അവിടങ്ങളില്‍ നടക്കുന്ന പ്രാര്‍ത്ഥന, ധ്യാനം, സ്തോത്രാലാപനം, സാക്ഷ്യങ്ങള്‍ എന്നിവയെല്ലാം വലിയ ദൈവാനുഭവ സന്ദര്‍ഭങ്ങളായി സാക്ഷിക്കാറുണ്ട്. പക്ഷേ, ഇവര്‍ ‘ദൈവാനുഭവം’ എന്നതുകൊണ്ട് എന്ത് അര്‍ത്ഥമാക്കുന്നു? അതിന്‍റെ അടിസ്ഥാനങ്ങളും ഉരകല്ലുകളും എന്ത്?

അനുഭവം എന്ന വാക്ക് സ്പര്‍ശംപോലെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടതാണ്. ഐസ്ക്രീം കഴിക്കുന്നതില്‍ അനുഭവമുണ്ട്. വ്യക്തികളുമായി സംഭാഷിക്കുന്നതിലും അനുഭവമുണ്ടാകും. പക്ഷേ, ദൈവം തന്നെ തൊടുകയോ രുചിക്കുകയോ ചെയ്യാവുന്ന യാഥാര്‍ത്ഥ്യമാണോ?

കത്തോലിക്കാ വിശ്വാസത്തിലും പ്രൊട്ടസ്റ്റന്‍റ് പാതയിലും ഈ അനുഭവത്തെക്കുറിച്ചു വിശ്വാസമില്ലാതെ ഹെന്‍റി ന്യൂമാന്‍ തന്‍റെ ആംഗ്ലിക്കന്‍ സഭയില്‍നിന്നു കത്തോലിക്കാസഭയിലേക്കു മാറുന്നതിനുമുമ്പു ഒരു പ്രസംഗത്തില്‍ പറഞ്ഞു: “അനുഭവങ്ങളില്‍ നിന്നു വരുന്ന ഒന്നും മലിനമല്ലാത്തതോ ശുദ്ധമോ അല്ല. വസന്തകാലത്തെ പൂക്കള്‍പോലെ അവയെല്ലാം വാരിക്കൂട്ടി കളയാനേ ഉപകരിക്കുന്നുള്ളൂ. ഈ പശ്ചാത്തലത്തിലെ വ്യക്തികളെ മതം തക്ക സമയങ്ങളില്‍ പരാജയപ്പെടുത്തുന്നത് മനസ്സില്‍ വല്ലാത്ത അമര്‍ഷവും ഉണ്ടാകും. പണ്ട് ഇഷ്ടപ്പെട്ടിരുന്നതിനോടു കടുത്ത വെറുപ്പും തോന്നും, മനസ്സിന്‍റെ രോഗാതുരമായ അവസ്ഥയും ചിന്തയും ചിലപ്പോള്‍ കടുത്ത വിരോധവും നിരാശയും അങ്കലാപ്പും വിഷണ്ണതയും. അവര്‍ കരുതിയതുപോലെ മതം എളിമ അല്ലെന്നും അവരായിരുന്നതിനേക്കാള്‍ മെച്ചമാണെന്നും കരുതുന്നു. നല്ല വീഞ്ഞു സൂക്ഷിച്ചുവയ്ക്കാതെ കുടിച്ചു തീര്‍ത്തത് അതാണ്.”

ദൈവത്തെ അനുഭവിച്ചു, മനസ്സിലായി എന്നൊക്കെ കരുതിയാലും ദൈവം എത്തിപ്പെടാനാകാത്തതും മറഞ്ഞിരിക്കുന്നതുമാണ് എന്നറിയണം. ഒളിഞ്ഞിരിക്കുന്നവനെ രഹസ്യമായി സേവിക്കുക എന്നു കുരിശിന്‍റെ യോഹന്നാന്‍ പഠിപ്പിച്ചു. ടി.എസ്. എലിയട്ടിന്‍റെ കാവ്യപ്രകാരം ദൈവമെന്ന സംഗീതം നിങ്ങള്‍ കേള്‍ക്കില്ല. പക്ഷേ, നിങ്ങളാണ് ആ സംഗീതം. പക്ഷേ, അതില്‍ സൂചനകള്‍ മാത്രം. “ബാക്കിയുള്ളതു പ്രാര്‍ത്ഥനയും അനുഷ്ഠാനങ്ങളും അച്ചടക്കവും ചിന്തയും കര്‍മ്മവുമാണ്.”

ഇഗ്നേഷ്യസ് ലെയോള അനുദിനജീവിതത്തിന്‍റെ മിസ്റ്റിസിസത്തെക്കുറിച്ച് എഴുതി. ദൈവാനുഭവം പള്ളിയിലേക്കു മാത്രം ഒതുക്കരുത്, അതു സാധാരണ ജീവിതത്തിന്‍റെ സാധന ആ കാര്യങ്ങളിലുണ്ട്. ദൈവത്തിന്‍റെ അനുഭവം ഒരു വസ്തുവിന്‍റെയോ ഭൗതികമായ എന്തിന്‍റെയോ അനുഭവത്തില്‍നിന്നു ഭിന്നമാണ്. ഇഗ്നേഷ്യസ് എഴുതി, “പ്രാര്‍ത്ഥന മാത്രമല്ല ദൈവസ്തുതി, മറിച്ചു പ്രവൃത്തികളുമാണ്. ഉലയില്‍ കൊല്ലന്‍ നടത്തുന്ന പണി, മരം അറക്കുന്നത്, ചുമര് വെള്ള പൂശുന്നത്, കുതിരയെ ഓടിക്കുന്നത്, തൂപ്പുവണ്ടി തുടയ്ക്കല്‍ ഇതെല്ലാം ദൈവസ്തുതികളാണ്. പ്രസാദവരത്തോടെയുള്ള ഉത്തരവാദിത്വങ്ങളാകുമ്പോള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്നതു മാത്രമല്ല, തൂമ്പ പിടിച്ചു കിളയ്ക്കുന്നതും ചൂലെടുത്തു അടിക്കുന്നതും ദൈവസ്തുതിയാണ്.”

ദൈവചിന്തയും പ്രവര്‍ത്തനവും കീര്‍ക്കെഗോറിനു വിരോധാഭാസപരമാണ്. “ചിന്ത ചിന്തിക്കാനാവാത്തതിനെ കണ്ടെത്തുന്നതാണ്.” ഇത് ഏറ്റവും വലിയ വൈരുദ്ധ്യം. അതു ചിന്തിക്കുന്നതിലെ വികാരമാണത്, വികാരരഹിതനായ കാമുകന്‍ വലിയ വിരസമായ ഇടത്തരക്കാരനാണ്. അയാള്‍ സുരക്ഷിതമായി, സുഖമായി ജീവിക്കുന്നു. അയാള്‍ ഒരു എടുത്തുചാട്ടത്തിനുമില്ല. അസാദ്ധ്യമായതു ചെയ്തതുകൊണ്ട് അസാദ്ധ്യമായത് അനുഭവിക്കുന്നു. അതുകൊണ്ടു തോമസ് അക്വിനാസ് പറഞ്ഞതു ലോകവും ദൈവവും സമ്മേളിക്കുന്ന മണ്ഡലമാണ് അനുഭവം. അതു ലൗകികതയും ദൈവികതയും ബന്ധിക്കുന്നിടമാണ്. പ്രസാദവരം സൃഷ്ടിക്കുന്ന വലിയ ശുഭാപ്തിവിശ്വാസമാണത്. അവിടെയാണ് അഗസ്റ്റിന്‍ ചോദിച്ചത് “ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുമ്പോള്‍ ആരെയാണു സ്നേഹിക്കുന്നത്?” അതിന്‍റെ ഉത്തരത്തില്‍ ദൈവമുണ്ട്. ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുമ്പോള്‍ ആരെയാണു വിശ്വസിക്കുന്നത്? അവിടെ വിശ്വാസാനുഭവം അനുദിനാനുഭവമായി മാറും. ദൈവത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ ആരിലാണു പ്രതീക്ഷ? ദൈവത്തേക്കാള്‍ ചെറിയ ദൈവങ്ങളില്‍ വിശ്വസിക്കുകയോ പ്രതീക്ഷിക്കുകയോ സ്നേഹിക്കുകയോ അല്ല ഇത്. ദൈവം എപ്പോഴും എത്തിപ്പെടാനാവാത്തവിധം അകലെയും മുകളിലും അധികവുമാണ്. പക്ഷേ, ഈ വിഗ്രഹങ്ങളില്ലാതെ ദൈവാനുഭവം സാദ്ധ്യമോ? എന്നാല്‍ ദൈവത്തെ മുത്താന്‍ കിട്ടില്ല, അവന്‍റെ പടം മുത്തുക, ദൈവമല്ലെന്ന് അറിഞ്ഞു മുത്തിയ വിഗ്രഹങ്ങളൊക്കെ മുത്താന്‍ ശ്രമിച്ചതായിരുന്നില്ല. പക്ഷേ, മുത്താന്‍ മോഹിക്കുന്നവന്‍, മുത്തിയവയില്‍ നിന്ന് അകന്നിരിക്കുന്നു. വിഗ്രഹത്തിനരികിലായി നില്ക്കുന്ന അനുഭവമെന്ത്? അതു ശുദ്ധമായ അയല്ക്കാരനെ അനുഭവിക്കലാണോ? ആത്മീയത വിശുദ്ധിയുടെ ഭാഷണത്തിലാണോ? ജീവിതം പൂര്‍ത്തീകരണമില്ലാത്ത മോഹമാണോ?

ദൈവത്തെ ദൈവമായി ഒരു ഇന്ദ്രിയത്തിനും അനുഭവിക്കാനാവില്ല. പക്ഷേ, നിസ്വാര്‍ത്ഥമായി അപരനുവേണ്ടി വേദനിക്കുമ്പോള്‍ ദൈവത്തിനുവേണ്ടിയുള്ള ഏതോ അനുഭവത്തിന്‍റെ വികാരമുണ്ട്. പ്രതിയോഗിയോടു ക്ഷമിക്കുമ്പോള്‍ ദൈവത്തിന്‍റെ ആതിഥ്യത്തിന്‍റെ ഏതോ നിഴല്‍ എന്നില്‍ വീഴുന്നു. അന്യന് അപകടമുണ്ടായപ്പോള്‍ അവനുവേണ്ടി ഒരു പ്രതിഫലവുമില്ലാതെ നോക്കിയപ്പോഴും “എനിക്കു ചെയ്തു” എന്ന വികാരമുണ്ട്. നേരു പറഞ്ഞു തല്ലു കിട്ടിയപ്പോഴും ധര്‍മ്മം പാലിച്ചു ജീവിതത്തില്‍ പരാജയപ്പെട്ടപ്പോഴും ദൈവത്തെ തൊടുന്നു എന്ന തോന്നലുണ്ട്. ആ തോന്നല്‍ തോന്നല്‍ മാത്രം. പക്ഷേ, അതു അസാദ്ധ്യമായതിനെ തൊടുന്നു എന്ന തോന്നലാണ്.

Leave a Comment

*
*