|^| Home -> Pangthi -> ചിന്താജാലകം -> മനുഷ്യജീവിതത്തിന്‍റെ നന്മ

മനുഷ്യജീവിതത്തിന്‍റെ നന്മ

ഫാ. പോള്‍ തേലക്കാട്ട്

“മനുഷ്യന്‍ മനുഷ്യനോടു ചെന്നായയാണ്.” ഇതു തോമസ് ഹോബ്ബാസ് മുതല്‍ ധാരാളം പേര്‍ ആവര്‍ത്തിച്ചിട്ടുള്ള വാചകമാണ്. കുറുക്കന്‍റെ വക്രതയും ചെന്നായയുടെ കടിച്ചു കീറുന്ന സ്വഭാവവുമാണോ മനുഷ്യന്‍റെ അടിസ്ഥാനപരവും മൗലികവുമായ വികാരം? മനുഷ്യനെ അത്ര നീചമായി കാണണമോ? മനുഷ്യന്‍റെ ധര്‍മബോധത്തെക്കുറിച്ചു ഗൗരവമായി ചിന്തിച്ച എമ്മാനുവേല്‍ കാന്‍റിനെ സംബന്ധിച്ചിടത്തോളും മനുഷ്യനില്‍ തിന്മയുടെ വാസന (propensity)യുണ്ട് എന്ന് അംഗീകരിക്കുമ്പോഴും മനുഷ്യനില്‍ ഏറ്റവും മൗലികവും മനുഷ്യന്‍റെ ആദിയുടെ ഉറവയുമായി ബന്ധപ്പെട്ടതും നന്മയുടെ മൂലവാസനയുണ്ട് (predisposition). ഇതു മനുഷ്യനു ദാനമായി ലഭിക്കുന്നതാണ്. എന്‍റെ ഏതെങ്കിലും യോഗ്യതമൂലമല്ല ഈ വാസന. ഞാന്‍ ഉണ്ടാകുക എന്നതുപോലും എന്‍റെ യോഗ്യതയുടെ കാര്യമല്ല. അതു എന്‍റെ അവാച്യമായ ദാനമാണ്. തിരിച്ചറിയപ്പെടാത്ത ദാനമായി ആളുകള്‍ ജീവിതം കൊണ്ടുനടക്കുന്നു.

ദൈവം ഒരു അസ്തിത്വമല്ല ദൈവം സ്നേഹമാണ് എന്നു ചിന്തിക്കുന്നവരുണ്ട്. ഇതു മനുഷ്യന്‍ പലപ്പോഴും തിരിച്ചറിയുന്നില്ല. ദൈവം ദാനമാണ് എന്നതാണു ക്രിസ്തുവില്‍ വെളിവായത്. യോഹന്നാന്‍ ദൈവത്തിനു കൊടുത്ത പേരു സ്നേഹം എന്നാണ്. സ്നേഹമുള്ളിടത്തു ദൈവമുണ്ട്. ഞാന്‍ സംഭാഷിക്കുമ്പോള്‍ മറ്റൊരുവനുമായി വര്‍ത്തമാനം പറയുമ്പോള്‍ ഞാന്‍ ദാനത്തിന്‍റെ മണ്ഡലത്തിലാണ്. നമുക്കു ലഭിക്കുന്ന ഏറ്റവും വലിയ ദാനമാണു സ്നേഹിക്കാനുള്ള കഴിവ്-സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുക, അത് എന്‍റെ മിടുക്കല്ല എനിക്കു കിട്ടിയ ദാനമാണ്. ദൈവം ഉണ്ട് എന്നതല്ല ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ടവിശേഷണം. ദൈവം തന്നെത്തന്നെ കൊടുക്കുന്നു എന്നതാണ്. ദൈവത്തിന്‍റെ അസ്തിത്വമല്ല, നമുക്കു ദൈവത്തോടു ബന്ധപ്പെടാനും പ്രാര്‍ത്ഥിക്കാനും കഴിയുന്നു എന്നതാണ് ദൈവികത.

സൃഷ്ടിവിവരണത്തില്‍ എല്ലാം നന്നായിരിക്കുന്നു എന്നു ദൈവം കണ്ടു എന്ന് ആവര്‍ത്തിക്കുന്നു. മനുഷ്യനു ലഭിച്ച ഏറ്റവും വിശിഷ്ടമായതു ധാര്‍മികത എന്ന ദാനമാണ്. നല്ലവനാകാന്‍ കഴിയും എന്ന വൈശിഷ്ട്യം അപരനോടു അഥവാ അപരയോടുകൂടി ജീവിക്കാന്‍ കഴിയുന്നു. അപരതയ്ക്കു പ്രാമുഖ്യം കൊടുക്കുന്ന പ്രേമസ്നേഹങ്ങളുടെ ജീവിതം. മനുഷ്യന്‍റെ സ്വാര്‍ത്ഥത തൊട്ടുതീണ്ടാത്ത ഒരു വികാരം മനുഷ്യനിലുണ്ട്. നല്ലവനാകാന്‍ ആഗ്രഹിക്കുക എന്നാല്‍ മറ്റൊരുവനുമൊത്തു സന്തോഷത്തിലും പ്രതിസന്ധികളിലും ഒന്നിച്ചായിരിക്കാനുള്ള കഴിവുണ്ട്. മനുഷ്യന്‍റെ നന്മയുടെ ഉറവിടം പലപ്പോഴും തെളിഞ്ഞും ഒളിഞ്ഞും കഴിയുന്നു. നന്മയുടെ പ്രസാദം എങ്ങനെ സംഭവിക്കുന്നു? അത് എന്‍റെ വരുതിയില്‍ നില്ക്കുന്നുമില്ല. നന്മയുടെ ഉറവിടം എന്‍റെ ആന്തരികതയിലാണ്. പക്ഷേ, അതു ഞാനല്ല. എന്നിലാണെങ്കിലും ആഴത്തിലാണ്. എനിക്കതീതവുമാണ്. മറ്റൊരുവനുമായി സഹവസിക്കാനുള്ള തൃഷ്ണ ആന്തരികമാണ്. പക്ഷേ, അത് എന്‍റെ സ്വകാര്യസ്വത്തോ വിശേഷണമോ അല്ല. എനിക്കതീതമായി എന്നില്‍ അതുണ്ടാകുന്നു. അപരന്‍റെ മുഖത്തോടുള്ള എന്‍റെ കടമയുടെ ബോധം എന്നിലാണെങ്കിലും അതു ഞാനല്ലാത്തതാണ്. മുഖമില്ലാത്തവരോടും നീതി കാണിക്കണമെന്ന വിളിയും എന്നില്‍ കേള്‍ക്കുന്നു. അത് എന്നിലെ വെളിപാടും ദാനവുമാണ്.

പരസ്പരം അംഗീകരിക്കാനുള്ള മനസ്സിന്‍റെ നന്മ എവിടെനിന്നു വരുന്നു എന്ന ചോദ്യമാണ് മനുഷ്യനിലെ മാനുഷികമായ ഏറ്റവും പ്രധാന ചോദ്യം. നിന്നെക്കുറിച്ച് എന്നില്‍ ഉണ്ടാകുന്ന ഉത്കണ്ഠ എനിക്ക് എവിടെനിന്നു വരുന്നു? ഈ ഉത്കണ്ഠയിലെ മൂല്യബോധം – അതാണ് മറ്റു ചിലര്‍ ആദരവും അംഗീകാരവും അര്‍ഹിക്കുന്നു എന്ന നന്മയുടെ വികാരത്തിന്‍റെ ഭാഷണകര്‍മങ്ങള്‍ ആന്തരികതയില്‍ ഉണ്ടാകുന്നത്. ഒരുവന്‍റെ ആത്മാഭിമാനം ഒരുവനു തന്നെക്കുറിച്ചുള്ള മൂല്യബോധത്തിന്‍റെ അംഗീകാരമാണ്. ഈ അംഗീകാരത്തിലാണ് ഉത്തരവാദിത്വബോധം ഉണ്ടാകുന്നത്. പ്രാഥമികമായ ആശ്ചര്യബോധവും സഹനക്ഷമതയും മനുഷ്യനില്‍ ഉണ്ടാകുന്നത്, നീതിക്കും നന്മയ്ക്കുമുള്ള വിശപ്പിലും ദാഹത്തിലും നിന്നാണ്. ഏതു സമൂഹത്തിലും കരുണയുടെയും ഉദാരതയുടെയും മഹത്ത്വപൂര്‍ണമായ നിത്യവിസ്മയങ്ങള്‍ കണ്ണു തുറന്നാല്‍ കാണാം. ഇതു കാണാന്‍ കണ്ണുണ്ടാകുക, കരയാനും കരുണാര്‍ദ്രമായി പെരുമാറാനും കഴിയുന്നവര്‍ ഇല്ലാതാകുന്നില്ല. നന്മയുടെ ദാനങ്ങള്‍ നിലയ്ക്കാതെ വന്നുകൊണ്ടിരിക്കുന്നു. അപ്പോള്‍ നാം പറഞ്ഞുപോകുന്നു. ഇവിടെ ആയിരിക്കുന്നതു നല്ലതാണ്. ദാനങ്ങള്‍ ലഭിക്കുന്നു എന്ന അവബോധത്തില്‍ കൈകൂപ്പുന്നു, തല കുമ്പിടുന്നു, പാട്ടു പാടുന്നു, നൃത്തം ചെയ്യുന്നു. എവിടെയും സ്നേഹവും നന്മയും ദാനമായി വര്‍ഷിക്കുന്നത് അറിയുന്നു. അതുണ്ടാക്കുന്നതു പ്രതിനന്ദിയുടെ പ്രതികരണങ്ങളാണ്.

Leave a Comment

*
*