ചരിത്രവും കഥകളും

ചരിത്രവും കഥകളും

അരിസ്റ്റോട്ടല്‍ ചരിത്രകാരനെയും സാഹിത്യകാരനെയും വേര്‍തിരിക്കുന്നത് ഇന്നലെയുടെയും നാളെയുടെയും കഥ പറയുന്നവര്‍ എന്ന വിധത്തിലാണ്. ഇന്നലെ ചത്തതാണ്, എന്നാല്‍ നാളെ ജനിക്കാത്തതുമാണ്. അതുകൊണ്ടു സാഹിത്യകാരന്‍ ഇല്ലാത്തതു പറയുന്നു എന്ന് ആക്ഷേപിക്കാം. എന്നാല്‍ ചരിത്രകാരന്‍ പറയുന്നത് ഉള്ളതാണ് എന്നങ്ങ് കരുതാമോ? ചരിത്രകാരന്‍ പറയുന്നതു സത്യവും സാഹിത്യകാന്‍ പറയുന്നതു മിഥ്യയുമാണോ?

ചരിത്രത്തിന് എന്തുമാത്രം വസ്തുനിഷ്ഠതയുണ്ട്. കാരണം സംഭവിച്ചതൊക്കെ അയാള്‍ എഴുതുന്നില്ല, അയാള്‍ക്കു താത്പര്യമുള്ളവ മാത്രം. താത്പര്യമുള്ള കാര്യങ്ങള്‍ അയാളുടേതല്ല, അയാളെ എഴുതിപ്പിക്കുന്നവരുടെ താത്പര്യത്തിനുവേണ്ടി വ്യാഖ്യാനത്തില്‍ വളച്ചാണ് എഴുതുന്നത്. സംഭവത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാടിനു എന്തു ന്യായീകരണമുണ്ട്? അതൊന്നും വസ്തുനിഷ്ഠമല്ലതന്നെ. എന്തു സംഭവിച്ചു എന്നതിനേക്കാള്‍ എന്തുകൊണ്ടു സംഭവിച്ചു എന്നാണ് എഴുതുന്നത്. അവിടെ വെളിവാകുന്നത് എന്തു സത്യമാണ്?

സാഹിത്യകാരന്‍ കരിയിലയും മണ്ണാങ്കട്ടയും കാശിക്കു പോയ കഥ പറയുന്നു. പരമ നുണ എന്നു തോന്നാം. പക്ഷേ, അതില്‍ അനാവൃതമാകുന്ന വലിയ സത്യമില്ലേ? ആ സത്യത്തിന്‍റെ ആധാരം കരിയിലയിലും മണ്ണാങ്കട്ടയിലുമാണോ? ചരിത്രം ഒരിക്കലും നിര്‍ദ്ദോഷകരമല്ല. അതില്‍ അധികാരത്തിലിരിക്കുന്നവരുടെ താത്പര്യമുണ്ട്. അതില്‍ മതപരമോ രാഷ്ട്രീയമോ സാമുദായികമോ ആയ താത്പര്യങ്ങളും കാഴ്ചപ്പാടുകളും പ്രത്യയശാസ്ത്രങ്ങളും പഴമയെ വ്യാഖ്യാനിച്ചു വികൃതമാക്കാം. പഴമ എന്ന വസ്തുനിഷ്ഠത മരിച്ചുകഴിഞ്ഞതാണ്. അതിനെക്കുറിച്ചുള്ള വ്യാഖ്യാനം ചിലരുടെ താത്പര്യാധിഷ്ഠിതവുമാണ്.

ഇവിടെ പ്രസക്തമായ ചോദ്യം: സത്യം മനുഷ്യനു പുറത്തു വസ്തുനിഷ്ഠായി കിടക്കുന്ന വസ്തുതയാണോ? മനുഷ്യന്‍റെ ആന്തരികതയിലാണു സത്യം സംഭവിക്കുന്നത്. മനുഷ്യനില്ലാത്തിടത്തു വസ്തുതകളുണ്ട്, സത്യമില്ല. ഒരു രേഖ വസ്തുനിഷ്ഠമായി ലോകത്ത് ഒരു വസ്തുതയാണ്. അതിന്‍റെ സത്യം അത് എഴുതിയവന്‍റെയോ എഴുതിച്ചവരുടെയോ കാഴ്ചപ്പാടിന്‍റെ സത്യമാണ്.

അപ്പോള്‍ ചരിത്രത്തിന്‍റെ സത്യം അത് എഴുതിയവരുടെ ആന്തരികതയുടെ സത്യമാണ്. കവി പറയുന്ന കഥയിലെ സത്യംപോലെതന്നെ. കഥയെഴുതുന്നവരും. ചരിത്രത്തിന്‍റെ കഥനം നടത്തുന്നവരുടെ ഭാവിയെക്കുറിച്ചോ ഭൂതത്തെക്കുറിച്ചോ അവര്‍ക്കുള്ള കാഴ്ചപ്പാട് വിവരിക്കുന്നു. ആ വിധത്തില്‍ ചരിത്രവും ഒരു നോവല്‍രൂപമാണ്. ചരിത്രവും കാലരഹിതമായ സമൂഹത്തിന്‍റെ കഥയായി വായിക്കാം. ചരിത്രരചനയിലും സാഹിത്യരചനയിലും കാലികവും കാലാതീതവുമായവ സന്ധിക്കുന്നു. ചരിത്രവസ്തുതകള്‍ ചത്തുപോയി. നിലനില്ക്കുന്നതു പേരുകളും അതിന്‍റെ കഥകളുമാണ്. ഈ കഥകള്‍ ഉപകാരപ്രദമായി കെട്ടിച്ചമച്ചതുമാണ്. കെട്ടുകഥ (myth) സങ്കല്പിച്ചുണ്ടാക്കുന്നു. അതുകൊണ്ടു തന്നെ കീര്‍ക്കെഗോര്‍ സത്യത്തെ "ആന്തരികത" എന്നു വിശേഷിപ്പിച്ചു. സത്യം വസ്തുനിഷ്ഠമാകുമ്പോള്‍ അതൊരു വിരോധാഭാസമാണ് എന്ന് അദ്ദേഹം കരുതുന്നു. സത്യം അദ്ദേഹത്തിനു വികാരാവേശഫലമാണ്. സത്യവും ഭ്രാന്തും വൈയക്തികമായ തീരുമാനഫലങ്ങളാണ്. "അവസാന വിശകലനത്തില്‍ സത്യവും ഭ്രാന്തും വേര്‍തിരിക്കാനാവാത്തതാണ്." അദ്ദേഹം തുടര്‍ന്നു പറയുന്നു: "നമുക്കു ജീവിക്കാന്‍ അനിവാര്യമായ മിഥ്യകളാണു സത്യങ്ങള്‍." നമുക്കു വലിയ സ്നേഹാവേശത്തോടെ വിശ്വസിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്ത വെളിപാടുകളായി അവ നില്ക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org