Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> ‘ചിരിക്കാത്ത കോഴി’യുടെ പിച്ചാത്തിത്തുമ്പില്‍ വിറകൊള്ളുമോ ലോകം?

‘ചിരിക്കാത്ത കോഴി’യുടെ പിച്ചാത്തിത്തുമ്പില്‍ വിറകൊള്ളുമോ ലോകം?

ആന്‍റണി ചടയംമുറി

പൊരിച്ചകോഴിയും ചപ്പാത്തിയുമെന്നു കേട്ടാല്‍ മതി മലയാളിയുടെ വായില്‍ കപ്പലോടിക്കാം. അത്രയ്ക്ക് ഇഷ്ടമാണു മലയാളിക്ക് ഈ വിഭവം. ന്യൂജെന്‍ വിഭവം കുഴിമന്തിയടക്കം എന്തെല്ലാം കോഴിവിഭവങ്ങളുണ്ടെന്നോ! പൊരിച്ചകോഴിക്കും ചപ്പാത്തിക്കും ഈ ഐറ്റത്തിന്റെ കത്തിവില മൂലമാകാം മിമിക്രിക്കാര്‍ പണ്ടൊരു പേരിട്ടു – ചിരിച്ചകോഴിയും പിച്ചാത്തിയും! ഇപ്പോള്‍ ആ മിമിക്രിപ്പേര് കേട്ടു ചിരിക്കാന്‍ നമുക്കു കഴിയുന്നില്ല. കാരണം, ലോകജനസംഖ്യയുടെ പകുതിയും ചത്തുവീഴാന്‍ ഇടയുള്ള സൂപ്പര്‍ ഡൂപ്പര്‍ മഹാമാരി കൊണ്ടുവരാന്‍ പോകുന്നതു കോഴികളായിരിക്കുമെന്നു യു.എസ്സിലെ മെഡിക്കല്‍ ഗുരു ഡോ. മൈക്കല്‍ ഗ്രെഗര്‍ പ്രവചിക്കുന്നു.

രണ്ടാഴ്ചമുമ്പു പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്രന്ഥമായ How to survice a Pandemic-ല്‍ (ഒരു മഹാമാരിയെ എങ്ങനെ അതിജീവിക്കാം എന്നു മലയാളത്തില്‍) ആണ് ഈ പ്രവചനമുള്ളത്. ഇനിയും ശരിതെറ്റുകള്‍ നിര്‍വചിക്കേണ്ട ഒരു ആരോപണമാണിത്.

ഡോ. മൈക്കല്‍ ഗ്രെഗര്‍ ചില്ലറക്കാരനല്ല; അമേരിക്കയിലെ മാംസവിപണിയിലെ ഭീമന്‍ എന്നു പറയാവുന്ന വെസ്റ്റ്‌ലാന്‍ഡ് കമ്പനിയെ മുട്ടുകുത്തിച്ച വീരനാണ്. കമ്പനിയുടെ അറവുപുരകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഭ്രാന്തന്‍പശു രോഗം ബാധിച്ച പശുക്കളുടെ മാംസം വില്പനയ്ക്കായി തയ്യാറാക്കുന്നതിന്റെ രഹസ്യവീഡിയോ പുറത്തുവിട്ട് 1994-ല്‍ വാര്‍ത്തകളില്‍ കയറിപ്പറ്റിയ ഹീറോയാണു ഡോ. ഗ്രെഗര്‍. വാര്‍ത്ത പുറത്തുവന്നതോടെ 14.3 ദശലക്ഷം പൗണ്ട് ഗോമാംസം കമ്പനിക്കു വിപണിയില്‍ നിന്നു പിന്‍വലിക്കേണ്ടിവന്നു.

ലോകജനസംഖ്യയുടെ പകുതി പേരെ പിടികൂടാനിടയുള്ള കൂടിയ കാറ്റഗറി 5-ല്‍പെട്ട (കൊറോണ കുറഞ്ഞ കാറ്റഗറി രണ്ടിലാണ്) ഒരു മഹാമാരി കോഴിയിറച്ചിയിലൂടെ കടന്നുവരാന്‍ പോകുന്നുവെന്നാണു ഡോ. ഗ്രെഗര്‍ പറയുന്നത്. 500 പേജുകളുള്ള ഗ്രന്ഥത്തില്‍ 3600 റഫറന്‍സുകളോ ടെയാണു ഡോ. ഗ്രെഗര്‍ തന്റെ അവകാശവാദം സ്ഥാപിച്ചുറപ്പിക്കുന്നത്.

മഹാമാരികളും മൃഗങ്ങളും

ലോകം ഇതുവരെ സാക്ഷ്യം വഹിച്ച എല്ലാ മഹാമാരികളും ഓരോ മൃഗങ്ങളില്‍ നിന്നാണെന്നു ഗ്രെഗര്‍ വാദിക്കുന്നു. ക്ഷയരോഗം വന്നത് ആടില്‍നിന്നാണെന്നും കുഷ്ഠരോഗം വന്നതു പന്നിയില്‍ നിന്നാണെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ നല്കിയ ഗ്രെഗര്‍ കോഴിയാണു പുതിയ കൊലയാളിയെന്നു വാദിച്ചുറപ്പിക്കാന്‍ അവയുടെ പ്രജനന പ്രക്രിയയിലെ കൃത്രിമമായ മാര്‍ഗങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. വെളിച്ചം കടക്കാത്ത, ശുദ്ധവായു സഞ്ചാരമില്ലാത്ത ശുചിത്വമില്ലാത്ത ഇടങ്ങളില്‍ പിറവിയെടുക്കുന്ന കോഴികള്‍ അടുത്ത മഹാമാരിക്കു കാരണമാകുമെന്ന വാദം തീര്‍ച്ചയായും ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. എങ്കിലും ഈ പ്രവചനത്തിലെ ഭീഷണി ലോകത്തെ ഭയപ്പെടുത്തുന്നു.

ഡോ. ഗ്രെഗര്‍ പണ്ടുമുതലേ സസ്യാഹാരത്തിനുവേണ്ടി വാദിച്ചുവരുന്നയാളാണ്. അതുകൊണ്ടു തന്നെ ഇതു മാംസാഹാരവിരുദ്ധരുടെ പ്രചരണമാണെന്നു കരുതുന്നുവരുണ്ട്. പക്ഷേ, കോഴിമാംസ വിപണിയില്‍ അരുതാത്തതു വല്ലതും സംഭവിക്കുന്നുണ്ടെങ്കില്‍ അവയെല്ലാം തിരുത്താനുള്ള അവസരമായി മാത്രം ഈ ആരോപണം കണ്ടാല്‍ മതി.

സോഷ്യല്‍മീഡിയയാണു കോഴിമാംസത്തെക്കുറിച്ചുള്ള ഈ മുന്നറിയിപ്പു ജനങ്ങളെ അറിയിച്ചത്. കൊറോണക്കാലത്ത് എന്തെല്ലാം ഇല്ലാപ്രചരണങ്ങള്‍ നവമാധ്യമങ്ങളിലൂടെ നാം കേട്ടു? വര്‍ത്തമാനപത്രങ്ങളിലൂടെ കൊറോണ പകരുമെന്ന ഉണ്ടയില്ലാവെടിയായിരുന്നു അവയില്‍ ഒന്ന്. രോഗമില്ലാത്തവരെപ്പോലും രോഗിയാണെന്നു മുദ്രകുത്തി ‘ഊരുവിലക്ക്’ ഏര്‍പ്പെടുത്തിയ വാര്‍ത്തകളും നാം കേട്ടു. സര്‍ക്കാരിന്റെ വക മൊബൈലില്‍ കേള്‍ക്കുന്ന ‘നമ്മുടെ പോരാട്ടം രോഗികളോടല്ല, രോഗത്തോടാണ്’ എന്ന പരസ്യവാചകം പോലും മറന്നുകൊണ്ടാണു ചില സ്ഥലങ്ങളില്‍ രോഗികളുടെ വീടുകള്‍പോലും ആക്രമിക്കപ്പെട്ടത്!

കരുണയുടെ കരങ്ങള്‍ കൈകോര്‍ക്കുമ്പോള്‍

തിന്മയുടെ മുഖാവരണമണിഞ്ഞ കൂതറകളുടെ കൂത്തരങ്ങുകള്‍ക്കിടയിലും നാം ചില നല്ല വാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ കണ്ടു. ഇവയില്‍ പലതും കൊച്ചുകൊച്ചു ത്യാഗങ്ങളുടെ മഹാപ്രകാശം പ്രചരിപ്പിക്കുന്നവയായി. നാം അതു ഷെയര്‍ ചെയ്തുവോ? ഇത്തരമൊരു വാര്‍ത്ത അങ്കമാലിയിലെ വേങ്ങൂരില്‍ നിന്നായിരുന്നു. അവിടെയുള്ള സാന്‍ജോ ഭവന്‍ മഠത്തിലെ സിസ്റ്റര്‍ ആനീസ് പയ്യപ്പിള്ളി സുപ്പീരിയര്‍ സി. കുസുമത്തിന്റെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ അന്യസംസ്ഥാന ലോറി ഡ്രൈ വര്‍മാര്‍ക്കു ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ നല്കിയ സൗജന്യ ഉച്ചഭക്ഷണത്തിന്റെ രുചിമധുരം സംസ്ഥാനഅതിര്‍ത്തികള്‍ കടന്നുപോയാലും അവര്‍ മറക്കാനിടയില്ല. ഉച്ചഭക്ഷണം വേണ്ടെന്നുവച്ചുകൊണ്ട്, ആ സമര്‍പ്പിതര്‍ ഊട്ടിയതു ക്രിസ്തീയതയുടെ നനുനനുത്ത കരുണയുടെ സ്‌നേഹാമു ളകള്‍ തന്നെയല്ലേ? ക്രിസ്തീയ സ്‌നേഹത്തിന്റെ കരവലയത്തില്‍ എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കാന്‍ നമുക്കു കഴിയുമ്പോള്‍, നാം ഒരു തരത്തില്‍ സുവിശേഷം നവമായി പ്രഘോഷിച്ചു തുടങ്ങുകയാണ്.

ഓണ്‍ലൈനില്‍ രോഗവും ബുക്ക് ചെയ്യാം

നമുക്കു മഹാമാരികളിലേക്കു മടങ്ങാം. വരാന്‍പോകുന്ന മഹാരോഗങ്ങളേക്കാള്‍ ഇപ്പോള്‍ നമ്മെ ബാധിച്ചുകൊണ്ടിരിക്കുന്ന കാന്‍സര്‍പോലെയുള്ള രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നമുക്കു കഴിയുന്നുണ്ടോ? ഒരു രോഗിയുടെ ‘റൂട്ട്മാപ്പ്’ തയ്യാറാക്കുന്നതുപോലെ എന്തുകൊണ്ടു നാം രോഗങ്ങളുടെ സഞ്ചാരവഴികളെക്കുറിച്ചു ബോധവാന്മാരാകുന്നില്ല?

മലയാളിയുടെ ഭക്ഷണരീതികളില്‍ വന്ന സമീപകാലമാറ്റമെന്നു പറയുന്നത് വീട്ടിലെ കുട്ടികള്‍ അവര്‍ ഇഷ്ടപ്പെടുന്ന അനാരോഗ്യകരമായ ഭക്ഷണത്തോടു കാണിക്കുന്ന ആര്‍ത്തിയാണ്. അണുകുടുംബങ്ങളില്‍ അപ്പനും അമ്മയും ജോലിക്കാരാണെങ്കില്‍ മക്കള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തുകഴിക്കുന്ന ന്യൂജെന്‍ വിഭവങ്ങളെക്കുറിച്ചു പലരും ആകുലപ്പെടുന്നേയില്ല. അതുകൊണ്ടെന്തു പറ്റിയെന്നു ചോദിക്കരുത്. ഇപ്പോള്‍ ഇന്ത്യയിലെ പൊണ്ണത്തടിയന്മാരായ കുട്ടികളില്‍ എണ്ണം കൊണ്ടുനോക്കുമ്പോള്‍ നാം പ്രഥമസ്ഥാനത്താണ്. നേഴ്‌സറി ക്ലാസ്സില്‍ പഠിക്കുന്ന കുരുന്നിനുപോലും നാം സോഡാക്കുപ്പിക്കണ്ണടകളോ കോണ്‍ടാക്ട് ലെന്‍സുകളോ വച്ചുകൊടുക്കേണ്ടിവന്നിരിക്കുന്നു.

തേനിലും കര്‍ഷകനു കെണി!

കഴിക്കുന്നതെല്ലാം വിഷരഹിതമായതാണോ എന്നു ചിന്തിക്കാന്‍ നാം വൈകിപ്പോയിരിക്കുന്നു. സത്തെടുത്തു കയറ്റുമതി ചെയ്തശേഷമുള്ള ‘ചപ്പില്‍’ കളറും വിഷവും ചേര്‍ത്താണു മുളകുപൊടിയും മല്ലിപ്പൊടിയുമെല്ലാം ഇപ്പോള്‍ നമ്മുടെ വിപണിയിലെത്തുന്നത്. എല്ലാവരും അങ്ങനെയല്ലെങ്കിലും പൊതുവേ ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണ്.

മായം ചേര്‍ക്കുന്നതിനെതിരെ നിയമമുണ്ടെങ്കിലും അവ ഇന്ത്യയുടെ പ്രാദേശിക കാലാവസ്ഥാ മാറ്റങ്ങള്‍ പോലും കണക്കിലെടുക്കുന്നില്ല. ഉദാഹരണം പറയാം, ഇടുക്കിയില്‍ ഉത്പാദിപ്പിക്കുന്ന തേനില്‍ ജലാംശം കൂടും; സ്വാഭാവികമാണത്. എന്നാല്‍ വടക്കേന്ത്യയിലെ തേനില്‍ ജലാംശം കുറവായിരിക്കും. ഇതു ഡല്‍ഹിയിലിരിക്കുന്ന മന്ത്രാലയപുംഗവന്മാര്‍ക്കു അറിയില്ല. അവര്‍ തേനില്‍ 20 ശതമാനം ജലാംശമേ പാടുള്ളൂവെന്ന് ഉത്തരവിറക്കി. ഇടുക്കിയിലെ ഒരു കര്‍ഷകന്‍ ഉത്പാദിപ്പിച്ച തേനില്‍ 21.35 ശതമാനം ജലാംശം കണ്ടെത്തിയത് ഉദ്യോഗസ്ഥര്‍ കേസാക്കി. അവര്‍ പാവം കര്‍ഷകനു വിധിച്ച പിഴയെത്രയാണെന്നോ? അഞ്ചു ലക്ഷം രൂപ!

പാച്ചുവും കോവാലനും കളി!

മറ്റൊരു തമാശ വേറെയുമുണ്ട്. വന്‍കിടക്കാരെ സംരക്ഷിക്കാന്‍ മീനില്‍ 10 ശതമാനം മാരകമായ ഫോര്‍മലിന്‍ ഉപയോഗിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കിക്കഴിഞ്ഞു. ആരാധനാലയങ്ങള്‍ക്കു മുമ്പേ മദ്യശാലകള്‍ തിരക്കിട്ടു തുറന്ന കേരളത്തിലെ എക്‌സൈസ് വകുപ്പ് ഇതിനിടെ കള്ളില്‍ കഞ്ഞിവെള്ളം ചേര്‍ത്താല്‍ മായം ചേര്‍ക്കലാവില്ലെന്ന് ഉത്തരവിറക്കി. ഇതാണു ഭരണക്കാരുടെ ‘പാച്ചുവും കോവാലനും’ കളി!

വാലറ്റക്കുറി: മദ്യവില്പന തുടങ്ങിയതോടെ അമ്മയെ മകന്‍ വെട്ടിക്കൊന്നു. അച്ഛനെ മകന്‍ തള്ളിയിട്ടു കൊന്നു. വീട്ടമ്മയെ ഭര്‍ത്താവുതന്നെ മാനഭംഗത്തിന് ഏല്പിച്ചുകൊടുത്തു. അമ്പമ്പോ, കേരളമെന്ന പേരു കേട്ടാല്‍…?

Leave a Comment

*
*