ആയിത്തീരലിന്‍റെ ആകാശം

ആയിത്തീരലിന്‍റെ ആകാശം

സത്യം ഏതു സമൂഹത്തിലും തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടുന്ന പദമാണ്. മനുഷ്യനുള്ളിടത്തോളം കാലം മാത്രമാണു സത്യത്തെക്കുറിച്ചു സംസാരമുണ്ടാകുന്നത്. മനുഷ്യനും സത്യവും പരസ്പരം ഉള്‍ക്കൊള്ളുന്നു. ലോകത്തിന്‍റെ അസ്തിത്വാവസ്ഥ സത്യത്തിന്‍റെ വെളിവാകലിന്‍റെയാണ്. സത്യം ഇവിടെ അനാവൃതമാകുകയാണ്.

എല്ലാം ആയിരിക്കുന്നു, എല്ലാം പൂത്തുവെളിവാകുന്നു… സത്യം സ്വാതന്ത്ര്യത്തിലാണു വെളിവാകുന്നത്. സത്യത്തിന്‍റെ വെളിവാകലിന്‍റെ സ്വാതന്ത്ര്യം ആകാശംപോലെ വിസ്തൃതമാണ്. സത്യത്തിന്‍റെ സത്ത സ്വാതന്ത്ര്യമാണെന്നു പറയാം. സത്യം സ്വതന്ത്രമായി സംഭവിക്കുകയാണ്. ലോകത്തിലേക്കു വലിച്ചെറിയപ്പെട്ട മനുഷ്യന്‍ സാദ്ധ്യതകളുടെ പദ്ധതിപോലെയാണല്ലോ. ലോകത്തിലാകുക എന്നാല്‍ സാദ്ധ്യതകളുടെ സംഭവപരമ്പരയാണ്. സംഭവിക്കാനുള്ള സാദ്ധ്യതയാണു സ്വാതന്ത്ര്യം നല്കുന്നത്. ഒരാള്‍ ആയിരിക്കുന്നതു മറ്റുള്ളവരോടൊത്താണ്. അനുദിനജീവിതത്തിന്‍റെ ആയിത്തീരലില്‍ രണ്ടു സാദ്ധ്യതകളുണ്ട്. എടുത്തുചാടി ആധിപത്യം സ്ഥാപിക്കുന്നു; പിരിഞ്ഞു സ്വതന്ത്രനാകുന്നു. വിരിഞ്ഞു പൂക്കുന്നതല്ല, ആധിപത്യം സൃഷ്ടിക്കുന്നത്. വിരിഞ്ഞു പൂക്കുന്നിടങ്ങളില്‍ സത്യം സംഭവിക്കുന്നു; അവിടെയാണ് സാദ്ധ്യതകള്‍ വെളിവാകുന്നത്. വിരിഞ്ഞു വിടരുന്നവര്‍ ശ്രദ്ധിക്കുകയും സംഭാഷിക്കുകയും ചെയ്യുന്നു. ആധിപത്യമുണ്ടാക്കുന്നവര്‍ എല്ലാം ഒരു നിലയിലേക്കു വെട്ടിയൊതുക്കുന്നു. അത് ആള്‍ക്കൂട്ടത്തിന്‍റെ ആധിപത്യവുമാകും. വെളിവാക്കലിനു പകരം മറച്ചു വയ്ക്കുന്നതാണ് അടിച്ചൊതുക്കലിലൂടെ സംഭവിക്കുന്നത്. സ്വന്തം ജീവിതം സ്വയം ജീവിക്കാന്‍ പഠിക്കുന്നതും യഥാര്‍ത്ഥമായ സാദ്ധ്യതകളെ പുഷ്പിക്കുന്നതും പാരസ്പര്യത്തിന്‍റെ സംഭാഷണത്തിലൂടെയാണ്. ജ്യോതിശാസ്ത്രജ്ഞന്‍ കണക്കുകളും ചാര്‍ട്ടുകളും കൂട്ടലും കുറയ്ക്കലും പെരുക്കലും നടത്തി നക്ഷത്രങ്ങളെക്കുറിച്ചു വാചാലമാകുന്നു. ഞാന്‍ അയാളുടെ അടുക്കല്‍ ക്ഷീണിച്ചു രോഗിയായിപ്പോകുന്നു. പക്ഷേ, പൂര്‍ണമായ നിശ്ശബ്ദതയില്‍ ഞാന്‍ നക്ഷത്രങ്ങളെ നോക്കുന്നു. ആയിത്തീരലിന്‍റെ ആകാശം പരന്നൊഴുകി കിടക്കുന്നു. നക്ഷത്രങ്ങളെ നോക്കി ഈ പുഴു പറന്നീടുന്നു മേലോട്ട്.

ഇവിടെ ചോദ്യമാണു നിര്‍ണായകം. സത്യത്തിന്‍റെ വഴി ചോദ്യത്തിന്‍റെയാണ്. സോക്രട്ടീസ് ഏറ്റവും മികച്ച ചോദ്യകര്‍ത്താവായിരുന്നു. ഈ ഭൂമിയിലുള്ള എന്തുകൊണ്ടും തൃപ്തനാകാത്തവന്‍റെ ചോദ്യം. പ്രകൃതി, പാരമ്പര്യം, മറ്റുള്ളവര്‍ ഇവയുടെ ഒരു ബന്ധവും പിടിച്ചുകെട്ടാതെ സ്വാതന്ത്ര്യത്തിന്‍റെ ചോദ്യങ്ങള്‍. പരിമിതികളുടെ വിധിയോടു വിഘടിക്കുന്ന വഴി. എന്‍റെ വഴി ഞാനല്ലാത്തത് ആകാനുള്ള എന്‍റെ നിശ്ചയമാകുമ്പോള്‍ ഞാന്‍ ഞാനാകാതെ മറ്റു വല്ല വരുമാകാന്‍ ശ്രമിക്കുന്നു. അതാണു വഴിതെറ്റല്‍. എന്നില്‍നിന്നു ഞാന്‍ ഓടിമാറുന്ന ദുരന്തം. അതൊരു മായയുടെ പിന്നാലെ പോക്കാണ്. അത് ബോധക്കേടില്‍ ജീവിക്കുന്നതാണ്. ഞാനാകാതിരിക്കാന്‍ ഞാന്‍ നിശ്ചയിക്കുമ്പോഴും ഞാന്‍ എന്തോ ആഗ്രഹിക്കുന്നു. ആയിരിക്കുക എന്നാല്‍ ആയിത്തീരലാണ്. അത് ഏതെങ്കിലും പെരുത്ത പ്രശ്നമല്ല; ഞാന്‍ പുറത്തുവരലാണ്; എന്‍റെ വിടരലാണ്.

സത്യത്തിന്‍റെ ചോദ്യത്തിലൂടെയുള്ള അന്വേഷണവഴി ചലനത്തിന്‍റേതാണ്. ആ വഴി ഒരിടത്തും തമ്പടിക്കുന്നില്ല. സത്യത്തെ സത്യങ്ങളില്‍ ഉറപ്പിക്കുന്നത് ഒരു കണക്കാക്കല്‍ മാത്രമാണ്. അതു പ്രായോഗികമോ പ്രാദേശികമോ ആയ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്. എല്ലാ കണക്കുകൂട്ടലുകളെയും കടന്നുപോകണം. അ തുകൊണ്ടാണു കാലം നിത്യതയുടെ നീങ്ങുന്ന നിഴലാകുന്നത്. അത് ആയിത്തീരലിന്‍റെ വഴിയാണ് ആയുസ്സാണ്. അന്തര്‍ദര്‍ശനത്തിന്‍റെ വൈയക്തിക വ്യവസ്ഥ മാത്രമാണു സമയം. കാലം കാലിലാണ് എന്നു പറയാം. അതു കടന്നുപോകുന്നു. കാലം അതില്‍ത്തന്നെ അര്‍ത്ഥശൂന്യമാണ്. മനുഷ്യന്‍ തന്നെ കൊല്ലുന്നതു മരണഭയത്തിലാണ്. മരണഭയത്തിലാണു ദൈവം ജനിക്കുന്നത്. "ഞാന്‍ ഒരു ദുഃസ്ഥിതിയിലാണ്, കാരണം എനിക്ക് എന്ത് അറിയാമെന്നുപോലും അറിയുന്നില്ല" എന്ന് അഗസ്റ്റിന്‍ എഴുതി. കാരണം ഞാന്‍ എന്നെ അറിയുന്നില്ല. കാലമെന്ത് എന്നറിയുന്നില്ല, മരണമറിയില്ല, ഞാന്‍ സത്യം അറിഞ്ഞിട്ടില്ല. അത് അറിയുന്നതു ഞാന്‍ എന്നെ അറിയുമ്പോഴാണ്, ഞാന്‍ ഞാനാകുമ്പോള്‍ ഞാന്‍ സത്യം അറിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org