തന്നെത്തന്നെ നഷ്ടപ്പെടുത്താന്‍ പറ്റിയ ഒരിടം

തന്നെത്തന്നെ നഷ്ടപ്പെടുത്താന്‍ പറ്റിയ ഒരിടം

നാലാം നൂറ്റാണ്ടിലെ ക്രൈസ്തവസന്ന്യാസത്തില്‍നിന്ന് ഒരു കഥ. കൊവേന്തയെ അഥവാ സന്ന്യാസത്തെ തന്നെത്തന്നെ നഷ്ടമാക്കാനുള്ള ഇടമായിട്ടാണല്ലോ കാണുന്നത്. വിഡ്ഢിയായ ഒരു കന്യാസ്ത്രീയുടെ കഥ. അവള്‍ക്കു ഭ്രാന്തുമുണ്ടായിരുന്നു. ഭ്രാന്ത് യഥാര്‍ത്ഥമാണോ അതോ നാട്യമാണോ എന്നു വ്യക്തമല്ല. പക്ഷേ, അവള്‍ ഒരു കാര്യത്തില്‍ വിശ്വസിച്ചു – "ജീവിതത്തില്‍ വിജ്ഞാനിയായവന്‍, ഇവിടെ വിഡ്ഢിയാകണം."

ഈ വാചകത്തിന്‍റെ വേഷം ധരിച്ചാണ് അവള്‍ 400 അംഗങ്ങളുള്ള മഠത്തില്‍ വ്യാപരിച്ചത്. അവരില്‍ ആരും അവള്‍ ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടില്ല. അവള്‍ ഒരിക്കലും ഊട്ടുമേശയില്‍നിന്നു ആഹാരം കഴിക്കുന്നത് ആരുംകണ്ടിട്ടില്ല. അവള്‍ അവരുടെ ഇടയില്‍ ഒരു സ്പോഞ്ച്പോലെ കഴിഞ്ഞു. എല്ലാ മാലിന്യങ്ങളും അവള്‍ ഒപ്പിയെടുത്തു. എല്ലാ പാത്രങ്ങളും അവള്‍ കഴുകി. യാതൊരു മുറുമുറുപ്പുമില്ലാതെ അവള്‍ എല്ലാം ചെയ്തു. എല്ലാവിധ പരിഹാസങ്ങളും നിന്ദനങ്ങളും അവള്‍ ഏറ്റു.

മലമുകളില്‍ ഏകാകിയായി തപസ്സനുഷ്ഠിച്ചിരുന്ന പ്രസിദ്ധനായ താപസവര്യന്‍റെ പക്കല്‍ ഒരു മാലാഖ ചെന്നു പറഞ്ഞു: "താങ്കള്‍ക്കു താങ്കളെക്കുറിച്ചു വലിയ മതിപ്പാണല്ലോ. താങ്കളേക്കാള്‍ നല്ല സന്ന്യാസിയായി ഒരാളുണ്ട്. ആ കന്യാസ്ത്രീമഠത്തില്‍ ചെന്നു നോക്കൂ. അവള്‍ തലയില്‍ മൂടുപടമിട്ട് ആള്‍ക്കൂട്ടത്തോടു മല്ലടിച്ചു ദൈവത്തില്‍ നിന്നു ഒരിക്കലും പതറാതെ ജീവിക്കുന്നതു കാണാം. താങ്കള്‍ മലയിലാണെങ്കിലും താങ്കളുടെ ചിന്ത പട്ടണത്തിലാണ്."

തന്‍റെ താപസവേദി വിടാതിരുന്ന ആ ഏകാകി മഠത്തിലേക്കു പുറപ്പെട്ടു. അദ്ദേഹം പ്രായവും പക്വതയും വിശുദ്ധിയും പ്രശസ്തിയുമുള്ളവനായതുകൊണ്ടു മഠക്കാര്‍ സന്തോഷത്തോടെ സ്വീകരിച്ചു. എല്ലാവരും വന്നു. എല്ലാവരുമുണ്ടോ? "ആ വിഡ്ഢി വന്നിട്ടില്ല." "അവളെയും കൊണ്ടുവരിക."

പഴന്തുണി ധരിച്ച അവളെ വലിച്ചിഴച്ചു കൊണ്ടുവന്നു. അദ്ദേഹം അവളുടെ മുമ്പില്‍ മുട്ടുകുത്തി പറഞ്ഞു: "അമ്മേ, എന്നെ ആശീര്‍വദിക്കണമേ." അവളാകട്ടെ അദ്ദേഹത്തിന്‍റെ മുമ്പില്‍ മുട്ടുകുത്തി പറഞ്ഞു: "കര്‍ത്താവേ ആശീര്‍വദിക്കണമേ." മറ്റുള്ളവര്‍ അന്തംവിട്ടു നിന്നു. അദ്ദേഹം അവരോടു പറഞ്ഞു. "നിങ്ങള്‍ വിഡ്ഢിയായി കരുതിയവളാണ് നിങ്ങളുടെ അമ്മ." അദ്ദേഹം പിരിഞ്ഞു. തിരിച്ചുപോയി. കന്യാസ്ത്രീകള്‍ അവളെ അതോടെ പുകഴ്ത്താനും പൊക്കിപ്പറയാനും സ്തുതിക്കാനും തുടങ്ങി. ഇതു ദിവസങ്ങള്‍ തുടര്‍ന്നു. അവള്‍ മഠം വിട്ടുപോയി. എവിടെപ്പോയി എന്നോ എവിടെ ജീവിച്ചെന്നോ എന്തു പറ്റിയെന്നോ ആര്‍ക്കും അറിയില്ല.

ഈ കഥയ്ക്കു പല വായനകളും വ്യാഖ്യാനങ്ങളുമുണ്. രണ്ടു പേരുടെയും പുറപ്പാടിന്‍റെ കഥയാണ്. രണ്ടു പേരും "കൊവേന്ത" വിടുന്നു. കാരണം രണ്ടു പേര്‍ക്കും അവരുടെ സന്ന്യാസഭവനം തന്നെത്തന്നെ നഷ്ടപ്പെടുത്താന്‍ പറ്റിയ ഇടമായില്ല. ഏകാകിയായി ജീവിച്ച സന്ന്യാസി താനാണ് യഥാര്‍ത്ഥ സന്ന്യാസി എന്നു കരുതി. അയാള്‍ പുറത്തേയ്ക്കു വന്നു മറ്റൊന്നു കണ്ടുമുട്ടുന്നു. തന്നെത്തന്നെ നഷ്ടമാക്കിയിട്ടില്ല എന്നറിയുന്നു. ആള്‍ക്കൂട്ടത്തിന്‍റെ അടുക്കളയിലേക്ക് ഒതുങ്ങി നിശ്ശബ്ദമായി എളിമയില്‍ ജീവിച്ചവള്‍ക്ക് ആള്‍ക്കൂട്ടത്തിന്‍റെ സ്തുതി യും പുകഴ്ചയുംകൊണ്ട് അതു സാധിക്കാതെ മഠം നഷ്ടപ്പെട്ടു. അവള്‍ ഇറങ്ങിപ്പോയി. രണ്ടുപേരും പുറത്തേയ്ക്കു പോകുന്നതു വിഡ്ഢിത്തത്തിലേക്കും ഭ്രാന്തിലേക്കുമാണ്. അതിനു പറ്റിയ പുറപ്പാടാണു വേണ്ടത്. രണ്ടു വിരുദ്ധ ബിന്ദുക്കള്‍ – ഒറ്റയാന്‍ വാസവും ആള്‍ക്കൂട്ടത്തിന്‍റെ ഓരത്ത് അടുക്കളയിലെ ഒളിക്കലും. ഒരാള്‍ നിരന്തരമായ കര്‍മങ്ങളില്‍ മുഴുകുമ്പോള്‍ മറ്റേ ആള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു മാറിനില്ക്കുന്നു. അവള്‍ മറ്റുള്ളവര്‍ക്കു നഷ്ടപ്പെട്ടവളായിരുന്നു. പുറത്തുനിന്ന് ഒന്നും കിട്ടാനില്ലാത്തവള്‍. അവള്‍ അകത്താണ്, ഒന്നും അവളെ പ്രലോഭിപ്പിക്കുന്നില്ല.

അവളെ അയാള്‍ നിന്നിരുന്ന സ്ഥാനത്താക്കി പോകുന്നു. അയാള്‍ക്കു പിതാവിന്‍റെ സ്ഥാനവും ബഹുമാനവും ഉണ്ടായിരുന്നു. അവള്‍ക്ക് അതു കൊടുത്തു. പക്ഷേ, സ്വീകരിക്കാന്‍ അവള്‍ തയ്യാറല്ല. അവള്‍ വ്യത്യസ്തതയില്‍ നിലകൊള്ളുന്നു. നിത്യതയുടെ നിശ്ശബ്ദതയായി ഭാഷയില്ലാതെ നിലകൊള്ളുന്നു. അവള്‍ നിത്യതയുടെ അപരനില്‍ ലയിച്ചു ഭ്രാന്തിയായി. 400 കന്യാസ്ത്രീകളുടെ ഇടയില്‍ ഒരാളുടെ കുറവ്. അവള്‍ അവരുടെ അന്യയായിരുന്നു – അസന്നിഹിതയായവള്‍. അവള്‍ ആ സ്ഥാപനമല്ല. സ്ഥാപനവത്കരിക്കാന്‍ സന്നദ്ധമല്ല. ഒറ്റപ്പെട്ട ഭ്രാന്താണ്, അത് ആള്‍ക്കൂട്ടത്തോടു സംഭാഷിക്കുന്നില്ല. ഭ്രാന്ത് പങ്കുപറ്റാതിരിക്കലാണ്. അവള്‍ നഷ്ടപ്പെട്ടവളായിരുന്നു.

മഠത്തിനോടും ഏകാകിയായ താപസ്സനോടും അവള്‍ പറയാതെ പറയുന്നത് എന്ത്? നിശ്ശബ്ദത, അതിന് എന്തു വ്യാഖ്യാനം? സന്ന്യാസം സന്ന്യാസമായിട്ടില്ല. തന്നെത്താന്‍ നഷ്ടപ്പെടാന്‍ പറ്റിയ ഇടം എവിടെ? അത് ആള്‍ക്കൂട്ടത്തിലോ ഏകാന്തതയിലോ ആണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org