ജീവിതം പഠിപ്പിക്കുന്ന മരണം

ജീവിതം പഠിപ്പിക്കുന്ന മരണം

മരണം ഉദ്ഘാടനം ചെയ്യുന്നതു വിലാപത്തിനാണ്. വിലാപം സമയബന്ധിതപരിപാടിയല്ല; അതിന് അവസാനവുമില്ല. വിലാപത്തിലാണു മനുഷ്യന്‍റെ സാത്വികഭാവം വെളിച്ചത്താകുന്നതും. മരിച്ചവനെ സംരക്ഷിക്കുന്നതു വിലാപത്തിലാണ്. മരിച്ചവന്‍റെ ഇടം നഷ്ടമാകാതെ കാക്കുന്നു.

ഒപ്പമുള്ളവര്‍ മരണത്തിലൂടെ ചരിത്രമായിക്കഴിഞ്ഞു. മരണം മരിച്ചവരെ പടമാക്കുന്നു എന്നു തോന്നിയിട്ടുണ്ട്. വിലാപത്തിലൂടെ മരിച്ചവരെ അകത്തേയ്ക്ക് ആവാഹിക്കുകയാണ്. എനിക്കും മരിച്ചവനും ഇടയിലെ തിരശ്ശീല കീറി. അകത്താക്കാന്‍ പറ്റാത്തവനെ അകത്താക്കുകയാണ്. തമ്മിലുള്ള അന്തരം ഇല്ലാതായി. എനിക്ക് അപരനെ വിഴുങ്ങാനാവില്ല. അസാദ്ധ്യമായതിനാണു ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ, അസാദ്ധ്യമായത് എന്നില്‍ സംഭവിക്കുന്നു. എന്നേക്കാള്‍ ഉത്തമവും മഹത്ത്വവുമായതിനു ഞാന്‍ ആതിഥ്യം നല്കുന്നു. അകത്താക്കാന്‍ പറ്റാത്തവനെ അകത്താക്കിയിരിക്കുന്നു. ആ ശ്രമം പരാജയമാണ്. എങ്കിലും അനിവാര്യമാണ്. പൂര്‍ണമായി ഉള്‍ക്കൊള്ളാനാകാത്തവനെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. അപരനോടു വിശ്വസ്തത വേണം, പക്ഷേ, പൂര്‍ണമായി ഉള്‍ക്കൊള്ളാനുമാകില്ല.

വിലപിക്കുമ്പോള്‍ അപരനെ ഞാന്‍ എന്നിലാക്കുകയാണ്. എനിക്കുണ്ടായ നഷ്ടം പൂര്‍ണമായി എനിക്ക് ഉള്‍ക്കൊള്ളാനാവില്ല. അപരന്‍റെ അപരത്വം എനിക്കു വീണ്ടെടുക്കാനാവില്ല. അപരനെ സ്വന്തമാക്കാന്‍ കിട്ടില്ല. അപരനെ നഷ്ടമാകുമ്പോള്‍ ഒരു ലോകം എനിക്കു നഷ്ടമായി – അവന്‍റെ തനിമയുള്ള ലോകം. അവനിലൂടെ ഞാന്‍ കേള്‍ക്കുന്നതും അറിയുന്നതുമായ ലോകം. അത് ഓര്‍മയില്‍ വീണ്ടെടുക്കാനുമാകുന്നില്ല. എനിക്ക് അപരനോടുള്ള ബന്ധം കുഴിമാടത്തിനപ്പുറം പോകുന്ന കയ്യൊപ്പാണ് എന്‍റെ വിലാപം.

അപരന്‍റെ മരണത്തിലൂടെ മരണം എന്നിലേക്കു കടന്നു. അതു ഭീകരമായ ഏകാന്തതയും മരണബോധവും ഉണ്ടാക്കുന്നു. മരണമനനം ജീവിതം പഠിക്കലാണ്. ജീവിതത്തില്‍ നിന്നല്ല അപരന്‍റെ മരണത്തില്‍ നിന്നാണു ജീവിക്കാന്‍ പഠിക്കുന്നത്. ജീവിതത്തിന്‍റെ ഗുരുസ്ഥാനം മരണത്തിനാണ്. ഒരുവന്‍ അപരരില്‍ നിന്നാണു ജീവിതം പഠിക്കുന്നത്. ഇതാണു ഉത്തരവാദിത്വപരമായ ജീവിതം. കാരണം ജീവിക്കുക അപ്പോള്‍ അതിജീവിക്കുകയാണ് – മരണം കവച്ചു കടന്നുപോകുകയാണ്. അപരന്‍റെ മരണത്തിലൂടെ ഞാന്‍ അതിജീവിക്കുന്നു. എന്‍റെ മരണം സാങ്കല്പികമായി മുന്‍കൂട്ടി കണ്ടു മാത്രമേ മരണം എനിക്കു അനുഭവിക്കാനാവൂ. അപരനുവേണ്ടിയുള്ള വിലാപത്തിലാണ് അതു സാധിക്കുന്നത്. എന്‍റെ മരണം ഞാന്‍ സങ്കല്പിക്കുമ്പോള്‍ "ഞാന്‍" ഒരു അപരനായി മാത്രം എന്‍റെ മുമ്പില്‍ നില്ക്കുന്നു.

പ്രേതം എന്നതു അപരന്‍റെ എന്നിലെ ഇടപെടലാണ്. അതു പ്രേതഭാഷണം സാദ്ധ്യമാക്കുന്നു. മരണചിന്ത ജീവിതത്തെ ഉറപ്പിച്ചുനിര്‍ത്തുന്നു. ജീവിക്കാന്‍ പഠിക്കല്‍ മരിക്കാന്‍ പഠിപ്പിക്കലുമാണ്. ജീവനും മരണത്തിനുമിടയിലെ പ്രേതാവസ്ഥപോലെയാണു ജീവിതം. അപരനോടുകൂടിയാകുക അപരന്‍റെ പ്രേതാവാസത്തിലാകുകയാണ്. അപരന്‍റെ നോട്ടം ഞാന്‍ കാണണമെന്നില്ല. പക്ഷേ, പ്രേതം എന്നെ നോക്കി എന്‍റെ ഉത്തരവാദിത്വത്തിലാക്കുന്നു. അപരനോടുള്ള ഈ ബന്ധമാണ് എന്നെ ശോകാവസ്ഥയിലാക്കുന്നത്. അപരനുണ്ടായ നഷ്ടം എനിക്കുണ്ടാകാതെ എന്നെ നിലനിര്‍ത്തുന്ന ധര്‍മബോധമാണു ശോകം. നഷ്ടം നഷ്ടമാകാതെ എന്നിലേക്കു തിരിയുന്ന ശോകത്തില്‍ പക്ഷേ, നഷ്ടത്തിന്‍റെ വേദനയുണ്ട്. പക്ഷേ, നഷ്ടത്തിന്‍റെ വേദനയുണ്ടെങ്കിലും വിലാപത്തോടെ പ്രതിഷേധിക്കുന്നു. വിലാപധര്‍മമായി ശോകം മാറും. അപരന്‍റെ മരണം എന്നെ പിടികൂടി ബന്ധിയാക്കുകയല്ല, മറിച്ച് അത് എന്നെ ആവസിച്ച് പരിഭവമാക്കി മാറ്റുന്നു – അത് ഓര്‍മയുടെ വേദനയായി തുടരുന്നു.

മരണമുഖത്താണു ജീവിതമൂല്യം കണ്ടെത്താന്‍ നിര്‍ബന്ധിക്കപ്പെടുന്നത്. മനുഷ്യനാകുക എന്നാല്‍ അപകടങ്ങള്‍, ദൗര്‍ഭാഗ്യങ്ങള്‍, സന്തോഷങ്ങള്‍ എല്ലാമുള്ളതും വളരെ വഴുതുന്നതുമായ ഭൂമിയിലൂടെ ഭീകരനടപ്പാണ്. സഹനദുഃഖങ്ങളുടെ വാതില്‍ തുറന്നിട്ട് നരകത്തിലൂടെ നടക്കുമ്പോള്‍ നാം കവികളാകാതെ നിര്‍വാഹമില്ല. കാരണം കവി മൂല്യബോധത്തിന്‍റെ മനുഷ്യനാണ്. മരണചക്രവാളത്തിലാണു മൂല്യബോധം ഉണ്ടാകുക. തകര്‍ക്കുമ്പോഴും പ്രതിരോധിക്കാനുള്ള ശക്തിയുടെ ഉറവിടം എന്നിലാണ്, പക്ഷേ, എനിക്കജ്ഞാതമാണ്. വിചാരിക്കുന്നതിനേക്കാള്‍ മഹത്തരമായി ജീവിതം മാറുന്നു. ജീവിക്കുക എന്നതു സ്വയം നഷ്ടമാകുന്നിടത്തേയ്ക്കു നടക്കുന്ന അപകടമാണ്. മരണം മറന്നു ജീവിതത്തിലേക്കു നോക്കാന്‍ ശക്തി തരുന്നതു മരണത്തില്‍ നിന്നല്ല. നഷ്ടപ്പെടുന്നതില്‍ നേട്ടമുണ്ടോ? ഏറ്റവും വേണ്ടപ്പെട്ടത് അന്യമാണ്. എന്നേക്കാള്‍ വലിയ സത്യത്തിനു ഞാന്‍ സാക്ഷിയാകുന്നു. എന്നേക്കാളും നിന്നേക്കാളും വലിയതു എന്നിലേക്കു വരുന്നു. പക്ഷേ, അതു വരുന്നത് എന്നില്‍ നിന്നു വളരെ അകലെനിന്നാണ്. അകലെനിന്നു വരുന്നതു ശബ്ദമാണോ മൗനമാണോ? പക്ഷേ, അതു കേള്‍ക്കുന്നു. എന്‍റെ കഥ എന്‍റെയാണ്, നിന്‍റെയല്ല. പക്ഷേ "എന്‍റെ" എന്ന വാക്ക് ഒരു അസാന്നിദ്ധ്യത്തിന്‍റെ മുഖംമൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org