പ്രതിക്കൂട്ടിലാക്കപ്പെടുമ്പോള്‍

പ്രതിക്കൂട്ടിലാക്കപ്പെടുമ്പോള്‍

സഭയ്ക്കുവേണ്ടി സംസാരിക്കേണ്ടിവരുമ്പോഴൊക്കെ മനസ്സില്‍ ഉണരുന്ന ഒരു വികാരമുണ്ട് – ഞാന്‍ പ്രതിക്കൂട്ടിലാണ്. എന്തിന്? ഞാന്‍ വിശ്വാസിയാണ് എന്നതാണു കാരണം. വിശ്വാസിയാകുക വല്ലാത്ത ഭാരമാണോ? മാത്രമല്ല, എപ്പോള്‍ വേണമെങ്കിലും പ്രതിക്കൂട്ടിലാക്കപ്പെടും എന്നതു യാഥാര്‍ത്ഥ്യമാണ്. വിശ്വാസിയാകുന്നതു പ്രതിക്കൂട്ടിലാകലുമാണ്. കാരണം ധാരാളം മൂല്യങ്ങള്‍ ആശ്ലേഷിച്ചു ജീവിക്കാം എന്ന പ്രഖ്യാപനം വിശ്വാസി എന്നതില്‍ വിളിച്ചുപറയുന്നുണ്ട്.

ഒരിക്കല്‍ ഒരു ചാനല്‍ചര്‍ച്ചയില്‍ ഒരു യുവാവു തട്ടിക്കേറി പറഞ്ഞു: "ബ്രഹ്മചര്യം അസാദ്ധ്യമാണ്; അതു പാലിക്കുന്നു എന്നു പറയുന്നവര്‍ ആത്മവഞ്ചന നടത്തുന്നു." അതികഠിനമായ കേവല പ്രസ്താവനയില്‍ വിഷമം തോന്നി. അയാള്‍ "അസാദ്ധ്യം" എന്നു പറഞ്ഞത് ദൈവസഹായത്താല്‍ സാദ്ധ്യമാണ് എന്നു പറയാന്‍ പോലും സാദ്ധ്യമല്ലാത്ത സ്ഥിതി. ഇത് ഒരു വിശ്വാസിയുടെ ധര്‍മ്മസങ്കടമാണ്.

ധര്‍മ്മസാദ്ധ്യതകള്‍ ഇല്ലാത്തവനും അതില്‍ പ്രതിബദ്ധതയില്ലാത്തവനും ഈ സങ്കടമില്ല. സങ്കടം മറ്റൊന്നുകൂടിയാണ്. എന്‍റെ ആന്തരികമായ വിശ്വാസപാലനത്തിന്‍റെ അഥവാ ധര്‍മ്മാനുഷ്ഠാനത്തിന്‍റെ ഏകമായ സംവേദനസാദ്ധ്യത എന്‍റെ ഭാഷയില്‍ മാത്രമാണ്. അതുപോലും സാദ്ധ്യമല്ലാത്ത സ്ഥിതി സംജാതമാകും. പൂര്‍ണമായ സംശയത്തിന്‍റെ പശ്ചാത്തലത്തില്‍ എന്‍റെ മൂല്യ പ്രതിബദ്ധത എങ്ങനെ പ്രകാശിപ്പിക്കും?

ഏതാണ്ട് ഇതുപോലുള്ള അവസ്ഥ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലും അനുഭവപ്പെടുന്നു. എല്ലാം ആദര്‍ശസുന്ദരമായി നടക്കുന്നു എന്നതു വലിയ മിഥ്യയാണ് എന്നു വരുമ്പോള്‍ പ്രതിക്കൂട്ടില്‍ നിന്ന് അഴികള്‍ക്കകത്തേയ്ക്കു പോകുന്നു എന്ന പ്രതീതി. എനിക്ക് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്തപ്പോള്‍ മറ്റുള്ളവരെ എങ്ങനെ ബോദ്ധ്യപ്പെടുത്തും? ഈ ബോദ്ധ്യമില്ലാത്ത ഭാഷണം പൊള്ളയായി കേള്‍ക്കപ്പെടും എന്ന വല്ലാത്ത ഭയവും. നാവു കള്ളം പറയുമ്പോഴും ശരീരം നേരു പറയുന്ന പ്രതിസന്ധി. ഇവിടെ എന്താണു പോംവഴി? അഗസ്റ്റിന്‍ പറഞ്ഞുതന്നതുതന്നെ; ഏറ്റുപറച്ചില്‍. എനിക്കും സഭയ്ക്കും വിശ്വാസത്തില്‍ നിലനില്ക്കാന്‍, നിലനില്പിന്‍റെ വരം അനിവാര്യമായി ആവശ്യപ്പെടുന്നത് ആത്മപരിശോധനയും മാച്ചെഴുത്തുമാണ്. അതാണ് ഏറ്റുപറച്ചില്‍. അല്ലെങ്കില്‍ എന്നെ ബോദ്ധ്യപ്പെടുത്താത്ത ഭാഷണം ആരെയും ബോദ്ധ്യപ്പെടുത്തില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org