ചിന്തയുടെ ആഘോഷം

ചിന്തയുടെ ആഘോഷം

ഭിത്തിയിലും വീടിന്‍റെ പ്രധാന സ്ഥലങ്ങളിലും കലണ്ടര്‍ തൂക്കുന്നു. അതിന്‍റെ ലക്ഷ്യം വിശേഷദിവസങ്ങള്‍ അറിയാനാണ്. ഒഴിവുദിവസങ്ങള്‍ ആഘോഷദിനങ്ങളാണ്. ആ ദിവസങ്ങള്‍ പെരുന്നാളിന്‍റെ വരവാണ്. അവ വരികയാണ് ആവര്‍ത്തിക്കുകയല്ല. ഒരു പെരുന്നാളും മറ്റൊന്നിന്‍റെ ആവര്‍ത്തനമല്ല. അതു കാലത്തിന്‍റെ വിശേഷമാണ്. എന്താണു വരുന്നത്? ആഘോഷം. അത് ഒഴിവാണ്, പണിയില്‍ നിന്ന്. പണിയാതിരിക്കുന്നതു ദൈവത്തിന്‍റെ പേരിലാണ്. പണി ഉപേക്ഷിക്കുന്നതാകട്ടെ ആഘോഷിക്കാനും. ശൂന്യമായ സമയത്തെ ആഘോഷംകൊണ്ടു നിറയ്ക്കാന്‍.

പ്രധാനമായും മൂന്ന് ആഘോഷങ്ങളുണ്ട്. ജന്മം, മരണം. പിന്നെ ആഘോഷത്തിന്‍റെ ആഘോഷമായ കല്യാണം. ഇവ മൂന്നും വരുന്നു; അതൊന്നും ആവര്‍ത്തിക്കുകയല്ല. ആവര്‍ത്തിക്കാനാവാത്തതാണ് ആഘോഷിക്കുന്നത്. ഹൈഡഗര്‍ കലയുടെ ഉത്പത്തിയെക്കുറിച്ച് എഴുതിയപ്പോള്‍ കുറിച്ചു: "മഹത്തായി ചിന്തിക്കുന്നവന്‍, മഹത്തായി തെറ്റുന്നു. എന്താണിവിടെ മഹത്താകുന്നത്?"

ആഘോഷത്തിന്‍റെ ചിന്ത പ്രധാനമായി എത്തുന്നതു വീട്ടിലാണ്. വീട്ടിലാകുന്നത് തന്നെയാണ് ആഘോഷിക്കുന്നത്. വീട് ഉത്പത്തിയുടെ അഥവാ ആദിയുടെ ഇടമാണ്. ജന്മത്തിന്‍റെ ഇടമാണു വീട്. അസ്തിത്വം മറന്നവനു വീടില്ല. ജീവിതം മറന്നിടം വീടില്ലാത്തിടമാണ്. നാം വസിക്കണം, അതായതു വസതിയിലാകണം. വീട് ഒരു വിളിയും അതിന്‍റെ കേള്‍വിയുമുള്ളിടമാണ്. അവിടെയാണ് എനിക്കു സംഭാഷിക്കാന്‍ കഴിയുന്നത്. ഞാനാകുന്ന സംഭവത്തിന്‍റെ ഇടമാണത്. എന്‍റെ ജീവിതത്തെ അംഗീകരിക്കുന്നതും ആദരിക്കുന്നതും പോഷിപ്പിക്കുന്നതുമായ ഇടം. അസ്തിത്വത്തിന്‍റെ ആധാരമായ വീട് എന്നത് ഉത്പത്തിയിലേക്കു മടങ്ങുന്നതാണ്. രോഗാതുരനായവന്‍ വിശ്രമിക്കാന്‍ വീട്ടിലേക്കു മടങ്ങുന്നു. വീടിനുവേണ്ടിയുള്ള വേദനയാണു ഗൃഹാതുരത്വം. വീട് ആദിയുടെ അടുപ്പിന്‍റെ ഇടമാണ്. ആദിയുടെ അടിസ്ഥാനം പവിത്രമാണ്. അതിലേക്കാണു പിന്‍വലിയുന്നത്. അനുദിനജീവിതത്തിന്‍റെ വ്യഗ്രതയില്‍ കാണാതെ പോകുന്നത് ഈ ആദിവിശുദ്ധിയാണ്. ഈ ഉറവിടത്തിലാണ് ഒരുവന്‍ സ്വയം മറന്നു പാടുന്നത്. അവിടമാണു ദൈവത്തിന്‍റെ ഇടിമിന്നലിടം. അവിടെ അസ്തിത്വത്തിന്‍റെ പ്രകമ്പനത്തിനു വിധേയമാകുന്നു. പെരുന്നാളിന്‍റെ വിശ്രമത്തിലാണ് എല്ലാ വേലികളും കടന്ന് ഏതോ ഉന്മാദത്തിന്‍റെ അനുഭവത്തിലേക്കു പ്രവേശിക്കുക.

എമ്മാനുവേല്‍ കാന്‍റ് തന്‍റെ മൂന്നാമത്തെ പഠനമായ കാവ്യചിന്തയില്‍ ഈഡിസിന്‍റെ ക്ഷേത്രത്തിലെ പുരാണലിഖിതം ഉദ്ധരിക്കുന്നു: "ആയിരുന്നതും ആയിരിക്കുന്നതും ആകാനുള്ളതും ഞാനാണ്. ഒരു മര്‍ത്യനും എന്‍റെ മുഖാവരണം മാറ്റിയിട്ടില്ല." രാത്രിയും പകലും ഒന്നിക്കുന്നതും ഭാവിഭൂതവര്‍ത്തമാനങ്ങള്‍ നിശ്ചലമാകുന്നതും ആഘോഷത്തിലാണ്. പാട്ടും ആട്ടവും ആഘോഷവും "സമയം പോയതറിയാത്ത്" കാലബോധത്തിന്‍റെ അഭാവം അനുഭവിക്കുന്നു. കാലം ചലിക്കുന്നതു നൃത്തത്തിലും ആഘോഷത്തിലുമാണ്. കാലം നിശ്ചലമാകുന്നു. അപ്പോഴാണ് നിത്യതയുടെ നിഴലായ കാലം നീങ്ങാതെ നിന്നുതരുന്നത്. നിത്യതയില്‍നിന്നുള്ള ചിന്തയാണ് ആഘോഷം. ആഘോഷത്തിന്‍റെ ചിന്ത.

ഇതു സാധാരണ ജീവിതവ്യാപാരത്തിന്‍റെ ചിന്തയല്ല – വിശുദ്ധ ചിന്തയാണ്. വ്യഗ്രതയുടെ വളഞ്ഞ ചിന്തയല്ല – അതു പറഞ്ഞതിനെക്കുറിച്ചോ കേട്ടതിനെക്കുറിച്ചോ അല്ല. പറയാത്തതും കേള്‍ക്കാത്തതും കാലികമല്ലാത്തതും നിത്യതയെ പിടിച്ചുനിര്‍ത്തുന്നതുമായ വിശുദ്ധ ചിന്തയാണത്. ആ ചിന്തയെയാണു സോക്രട്ടീസിന്‍റെ ശുദ്ധചിന്തയെന്നു പറയുന്നത്. അതു സൗഖ്യത്തിന്‍റെയും സന്തോഷത്തിന്‍റെയും പൂര്‍ണതയുടെയും ചിന്തയാണ്. അതു വിശുദ്ധവേദിയിലെ ചിന്തയാണ്. ദൈവികതയുടെ വരവിന്‍റെ ചിന്ത. വന്നതെല്ലാം ദാനങ്ങളായിരുന്നു എന്ന തിരിച്ചറിവിന്‍റെ ചിന്ത. അതു ചിന്തയല്ല, അതു സ്തോത്രമാണ്, കീര്‍ത്തനമാണ്, കൃതജ്ഞതയാണ്. എല്ലാം നന്ദിയോടെ ഏറ്റുപറയുന്ന അനുസ്മരണം നിറഞ്ഞ ചിന്തയുടെ ആഘോഷം. അതുകൊണ്ടു ജോണ്‍ ക്രിസോസ്റ്റം എഴുതി.

"പണക്കാരും പാവങ്ങളുമായ നിങ്ങള്‍ ഒന്നിച്ച ആഘോഷം മഹത്തരമാക്കുക. മിതക്കാരും അമിതക്കാരും ഈ ദിനം അനുഭവിക്കുക. ഉപവസിക്കുന്നവരും ഉപവസിക്കാത്തവരും ആഘോഷിക്കുക. ഊട്ടുമേശ നിറഞ്ഞിരിക്കുന്നു, നിങ്ങള്‍ ഇഷ്ടംപോലെ ആമോദിക്കുക. കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. ആരും വിശന്നു നടക്കണ്ട. എല്ലാവരും വിശ്വാസത്തിന്‍റെ പെരുന്നാള്‍ ആഘോഷിക്കൂ. സ്നേഹകാരുണ്യങ്ങളുടെ സമ്പന്നത എല്ലാവരും സ്വീകരിക്കൂ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org