മാംസത്തിലെ മുള്ള്

മാംസത്തിലെ മുള്ള്

"എന്‍റെ ശരീരത്തില്‍ ഒരു മുള്ള് എനിക്കു നല്കപ്പെട്ടിരിക്കുന്നു" എന്നു സെന്‍റ് പോള്‍ എഴുതി (2 കൊറി. 12:7). മാംസത്തിനുള്ളിലെ മുള്ള് സ്ഥിരം വേദനിപ്പിച്ചുകൊണ്ടിരിക്കും. ഈ പ്രയോഗം സ്വന്തം ജീവിതത്തെക്കുറിച്ച് ആവര്‍ത്തിക്കുന്ന വ്യക്തിയാണു സോറന്‍ കീര്‍ക്കെഗോര്‍. രണ്ടു പ്രയോഗം കൂടി ഇതേ കാര്യത്തിന് അദ്ദേഹം ഉപയോഗിക്കുന്നു: "മഹത്തായ ഭൂമികുലുക്കം," "നിശ്ശബ്ദമായ നിരാശ," "പാപബോധവും കുറ്റബോധവും." അദ്ദേഹം എഴുതി "മാംസം മുള്ളിനോട് ഒട്ടിനില്ക്കുന്നു. ഈ സഹനം ഈ വ്യത്യസ്തത അത് എനിക്കു ദൈവവുമായുള്ള ബന്ധമായി ഞാന്‍ മനസ്സിലാക്കുന്നു." ദൈവവുമായുള്ള ബന്ധം സഹനത്തിന്‍റെ മുള്ളാണ് അദ്ദേഹത്തിന്.

ഈ മുള്ള് ഒരു തീരാരോഗമായി അദ്ദേഹം കാണുന്നു – മരണകരമായ രോഗം. മരണകരമായി രോഗിയാകുക എന്നാല്‍ മരിക്കാന്‍ കഴിയാതിരിക്കുകയാണ്… മരിക്കാന്‍ കഴിയാത്ത നിരാശയാണ് ദൗര്‍ഭാഗ്യകരം. ഈ അവസാന അര്‍ത്ഥത്തിലാണു നിരാശ മരണകരമായ രോഗമാകുന്നത്. ഇതു വൈരുദ്ധ്യത്തിന്‍റെ പീഡനമാണ്; സ്ഥിരമായി മരിച്ചുകൊണ്ടിരിക്കുന്നവന്‍റെ രോഗം; മരിക്കണം, എന്നാല്‍ മരിക്കാനാകുന്നില്ല, രോഗത്തിനു മരിക്കണം. മരിക്കുക എന്നാല്‍ എല്ലാം അവസാനിക്കുകയാണ്. പക്ഷേ, മരണത്തിനു മരിക്കുക മരണം അനുഭവിക്കുകയാണ്."

ജീവിതത്തെ അദ്ദേഹം കാണുന്നതു ശോകാര്‍ദ്രമായ നിരന്തര സംഘര്‍ഷമായിട്ടാണ്. വിശ്വാസജീവിതമെന്നതു സ്വയമായിരിക്കുന്നതും ദൈവത്തിന്‍റെ മുമ്പില്‍ സുതാര്യമായി നില്ക്കാന്‍ തീരുമാനിക്കുന്നതുമാണ്. ആകാംക്ഷയും നിരാശയും നിറഞ്ഞ വേദനയുടെ വഴിയായി അദ്ദേഹത്തിനു വിശ്വാസം മാറി. ഒരുവന്‍ താനായി നില്ക്കുന്നതു വല്ലാത്ത നിരാശയിലാണ്. കാരണം നില്ക്കുന്നതു ദൈവത്തിന്‍റെ മുമ്പിലാണ്. "ദൈവത്തിന്‍റെ മുമ്പില്‍ നില്ക്കുന്നത് അസഹ്യമാണ്. കാരണം അവനു തന്നിലേക്കു വന്നു താനാവാന്‍ കഴിയുന്നില്ല. അങ്ങനെ സങ്കല്പിക്കുന്നവന്‍ പറയും. കുരുവി ജീവിക്കുന്നു എന്നതു മനസ്സിലാക്കാം. ദൈവത്തിന്‍റെ മുമ്പില്‍ ജീവിക്കുന്നു എന്ന് അതിനറിയില്ല. പക്ഷേ, ദൈവത്തിന്‍റെ മുമ്പിലാണ് എന്നറിയുകയോ ആ നിമിഷം ഭ്രാന്തനാകുകയോ ശൂന്യതയിലേക്കു താഴുകയോ ചെയ്യാത്തതു മനസ്സിലാക്കാനാവില്ല." പഴയ പാപങ്ങളുടെ ഓര്‍മ്മകളല്ല ദുഃഖമുണ്ടാക്കുന്നത്. പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ്. അതു സാദ്ധ്യമാണ് എന്നതാണു സംഘര്‍ഷപൂരിതമാകുന്നത്. ദൈവത്തില്‍നിന്നു കഴിവതും അകറ്റുന്നതും അതുതന്നെ. അതിന്‍റെ വേദനയാണു ജീവിതം. "മാനുഷികമായി പറഞ്ഞാല്‍ രക്ഷ അസാദ്ധ്യമാണ്. അസാദ്ധ്യം സാദ്ധ്യമാക്കുന്നതിലെ അനന്തമായ ദുഃഖമാണു മാംസത്തിലെ മുള്ള്." ഇതു ക്രൈസ്തവനു മാത്രം ലഭിക്കുന്ന വേദനയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org