എന്‍റെ മീന്‍ എവിടെയോ ഉണ്ട്

എന്‍റെ മീന്‍ എവിടെയോ ഉണ്ട്

സന്തിയാഗോ ഭാഗ്യകെട്ടവനാണ്. അവനുമായി കടലില്‍ പോകാന്‍ മീന്‍പിടുത്തക്കാര്‍ വിസമ്മതിക്കുന്നു. കാരണം വ്യക്തം. ഭാഗ്യംകെട്ടവന്‍റെ കൂട്ടുകാരനാണു മനോലിന്‍ എന്ന പയ്യന്‍. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള പേരുകാരന്‍. പക്ഷേ, അവന്‍റെ മാതാപിതാക്കള്‍ വിലക്കിയിരിക്കുന്നു – ആ കിളവന്‍റെ കൂടെ കടലില്‍ പോകരുത്. കാരണവും വ്യക്തം – ഭാഗ്യദോഷിയാണവന്‍. ഭാഗ്യമില്ലാത്തവന്‍ ഏകനായി.

അയാള്‍ തോണിയുമായി കടലിലേക്കു പോയി. ഏകാന്തമായ കടല്‍യാത്ര. ജീവിതം സ്വയം നേരിടണമല്ലോ. താനും കടലും മാത്രമായ ജീവിതം. മൂന്നു ദിവസത്തെ യാത്രയാണത് – സഹനമരണ ഉത്ഥാനങ്ങളുടെ മൂന്നു ദിവസങ്ങള്‍. അയാളുടെ ചൂണ്ടയില്‍ ഒരു മീന്‍ കുടുങ്ങി-18 അടി നീളമുള്ള വമ്പന്‍ മത്സ്യം. ആ മീന്‍ തന്‍റെ ജീവന്മരണ പോരാട്ടത്തിലായിരുന്നു – ഒപ്പം കിഴവനും. ആ പോരാട്ടനിമിഷത്തില്‍ കിഴവന്‍ തന്നോടുതന്നെ പറയുന്നു: "ഒരു കാര്യം മാത്രം ചിന്തിക്കാനുള്ള മുഹൂര്‍ത്തമാണിത്, എന്തിനു ഞാന്‍ ജനിച്ചു എന്ന ഏകകാര്യം." അദ്ദേഹത്തിന്‍റെ കൈകളില്‍ ചോരയായി. മത്സ്യവുമായുള്ള മല്‍പ്പിടുത്തം. മത്സ്യത്തിന്‍റെ ചോര കടലില്‍ കലര്‍ന്നു. സ്രാവുകള്‍ കൂട്ടമായി അയാളുടെ മത്സ്യത്തെ ആക്രമിച്ചു. തന്‍റെ മത്സ്യത്തെ സംരക്ഷിക്കാന്‍ അയാള്‍ ചാട്ടുളി ഉപയോഗിച്ചു. പിന്നെ അതു നഷ്ടമായി. നിരായുധനായി തീരത്തേയ്ക്കുള്ള യാത്രയില്‍ അയാള്‍.

തന്‍റെ മത്സ്യവുമായി അയാള്‍ തീരത്തെത്തിയപ്പോള്‍ പാതിരാത്രി കഴിഞ്ഞു. സകല മനുഷ്യരും ഉറക്കത്തിലായിരുന്നു. ആ മത്സ്യത്തെ തീരത്തു കെട്ടിയിട്ടു വയസ്സന്‍ കട്ടിലിലേക്കു നടന്നു. വഞ്ചിയുടെ പായമരം തോളിലേറ്റി. സൂര്യന്‍ ഉദിക്കുന്നു. മണലിലൂടെ നടക്കുമ്പോള്‍ അതുണ്ടാക്കിയ നിഴലില്‍ കുരിശ് കാണാമായിരുന്നു. ആ കിഴവന്‍ അവസാനമായി തന്നോടുതന്നെ പറഞ്ഞു: 'മനുഷ്യന്‍ പരാജയത്തിനു സൃഷ്ടിക്കപ്പെട്ടവനല്ല. മനുഷ്യനെ നശിപ്പിക്കാം, അവനെ തോല്പിക്കാനാവില്ല." മനുഷ്യന്‍റെ ജന്മത്തിന്‍റെ സാഫല്യം ഒന്നില്‍ മാത്രം തോല്പിക്കാനാവാത്ത ആത്മബലത്തിന്‍റെ അങ്കം. പരാജയമില്ലാത്ത ആത്മബലത്തിന്‍റെ ശക്തി. മനുഷ്യന്‍റെ സാഹസികതയുടെ ദുരന്തരൂപമായി കടല്‍ക്കരയില്‍ കിഴവന്‍ നില്ക്കുന്നു.

ആളുകള്‍ രാവിലെ ആ അത്ഭുതം കണ്ടു. മനോലിന്‍ അതു കണ്ടു; വലിയ മത്സ്യത്തിന്‍റെ എല്ലിന്‍കൂട്ടം. പരാജയപ്പെടാന്‍ മനസ്സിലാത്ത കിഴവന്‍റ നേട്ടം എന്തായിരുന്നു? വെറും എല്ലിന്‍ കൂട്ടം. അയാള്‍ ഭാഗ്യവാനാണോ? അയാള്‍ പരാജിതനായോ? മൂന്നു ദിവസത്തെ കഠിനമായ യുദ്ധം എന്തു നേടി? 1952-ല്‍ ഹെമിംവേ എഴുതിയ ഈ നോവലില്‍ നോവലിസ്റ്റ് എഴുതി: "പ്രതീക്ഷിക്കാതിരിക്കുന്നത് അര്‍ത്ഥശൂന്യതയാണ്; അതൊരു പാപമാണ്" എന്ന് അയാള്‍ ചിന്തിച്ചു. അയാള്‍ എപ്പോഴും വിശ്വസിച്ചതു ഏക കാര്യമാണ് "എന്‍റെ മീന്‍ എവിടെയോ ഉണ്ട്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org