കാലിക വ്യാഖ്യാനങ്ങള്‍

കാലിക വ്യാഖ്യാനങ്ങള്‍

യഹൂദ ജനത്തിന്‍റെ അനുഷ്ഠാന കേന്ദ്രമായിരുന്ന ജെറുസേലം ദേവാലയം നശിപ്പിക്കപ്പെടുകയും യഹൂദര്‍ നാടുകളില്‍ ചിതറിക്കപ്പെടുകയുമുണ്ടായി. അതോടെ അവരുടെ ബലികളും പൗരോഹിത്യവും ഇല്ലാതായി. പക്ഷേ, ഈ ദുരന്തത്തിനതീതമായി അവരുടെ മതപാരമ്പര്യം അവര്‍ നിലനിര്‍ത്തി. അതിനു വേണ്ട വ്യവസ്ഥിതികള്‍ പ്രവാസികളായവര്‍ ഉണ്ടാക്കി എന്നതാണ് ഏറെ ശ്രദ്ധേയം. ബലിയര്‍പ്പണവും പൗരോഹിത്യവും അവസാനിച്ചപ്പോള്‍ അവര്‍ സിനഗോഗുകള്‍ ആരംഭിച്ചു. മതത്തിന്‍റെ തുടര്‍ച്ചയ്ക്കു വൈദികരെയും ദേവാലയത്തെയും ഉപേക്ഷിച്ചു വേദവായനയുടെ സമ്മേളനസ്ഥലങ്ങള്‍ എന്ന വ്യവസ്ഥിതിയുണ്ടാക്കി. സമ്മേളനസ്ഥലങ്ങളേക്കാള്‍ പ്രധാനമായതു വേദവായനതന്നെയായിരുന്നു. ബഹുഭൂരിപക്ഷം യഹൂദരും ഗ്രീക്കല്ലാതെ ഹീബ്രുഭാഷ അറിയാത്തവരായി ലോകത്തില്‍ ചിതറിക്കപ്പെട്ടു. ഈ ജനങ്ങള്‍ക്കു വായിക്കാന്‍ റോമാ സാമ്രാജ്യത്തിന്‍റെ ഈജിപ്ഷ്യന്‍ പ്രവിശ്യയുടെ രാജാവായിരുന്ന ടോളമി രണ്ടാമന്‍റെ കാലത്ത് 72 യൂഹൂദ പണ്ഡിതരെ സംഘടിപ്പിച്ചു ഹീബ്രു ബൈബിള്‍ ഗ്രീക്കിലേക്കു തര്‍ജ്ജമ ചെയ്യാന്‍ പദ്ധതിയിട്ടു. ഒരു ഗോത്രത്തില്‍നിന്ന് ആറുപേര്‍ വീതം എഴുപത്തിരണ്ടുപേര്‍ എന്നാണു കഥ. ഏതാണ്ടു മൂന്നു നൂറ്റാണ്ടുകൊണ്ടാണു ഗ്രീക്ക് ബൈബിള്‍ ഉണ്ടാക്കിയത്.

അതിന്‍റെ പരിഭാഷയും പരിഭാഷയ്ക്ക് ഉപയോഗിച്ച സമീപനങ്ങളുമാണു ശ്രദ്ധേയം. പരിഭാഷ ഒരു വ്യാഖ്യാനവുമാണ്. പുറപ്പാടു പുസ്തകം 22:28 ഹെബ്രായ ഭാഷയില്‍ "നീ ദൈവത്തെ നിന്ദിക്കരുത്" എന്നാണ്. എന്നാല്‍ സെപ്സ്വവ ജിന്‍ന്ത് തര്‍ജ്ജമയില്‍ അതു "നീ ദൈവങ്ങളെ നിന്ദിക്കരുത്" എന്നാണ്. ഈ മാറ്റം വളരെ ചെറുതായി തോന്നാം – പക്ഷേ, വലിയ മാറ്റമാണിത്. അലക്സാന്‍ഡ്രിയായിലെ ഫിലോ എന്ന യഹൂദചിന്തകന്‍ ഈ മാറ്റത്തെ ശ്ലാഘിക്കുന്നു. അദ്ദേഹം എഴുതി: "അപരന്‍റെ ദൈവത്തെ നന്ദിക്കുന്നതാണു യുദ്ധത്തിന്‍റെ കാരണം." അതുകൊണ്ടു യഹൂദര്‍ ആ വിശ്വാസികളുടെ അധികാരികളെ ആദരിക്കുന്നു. അവര്‍ ദൈവത്തിന്‍റെ പകരക്കാരായി മാലാഖമാരെ അംഗീകരിക്കുന്നു. ഉത്പത്തി പുസ്തകത്തിന്‍റെ വ്യാഖ്യാനത്തില്‍ ഫീലോ ദൈവത്തിനു താഴെ ദൈവികമായ പേഗന്‍ ദൈവങ്ങളെ അവരോധിക്കുന്നു.

അതുപോലെ സെപ്സ്വവജിന്‍ന്ത് ബൈബിളില്‍ ആറു പ്രാവശ്യം സൈറന്‍ എന്ന വാക്കു പ്രത്യക്ഷപ്പെടുന്നു. മൂന്നു പ്രാവശ്യം ഏശയ്യായുടെ പുസ്തക തര്‍ജ്ജമയിലാണ് (13:21; 74:13; 43:20) ഒട്ടകപ്പക്ഷി, കുറുക്കന്‍, മൂങ്ങ എന്നിങ്ങനെ തര്‍ജ്ജമ ചെയ്ത പദങ്ങളാണ് ഇവ. ഈ ഗ്രീക്കുപദം ഹോമറിന്‍റെ ഒഡീസ്സി മഹാകാവ്യത്തിലെ കാവ്യസങ്കല്പമായ യക്ഷിയെയാണു സൂചിപ്പിക്കുന്നത്. വശ്യമായ പാട്ടുകള്‍കൊണ്ടു സമുദ്രസഞ്ചാരികളെ വശീകരിച്ച് അപകടത്തിലേക്കു നയിക്കുന്നവരാണീ സ്ത്രീകള്‍. ഇതു സൂചിപ്പിക്കുന്നതു യഹൂദര്‍ സംഘമായി വിപ്രവാസികളായി ജീവിച്ചപ്പോള്‍ ചുറ്റുപാടുകളിലെ സാംസ്കാരിക മതങ്ങളോടു കാണിച്ച ആദാനപ്രദാനങ്ങളെയാണ്. അതു മറ്റു മതങ്ങളിലെ ദൈവങ്ങളെ പിശാചുക്കളായി കണ്ട കാഴ്ചപ്പാടില്‍ വന്ന മാറ്റമാണ്. പേഗന്‍ ദൈവങ്ങളെ പിശാചുക്കളായി കാണുന്ന പ്രതിസന്ധി അഗസ്റ്റിനും നേരിട്ടിട്ടുണ്ട്. അദ്ദേഹം എഴുതി: "പ്ലേറ്റോണിക് ചിന്തകര്‍ക്ക് അവരെ പിശാചുക്കള്‍ എന്നതിനേക്കാള്‍ ദൈവങ്ങള്‍ എന്നു വിളിക്കണം; അവരുടെ ഗുരു പറഞ്ഞതുപോലെ അത്യുന്നതമായ ദൈവം സൃഷ്ടിച്ച ദൈവങ്ങളായി ഗണിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അവര്‍ പറയുന്നതാണ്, നാം പറയുന്നത്. ഏതു വാക്ക് ഉപയോഗിച്ചാലും (De civilitate 9.23). മൈക്കിള്‍ ആഞ്ചലോ സിസ്റ്റൈന്‍ ചാപ്പലില്‍ ഗ്രീക്കു പ്രവാചികമാരായ "സിബെല്ല"കളെ ചിത്രീകരിച്ചു. 1962-ലെ മരിച്ചവര്‍ക്കുവേണ്ടിയുള്ള റോമന്‍ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന തോമസ് ചെലാനോയുടെ കവിതയില്‍ ഈ പ്രവാചികമാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഇതേ പരിപ്രേക്ഷ്യത്തില്‍ കാണണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org