പ്ലേറ്റോയുടെ സ്നേഹം

പ്ലേറ്റോയുടെ സ്നേഹം

യേശുക്രിസ്തുവിനു മുമ്പു ജീവിച്ചിരുന്ന പ്ലേറ്റോ തന്‍റെ സിമ്പോസിയം എന്ന കൃതിയിലാണു സ്നേഹത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്. സ്നേഹമെന്നും കാമമെന്നും തര്‍ജ്ജമ ചെയ്യാവുന്ന ഗ്രീക്കുപദമാണിത് Eros. ദൈവത്തിനും മനുഷ്യനുമിടയിലെ മദ്ധ്യവര്‍ത്തിയാണ് ഈ മാലാഖ (daimon). സ്നേഹത്തിന്‍റെ ജന്മമാണു സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നത്. ഈ സ്നേഹത്തിന്‍റെ ഉത്പത്തിയെക്കുറിച്ചു പറയുന്നതു സോക്രട്ടീസിന്‍റെ സ്നേഹത്തെക്കുറിച്ചു സംഭാഷണങ്ങള്‍ക്കിടയില്‍ ഡിയോറ്റിമ എന്ന വയോധികയായ ഗ്രാമീണ സ്ത്രീയാണ്. സമൃദ്ധി(Poros)ക്കു ദാരിദ്ര്യ(penia)ത്തില്‍ ജനിച്ചവനാണു സ്നേഹം. അതു സൗന്ദര്യദേവതയായി ആഫ്രോഡയിട്ടിന്‍റെ ജന്മദിനത്തിലായിരുന്നു. ദാരിദ്ര്യത്തിന്‍റെ അമ്മയുടെ സ്വഭാവം പോലെ അവന്‍ കുളിക്കാതെ മുടിചീകാതെ വീടില്ലാതെ തെരുവില്‍ കഴിയുന്നവനാണ്. പക്ഷേ, സമൃദ്ധിയുടെ പിതാവിനെപ്പോലെ സര്‍ഗ്ഗാത്മകതയുടെ കണ്ടുപിടുത്തക്കാരനും രൂപകല്പന നടത്തുന്ന പ്രതിഭയും ധീരനും കഴിവുറ്റവനുമാണ്. പക്ഷേ, അവന്‍റെ നേട്ടങ്ങളൊക്കെ എളുപ്പം ചെലവായിത്തീരുന്നു. അവന്‍ അങ്ങനെ ഒരിക്കലും സമ്പന്നനല്ല, പക്ഷേ, കഴിവില്ലാത്തവനുമല്ല. സുന്ദരനല്ല, നല്ലവനുമല്ല. പക്ഷേ, നല്ല ബുദ്ധിമാനാണ്. സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ആവലാതി ഇല്ലാത്തവന്‍, തനിക്കു വേണ്ടതിനെക്കുറിച്ച് ആകുലതയുമില്ല.

പ്ലേറ്റോയെ സംബന്ധിച്ചിടത്തോളം സ്നേഹമാണു മനുഷ്യന്‍റെ വഴികാട്ടിയും നേതാവും. ജീവിതത്തിലുടനീളം സ്നേഹത്തിന്‍റെ നിയന്ത്രണം വേണം. മോശമായ സ്നേഹം കാമകേളിയുടെ വ്യാപാരമാണ്. പേരുദോഷത്തിനു വിട്ടുകൊടുക്കുന്നവരാണിവര്‍. എന്നാല്‍ സ്വര്‍ഗീയസ്നേഹം ചെറുപ്പത്തിന്‍റെ കാമാതുരതയല്ല. കൂടുതല്‍ ശക്തവും കൂടുതല്‍ ബൗദ്ധികവുമായ ഉദാത്തവുമായ സ്നേഹം പ്രകടമാക്കുന്നതും ജീവിതത്തിലുടനീളം നില്ക്കുന്ന സ്വഭാവവും സുകൃതങ്ങളുമായി ബന്ധപ്പെട്ടതാണ്.

സ്നേഹം ദൈവമല്ല, പകുതി ദൈവമാണ്. ഈ സ്നേഹം മരണവുമായി ബന്ധപ്പെട്ടതാണ്. ഉന്നതവും ഉദാത്തവുമായ സ്നേഹം മരണവും മരിക്കലും പരിശീലിക്കുന്നതാണ്. വൈരുദ്ധ്യങ്ങളുടെ സഹവാസം സ്നേഹത്തിലുണ്ട്. അതു ജീവനാണ്, മരണവുമാണ്. അതു മാതൃഭാവവും പിതൃഭാവവും പേറുന്നു – സമ്പന്നതയും ദാരിദ്ര്യവും. തത്ത്വചിന്ത അജ്ഞതയ്ക്കും വിജ്ഞാനത്തിനുമിടയിലാണ് എന്നു പറയുന്നതുപോലെ. സന്തോഷവും ആഗ്രഹവുംപോലെയാണ് ഇവയുടെ ബന്ധം. എനിക്കു ഞാന്‍ മതി എന്ന സ്വയംപര്യാപ്തതയും എനിക്കു ഞാന്‍ മതിയാകില്ല എന്ന പരാശ്രയവുംപോലെ. ഞാന്‍ നിശ്ചയിക്കുന്നു, പക്ഷേ, എനിക്കു സ്വീകരിക്കാതിരിക്കാനാവില്ല. ഞാന്‍ ആയിരിക്കുന്നതില്‍ സന്തോഷിക്കുന്നു. പക്ഷേ, ഞാന്‍ എന്‍റെ അതിരുകളെ ലംഘിച്ചു സ്നേഹത്തിന്‍റെ നിരന്തരമായ അന്വേഷണത്തിലാണ്. വര്‍ത്തമാനത്തിന്‍റെ സുഖത്തിന്‍റെ വീടണഞ്ഞവനാണ്; പക്ഷേ, പുറപ്പാടിലുമാണ്. ഗൃഹാതുരത്വത്തിന്‍റെ വേദനയിലുമാണ്. വിശുദ്ധമായതിന്‍റെ ഓര്‍മ്മയും ചാരിതാര്‍ത്ഥ്യവുമുണ്ട്. പക്ഷേ, വീടുവിട്ട് അന്യരെ നേടുന്ന നാടോടിയുമാണ്.

സ്നേഹം കാവ്യാത്മകമായി പാടുന്നതു നേട്ടങ്ങളുടെ ഓര്‍മ്മയിലാണ്. പക്ഷേ, എപ്പോഴും പുറത്തേയ്ക്കു വാതില്‍ തുറന്നു കാത്തിരിക്കുന്നു. വരാനുള്ളതിനു വാതിലടയ്ക്കുന്നില്ല. സ്നേഹം ഒന്നിനും പലതിനുമിടയിലാണ്. സനേഹത്തിന്‍റെ ഇരിപ്പിടം പ്ലേറ്റോയ്ക്ക് ആത്മാവാണ്. സ്നേഹം ലക്ഷ്യമല്ല. അത്യുന്നതമായതിലേക്കുള്ള മാര്‍ഗമാണ്. അത് ഒന്നില്‍നിന്നു പുറപ്പെടുന്നു, പലതിലേക്ക്. പലതിനെയും മറികടക്കുന്നതു സ്നേഹം വഴിയാണ്. പലതിനെയും വിടുന്നതും പലതിലൂടെ ഒന്നില്‍ എത്തിച്ചേരാനുമുള്ള ആവേശം.

സ്നേഹം ദാരിദ്ര്യവും സന്നദ്ധതയും തമ്മിലുള്ള പാരസ്പര്യമാകുന്നതുപോലെ അകവും പുറവും തമ്മിലുള്ള പാരസ്പര്യവുമാണ്. അത് അഹവും അപരനും തമ്മിലുള്ള ബന്ധവുമാണ്. വീടണയുന്ന സ്നേഹം വീടു വിടുന്നു. അത് എന്നിലുള്ള സ്വയംപര്യാപ്തതയും എന്നെ വിട്ടുപോകുന്ന പുറപ്പാടുമാണ്. ഞാന്‍ എന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുന്നതു നിന്‍റെ സ്നേഹത്തിലൂടെയാണ്. എന്നിലേക്കു തിരിയുന്നത് എന്നെ വെടിഞ്ഞതിനെ തിരയുന്നതിലാണ്. എന്‍റെ സമൃദ്ധി നിന്നെ കണ്ടെത്തുന്നതിലാകുമ്പോള്‍ ഞാന്‍ സമൃദ്ധിയുടെ സന്തോഷത്തിലാകുന്നു. ആ സന്തോഷം നിന്‍റെ ദുഃഖത്തില്‍ ദുഃഖിക്കുന്നതു നിന്നെ സന്തോഷിപ്പിക്കാന്‍ സ്വയം വേദന ഏറ്റെടുക്കുന്നതുമാണ്. സ്നേഹം സമ്പന്നമാണ്, അതു സ്നേഹത്തിനുവേണ്ടിയുള്ള ദാരിദ്ര്യത്തിലുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org