രക്ഷകനില്ലാത്ത ജീവിതം

രക്ഷകനില്ലാത്ത ജീവിതം

"ദീര്‍ഘകാലത്തേയ്ക്ക് അഭിവൃദ്ധവും സ്വതന്ത്രവും നീതിപൂര്‍വകവുമായ ഒരു രാജ്യമോ കുറച്ചു രാജ്യങ്ങളോ ഉണ്ടാകുമെന്നു വിശ്വസിക്കാനാവില്ല. പാശ്ചാത്യ ജനാധിപത്യങ്ങളില്‍ ലോകം സുരക്ഷിതമാക്കാന്‍ ഈ ഭൂപ്രദേശങ്ങള്‍ മുഴുവനും മാത്രമല്ല ഓരോ രാജ്യവും എല്ലാ രാജ്യങ്ങളും സമൂഹങ്ങളും സുരക്ഷിതമാകണം. ഒരു രാജ്യത്തെ നല്ല ക്രമം എല്ലാ രാജ്യങ്ങളിലും എല്ലാ രാജ്യങ്ങള്‍ക്കിടയിലും ആ നല്ല ക്രമം നടപ്പാക്കിയതിനെ ആശ്രയിച്ചിരിക്കും." രാഷ്ട്രമീമാംസയുടെ ചിന്തകനായ ലെയോ സ്ട്രാവൂസിന്‍റെ വാക്കുകളാണിവ. ഇതിനര്‍ത്ഥം രാഷ്ട്രീയാക്രമങ്ങള്‍ അങ്ങനെ ശാന്തമായി നില്ക്കില്ല എന്നാണ്. ഇത് ഒരു ദോഷൈകവീക്ഷണമായി തോന്നാം. പക്ഷേ, മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്നത് ക്രമരാഹിത്യവാസനയാണ്. ഏറ്റവും നല്ല ഭരണം ഏറ്റവും നല്ല മനുഷ്യന്‍ സ്വാഭാവികമായി ഭരിക്കുന്ന വിധമാണ്. ഈ സ്ഥിതി തുടരാന്‍ നല്ല മനുഷ്യര്‍ മുകളില്‍ മാത്രം ഉണ്ടായാല്‍ പോരല്ലോ. നല്ല മനുഷ്യരല്ലാത്ത അവിവേകികള്‍ നല്ല മനുഷ്യരെ അനുസരിക്കണം. പക്ഷേ, ഈ വിവേകം അടിച്ചേല്പിക്കാന്‍ കഴിയുമോ? എല്ലാവരും സമന്മാരാണ് എന്ന് അംഗീകൃതമാകുമ്പോള്‍ നല്ല മനുഷ്യര്‍ അനുസരിപ്പിക്കുന്നതും അനുസരിക്കുന്നതും പ്രശ്നമാണ്.

ഫലമായി ഏതു നേരത്തും കുഴപ്പങ്ങള്‍ ഉണ്ടാകും. ശരിയായ ക്രമത്തിനു ചരിത്രമില്ല. ചരിത്രം എപ്പോഴും കുഴപ്പത്തിന്‍റെ ക്രമരാഹിത്യത്തില്‍ ക്രമത്തിന്‍റെ പുനഃസ്ഥാപനത്തിനാണ്. മനുഷ്യന്‍റെ ഈ അടിസ്ഥാന പ്രശ്നത്തിന് എന്തു പ്രതിവിധി? സ്ട്രാവൂസിന്‍റെ അഭിപ്രായത്തില്‍ സാധാരണ മനുഷ്യന്‍റെ ഈ അഴിച്ചിലിന്‍റെയും ക്രമരാഹിത്യത്തിന്‍റെയും അക്രമത്തിന്‍റെയും രാഷ്ട്രീയപ്രശ്നത്തിന് ഏകപരിഹാരം യഹൂദരുടെ നിലപാടാണു പോലും.

"മനുഷ്യന്‍ വൈരുദ്ധ്യമില്ലാത്ത ഒരു സമൂഹം ഒരിക്കലും സൃഷ്ടിക്കുകയില്ല." അങ്ങനെയെങ്കില്‍ "യഹൂദരവംശത്തെ തിരഞ്ഞെടുക്കപ്പെട്ട വംശമായി കാണാം. സാമൂഹികരാഷ്ട്രീയപ്രശ്നത്തിന്‍റെ ഏറ്റവും വെളിവായ അടയാളമായി യഹൂദരെ കാണാം." നാസിസത്തിന്‍റെ പശ്ചാത്തലത്തില്‍ യഹൂദപ്രശ്നത്തിനു പരിഹാരമുണ്ടായോ? യഹൂദപ്രശ്നത്തിനു പരിഹാരമുണ്ടായാല്‍ ഏതു പ്രശ്നത്തിനും പരിഹാരമുണ്ടാകും." യഹൂദ ജനത്തിന് അവരുടെ വിധിയുടെ ജീവിക്കുന്ന സാക്ഷ്യം രക്ഷയുടെ അസാന്നിദ്ധ്യമാണ്. ഒരാള്‍ക്കു പറയാം, ഇതാണു തിരഞ്ഞെടുക്കപ്പെട്ട ജനം എന്നതിന്‍റെ അര്‍ത്ഥം. യഹൂദര്‍ രക്ഷ സന്നിഹിതമല്ല എന്നതിന്‍റെ തെളിവിനായി തിരഞ്ഞെടുക്കപ്പെട്ടവരാണ്…" തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു രക്ഷ ആകാശത്തുനിന്നു കെട്ടിയിറക്കപ്പെടുന്നില്ല. അത് ആരും പ്രതീക്ഷിക്കേണ്ടതില്ല. പ്രതീക്ഷയുടെ അടിസ്ഥാനമാണു ബൈബിള്‍, അതാണു വെളിപാട്. അത് ആവശ്യപ്പെടുന്നത് ഈ ഉത്തരവാദിത്വപൂര്‍വം ചരിത്രത്തില്‍ ഇടപെടാനാണ്. രക്ഷ ദൈവം സൃഷ്ടിക്കുന്ന അത്ഭുതമല്ല. ദൈവത്തോടു ചേര്‍ന്ന് ഉത്തരവാദിത്വത്തോടെ സൃഷ്ടിച്ചുണ്ടാക്കേണ്ട ചരിത്രമാണ്. രക്ഷകന്‍ പുറത്തല്ല അകത്തുനിന്നു പ്രവര്‍ത്തിക്കുന്നു. എന്നെ കൂടാതെയല്ല അത് എന്നിലൂടെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org