പ്ലേറ്റോയുടെ ഫാര്‍മസി

പ്ലേറ്റോയുടെ ഫാര്‍മസി

പ്ലേറ്റോ തന്‍റെ ഫേദ്രൂസ് എന്ന കൃതിയില്‍ എഴുത്തു കണ്ടുപിടിച്ച കഥ പറയുന്നു. സോക്രട്ടീസ് ഒന്നും എഴുതിയില്ല. സോക്രട്ടീസിന്‍റെ ഭാഷണങ്ങള്‍ സംഭാഷണങ്ങളായി പ്ലേറ്റോ എഴുതി. അരിസ്റ്റോട്ടിലില്‍ വിജ്ഞാനം എഴുത്താണ്. അതു സോക്രട്ടീസില്‍ ഭാഷണമായിരുന്നു. രണ്ടിനും ഇടയിലാണു പ്ലേറ്റോ. വാചികമായ പ്രഭാഷണമാണോ എഴുത്താണോ ഉചിതം? പ്ലേറ്റോ സോക്രട്ടീസിന്‍റെ കൂടെനില്ക്കുന്നു. ക്രിസ്തുവും ഒന്നും എഴുതിയിട്ടില്ല. പക്ഷേ, എല്ലാം പറഞ്ഞു – ഭാഷണവെളിപാടായിരുന്നു.

തേവുത് എന്ന ദേവന്‍ ഈജിപ്തിലെ രാജാവായ താമൂസന്‍റെ അടുക്കല്‍ വന്നു പറഞ്ഞു; ഈജിപ്ഷ്യന്‍ ജനതയുടെ ഓര്‍മയ്ക്കും വിജ്ഞാനവര്‍ദ്ധനവിനും ഉപയുക്തമായ "മരുന്നു ഞാന്‍ കണ്ടുപിടിച്ചിരിക്കുന്നു." പക്ഷേ, താമൂസ് പറഞ്ഞു, താങ്കളുടെ മരുന്നു ഓര്‍മയല്ല മറവിയായിരിക്കും ഉണ്ടാക്കുക. ഏറ്റവും ഏറിയാല്‍ ഇത് ഓര്‍മപ്പെടുത്തലിന്‍റെ മരുന്നാകും. പക്ഷേ, ഓര്‍മയുടെ മരുന്ന് ഓര്‍മയ്ക്കു പറ്റുന്ന വിഷയവുമാണ്. ഇവിടെ പ്ലേറ്റോ ഉപയോഗിക്കുന്ന "ഫാര്‍മക്കോണ്‍" എന്ന ഗ്രീക്കുപദത്തിനു മരുന്ന്, വിഷം, പകരം, പടം എന്നൊക്കെ അര്‍ത്ഥമുണ്ട്. എഴുത്ത് ഓര്‍മയ്ക്കു മരുന്നാണെന്നു പറയുമ്പോള്‍ അതു മറന്നുകളയാനുള്ള പ്രേരണയുമാണ്. ഫലമായി അറിവും വിവരങ്ങളും എഴുത്തിന്‍റെ പുസ്തകത്തില്‍ ഉറങ്ങിയിരിക്കും. അലമാരകളിലും പുസ്തകശേഖരങ്ങളിലും തനിക്കു പുസ്തകങ്ങളുണ്ട് എന്നു പറയുന്നവനെ വിജ്ഞാനിയായി പരിഗണിക്കാനാവുമോ?

മരുന്നുകള്‍ വിഷങ്ങളുമാണ്. എഴുത്ത് ഓര്‍മയുടെ പകരമാണ്; ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നതുപോലെ. അത് ഓര്‍മയല്ല, ഓര്‍മയുടെ വ്യാജപകരമാണ്. അറിവ് ആത്മാവിലില്ലാത്തവന്‍ പുസ്തകം പേറി നടക്കുന്നത് അറിവിന്‍റെ പ്രഹസനമാണ്. പകരക്കാരനായ എഴുത്ത് ആര്‍ക്കും വിജ്ഞാനമാകില്ല.

ആദി സന്നിഹിതമാകുന്നത് അതിന്‍റെ അടയാളങ്ങളിലാണ്. സന്നിഹിതമായത് അവയെ കാണിക്കുകയല്ല, അവ ആദിയുടെ സാന്നിദ്ധ്യം കാണിക്കും. ഭാഷണത്തില്‍ ഭാഷിക്കുന്നവനാണു സന്നിഹിതം, ഭാഷയല്ല. ഭാഷിക്കുന്നവന്‍റെ സാന്നിദ്ധ്യം ഭാഷണത്തിലുണ്ട്. വെളിവാക്കുന്നവനാണു വെളിപാടില്‍ പ്രത്യക്ഷമാകുന്നത്. വെളിവാക്കപ്പെടുന്നത് വെളിവാക്കപ്പെട്ടു എന്നു തോന്നുന്നതല്ല. വെളിവാകലാണു വെളിപ്പെടുക. മറിച്ച് വെളിവായത് അതിന്‍റെ അക്ഷരങ്ങളാണ് എന്നു വരുന്നതു വെളിപാടിനെ കൊല്ലുന്ന വിഷമാകും. എന്തെങ്കിലും വെളിവാക്കപ്പെടുകയല്ല, വെളിവാകല്‍ നടക്കുകയാണ്. ആ കര്‍മത്തിന്‍റെ സാന്നിദ്ധ്യത്തിനു പകരം വെളിവായതായി എന്തെങ്കിലും കാണിച്ചാല്‍ ആ പകരം വെറും പകരം മാത്രമായിരിക്കും. വെളിവാകല്‍ എന്ന സംഭവമാണു വെളിപാടില്‍ സംഭവിക്കുക. അതു മറന്നു വെളിവാകലിനെ വെളിവായ ഭാഷയും അക്ഷരങ്ങളുമാക്കുന്നതു വിഗ്രഹവത്കരണമാണ്. അതു വെളിപാടിന്‍റെ മരണത്തിനിടയാക്കുന്ന വിഷമാകാം. യേശുവാണു വെളിവായത്, എഴുതപ്പെട്ട സുവിശേഷം എന്ന ലിഖിതമല്ല.

ആത്മാവിലെ ശബ്ദസാന്നിദ്ധ്യം ചത്തുമലച്ച് അക്ഷരങ്ങളില്‍ അടച്ചുപൂട്ടിയ അറിവല്ല. സംഭാഷിക്കുന്നവന്‍റെ ശബ്ദത്തില്‍ ഒരു ബോധത്തിന്‍റെ ആത്മാവുണ്ട്. എഴുത്തിന്‍റെ ഭാഷയില്‍ അങ്ങനെ ആരുമില്ല. ഭാഷണത്തില്‍ ഭാഷിക്കുന്നവന്‍റെ സാന്നിദ്ധ്യമുണ്ട്. എഴുതപ്പെട്ടതില്‍ എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. എഴുത്തില്‍ എഴുത്തുകാരനില്ല – എഴുത്തു മാത്രം. വിശുദ്ധന്‍ വിഗ്രഹത്തിലല്ലാതെ, വിഗ്രഹം സ്വയം പ്രകാശിപ്പിക്കുന്ന അപകടമുണ്ട്. ഭാഷയുടെ സൗന്ദര്യമല്ല വിജ്ഞാനത്തിന്‍റെ ആധാരം. ഹോമറിന്‍റെ വേഷം കെട്ടിയാല്‍ വേഷത്തില്‍ ഹോമറില്ല. ദൈവത്തിന്‍റെ വേഷംകെട്ടലില്‍ ദൈവവുമില്ല. എഴുത്ത്, ഭാഷണസംഭവത്തിനു പകരമാണ്. പകരം, പകരമാണ് എന്നു പറയുമ്പോള്‍ അത് അതിന്‍റെ ദൗത്യം നിര്‍വഹിക്കുന്നു – അതു ഞാനല്ല എന്ന ഓര്‍മപ്പെടുത്തലാണ്. പകരമാണ് എന്നതു മറന്നാല്‍ പകരം അപകടകരമാകും. പാപിക്കു പകരം ബലിയാടിനെ കൊല്ലുന്നതുപോലെ. ബലിയാടിനെ കൊന്നാല്‍ പാപം മരിക്കുന്നില്ല. വചനമാകുന്നവനും എഴുതപ്പെട്ട വചനവും തമ്മിലുള്ള ബന്ധം ഇങ്ങനെ പകരത്തിന്‍റെ ബന്ധമാണ്. അത് അക്ഷരത്തിന്‍റെയും പടത്തിന്‍റെയും പകരത്തിന്‍റെയും ബന്ധം. പടം ഉണ്ടാക്കുന്നതു യഥാര്‍ത്ഥ സാന്നിദ്ധ്യമല്ല, പടം ഉണ്ടാക്കുന്ന മിഥ്യയാണ്. ആ മിഥ്യ വിഷമായി മാറും; കാരണം യഥാര്‍ത്ഥ സാന്നിദ്ധ്യത്തിന്‍റെ പകരമായ, അഥവാ അതിന്‍റെതന്നെ സാന്നിദ്ധ്യമായി തെറ്റിദ്ധരിക്കും. ആത്മാവിന്‍റെ പടം ആത്മാവിന്‍റെ പകരമല്ല, പകരമായി മനസ്സിലാക്കുമ്പോള്‍ അതു വിഷമാകും. ദൈവത്തിന്‍റെ പടം പകരമല്ല, പകരമാക്കുമ്പോള്‍ ദൈവം അപ്രത്യക്ഷമാകും. ദൈവത്തിന്‍റെ പകരമാക്കുന്ന ദൈവശാസ്ത്രം!

നാം വിഗ്രഹങ്ങളുടെയും പകരങ്ങളുടെയും പടങ്ങളുടെയും ലേകത്തില്‍ ജീവിക്കുന്നു. ഇവയെല്ലാം മരുന്നാണ്. പക്ഷേ, മരുന്നുകള്‍ക്കെല്ലാം പകരങ്ങളുടെ ലോകത്തില്‍ ഏറ്റവും വിജയപ്രദമായത് ഏറ്റവും വലിയ പരാജയകാരണമാകും. നിഷ്കളങ്കതയേക്കാള്‍ ഫലപ്രദമാകുന്നതു പാപമായി മാറും. ഭാഗ്യപ്പെട്ട പാപം ഉണ്ടാകും. പുരോഗതി മെഫിസ്റ്റോഫിലസുമായി ഉടമ്പടിയുണ്ടാക്കുന്നതും നാം കാണുന്നു. ഓര്‍മയുടെ മരുന്നുകള്‍ തട്ടിപ്പിന്‍റെ പകരക്കാരായി വ്യാപരിക്കുന്നതും നാം കാണുന്നു. ആത്മാവിന്‍റെ അറിവിനു പുറത്തുള്ള അറിവന്‍റെ ലക്ഷണം മാത്രമാണ് എഴുത്ത്. ജീവനുള്ള ഭാഷണത്തിനു പകരം എഴുതിയ അക്ഷരങ്ങളല്ല. ഭാഷണത്തിനു പകരമല്ല പേന. നാഗരികത മനുഷ്യന്‍റെ രോഗമാകും. ഭീകരതയില്‍ നിന്നു പൂവിടരുന്നു. ഭാവി തേടുന്നവന്‍ ബോധമില്ലാതെ പഴമയില്‍ തപ്പുന്നു. ദൈവത്തിന്‍റെ പകരക്കാര്‍ പിശാചുക്കളായി മാറും. ഏറ്റവും വലിയ വിപ്ലവങ്ങള്‍ ഏറ്റവും ക്രൂരതയുടേതായി മാറുന്നു. ദൈവത്തിന്‍റെ വഴി പിശാചിന്‍റേതായി കൂടിക്കുഴയുന്നു. ലോകത്തിന്‍റെ വഴി പകരക്കാരുടെയും വഴിയാണ്. ലോകം അതുകൊണ്ടു നാട്യലോകമാണ് – നടനകേളിയിലാണു നാം. പിശാച് മാലാഖയായി വേഷം കെട്ടുന്നു. കെട്ടിയാടുന്ന ലോകം, വേഷങ്ങള്‍, നാട്യങ്ങള്‍, നടനങ്ങള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org