പേന വാളാക്കുമ്പോള്‍

പേന വാളാക്കുമ്പോള്‍

ഞാന്‍ എഴുതുന്നത് എനിക്കു വായിക്കാനല്ല, മറ്റാര്‍ക്കോ വേണ്ടിയാണ്. എല്ലാവരുടെയുമായ ഭാഷകൊണ്ടു ഞാന്‍ എഴുതുമ്പോള്‍ അവിടെ എല്ലാവരുമുണ്ട്! – തത്ത്വത്തിലെങ്കിലും. അതുകൊണ്ട് എന്‍റെ നിന്നോടുള്ള വചനം ഉത്തരവാദിത്വപൂര്‍ണമാകണം. അതാകാത്തതുകൊണ്ടാണു പ്ലേറ്റോ കവിയെ മീറ പൂശി കിരീടം ധരിപ്പിച്ചു ബഹുമാനിച്ചു രാജ്യത്തിനു പുറത്താക്കാന്‍ ആവശ്യപ്പെട്ടത്. ഉത്തരവാദിത്വരഹിതമായി നാടിനെ അടിമത്തത്തിനും കൊലയ്ക്കും ഒറ്റിക്കൊടുത്തവരെ ഒറ്റുകാരായി കൊന്നുകളഞ്ഞത്. കവി ആത്മരതിയില്‍ മുഴുകി എഴുതുന്നു. പക്ഷേ, ഗദ്യമെഴുത്തുകാരന്‍ പ്രതിബദ്ധതയുള്ളവനാകണം. കവി ഈ പ്രതിബദ്ധതയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സാര്‍ത്ര് അനുവദിക്കുന്നു. പക്ഷേ, ഗദ്യകാരന് അതില്ല.

ഉത്തരവാദിത്വം രാഷ്ട്രീയമാണ് എന്ന് അദ്ദേഹം കരുതി. എഴുത്ത് മാറ്റത്തിനുള്ള നടപടിയാണ്. ശരി, അതുകൊണ്ട് അതു രാഷ്ട്രീയപ്രവര്‍ത്തനമാകുന്നില്ല. സാഹിത്യത്തെ രാഷ്ട്രീയത്തില്‍ അളക്കാന്‍ തയ്യാറല്ലാത്തവര്‍ ധാരാളമാണ്. സാഹിത്യത്തിനു ഭാഷയില്‍ സാധിക്കുന്നതാണു സാഹിത്യത്തിന്‍റെ സാദ്ധ്യത. സാങ്ക്ലിപകമായ സാഹിത്യശക്തി പുതിയ ലോകം എഴുന്നള്ളിച്ച് അതു ഭാഷയില്‍ കൊണ്ടുവരുന്നതാണു സാഹിത്യം. ആയിരിക്കുന്നതിലും മെച്ചമായി ലോകം ഭാവിയില്‍ പ്രവേശിക്കട്ടെ.

ഈ കര്‍മ്മം എഴുത്തിനെ ആയുധമാക്കലാണ്. പക്ഷേ, അത് എഴുത്തുകാരനെയാണ് ആദ്യം മുറിവേല്പിക്കുന്നതും കൊല്ലുന്നതും. പുതിയ ലോകത്തിന്‍റെ ഉത്തരവാദിത്വം വെടിഞ്ഞാല്‍ സാഹിത്യം കൊല്ലും. ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോള്‍ അത് എഴുത്തുകാരന്‍റെ സ്വകാര്യത്തെ ഹനിക്കുന്നു. അതു ലക്ഷ്യമാക്കുന്നത് ആത്യന്തികനടപടിയെന്ന തല്ലിത്തകര്‍ക്കലാണ്. അതു തന്‍റെതന്നെ സ്വകാര്യതകളെ തല്ലിയുടയ്ക്കുന്നു. പുതിയ ലോകത്തിന്‍റെ വിളിച്ചുവരുത്തലില്‍ ഭീകരതയുണ്ട്. മാറ്റത്തിന്‍റെ എഴുത്ത് മരണത്തിന്‍റെ എഴുത്താണ്. മരണത്തിലേക്കു പ്രവേശിക്കുമ്പോഴാണ് എഴുത്തു തുടങ്ങുന്നത്. പേന വാളിനേക്കാള്‍ ശക്തമാണ്. തന്നെയും തന്‍റെ ലോകത്തെയും അതു മുറിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org