എന്‍റെ ചിത്രം വരയ്ക്കുന്ന നീ

എന്‍റെ ചിത്രം വരയ്ക്കുന്ന നീ

എപ്പോഴും എന്‍റെ ചിത്രം വരയ്ക്കുന്നതു നീയാണ് – അപരന്‍. എന്‍റെ ചിത്രമുണ്ടാക്കാന്‍ നീ വേണം. അതു വലിയ ഭാഗ്യമല്ലേ? എന്‍റെ കഥ മറ്റുള്ളവരോടു നീയാണു പറയുന്നത്. എന്നെ മറ്റുള്ളവരില്‍ നീയാണു ജനിപ്പിക്കുന്നത്. അവരുടെ ഭാവനകളില്‍ എന്നെ വളര്‍ത്തുന്നതും നീ തന്നെ. നീ എത്ര മിടുക്കനും നല്ലവനുമാകുന്നുവോ അത്ര നല്ലതായി നീ എന്‍റെ ചിത്രം വരയ്ക്കുന്നു. പക്ഷേ, നീ സങ്കീര്‍ണനാണ്. ശത്രുവും മിത്രവും നീതന്നെ. അപരനായ നീ കൂടുതല്‍ ശക്തനും സമ്പന്നനാകുമ്പോള്‍ അത് എനിക്കു സഹിക്കാത്തതായി. ഞാന്‍ നിന്നെ വീഴ്ത്താന്‍ ശ്രമിക്കുകയാണ്. എപ്പോഴും ഏതോ സ്പര്‍ധ നിന്നെക്കുറിച്ച് എനിക്കുണ്ടാകുന്നു. നീ എന്‍റെ എന്തോ മോഷ്ടിക്കുന്നു എന്നു ഭയപ്പെടുന്നു. എന്നാല്‍ എപ്പോഴും നീ എനിക്ക് എന്തോ കൊണ്ടുവരുന്നു.

ശത്രു എപ്പോഴും അനിവാര്യമായ കാര്യമാകണമെന്നില്ല. ശത്രുവും എന്നെ പഠിപ്പിക്കാം. അയാള്‍ നിര്‍ബന്ധമായും പഠിപ്പിക്കുന്നതു വെറുക്കാനാകണമെന്നില്ല. എന്‍റെ ബലഹീനതകളുടെ ഭൂപടം എനിക്കയാള്‍ വരച്ചുതരുന്നു. നമ്മെ നാം സംരക്ഷിക്കണം എന്നു മാത്രമല്ല ഈ ശത്രു എന്നെ പഠിപ്പിക്കുക. അയാള്‍ എന്നെ വളര്‍ത്തുന്നു. ശത്രുവിനോടുകൂടി വളരാനുള്ള പല സാദ്ധ്യതകളുമുണ്ട്. അയാള്‍ എനിക്കു മരണമാകാത്തിടത്തോളം ജീവിതത്തിനു സാദ്ധ്യതകള്‍ തരുന്നുണ്ട്. അപരന്‍ വിലങ്ങുതടിയാകുന്നു എന്നു കുറ്റം പറഞ്ഞേക്കാം. പക്ഷേ, അയാള്‍ നിന്‍റെ ബലഹീനതകള്‍ കാണിക്കുകയല്ലായിരുന്നോ?

നമുക്കു സഹനം തരുന്നതു തന്നെയാണ് ആനന്ദവും നല്കുന്നത്. നമുക്കു സഹിക്കാന്‍ അറിയില്ല എന്നതായിരിക്കാം നമ്മുടെ ദൗര്‍ഭാഗ്യം. അതായിരിക്കും വലിയ നഷ്ടവും. കാരണം നമുക്കപ്പോള്‍ ആനന്ദിക്കാന്‍ അറിയാതാകും. സഹനവും ആനന്ദവും ഒരേ വേദിയില്‍ നിന്നു വരുന്നു. ബന്ധങ്ങളാണു പുന്തോട്ടം ഉണ്ടാക്കുക; ബന്ധങ്ങളുടെ വേദിയാണത്. സ്നേഹത്തിന്‍റെ തോട്ടം ഉണ്ടാക്കുന്ന ഞാന്‍ ചത്തുപോയില്ലേ? ശരിയാണ്. അപരനും എനിക്കുമിടയില്‍ മരണമുണ്ട്, പൂന്തോട്ടമുണ്ട്; സംബന്ധങ്ങളുടെ ഇടം. ആ പൊതുവേദിയാണു തോട്ടം. പല നിറങ്ങളും രൂപങ്ങളും നിറഞ്ഞ തോട്ടം. എല്ലാം അവിടെ വളരും പക്ഷേ, അതിന്‍റെ കാത്തുസൂക്ഷിപ്പാണു പ്രശ്നം. ഭൂമി അതിന്‍റെ അപരനായ ചിത്രവുമായി കഴിയുന്നതുപോലെ. ഭൂമി ചന്ദ്രനെ അപരനായി കണ്ടതില്‍ ക്ഷമിക്കുക – അതു ഭൂമിയുടെ ചന്ദ്രികയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org