സൂര്യനില്‍നിന്ന് സ്വതന്ത്രയായ ഭൂമി

സൂര്യനില്‍നിന്ന് സ്വതന്ത്രയായ ഭൂമി

"എനിക്കു ശേഷം മാത്രം മഹത്തായ രാഷ്ട്രീയം ഈ ഭൂമുഖത്തുണ്ടാകും" എന്ന് എഴുതിയതു ഫ്രെഡറിക് നീഷേയാണ്. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്‍റെതന്നെ ജന്മനാട്ടില്‍ "മഹത്തായ" രാഷ്ട്രീയമുണ്ടായി. അതു ഹിറ്റ്ലറിന്‍റെ നാസിസമായിരുന്നു. ലക്ഷങ്ങളെ കൂട്ടക്കൊല നടത്തിയ ഈ രാഷ്ട്രീയ പ്രസ്ഥാനം അതിന്‍റെ പ്രത്യശാസ്ത്രം പ്രചരിപ്പിക്കുവാന്‍ ഉപയോഗിച്ചതു നീഷേയുടെ ചിന്തകളായിരുന്നു.

അതിന്‍റെ മുഖ്യകാരണം അദ്ദേഹത്തിന്‍റെ ചിന്താപദ്ധതിയാണ്. ചരിത്രത്തിലാദ്യമായി പ്ലേറ്റോയുടെ ചിന്താസരണിക്കും ക്രിസ്തുവിന്‍റെ സുവിശേഷത്തിനുമെതിരെ ചിന്താപരമായ യുദ്ധം പ്രഖ്യാപിച്ചു. രണ്ടിനെയും ഇല്ലായ്മ ചെയ്തു വേണം ലോകം മുന്നോട്ടുപോകാന്‍ എന്നദ്ദേഹം ശഠിച്ചു. യേശുക്രിസ്തുവിന്‍റെ സുവിശേഷം അടിമത്തത്തിന്‍റെ വേദമാണെന്നും എളിമയല്ല നമുക്കു വേണ്ടത് ഇച്ഛയുടെ ആധിപത്യ(will to power)മാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മൂല്യങ്ങളെയും തലകീഴ് മറിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇച്ഛയുടെ ആധിപത്യം നാസിസത്തിന്‍റെയും ഫാസത്തിന്‍റെയും തത്ത്വചിന്തയായി.

മനുഷ്യന്‍റെ അക്രമവാസനകള്‍ക്കു സ്വാതന്ത്ര്യം നല്കുന്നതും അടിമപ്പെടുത്തുന്ന സുഖത്തിന്‍റെ മഹത്ത്വം പ്രകീര്‍ത്തിക്കുന്നതുമായ ചിന്തകള്‍ ഫാസിസ്റ്റ് ഭീകരതയുടെ വേദമായി മാറി. ജര്‍മ്മന്‍ വംശത്തിന്‍റെ മഹത്ത്വം മറ്റു വംശങ്ങളെ അടിമപ്പെടുത്തുന്നതായി മാറി. അന്തിക്രിസ്തുവിന്‍റെ സുവിശേഷകനായി നീഷേ.

കീര്‍ക്കെഗോര്‍ വിശുദ്ധമായ ഗൂഢാലോചനയെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ രാഷ്ട്രീയംപോലെ തോന്നുന്നതും രാഷ്ട്രീയമായി സങ്കല്പിക്കാവുന്നതും ഒരു ദിവസം മുഖംമൂടി മാറ്റി മതാത്മകമാകും എന്നു കുറിച്ചതു നീഷേയെ സംബന്ധിച്ചും നാസിസത്തെക്കുറിച്ചും ശരിയാണ്. അതു തലയില്ലാത്ത മനുഷ്യന്‍റെ ബിംബം പേറുന്ന ശുദ്ധമായ പേഗനിസമാണ് – മതാഭാസം. അക്രമത്തിന്‍റെ ആരാധന, ബലികളുടെ ക്രൂരതയുടെ ഭീകരതകള്‍. അതു മനുഷ്യവംശത്തിന്‍റെയും മനുഷ്യന്‍ എന്ന ചിന്തയുടെയും അന്ത്യത്തിലേക്കു നയിക്കുന്ന ഭീകര വിഗ്രഹാരാധനയായി. നീഷേ ചോദിച്ചു: "ഭൂമിയെ സൂര്യനില്‍നിന്നു വേര്‍പ്പെടുത്തിയാല്‍ എന്തു സംഭവിക്കും?" ഭൂമി സ്ഥിരമായി കീഴോട്ട് വീഴുന്നു, അന്ധകാരത്തിലേക്കും താഴെയും മുകളുമില്ലാത്ത മഹാദുരന്തത്തിലേക്കും. മുകളും താഴെയും തലകീഴ് മറിച്ച ഭ്രാന്തമായ മനുഷ്യന്‍റെ അന്ത്യത്തിലേക്കു വരുന്നതിന്‍റെ വിശേഷമാണ് അദ്ദേഹം നല്കിയത്. അതില്‍ രക്ഷയുടെ കിരണംപോലുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org