Latest News
|^| Home -> Pangthi -> ചിന്താജാലകം -> ജനാധിപത്യം സൃഷ്ടിക്കുന്ന സ്പര്‍ദ്ധ

ജനാധിപത്യം സൃഷ്ടിക്കുന്ന സ്പര്‍ദ്ധ

ഫാ. പോള്‍ തേലക്കാട്ട്

ഏതു സമൂഹവും ആഗ്രഹിക്കുന്നത് ഒരു ജനാധിപത്യസംവിധാനമാണ്. അവിടെയാണ് എല്ലാ മനുഷ്യരും തമ്മിലുള്ള സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. മറ്റേതൊരു രാഷ്ട്രീയ സംവിധാനത്തേക്കാള്‍ മനുഷ്യവ്യക്തിയുടെ സ്വാതന്ത്ര്യം അംഗീകരിച്ചുകിട്ടുന്നതു ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ഭരിക്കുന്ന സംവിധാനമാണ്. ജനാധിപത്യത്തിന്‍റെ അടിസ്ഥാനമായ സമത്വം പലപ്പോഴും ആളുകള്‍ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കുകയും ചെയ്യുന്നു എന്നു തോന്നിയിട്ടുണ്ട്.

ജനാധിപത്യസംവിധാനത്തില്‍ എല്ലാവരും നിയമത്തിന്‍റെ മുമ്പില്‍ സമന്മാരാണ് എന്നതാണ് സമത്വംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതില്‍ നിന്ന് എല്ലാവരും ഒരുപോലെയാണ് എല്ലാ കാര്യങ്ങളിലും എന്ന് അര്‍ത്ഥമില്ല. ഗായകനായ യേശുദാസും ഞാനും തുല്യരാണ്. പക്ഷേ പാടുമ്പോള്‍ യേശുദാസ് എന്നേക്കാള്‍ എത്രയോ ഉയരത്തിലാണ്. കഥാകൃത്തായ ബന്ന്യാമിന്‍ എന്നെപ്പോലെയാകാം. അദ്ദേഹത്തെപ്പോലെ കഥയെഴുതാന്‍ എനിക്കാവില്ല. ഞാന്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ സമനല്ല. ഈ വിധത്തില്‍ ഓരോരുത്തരും ഭിന്നരാണ്, തനിമയുള്ളവരാണ്; ആരും സമന്മാരല്ല. ആരുടെയും ഔന്നത്യം സമത്വത്തിന്‍റെ പേരില്‍ വെട്ടിക്കുറയ്ക്കാനാവില്ല.

പക്ഷേ, നമ്മുടെയിടയില്‍ സമത്വബോധം ധാരാളം പേര്‍ക്കു വലിയ സ്പര്‍ദ്ധയുടെ നിദാനമാണ്. എല്ലാവരും തുല്യരായതുകൊണ്ട് എല്ലാവരെയും തുല്യതയുടെ തുല്യപൊക്കത്തില്‍ വെട്ടി സമമാക്കുന്ന ചിന്ത ധാരാളമായിട്ടുണ്ട്. പഴയ കാലത്തു പലതരം വിധികള്‍ക്കു നാം വിധേയരായി. ജന്മം, പ്രകൃതി ഇതൊക്കെ പല വിധികള്‍ നമുക്കു തീര്‍ത്തു. ജനാധിപത്യസമൂഹം അസൂയയുടെ ഒരു വിധി തീര്‍ക്കുന്നില്ലേ? പൊങ്ങുന്നവനെ വെട്ടിനിരത്തുന്ന വിധി. ഈ വെട്ടിനിരത്തല്‍ സ്ഥിരമായി ചെയ്തു നടക്കുന്നവരുണ്ട്. ആരും മറ്റാരേക്കാളും ഉയരാന്‍ അനുവദിക്കാത്ത സമത്വസിദ്ധാന്തക്കാര്‍. പൊതുജനം ഭിന്നമാണെന്നും ഓരോരുത്തര്‍ക്കും അവരുടെ തനിമയുണ്ടെന്നും സമ്മതിക്കാത്ത സംസ്കാരം. ഉയര്‍ന്നുനില്ക്കുന്നവനെ വലിച്ചു താഴെയിട്ടാല്‍ മാത്രം സമാധാനിക്കുന്ന സ്പര്‍ദ്ധക്കാര്‍. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവാകും എന്നാണു ചൊല്ല്. പക്ഷേ, സംഭവിക്കുന്നതു മറിച്ചായിരിക്കും. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ മണത്തെക്കുറിച്ചു പറഞ്ഞാല്‍ ആളുകള്‍ സംഘടിച്ച് അവന്‍റെ മൂക്ക് മുറിക്കും. മൂക്കില്ലാത്തവരുടെ ഇടയില്‍ ആര്‍ക്കും മൂക്കു വേണ്ട എന്ന വരട്ടുവാദവും പറയും.

ഈ തലവിധി സമൂഹത്തിലുണ്ടാകുന്നത് സ്വഭാവ മഹത്ത്വമില്ലായ്മയിലാണ്. ഞാന്‍ ഞാനായിരിക്കുകയും അവനും അവളും അവരായിരിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ അവരെ നോക്കി എന്തിന് അസൂയപ്പെടണം? ഞാന്‍ അവരെപ്പോലെയാകാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ എന്‍റെ എതിരാളികളായി മാറും. അവനെപ്പോലെ എനിക്കു കാറില്ലാതാകുമ്പോള്‍ അവന്‍റെ കാറു കത്തുന്നതില്‍ ഞാന്‍ സന്തോഷിക്കും. മാത്രമല്ല, അപരനെ എന്‍റെ അളവിലേക്കു വെട്ടിത്താഴ്ത്താനുള്ള നടപടികള്‍ ഞാന്‍ ആരംഭിക്കുന്നു. തുല്യമായ രണ്ടു വരകളില്‍ ഒന്നു മറ്റേതിനേക്കാള്‍ വലുതാക്കാനുള്ള എളുപ്പവഴി മറ്റേ വര അല്പം മായ്ച്ചുകളയുകയാണ്. ഇത്തരക്കാര്‍ക്കു സമത്വം എന്നതു ഗണിതശാസ്ത്ര സമത്വമാണ്. എന്നേക്കാള്‍ പൊക്കമുള്ളവരെ കൊച്ചാക്കലിലൂടെ ഞാന്‍ വലുതാകാനുള്ള ശ്രമം. അവര്‍ കുള്ളന്മാരായി താഴോട്ടു വളരുന്നു. ഇതു സംസ്കാരത്തിലേക്കു പ്രവേശിച്ചു വെട്ടിനിരത്തല്‍ മനോഭാവം പൊതുവികാരമായി മാറും. അതാണു കീര്‍ക്കെഗോര്‍ പറഞ്ഞ ആള്‍ക്കൂട്ട നപുംസകത്തിന്‍റെ പ്രേതം ബാധിച്ചവര്‍ നിരന്തരം ചെയ്യുന്നത്. ഈ പ്രേതബാധയുള്ളവര്‍ ഉത്തരവാദിത്വരഹിതമായ ഭാഷണം എന്ന പരദൂഷണവ്യവസായത്തില്‍ മുഴുകുന്നു. ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നതു സോഷ്യല്‍ മീഡിയ എന്ന സാമൂഹ്യ മാധ്യമങ്ങളിലാണ്. ആരെയും തെറി വിളിക്കാനും അപഹസിക്കാനും ലൈസന്‍സുള്ള ഇടം. പണ്ടു ഗ്രാമങ്ങളില്‍ ചായക്കടകളില്‍ സ്ഥിരമായി അലസമായി ഇരുന്നു വാചകമടിക്കുന്നവരുണ്ടായിരുന്നു. ഈ വാചകമടിക്കാര്‍ എല്ലാവരെയും വിസ്തരിച്ചു തള്ളുന്നു. ഇതു ചപലമായ വിദ്വേഷത്തിന്‍റെയും ഏഷണിയുടെയും വെട്ടിനിരത്തലായി മാറുന്നു. ഈ ഭാഷണപ്രക്രിയയുടെ നടത്തിപ്പുകാരായി ചിലപ്പോള്‍ മാധ്യമങ്ങള്‍ മാറുകയും ചെയ്യും.

പഴയ നിയമത്തിലെ ജോസഫ്, യാക്കോബിന്‍റെ 12 മക്കളില്‍ ഒരുവനായിരുന്നു. അവന്‍ പന്ത്രണ്ടു പേരിലും മിടുക്കനായതുകൊണ്ട് അവന്‍റെ അപ്പന്‍ പ്രത്യേകം പരിഗണിച്ച് ഒരു വര്‍ണക്കുപ്പായം അവനു കൊടുത്തു. അങ്ങനെ പരിഗണിക്കപ്പെട്ടതു മറ്റു സഹോദരന്മാരില്‍ ഉണ്ടാക്കിയത് അസൂയയാണ്. അവനെ വെട്ടിനിരത്താന്‍ അവര്‍ തീരുമാനിച്ചു. അവനെ കിണറ്റില്‍ തള്ളിയിട്ടു കൊച്ചാക്കി അടിമയായി വിറ്റു. അങ്ങനെ അവന്‍ ഫറവോയുടെ കൊട്ടാരത്തിലെത്തി. അവന്‍റെ മഹത്ത്വത്തിലാണ് ആ കുടുംബവും വംശവും രക്ഷപ്പെട്ടത്. മഹത്ത്വമുള്ളവര്‍ മറ്റുള്ളവര്‍ക്കും മഹത്ത്വം നല്കുന്നു. ഔന്നത്യത്തിലേക്കുള്ള വഴി ഔന്നത്യം അംഗീകരിച്ചു വാഴ്ത്തുന്ന വഴിയാണ്.

Leave a Comment

*
*