എനിക്കുവേണ്ടിയുള്ള സത്യം

എനിക്കുവേണ്ടിയുള്ള സത്യം
Published on

ക്രൈസ്തവചിന്തയുടെ ആചാര്യനായ സോറണ്‍ കീര്‍ക്കെഗോര്‍ "ക്രൈസ്തവസാമ്രാജ്യം ക്രൈസ്തവികതയെ കൊന്നു" എന്നു വിമര്‍ശിച്ചു. വിശുദ്ധ ചരിത്രം ചരിത്രത്തിനു പുറത്തുനില്ക്കുന്നു. ക്രൈസ്തവികതയിലേക്കുള്ള പ്രവേശനം പാപബോധത്തിലൂടെയാണ്. ക്രൈസ്തവികതയില്‍നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നത് ഒന്നു മാത്രം. "എന്നെ ബലപ്പെടുത്തുന്ന ഏകസത്യം, എനിക്കു വേണ്ടിയുള്ള സത്യം." അതു തീര്‍ത്തും വ്യക്തിനിഷ്ഠമാണ്; ആന്തരികവുമാണ്. പാപത്തിന്‍റെ വിപരീതം അദ്ദേഹത്തിനു സുകൃതമല്ല വിശ്വാസമാണ്.

പഠനകാലത്തുതന്നെ അദ്ദേഹം ഡയറിയില്‍ കുറിച്ചു: "ഞാന്‍ എത്തിച്ചേരേണ്ടതും വ്യക്തമായി ധരിക്കേണ്ടതും ഞാന്‍ എന്തു ചെയ്യണമെന്നതാണ്; അല്ലാതെ എന്‍റെ അറിവുകൊണ്ട് എന്തൊക്കെ മനസ്സിലാക്കണമെന്നല്ല. ഏതു പ്രവര്‍ത്തനത്തിനും അനിവാര്യമായതും ഞാന്‍ എന്തു ചെയ്യണമെന്നു ദൈവം അര്‍ത്ഥമാക്കുന്നതുമായ ഏകകാര്യം, അതാണ് എനിക്കുവേണ്ടിയുള്ള സത്യം – എനിക്കു ജീവിക്കാനും മരിക്കാനും എന്നെ സന്നദ്ധനാക്കുന്ന ആശയം കണ്ടെത്തുക." എനിക്കാവശ്യം ഒരേയോരു വെളിപാടാണ്, എന്‍റെ വിളി – അത് എനിക്കുവേണ്ടി മാത്രമുള്ള സത്യമാണ്. ആ ബോധം അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടവനാണ് എന്ന ബോദ്ധ്യമാണുണ്ടാക്കിയത്. പ്രതിബന്ധങ്ങളില്‍ അദ്ദേഹം നിരാശനായില്ല. "ഇടിവെട്ടുപോലെ പ്രാതികൂല്യത്തിന്‍റെ മുന്നില്‍ കടക്കുക" മോങ്ങാതെ മുന്നോട്ടുപോകുക.

തന്‍റെ ജീവിതത്തെ സോക്രട്ടീസിന്‍റേതിനോടു തുലനം ചെയ്തു. സോക്രട്ടീസിനും ഒരു കാര്യം മാത്രമേ അറിയാനുള്ളു "തന്നെത്തന്നെ അറിയുക." പക്ഷേ, സോക്രട്ടീസിന്‍റെ ജീവിതം ധര്‍മത്തിന്‍റെ വഴിയായിരുന്നു. എന്നാല്‍ കീര്‍ക്കെഗോറിനു താന്‍ തന്‍റെ ജീവിതം സൃഷ്ടിക്കുന്ന ധര്‍മവഴിയല്ല. അദ്ദേഹം എഴുതി: "ഒരുവന് അവന്‍റെ ജീവിതം സ്വയം എഴുതാം. എന്നാല്‍ സ്വന്തം ജീവിതം എഴുതാന്‍ മറ്റൊരാളെ ഏല്പിക്കുന്നതു ഭിന്നമായ കാര്യമാണ്. ക്രൈസ്തവന്‍റെ ജീവതം എഴുതപ്പെടുകയാണ്. കാരണം ക്രൈസ്തവന്‍ പ്രതിഭ എന്നതിനേക്കാള്‍ കൂടുതല്‍ കാവ്യാത്മകമായി ജീവിക്കുന്നു." ക്രൈസ്തവന്‍റെ ജീവിതം അവന്‍ സ്വയം സൃഷ്ടിക്കുന്നതല്ല, അത് അവനു നല്കപ്പെടുന്നതാണ്. ദൈവമാണ് തന്‍റെ ജീവിതം എന്നില്‍ എഴുതുന്നത്. ക്രൈസ്തവന്‍ പ്രതിഭയല്ല, അപ്പസ്തോലനാണ്. ജീവിതം ദൈവത്തിനു വിട്ടുകൊടുക്കുന്നതിന്‍റെ സൂചനയായി അദ്ദേഹം തെര്‍ത്തുല്യന്‍റെ വാചകം ഉദ്ധരിക്കുന്നു: "ഞാന്‍ വിശ്വസിക്കുന്നു, കാരണം അതു വിഡ്ഢിത്തമാണ്" (Credo Quia Absurdum).

അദ്ദേഹത്തിനു വിശ്വാസം ചിന്താപദ്ധതിയല്ല, അത് എടുത്തുചാട്ടമാണ്. വൈകാരികമായ സമര്‍പ്പണം. ഈ തീരുമാനത്തിന്‍റെ മുഹൂര്‍ത്തം ഭ്രാന്തിന്‍റെ നിമിഷവുമാണ്. വിശ്വാസം ആള്‍ക്കൂട്ടത്തിനനുസരിച്ചുള്ള തീരുമാനമോ മാധ്യമങ്ങളുടെ ഇച്ഛപ്രകാരമുള്ള സമ്മതമോ അല്ല. അതു തീര്‍ത്തും വ്യക്തിപരമാണ്. എങ്കിലും സത്യമോ ദൈവമോ വ്യക്തിയുടെ സ്വന്തമാകുകയല്ല, ദൈവികസത്യം വ്യക്തിയെ പിടികൂടുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org