ദൈവത്തിന്‍റെ യവനിക

ദൈവത്തിന്‍റെ യവനിക

ദൈവവും അസ്തിത്വവും തമ്മിലുള്ള ബന്ധം വലിയ വിവാദവിഷയമാണ്. ദൈവം ഈ പ്രപഞ്ചത്തിനുള്ളിലെ ഒരു അസ്തിത്വമല്ല. ഇവിടെയുള്ള ഒന്നും ദൈവമല്ല; അങ്ങനെ കരുതുന്നതു വല്ലാതെ ദൈവത്തെ കൊച്ചാക്കലാകും. ദൈവം ഒരു ബഹിരാകാശജീവിയോ മറഞ്ഞിരിക്കുന്ന അസ്തിത്വമോ അല്ല. ആ വിധത്തില്‍ ദൈവത്തിന് അസ്തിത്വമില്ല.

അസ്തിത്വമുള്ളവയുടെ അസ്തിത്വത്തിന്‍റെ ആധാരമായി ഈശ്വരനെ താത്ത്വികമായി വിവക്ഷിക്കുന്നവരുണ്ട്. അങ്ങനെ അസ്തിത്വങ്ങളുടെ അസ്തിത്വാധാരത്തിന് അസ്തിത്വം എന്നു വിശേഷിപ്പിക്കാനുമാകില്ല. ഇങ്ങനെ അസ്തിത്വത്തിന്‍റെ ആധാരത്തെ ആരാധിക്കാനോ വണങ്ങാനോ ആവില്ല. അതു വിശ്വാസത്തിന്‍റെ വിഷയമാണ്. അസ്തിത്വത്തിന് അതീതമായി നില്ക്കുന്ന വിശുദ്ധിയുടെ മണ്ഡലത്തിലാണു ദൈവം. ആ ദൈവം ചിന്തയ്ക്കും അസ്തിത്വത്തിനും അറിവിനും അതീതമായി നില്ക്കുന്നു. കാരണം അസ്തിത്വത്തോടു ബന്ധപ്പെടുമ്പോള്‍ എളുപ്പത്തില്‍ ദൈവം ഒരു വിഗ്രഹമായി മാറും. പ്രപഞ്ചത്തിലെ അസ്തിത്വത്തിന്‍റെ വിഗ്രഹത്തില്‍ തളയ്ക്കപ്പെടുന്ന ദൈവം ലൗകികനാണ്.

ദൈവത്തിന്‍റെ അസാന്നിദ്ധ്യത്തിന്‍റെ പ്രത്യക്ഷം പ്രദര്‍ശിപ്പിക്കുന്ന യവനികയായി അസ്തിത്വത്തെ മനസ്സിലാക്കാം. യവനിക കാണിക്കുന്നതു യവനികയെ അല്ലാതെ ദൈവത്തിന്‍റെ അസാന്നിദ്ധ്യം പ്രകാശിപ്പിക്കാം. അസ്തിത്വത്തിന്‍റെ സത്യത്തില്‍ നിന്നു വിശുദ്ധിയുടെ സത്തയെക്കുറിച്ചു ചിന്തിക്കുന്നു. വിശുദ്ധിയുടെ സത്തയില്‍ നിന്നു ദൈവികതയുടെ ബിംബനങ്ങള്‍ ഉണ്ടാകും. ദൈവത്തിന്‍റെ അസാന്നിദ്ധ്യം അസ്തിത്വത്തിന്‍റെ യവനികയില്‍ പ്രശോഭിക്കും ലൗകികമായതു പൊളിഞ്ഞ് അകം കാണിക്കുന്നു. അപ്പോഴും ദൈവം ഒരു വസ്തുവായി സന്നിഹിതമാകുകയല്ല. ഒരു ഇടവും ദൈവം എടുക്കുന്നുമില്ല. കാലത്തില്‍ നിത്യതയുടെ നിഴല്‍ കാണുന്നതുപോലെ. ഈ ദൈവത്തിന്‍റെ അസാന്നിദ്ധ്യപ്രകാശനത്തിനു ദൈവം എന്ന പേരുപോലും ശരിയല്ല. മറിച്ച് അതൊരു പ്രായോഗിക ദൈവശാസ്ത്ര സമീപനമായി മാറുന്നു. ദൈവികമായ ബോദ്ധ്യത്തിന്‍റെ നടത്തിപ്പിനായുള്ള ഇറങ്ങിപ്പോക്ക്. അതൊരു വീക്ഷണമാണ്, ആത്മാവിന്‍റെ അക്ഷിയുടെ വീക്ഷണം. പക്ഷേ, അതു കാഴ്ചക്കുറവ് നികത്തുകയല്ല. വിശ്വാസത്തിന്‍റെ വീക്ഷണത്തിന്‍റെ അധികകാഴ്ചയായി തുറക്കുകയാണ്. ജീവിതത്തിന്‍റെ ഓരങ്ങളില്‍ നിന്നുയരുന്ന ഒരു മന്ത്രണം, ഒരു പ്രത്യക്ഷം കൂടുതല്‍ സമ്പന്നജീവിതത്തിനു മുന്നറിയിപ്പ്. ദൈവത്തെ സ്നേഹിക്കുമ്പോള്‍ ഏതാണു സ്നേഹിക്കുന്നത് എന്ന ചോദ്യത്തിന്‍റെ മറുവശം. വിശ്വാസം സ്നേഹത്തില്‍ എത്തിച്ചേരുന്ന അറിവാണ്. അസ്തിത്വവുമായി ബന്ധപ്പെട്ടു വിശദമാക്കാനോ എഴുതാനോ സാദ്ധ്യമല്ലാത്ത അറിവാണ്. അതു ജീവിക്കാന്‍ നിര്‍ബന്ധിക്കുന്ന അറിവാണ്. സ്നേഹം അറിയുന്ന വിധവുമാണ്. ആ വിധത്തില്‍ അസ്തിത്വയവനികയില്‍ ദൈവികതയുടെ അസാന്നിദ്ധ്യം പ്രസ്ഫല്ലമായതു കാണുകയാണ്. അതു കാഴ്ചയേക്കാള്‍ വെളിപാടായി നല്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org