Latest News
|^| Home -> Pangthi -> ചരിത്രജാലകം -> പള്ളിമണിയും മണിയടിയും

പള്ളിമണിയും മണിയടിയും

Sathyadeepam

ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളി

ക്രൈസ്തവ സംസ്‌കാരത്തിന്റെ ഭാഗമാണു ദേവാലയങ്ങളിലെ മണികളും മണിനാദവും. വിദേശ രാജ്യങ്ങളിലേതുപോലെ ഭാരതത്തിലും പള്ളിമണികളുടെ ചരിത്രം അനേകം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒന്നാണ്. പാശ്ചാത്യ സംസ്‌കാരത്തില്‍നിന്നും കുടിയേറിയതല്ല, മറിച്ച് ഭാരത സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി ഉയിര്‍ക്കൊണ്ടതാണു പള്ളിമണികള്‍. ഹൈന്ദവക്ഷേത്രങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലും മണികളുണ്ട്. ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന മണികള്‍ താരതമ്യേന ചെറുതാണ്. ക്ഷേത്രത്തിലെത്തിയ ഭക്തന്‍/ഭക്ത താന്‍ എത്തിയ വിവരം ഭഗവാനെ/ഭഗവതിയെ അറിയിക്കാന്‍ നടത്തുന്ന ഉണര്‍ത്തുനാദമാണ് മണിയടി. എന്നാല്‍ ക്രൈസ്തവ ദേവാലയങ്ങളിലെ മണികള്‍ താരതമ്യേന വലുതും ഭക്തന്മാരെ/വിശ്വാസികളെ തിരുക്കര്‍മ്മങ്ങളുടെയും മറ്റും കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി ക്ഷണിച്ചുവരുത്തുന്ന നാദമാണ്. ഭാരത സം സ്‌കാരത്തില്‍ വിതയ്ക്കപ്പെട്ടു വളര്‍ന്നു പന്തലിച്ച നസ്രാണി സമൂഹം പാശ്ചാത്യരുടെ ആഗമനത്തിനു വളരെ മുമ്പുതന്നെ ദേവാലയങ്ങളില്‍ മണികള്‍ ഉപയോഗിച്ചിരുന്നു. വിവിധ നാഴികകളില്‍ പള്ളിമണികള്‍ അടിച്ചിരുന്നു. വാച്ചില്ലാത്ത കാലത്ത് സമയം അറിയിക്കാനും ദൈവികചിന്ത ഉണര്‍ത്താനും പള്ളിമണികള്‍ സഹായിച്ചിരുന്നു. അതിനാല്‍ നാഴികമണിയെന്നും ഒരു കാലത്ത് പള്ളിമണികളെ വിളിച്ചിരുന്നു. മാത്രമല്ല, ദേവാലയ തിരുക്കര്‍മ്മങ്ങളെ സംബന്ധിച്ച അറിയിപ്പും പള്ളിമണികളിലൂടെ നല്കിയിരുന്നു.
നസ്രാണി ദേവാലയങ്ങളിലെ മണികളെ സംബന്ധിച്ച ആദ്യത്തെ വിവരണം ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനയില്‍ കാണാം. ഏഴാം മൌത്വാ, ഏഴാം കൂടിവാചാരം, ഇരുപത്തിമൂന്നാം കാനോനയില്‍ പറയുന്നു: “മലംകര എടവകയിലെ പള്ളികളില്‍ മിക്കതിലും മണിയില്ലാ. ചെലടത്ത ഒള്ളതിനെ പള്ളി അകത്ത തന്നെ കെട്ടിതൂക്കി ഞായം. അതിനെക്കൊണ്ട വഴിയെ മണി തട്ടിക്കൂടാതാനും. അങ്ങിനെ അകത്ത കെട്ടിത്തൂക്കുന്നത യോഗ്യം അല്ല. ഇതിനെക്കൊണ്ട ശുദ്ധമാന സൂനഹദോസ കല്പിക്കുന്നു എല്ലാ പള്ളികളിലും പൊറത്ത മണി തൂക്കുവാന്‍ പൊക്കത്തില്‍ പണീച്ച ഒണ്ടാക്കണം. എന്നാല്‍ അവുടെന്ന കട്ടുപൊകും എന്ന തൊന്നുന്നെടത്ത എകരമായിട്ട തീര്‍ത്ത പൂട്ടിക്കൊള്ളുകയും വെണം. മലയാളരുടെ മുക്കാല്‍ വട്ടത്തിന്ന മണിയിടെ സ്തുതി കെള്‍ക്കുന്നത സംകടമെന്നും ചൊല്ലി മലയാം രാജാക്കള്‍ മണി പൊക്കത്തില്‍ പണീച്ച തൂക്കരുത എന്ന വെലക്കുന്നെടത്ത പള്ളിയകത്ത തന്നെ ഒരെടത്ത തൂക്കിക്കൊള്ളുകയും ആം. ആവിടത്തൊളം പൊക്കത്തില്‍, കൈകൊണ്ട എത്താത്തെടത്ത.”
സൂനഹദോസിന്റെ മേല്പറഞ്ഞ കാനോനയില്‍ നിന്നു സിദ്ധിക്കുന്ന ഏതാനും സംഗതികളില്‍ 1) സൂനഹദോസിന്റെ കാലത്ത് (1599 AD) എല്ലാ നസ്രാണിപ്പള്ളികളിലും മണി ഉണ്ടായിരുന്നില്ല; 2) മണി പള്ളിയകത്തു തന്നെയാണ് കെട്ടിത്തൂക്കി അടിച്ചിരുന്നത്; 3) മണിമാളിക എന്ന സങ്കല്പം പോലും അക്കാലത്ത് ഇല്ലായിരുന്നു; 4) മണി പള്ളിക്കു പുറത്ത് കെട്ടിത്തൂക്കിയാല്‍ ആരെങ്കിലും മോഷ്ടിക്കും എന്ന ഭയം ശക്തമായിരുന്നു; 5) നാടുവാഴികളായ ചില ഹൈന്ദവ രാജാക്കന്മാര്‍ പള്ളിമണികള്‍ ഉയര്‍ന്ന സ്ഥലത്തു കെട്ടി അടിക്കുന്നതിനു അനുവദിച്ചിരുന്നില്ല.
സൂനഹദോസിന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന തെളിവുകള്‍ പില്‍ക്കാലത്തും നിലനിന്നിരുന്നതിന് ഏറെ സാക്ഷ്യങ്ങള്‍ ലേഖകന്‍ കണ്ടിട്ടുണ്ട്. ഉദാഹരണമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ പുരാതന ദേവാലയങ്ങളിലെ മണിമാളികകളെല്ലാം തന്നെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ നിര്‍മ്മിച്ചവയാണ് എന്നു രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ പുരാതന ദേവാലയങ്ങളില്‍ മണി തൂക്കിയിരുന്നത് മുഖവാരത്തില്‍ മണി തൂക്കുന്നതിനുവേണ്ടി സജ്ജമാക്കിയിരുന്ന സ്ഥാനത്തോ ജനാലയിലോ ആയിരുന്നു. ചില സ്ഥലങ്ങളില്‍ പള്ളിമുറ്റത്തു ഉണ്ടായിരുന്ന വൃക്ഷത്തില്‍ മണിതൂക്കി അടിച്ചിരുന്നു. പള്ളി പണിയുന്ന കാര്യത്തിലെന്ന പോലെ മണിമാളിക പണിയുന്നിനും നാടുവാഴിയുടെ അനുവാദം ആവശ്യമായിരുന്നു. മേല്പറഞ്ഞ പശ്ചാത്തലത്തില്‍ ഉദയംപേരൂര്‍ സൂനഹദോസിനുശേഷം പതിനേഴാം നൂറ്റാണ്ടു മുതലാണ് എല്ലാ പള്ളികളിലും പള്ളിമണി നിര്‍ബന്ധമായും ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും പള്ളിമണി പള്ളിയുടെ പുറത്തു സ്ഥാപിച്ചു മണിയടി തുടങ്ങിയതെന്നും തീര്‍ച്ചപ്പെടുത്താം.

പാശ്ചാത്യരുടെ ആഗമനത്തിനു വളരെ മുമ്പു തന്നെ
ദേവാലയങ്ങളില്‍ മണികള്‍ ഉപയോഗിച്ചിരുന്നു.
വിവിധ നാഴികകളില്‍
പള്ളിമണികള്‍ അടിച്ചിരുന്നു.
വാച്ചില്ലാത്ത കാലത്ത് സമയം അറിയിക്കാനും
ദൈവികചിന്ത ഉണര്‍ത്താനും പള്ളിമണികള്‍
സഹായിച്ചിരുന്നു. അതിനാല്‍ നാഴികമണിയെന്നും
ഒരു കാലത്ത് പള്ളിമണികളെ വിളിച്ചിരുന്നു.


പതിനേഴാം നൂറ്റാണ്ടിലും അതിനുശേഷവും മിഷനറിമാര്‍ വിദേശത്തു നിന്നും ധാരാളം മണികള്‍ കേരളത്തിലേക്കു ഇറക്കുമതി ചെയ്യുകയും പള്ളികളില്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കേ രളത്തിലെ പുരാതന പള്ളികളിലെ മണികളെല്ലാം 17-ാം നൂറ്റാണ്ടിലൊ അതിനു ശേഷമോ നിര്‍മ്മിച്ചവയും സ്ഥാപിച്ചവയുമാണ്. വളരെ ചുരുക്കം പള്ളികളില്‍ ഉദയം പേരൂര്‍ സൂനഹദോസിനു മുമ്പുള്ള പള്ളിമണി ഉണ്ടെന്നു പറയപ്പെടുന്നു. ഇപ്രകാരമുള്ള മണികളുടെ പഴക്കത്തെക്കുറിച്ചു ചരിത്രകാരന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. കുറവിലങ്ങാടും ചേന്ദമംഗലത്തും മറ്റും സുറിയാനി ലിഖിതങ്ങളുള്ള മണികള്‍ കാണാനാകും. ഫ്രാന്‍സിസ് റോസ് മെത്രാപ്പോലീത്ത പറവൂര്‍-കോട്ടക്കായല്‍ പള്ളി ആസ്ഥാനമായി കൊടുങ്ങല്ലൂര്‍ അതി രൂപതയെ ഭരിച്ച കാലഘട്ടത്തില്‍ (17-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍) അവിടെ പ്രഥമ മണിമാളിക പണിയുകയുണ്ടായി. ടിപ്പുവിന്റെ ആക്രമണത്തില്‍ അത് തകര്‍ക്കപ്പെട്ടു. പുത്തന്‍പള്ളി സെമിനാരി റെക്ടറായിരുന്ന കര്‍മ്മലീത്താ വൈദികന്‍ ബോനിഫാസച്ചന്റെ നേതൃത്വത്തില്‍ ഇറക്കുമതി ചെയ്ത വളരെ മണികള്‍ ഇന്നും കേരളത്തിലെ പള്ളികളില്‍ ഉപയോഗിച്ചുവരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കപ്പെടുന്ന കുറവിലങ്ങാടു പള്ളിയിലെ മണിയും അദ്ദേഹം ഇറക്കു മതി ചെയ്തതാണ് (ഇഗ്നേഷ്യസ് പയ്യപ്പിള്ളി, മംഗലപ്പുഴ സെമിനാരി ചരിത്രവഴികളിലൂടെ, P. 127).
പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളില്‍ എല്ലാ പള്ളികളിലും മണികള്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും മണിയടിക്കുന്നതില്‍ ഒരു ഏകീകൃത സ്വഭാവം ഇല്ലായിരുന്നു. വരാപ്പുഴ വികാരിയാത്തിലായിരുന്നപ്പോഴും അതിനുശേഷവും മണിയടിക്കുന്നതിനെ സംബന്ധിച്ച് ഒരു കല്പന വികാരി അപ്പസ്‌തോലിക്കമാര്‍ നല്കിയതായി ലേഖകന്റെ അന്വേഷണത്തില്‍ കണ്ടെത്തിയില്ല. എന്നാല്‍ 1939 ഡിസംബര്‍ മാസത്തിലെ എറണാകുളം മിസ്സത്തില്‍ ”പള്ളികളില്‍ മണിയടിക്കുന്നതില്‍ ഏകീകൃത മാനമൊന്നുമില്ലാത്തതിനാല്‍ അതിനെ സംബന്ധിച്ച കൃത്യത വരുത്തുന്നതിന് താഴെപറയും പ്രകാരം നിശ്ചയിച്ചിരിക്കുന്നു” എന്നു പറഞ്ഞു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത കല്പന നല്കി. 1940-ല്‍ പ്രസിദ്ധീകരിച്ച നിയമസംഗ്രഹത്തിലും അത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരമാണ്:
”ഈ അതിരൂപതയിലെ പള്ളികളില്‍ ഓരോ ആവശ്യങ്ങള്‍ക്കായി മണി അടിക്കുന്നതില്‍ ഏകരീതി ഉണ്ടായിരിക്കേണ്ടതിനു മണി അടിക്കുന്നതിനുള്ള ക്രമം താഴെ ചേര്‍ത്തുകൊള്ളുന്നു:
1) ത്രികാല ജപത്തിന്: മുമ്മൂന്നു വീതം മൂന്നു പ്രാവശ്യം
2) ശുദ്ധീകരണത്തിലെ വിശുദ്ധാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍: സന്ധ്യയ്ക്കുള്ള ത്രികാലജപത്തിനുള്ള മണികഴിഞ്ഞ് ഉദ്ദേശം അരമണിക്കൂര്‍ കഴിയുമ്പോള്‍ ഒറ്റയായി ആറുപ്രാവശ്യം
3) രാത്രി ആരാധനയ്ക്ക്: മുന്‍പും പിന്‍പും കൂട്ടമണി
4) പിറ്റേ ദിവസത്തെ കുര്‍ബാനകളുടെ എണ്ണം അറിയിക്കാന്‍: രാത്രി ആരാധന കഴിഞ്ഞുള്ള കൂട്ടമണിക്കുശേഷം പിറ്റേ ദിവസത്തെ കുര്‍ബാനയുടെ എണ്ണം അനുസരിച്ചു ഒറ്റ ഒറ്റയായി
5) ഞായറാഴ്ചയുടെയും കടമുള്ള ദിവസങ്ങളുടെയും തലേദിവസം : സന്ധ്യയ്ക്കുള്ള ത്രികാലജപത്തിന്റെ മണികഴിഞ്ഞു കൂട്ടമണി
6) ഇടദിവസങ്ങളില്‍: ജനങ്ങള്‍ക്കു അധികം കൂടാവുന്ന കുര്‍ബാനയ്‌ക്കെങ്കിലും കാല്‍മണിക്കൂര്‍ മുമ്പു കൂട്ടമണിയും, ഓരോ കുര്‍ബാനയ്ക്കും പട്ടക്കാരന്‍ തിരുവസ്ത്രങ്ങള്‍ ഉടുത്തു തുടങ്ങുമ്പോള്‍ ഒറ്റ മണിയും
7) ഞായറാഴ്ചയും കടമുള്ള തിരുനാളുകളിലും: പ്രധാന കുര്‍ബാനകള്‍ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സമയത്തിനുമുമ്പ് അരമണിക്കൂര്‍ വീതം ഇടവിട്ട് ഒന്നാം മണിയും രണ്ടാം മണിയും മൂന്നാംമണിയും കൂട്ടമണിയും, പട്ടക്കാരന്‍ തിരുവസ്ത്രങ്ങള്‍ ഉടുത്തുതുടങ്ങുന്നതു മുതല്‍ കുര്‍ബാന ആരംഭിക്കുന്നതുവരെ നടമണി ഒറ്റ ഒറ്റയായും, കുര്‍ബാന ആരംഭിക്കുമ്പോള്‍ കൂട്ടമായും, ”പാതിക്കാല”ത്തിന് (Consecration) മുമ്പ് ധൂമിച്ചുകഴിഞ്ഞു പട്ടക്കാരന്‍ ”ബാറേക്മാര്‍” എന്നു ചൊല്ലി മൂന്നുപ്രാവശ്യം അള്‍ത്താര മുത്തുമ്പോള്‍ ഓരോ മുത്തലിനും ഓരോന്നു വീതവും, അതുമുതല്‍ തിരുവോസ്തി എഴുന്നെള്ളിച്ചു ഉയര്‍ത്തുന്നതുവരെ ഒന്നും രണ്ടും വീതവും, ഉയര്‍ത്തുമ്പോള്‍ കൂട്ടമായും, അതുമുതല്‍ കാസ ഉയര്‍ത്തുന്നതുവരെ വീണ്ടും ഒന്നും രണ്ടും വീതവും, കാസ ഉയര്‍ത്തുമ്പോള്‍ കൂട്ടമായും, ”മാര്‍ലാ…” ചൊല്ലി പിഴയിടിക്കുമ്പോള്‍ ഓരോ പ്രാവശ്യവും ഒറ്റഒറ്റയായും, കാസാ ഉള്‍ക്കൊള്ളുമ്പോള്‍ കൂട്ടമായും അടിക്കണം.
8) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞു മൂന്നുമണിക്കു : ദിവ്യരക്ഷകന്റെ തിരുമരണത്തിന്റെ സ്മരണയ്ക്കായി ഇപ്പോള്‍ അടിക്കുന്ന 14 മണിക്കുപകരം ഒറ്റയായി ഒന്‍പതു പ്രാവശ്യം (ഒന്‍പതാം മണിക്കാണല്ലോ ദിവ്യരക്ഷകന്‍ മരിച്ചത്, മത്തായി 27:46)
9) മാര്‍പ്പാപ്പയുടെ മരണം സംബന്ധിച്ച് : മൂന്നും നാലുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചു പ്രാവശ്യം
10) മെത്രാപ്പോലീത്തായുടേയും മെത്രാന്റെയും മരണം സംബന്ധിച്ച് : രണ്ടും മൂന്നുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചു പ്രാവശ്യം
11) പട്ടക്കാരുടെ മരണം സംബന്ധിച്ച് : ഒന്നും മൂന്നുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചു പ്രാവശ്യം
12) 7 വയസ്സിനുമേലുള്ള മറ്റുള്ളവരുടെ മരണം സംബന്ധിച്ച് : ഒന്നും രണ്ടുമായി ഓരോ നിര്‍ത്തിനും അയ്യഞ്ചുപ്രാവശ്യം
13) 7 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണം സംബന്ധിച്ചു: ഓരോ നിര്‍ത്തിനും 9 മണി കൂട്ടമായും, (9 ഗണം മാലാഖമാരുടെ ഓര്‍മ്മയ്ക്ക്),
14) മരിച്ചവര്‍ക്കുവേണ്ടി പൊതുവില്‍ : ഒന്നും രണ്ടും വീതവും
15) പള്ളിയിലെ പ്രത്യേക ആവശ്യങ്ങള്‍ക്കും പ്രദക്ഷിണത്തിനും മെത്രാന്മാരുടേയും രാജാക്കന്മാരുടേയും വരവിനും അവരുടെ ബഹുമാനത്തിനും കൂട്ടമായും മണി അടിക്കേണ്ടതാകുന്നു” (എറണാകുളം മിസ്സം, Vol. XII, 1939 ഡിസംബര്‍, pp.175-177)

അനുചിന്തനം: ക്ലോക്കും വാച്ചും സാധാരണക്കാര്‍ക്ക് ലഭ്യമാകാതിരുന്ന കാലഘട്ടത്തില്‍ സമയം അറിയുന്നതിനു പള്ളിമണി ഒരു സഹായകമായിരുന്നു. ദൈവസാന്നിധ്യം കുടികൊള്ളുന്ന ദേവാലയത്തില്‍നിന്നും മുഴങ്ങുന്ന മണിനാദം ദൈവസാന്നിധ്യ സ്മരണ ശ്രോതാവില്‍ ഉയര്‍ത്തുന്നു. ജീവിത വ്യഗ്രതകള്‍ക്കിടയില്‍ ദൈവവിചാരം മനസ്സിലുണര്‍ ത്തുന്ന മണിനാദം എത്ര അനുഗ്രഹദായകം.

Leave a Comment

*
*