സത്യം കലയില്‍ സംഭവിക്കുന്നു

സത്യം കലയില്‍ സംഭവിക്കുന്നു

ജര്‍മന്‍ ചിന്തകനായ ഹൈഡഗര്‍ എഴുതി: "ആയിരിക്കുന്നതിന്‍റെ സത്യം സംഭവിക്കാന്‍ അനുവദിക്കുന്നതാണ് ഏതു കലയും. ആ വിധത്തില്‍ സത്തയില്‍ കല കാവ്യമാണ്." കാവ്യം അദ്ദേഹത്തിനു സത്യം സംഭവിക്കുന്ന വേദിയാണ്. കാവ്യം അദ്ദേഹത്തിനു പ്രക്ഷേപണവചനമാണ്. പ്രക്ഷേപിക്കുക എന്നാല്‍ മുന്നിലേക്ക് അഥവാ ഭാവിയിലേക്കു പ്രകാശം വീഴ്ത്തുകയാണല്ലോ. ഭാവി കാണാന്‍ ഭാവിയിലേക്കു പ്രകാശം പ്രസരിപ്പിക്കുന്നു. ആ പ്രകാശനം നടക്കുന്നതു വചനത്തിലൂടെയാണ്, ഭാഷയിലൂടെയാണ്. കാണാനും കേള്‍ക്കാനുമാകാതെ അകന്നു നില്ക്കുന്നതിലേക്കു പ്രകാശം വീഴ്ത്തുന്ന വചനങ്ങള്‍ അകന്നതിനെ അടുപ്പിച്ചു കാണിക്കുന്നു. പക്ഷേ, അടുത്തുനിന്ന് അടുപ്പിക്കുമ്പോള്‍ അതിന്‍റെ അകലം ഇല്ലാതാക്കാനുമാവില്ല. അടുപ്പിച്ചുകാണിക്കുമ്പോഴും അടുപ്പിച്ചു കാണിക്കുന്നതു അകലെയിരിക്കുന്നു എന്നു കാണിക്കുന്ന നടപടി. ഈ നടപടിയില്‍ പ്രായോഗികമായ വിഷമം അകലത്തെ അടുപ്പിക്കുന്ന വൈരുദ്ധ്യമാണ്. ഭാഷയെ വര്‍ത്തമാനത്തിലേക്ക് ആനയിക്കുമ്പോഴും ഭാവി വര്‍ത്തമാനമാകുന്നില്ല; അകലെ നില്ക്കുന്നു. അത്യുന്നതമായത് അടുത്തുകാണിക്കുന്നു. അത് അകലത്തിലായിരിക്കുകയും ചെയ്യുന്നു.

അസാദ്ധ്യമായ ഈ കര്‍മമമാണു കലയിലൂടെ സാധിക്കുന്നത്. ഏതു തരത്തിലുള്ള കലയായാലും അതു സത്യത്തിന്‍റെ സംഭവമാണ്. സത്യം ഒരു വസ്തുതയല്ല; വൈയക്തികമായ ഒരു മൂല്യാനുഭവമാണ്. സത്യം സംഭവിക്കുന്നതു ചിന്തയുടെ ഭക്തിയിലാണ്. അതു സംഭവിക്കാന്‍ കലാകാരന്‍ ബലിയാവണം. എന്നില്‍ സത്യം തല നീട്ടണമെങ്കില്‍ ഞാന്‍ തല വലിക്കണം. ആയിരിക്കുന്നതല്ല കല കാണിക്കുന്നത്, ആയിരിക്കുന്നതിന്‍റെ സത്യമാണ്. അതിന് ആയിരിക്കുന്നതു പിന്നോട്ടു വലിയണം, അതാണു ബലികൊണ്ട് അര്‍ത്ഥമാക്കുന്നത്.

കലയുടെ സമ്പന്നതയും സത്യസന്ധതയും ഉണ്ടാകുന്നതു മൗലികതയിലാണ്. മൗലികത എന്നതു മൂലത്തില്‍ നിന്നാണു വരുന്നത്. പ്രത്യക്ഷമായവയുടെ സത്യം കാണാനും അറിയാനും അവയുടെ മൂലത്തിലേക്ക് അഥവാ ആദിയിലേക്കു പോകണം. ഈ ഉല്പത്തിലേക്കു മടങ്ങി ആദിയുമായി നേരിട്ടു ബന്ധപ്പെടുമ്പോഴാണു സത്യത്തിന്‍റെ വെളിപാടുണ്ടാകുന്നത്. മൗലികത ഉറവിടവുമായി ബന്ധപ്പെട്ടതാണ്. ഉറവിടത്തോട് അടുത്തു കഴിയുന്നവരാണു മൗലികര്‍. മൗലികചിന്ത, ചിന്തയേ അല്ല, അതു വശീകരണമാണ്, സ്വാധീനമാണ്. കാവ്യം ആദിയിലേക്കുള്ള യാത്രയും അവിടെ കാത്തുനില്പുമാണ്. കാവ്യാത്മക നടപടിയിലെ ആദിയുടെ വെളിപാടിനാല്‍ ഗ്രസിക്കപ്പെട്ട അവസ്ഥയാണു കലയുടെ ലഹരിയായി മാറുന്നത്. കലയുടെ ഉറവിടം ചരിത്രപരമോ ആത്മീയമോ ആയ വിളിയായി കാണാനാവുമോ എന്ന് സംശയമാണ്. അതു ശാരീരികമായ ഒരു വിധിയുമല്ല. അതു മനുഷ്യനു സാധിച്ചെടുക്കാവുന്നതുമല്ല.

ആദിയുടെ ഉറവിടത്തില്‍ കാത്തിരുന്നു കണ്ടതും കേട്ടതും പറയുമ്പോള്‍ കവി, ബിംബങ്ങളാണ് ഉപയോഗിക്കുന്നത്. അതു പ്രതീകമണ്ഡലമാണ്. ഈ പ്രതീകമണ്ഡലം കഥകളുടെയും മിത്തുകളുടെയും അനുഷ്ഠാനങ്ങളുടെയും മാധ്യമങ്ങളിലൂടെയാണ് സംവേദനം നടത്തുന്നത്. ബിംബങ്ങള്‍ പറയാനാവാത്തതും വിശുദ്ധമായതും അകലെയിരിക്കുന്നതും വെളിവാക്കുന്നു. ഭാഷ അവിടെ അസാന്നിദ്ധ്യത്തിന്‍റെ ഭാഷയാകുന്നു. ഐന്ദ്രിയമായതും ഇവിടെ ഇപ്പോഴുള്ളതുമായതില്‍നിന്നു മാറി അതിന്‍റെ സത്യം അവയുടെ ആദിയുമായുള്ള ബന്ധത്തില്‍ പറയുകയാണ്, കാണിക്കുകയാണ്, കേള്‍പ്പിക്കുകയാണ്.

എന്നിലുള്ള അബോധത്തിന്‍റെ ശബ്ദം ജനിച്ചതു മുതല്‍ മരണം വരെയുണ്ട്. പക്ഷേ, അതു ഞാന്‍ കേട്ടിട്ടുണ്ടോ? എത്ര തീവ്രവും എന്‍റെ നിതാന്തവുമായ പ്രാര്‍ത്ഥനപോലും ഞാനും ദൈവവുമായുള്ള സ്ഥായീബന്ധത്തിന്‍റെ പാലം പണിയുന്നില്ല എന്നു പറയാറുണ്ട്. ഞാന്‍ എന്‍റെ ആദിയെ കേള്‍ക്കാതെ ഞാന്‍ ഞാനാകില്ല. ശ്രദ്ധിച്ചാല്‍ സാധാരണ ശക്തിയേക്കാള്‍ ഭിന്നമായ ശക്തിയുടെ ധാരണയിലേക്കു വലിക്കുന്ന എന്തോ എന്നിലുണ്ട്. ഞാനല്ലാത്ത എന്നിലെ എന്‍റെ ഉറവിടത്തിന്‍റെ ശക്തിയില്‍ ബന്ധപ്പെടുമ്പോഴാണ് അസ്തിത്വം എന്നോടു മൊഴിയുന്നതു ഞാന്‍ കേള്‍ക്കുക. അതിന് എന്‍റെ അന്തരംഗവും പുറവും ശാന്തമാകണം, ശ്രദ്ധയുടെ കാത്തിരിപ്പില്‍ ഞാന്‍ കഴിയണം. സത്യത്തിന്‍റെമൊഴിയും വെളിപാടും എന്നിലുണ്ടാകും. അതു സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാകണം, അതിനു ഞാന്‍ ഭാഷയും സംവേദനമാര്‍ഗങ്ങളുമായി കാത്തിരിക്കണം. പരിമിതമായ സാഹചര്യത്തിലും നിത്യതയുടെ പങ്കാളിത്തമുണ്ട്. കടന്നുപോകുന്ന നിമിഷാനുഭവങ്ങളിലെ സത്യം പ്രകാശിതമാകുന്നതു തിരിച്ചറിയാനും അതു സംപ്രേക്ഷണം ചെയ്യാനും കഴിയണം. അതൊരു ആവാസമാകും, ലഹരിയാകും. അതില്‍ നിന്നുണ്ടാകുന്നതാണു കാവ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org