ചുംബനം

ചുംബനം

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

മകള്‍ വഴിതെറ്റി പോകുന്നുണ്ടോ എന്ന സംശയമായിരുന്നു ആ അമ്മയ്ക്ക്. സംശയത്തിനുള്ള കാരണം അവര്‍ വ്യക്തമാക്കി. കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം പരസ്പരം സ്തുതി ചൊല്ലി 'ഉമ്മ' കൊടുക്കുന്ന ശീലം അവരുടെ കുടുംബത്തിലുണ്ടത്രേ. മാത്രമല്ല, മകള്‍ കോളജിലേക്കു പോകുംമുമ്പ് അമ്മയോടു യാത്ര പറഞ്ഞു കെട്ടിപ്പിടിച്ചു ചുംബിക്കും. അപ്പോഴല്ലാം അവരുടെ കണ്ണകള്‍ നിറയുമായിരുന്നു. ഈയിടെയായി മകളുടെ ചുംബനത്തിലെ സ്നേഹകണങ്ങള്‍ വറ്റിയതുപോലെ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത അവളുടെ ചുംബനം അമ്മയെ വേദനിപ്പിച്ചിരുന്നു. മാത്രമല്ല, അതു നല്കുവാന്‍ പലപ്പോഴും അവള്‍ മറക്കുകയും ചെയ്യുന്നു. മകളുമായുള്ള സംസാരത്തില്‍ അമ്മയുടെ സംശയം ശരിയാണെന്നു തിരിച്ചറിഞ്ഞു. അവള്‍ ഒരു യുവാവുമായി അടുപ്പത്തിലാണ്. അവനെക്കുറിച്ചുള്ള ചിന്തകളില്‍ അവള്‍ അമ്മയെ മറന്നുതുടങ്ങിയിരിക്കുന്നു.
ആത്മാര്‍ത്ഥതയില്ലാത്ത ചുംബനം കാപട്യം നിറഞ്ഞ സ്നേഹത്തിന്‍റെ വെളിപ്പെടുത്തലാണ്. അങ്ങനെയൊരു ചുംബനത്തിന്‍റെ കഥയും നോമ്പുകാലം പങ്കുവയ്ക്കുന്നുണ്ട്: ഗുരോ എന്നു വിളിച്ച്. സ്നേഹിക്കുന്നുണ്ടെന്ന ഭാവേന അവന്‍റെ കവിളിണകളില്‍ നല്കിയ യൂദാസിന്‍റെ ചുംബനം. അന്നുവരെ അവന്‍റെ ചുംബനത്തിനു സ്നേഹത്തിന്‍റെ മധുരിമയായിരുന്നുവെങ്കില്‍ അന്നത്തേതിനു വഞ്ചനയുടെ ചവര്‍പ്പുരസമായിരുന്നു. എന്നിട്ടും യൂദാസിനെ നോക്കി 'സ്നേഹിതാ' എന്നു വിളിച്ച ക്രിസ്തുവിന്‍റെ വാക്കുകള്‍ക്കു കുരിശുമരണത്തേക്കാള്‍ വേദനയുള്ളതുപോലെ (മത്താ. 26:49-50; മര്‍ക്കോ. 14:45). മാത്രമല്ല, "ചുംബനം കൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുത്തത്?" (ലൂക്കാ 32;48) എന്ന കൂട്ടിചേര്‍ക്കല്‍ ആ വേദനയുടെ തീവ്രതയും ഏറ്റുപറയുന്നുണ്ട്.
ഒന്നു ശരിയാണ്, മനുഷ്യന് ഏറ്റവും പെട്ടെന്നു മനസ്സിലാകുന്നത് അപരന്‍റെ പെരുമാറ്റത്തിലെ സ്നേഹക്കുറവുകളാണ്. മനുഷ്യനു മാത്രമല്ല ദൈവത്തിനുപോലും അതങ്ങനെയാണ്. കുഞ്ഞുന്നാളില്‍ ഉണ്ടായിരുന്നത്ര ആത്മാര്‍ത്ഥതയും സ്നേഹവും ഇന്നും നിങ്ങളുടെ "അമ്മേ… അപ്പാ" വിളികളില്‍ ഉണ്ടോ? വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ ഉണ്ടായിരുന്ന മധുരിമ ഇന്നും നിങ്ങളുടെ സ്നേഹപ്രകടനങ്ങള്‍ക്കും അഭിസംബോധനകള്‍ക്കും ഉണ്ടോ? ഒരു കൂരയ്ക്കു കീഴില്‍ ഒരുമിച്ചിരിക്കുമ്പോഴും നമ്മള്‍ എത്രമാത്രം അകലത്തിലാണ് എന്നു ചിന്തിച്ചുണ്ടോ? ഏദനില്‍ ദൈവത്തിന്‍റെ അടുത്തായിരുന്നിട്ടുപോലും ആദിമാതാപിതാക്കള്‍ക്കു വന്ന അകല്‍ച്ചയെ എത്ര പെട്ടെന്നാണു ദൈവം തിരിച്ചറിഞ്ഞത്. വ്യക്തിബന്ധങ്ങളിലെ അടുപ്പവും അകല്‍ച്ചയും അളക്കുവാനുള്ള കാലം കൂടിയാണു നോമ്പുകാലം എന്നോര്‍ക്കുന്നതു നല്ലതാണ്. നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈ വെടിഞ്ഞു. നീ ഏതവസ്ഥയില്‍നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവൃത്തികള്‍ ചെയ്യുക" (വെളി 2:5) എന്ന വാക്കുകളും നമുക്കു മനനം ചെയ്യാം.
സ്നേഹത്തിന്‍റെ പേരില്‍ കാണിച്ചുകൂട്ടലുകള്‍ ഏറെ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ഒട്ടും സുപരിചിതമല്ലാത്ത ചുംബനസമരം വരെ ഈ കാലഘട്ടത്തിന്‍റെ സംഭാവനയാണ്. ഒരുവന് അപരനുമായുള്ള ആത്മാര്‍ത്ഥ സ്നേഹത്തില്‍ നിന്നും ഉരുത്തിരിയേണ്ട വികാരപ്രകടനം വരെ തെരുവിലെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയെടുത്തു സായംസന്ധ്യകളില്‍ മലയാളികളുടെ കൂലങ്കഷമായ ചര്‍ച്ചയ്ക്ക് ആധാരമാക്കുന്നു എന്നതു മനുഷ്യബന്ധങ്ങളിലെ അകല്‍ച്ചയെയാണോ അടുപ്പത്തെയാണോ സൂചിപ്പിക്കുന്നത്? ആര് ആരെയാണിന്നു ചുംബിക്കുന്നത്! സ്വന്തം മാതാവിനെയും പിതാവിനെയും ജീവിതപങ്കാളിയെയും മക്കളെയും ആത്മാര്‍ത്ഥതയോടെ ഒന്നു ചുംബിക്കുവാന്‍ നമുക്കു കഴിയുന്നുണ്ടോ? സത്യത്തില്‍ നമ്മളിന്ന് ആരെയാണ് ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നത്? "പ്രണയമില്ലാതെ പ്രാപിക്കുകയും വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും" ചെയ്യുന്ന മനുഷ്യനെ സൃഷ്ടിച്ചതില്‍ ദൈവം ദുഃഖിക്കുന്നു എന്ന സച്ചിദാനന്ദന്‍റെ വാക്കുകള്‍ക്കു ജീവന്‍ വച്ചുതുടങ്ങിയിട്ടുണ്ട്.
ജീവന്‍റെ തുടിപ്പുകളാണു ചുംബനത്തില്‍ ഒളിഞ്ഞു കിടക്കുന്നത്. അത് ആദ്യം നല്കിയതു പിതാവായ ദൈവവും. മണ്ണില്‍ നിന്നു മെനയപ്പെട്ട മനുഷ്യനു ജീവന്‍ നല്കാന്‍ ദൈവം അവലംബിച്ച മാര്‍ഗം തന്‍റെ അധരങ്ങള്‍കൊണ്ടു മനുഷ്യഅധരങ്ങളെ സ്പര്‍ശിച്ചു ജീവശ്വാസം നല്കുക എന്നതായിരുന്നു. അങ്ങനെ മാനവരാശിക്കു ദൈവം നല്കിയ ചുംബനം ജീവന്‍റ ചുംബനമായിരുന്നു. ആത്മാര്‍ത്ഥമായ സ്നേഹപ്രകടനം. യാത്രകളില്‍ സ്നേഹത്തിന്‍റെ ഊര്‍ജ്ജം പകരുന്ന ചുംബനത്തെക്കുറിച്ചു പഴയനിയമവും പുതിയനിയമവും പ്രതിപാദിക്കുന്നുണ്ട് (1 സാ മു 2:41). "നിങ്ങള്‍ വിശുദ്ധ ചുംബനത്താല്‍ പരസ്പരം വന്ദനം പറയുവിന്‍ എന്നു പൗലോസ് ശ്ലീഹാ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട് (റോമ. 16:16; 2 കോറി 13:12; 1 തെസ. 5:26).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org