നീതി ഭാഷയാണ്

നീതി ഭാഷയാണ്

"നീതി ഭാഷയാണ്" എന്ന് എഴുതിയതു ലെവീനാസാണ്. ഭാഷ മരിച്ചിടത്താണ് അക്രമം അരങ്ങേറുന്നത്. ഭാഷണം നിര്‍ത്തിയാല്‍ പിന്നെ യുദ്ധമാണ്. കായേന്‍റെയും ആബേലിന്‍റെയും ഭ്രാതൃഹത്യയില്‍ ഇതു പ്രകടമാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള വേര്‍തിരിവു ഭാഷണത്തിന്‍റെ കാര്യത്തിലാണല്ലോ. മനുഷ്യനു തന്‍റെ ആന്തരികതയുടെ വികാരവിചാരങ്ങള്‍ ഭാഷയാക്കാന്‍ കഴിയുന്നു. അവന്‍റെ ഏതു കര്‍മവും ഭാഷണകര്‍മ്മമായി മാറുന്നു. ഭാഷണവിരാമത്തില്‍ അക്രമം ജനിക്കുന്നെങ്കില്‍ ഭാഷണമാണു സഹവാസത്തിന്‍റെ സഹവര്‍ത്തിത്വത്തിന്‍റെ മാധ്യമമാകുന്നത്. നീതിന്യായവ്യവസ്ഥ ഭാഷണ വ്യവസ്ഥയാണ്.

ഞാനും അപരനുമായുള്ള ബന്ധത്തിന്‍റെ നീതി ജനിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഭാഷണത്തിലൂടെയാണ്. ഞാനും അപരനുമായുള്ള ബന്ധം ഒരു സ്വയംപര്യാപ്തതയുടെ ബന്ധമല്ല. അവിടെ ഞാനും നീയുമില്ലാത്ത മൂന്നാമനാണ്; ആ മൂന്നാമന്‍ അപരന്‍റെ കണ്ണിലൂടെ നോക്കുന്നു. ഭാഷ ആരുടെയും സ്വന്തമല്ല, എനിക്കു മുമ്പു ഭാഷയുണ്ട്. ഭാഷാഭവനത്തിലാണു നാം ജനിക്കുന്നതും ജീവിക്കുന്നതും. എന്‍റെ എല്ലാ കര്‍മങ്ങളും ഭാഷണകര്‍മങ്ങളായി മാറുന്നു. നമ്മള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ പശ്ചാത്തലം നമ്മുടെ ലോകമാണ്. ഈ ലോകത്തിന്‍റെ സാന്നിദ്ധ്യം ഭാഷയിലാണ്. അപരന്‍റെ മുഖത്താണു സംഭാഷണത്തിന്‍റെ വിളി വിരിയുന്നത്. അതു നീതിക്കുവേണ്ടിയുള്ള വിളിയാണ്.

നീതി ഭാഷണത്തിന്‍റെ പുറപ്പാടു യാത്രയാണ്. ഹോമറിന്‍റെ യുളീസ്സിസ് അന്വേഷിക്കുന്നതു താന്‍ തന്നെ ഉപേക്ഷിച്ചു പോന്നിടങ്ങളാണ്. അതു നീതിയുടെ പുറപ്പാടാണോ? പക്ഷേ, ബൈബിളിലെ അബ്രാഹം പുറപ്പെടുന്നതു അജ്ഞാതമായതിലേക്കാണ്. എപ്പോഴും ഭാഷ അപരന്‍ എന്ന അജ്ഞാതമായവയിലേക്കുള്ള യാത്രയായി മാറുന്നു. ഭാഷണം അഥവാ സംവേദനം പ്രബോധനവുമാണ്. വിദ്യാഭ്യാസത്തിന്‍റെ ബന്ധം ശുദ്ധമായ സംഭാഷണത്തിന്‍റെതന്നെ. ഭാഷയുടെ സത്ത സൗഹൃദവും ആതിഥ്യവുമാണ്. അതുകൊണ്ടു ഭാഷയുടെ സത്ത നന്മയാണ്.

സംഭാഷിക്കുക എന്നാല്‍ ഒരു പൊതുലോകം ഉണ്ടാക്കുകയാണ്. എനിക്കും നിനക്കും മാത്രമല്ല എല്ലാവര്‍ക്കും ഒന്നിച്ചിരിക്കാവുന്ന ഭാഷാഭവനം. നമുക്കെല്ലാവര്‍ക്കും പൊതുവായ ഒന്ന് ഉദ്ഘാടനം ചെയ്യലാണു ഭാഷണം. സംഭാഷണത്തിലൂടെ ഭാഷയില്‍ പറയാനും കേള്‍ക്കാനും സന്നിഹിതമാകുകയാണ്. ഈ സന്നിഹിതനാകാനുള്ള സന്നദ്ധതയിലും സംഭാഷിക്കാനുള്ള സൗഹൃദത്തിലുമാണു നീതി വിരിയുന്നത്. കാരണം മനസ്സ് ഗര്‍ഭം ധരിക്കുന്ന വാക്കുകളും ഭാഷയും പുറത്തേയ്ക്കു കൊണ്ടുവരാനുള്ള ലോകത്തിലാണ്, അതിന്‍റെ സൂതികര്‍മിണികളായി പരസ്പരം മാറുന്നു. ഭാഷണത്തിലൂടെ പരിക്കുകളും വേദനകളും പരിഭവങ്ങളും ഭാഷയായി വിളമ്പപ്പെടുന്നു. ഇവിടെ വിളമ്പുന്നതു സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ആദാനപ്രദാനങ്ങളുടെ പ്രക്രിയയില്‍ പുതിയ ദിനവും പ്രഭാതവും പുതിയ സമൂഹവും ഭാവിയും പിറക്കുന്നു.

ഇവിടെ ഒരു അത്ഭുതം നടക്കുന്നുണ്ട്. എന്നില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നല്കുന്നു! ഈ കൂടുതലാണു നീതി. അപരനോട് അടുക്കുമ്പോഴാണു ഞാന്‍ എന്നെ ശ്രദ്ധിക്കുന്നത്. അതിനര്‍ത്ഥം ഞാന്‍ എന്‍റെ ജീവിതം കെട്ടിയുണ്ടാക്കുന്നത് അപരനിലൂടെയാണ്. എന്‍റെ കഥ എനിക്ക് അപരനുമായുള്ള ബന്ധത്തിന്‍റെ കഥയാണ്. അതു ഭാഷയിലാണു സംഭവിക്കുന്നത്. ഞാന്‍ ആതിഥ്യമരുളുന്ന മുഖത്താണ് എന്‍റെ ചിത്രം ഞാന്‍ കാണുന്നത്. അപരന്‍റെ ചോദ്യങ്ങള്‍ക്കു ഞാന്‍ എന്നെ തുറന്നുകൊടുക്കുമ്പോഴാണു ഞാന്‍ നിന്നെ കണ്ടെത്തുന്നത് – ഞാന്‍ ഞാനാകുന്നതും. എനിക്ക് ഔന്നത്യം ഉണ്ടാകുന്നതും എനിക്ക് അംഗീകാരം ലഭിക്കുന്നതും ഞാന്‍ തിരഞ്ഞെടുക്കപ്പെടുന്നതും മറ്റുള്ളവരിലൂടെയാണ്. എന്‍റെ സാദ്ധ്യതകളെല്ലാം പാരസ്പര്യത്തിന്‍റെ ഭാഷണകര്‍മങ്ങളില്‍ സംഭവിക്കുന്നു. ഇതു നിയമത്തിന്‍റെ നേര്‍രേഖയിലൂടെയല്ല. എനിക്കു ഞാനാകാന്‍ അപരരോട് ഉത്തരവാദിത്വം നിറവേറ്റണം. ഉത്തരവാദിത്വം ഉത്തരം പറയുന്ന ഭാഷണമാണ്. എന്നെ ന്യായീകരിക്കാനും എനിക്കു മറ്റുള്ളവരെ വേണം. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍ക്കും എന്നെ മോചിപ്പിക്കാനാവില്ല. ഉത്തരവാദിത്വങ്ങള്‍ എത്ര കൂടുതല്‍ നിറവേറ്റുന്നുവോ അത്ര കുറച്ചേ എനിക്കു അവകാശങ്ങളുള്ളൂ എന്ന അവസ്ഥയില്‍ ഞാനാകുന്നു. ഞാന്‍ എത്രകണ്ടു നീതിയുടെ ഭാഷണത്തിലാകുന്നുവോ അത്ര കൂടുതല്‍ ഞാന്‍ കുറ്റബോധമുള്ളവനാകുന്നു. ഞാന്‍ എന്നോടു നടത്തുന്ന ബലപ്രയോഗം എനിക്കു മറ്റൊരാളോടു നടത്താനാവില്ല എന്നു തിരിച്ചറിയുന്നു. ധാര്‍മികജീവിതത്തില്‍ സമത്വമില്ല.

ഏതു സംഭാഷണവും ഒരു ആലിംഗനംപോലെയാണ്. എത്ര ഗാഢമായി പുണര്‍ന്നാലും അവനോ അവളോ എന്നില്‍ നിന്നു തെന്നിമാറി ഊര്‍ന്നുപോകുന്നു. അപരനിലേക്കുള്ള യാത്ര അപ്രാപ്യവും അജ്ഞാതവുമായവനിലേക്കുള്ള യാത്രയായി മാറുന്നു. ഈ യാത്രയില്‍ ഞാന്‍ എന്‍റെ അഹത്തില്‍നിന്നു നിരന്തരമായി മുറിച്ചു മാറ്റപ്പെടുന്നു. പക്ഷേ, നിന്നെ ഞാന്‍ അറിഞ്ഞു എന്നു പറയാനാവാത്തവിധം അകലത്തിലുമാണ്. അപരനോടുള്ള ബന്ധത്തില്‍ എന്‍റെ പറച്ചില്‍ കുറയുകയും എന്‍റെ ശ്രവണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്‍റെ കല്പനകള്‍ വറ്റുകയും നിന്‍റെ കല്പനകളുടെ അനുസരണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അടുപ്പവും ശ്രവണവും വിശുദ്ധിയുടെ അടയാളമായി മാറുന്നു. എന്‍റെ അനുദിന പണി നിന്നിലേക്കുള്ള സ്വതന്ത്രമായ നീക്കമാണ്. ഞാന്‍ എന്നെ നിനക്കായി ചെലവഴിക്കുന്നു. നിനക്കുവേണ്ടിയുള്ള നിതാന്തമായ പണി ഒരു നീതിയുടെ നടത്തിപ്പാണ്. നീതി നിരന്തരം മെച്ചപ്പെട്ട നീതിക്കായി ആഗ്രഹിക്കുന്നു. ഭാഷയുണ്ടാക്കുന്നതു നന്മയുടെ ലോകമാണ്. ഭാഷണമാണ് ഉത്തരവാദിത്വത്തിന്‍റെ ധര്‍മാചരണമാധ്യമം. ഭാഷണപൂര്‍ണത പറച്ചിലിലാണ്. എന്നെ നോക്കുന്ന നിന്‍റെ മുഖത്താണ് നിര്‍വ്യാജമായ വെളിപാടിന്‍റെ ഭാഷ വിരിയുന്നത്. മുഖം ഉത്തരവാദിത്വം ഏല്പിക്കുന്ന രേഖയായി മാറുന്നു. ഭാഷയുടെ അപ്പുറത്തേയ്ക്കു കടക്കാനും ഭാഷ വേണം. അനുഷ്ഠാനത്തിന്‍റെയും കാവ്യത്തിന്‍റെയും ഭാഷണത്തില്‍ ഭാഷിക്കുന്നവന്‍റെ കയ്യൊപ്പുണ്ട്. പറയുന്നവനും കേള്‍ക്കുന്നവനും തമ്മിലുള്ള അകലം നിരന്തരം നീതിക്കായി പ്രാര്‍ത്ഥിക്കുന്നു. "സമാധാനം, സമാധാനം. ദൂരസ്ഥര്‍ക്കും സമീപസ്ഥര്‍ക്കും സമാധാനം" (ഏസ. 57:17).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org