ദാഹം

ബോബി ജോസ് കട്ടികാട്

മദര്‍ തെരേസയുടെ കോണ്‍വെന്‍റുകളിലെ ചാപ്പലുകള്‍ അതിന്‍റെ ലാളിത്യം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും. അള്‍ത്താരയിലെ ക്രൂശിതരൂപത്തിനോടു ചേര്‍ന്ന് 'I thirst' എന്ന അവിടുത്തെ മൊഴി അടയാളപ്പെടുത്തിയിട്ടുണ്ട്. ആ വാക്കിലേക്ക് ഹൃദയത്തെ ഏകാഗ്രമാക്കണമെന്നാണ് നിരന്തരം തന്‍റെ സമൂഹത്തോട് അമ്മ പറഞ്ഞുകൊണ്ടിരുന്നത്. ജീവിതാന്ത്യത്തോടടുത്ത കാലത്ത് അമ്മ തന്‍റെ സമൂഹത്തിനു വേണ്ടി എഴുതിയ ദീര്‍ഘമായ ഒരു കത്ത് 'എനിക്കു ദാഹിക്കുന്നു' എന്ന വാക്കിനെ ആധാരമാക്കിയാണ്. എന്തെങ്കിലുമൊരു കാര്യം തന്നിലൂടെ അനുരണനം ചെയ്യപ്പെടുന്നെങ്കില്‍ അത് ഈ ചെറിയ വാക്യം തന്നെ ആയിരിക്കണമെന്ന് അവരതില്‍ ശഠിക്കുന്നുമുണ്ട്.

പൊതുവേ ഈശ്വരനു വേണ്ടിയുള്ള അഗാധമായ ആഗ്രഹമായിട്ടാണ് 'എനിക്കു ദാഹിക്കുന്നു' എന്നുള്ള മൊഴികള്‍ വ്യാഖ്യാനം ചെയ്യപ്പെടുന്നത്. 'എന്‍റെ ദൈവമേ എന്‍റെ ദൈവമേ എന്തിനെന്നെ കൈവിട്ടു' എന്ന നിലവിളിക്ക് തുടര്‍ച്ചയായിട്ടാണിത്. ഒരു മാത്രയെങ്കില്‍ ഒരുമാത്ര നിനക്കുമെനിക്കുമിടയില്‍ ഒരു തിരശീല വീണിട്ടുണ്ട്. ഒരിക്കല്‍ക്കൂടി നിന്‍റെ ദിവ്യ സാന്നിധ്യത്തിലേയ്ക്ക് വരുവാന്‍ ഞാന്‍ കൊതിക്കുന്നു. നീര്‍ച്ചാലുകള്‍ തേടി നടക്കുന്ന മാന്‍പേടയേക്കുറിച്ചുള്ള പരാമര്‍ശമുള്‍പ്പടെ വേദപുസ്തകം പറയാന്‍ ശ്രമിക്കുന്ന തണ്ണീര്‍ക്കഥ അതുതന്നെയാണ്. 'കണ്‍ഫഷന്‍സി' ന്‍റെ ആരംഭത്തില്‍ത്തന്നെ സെന്‍റ് അഗസ്റ്റിന്‍ അതു പറയുന്നുണ്ട്, 'Thou hast formed us for Thyself, and our hearts are restless till they find rest in Thee."

സുവിശേഷങ്ങള്‍ക്ക് നിരക്കുന്ന വിചാരം കൂടിയാണത്; വിശേഷിച്ചും യോഹന്നാന്. ദാഹം അയാള്‍ക്കൊരു താക്കോല്‍ പദമായിരുന്നു. കിണറ്റിന്‍വക്കിലിരുന്ന് കൊച്ചുവര്‍ത്തമാനത്തില്‍ ഏര്‍പ്പെടുമ്പോഴും യേശു പറഞ്ഞത് അതാണ്. ഒരു കിണറും നമ്മുടെ ദാഹം ശമിപ്പിക്കുന്നില്ലല്ലോ. ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ചില അടിസ്ഥാന അന്വേഷണങ്ങള്‍ക്ക് പരിഹാരമോ ശമനമോ നല്‍കുന്നില്ല എന്ന ബോധത്തിലാണ് ഒരാളുടെ ആന്തരികജീവിതത്തിന്‍റെ രണ്ടാംപാദം ആരംഭിക്കുന്നത്. അതുകൊണ്ടാണ് വെള്ളം കോരാന്‍ വന്നൊരു സ്ത്രീ കുടമെടുക്കാതെ മടങ്ങിപ്പോയത്. കൂടാരത്തിരുന്നാളിന്‍റെയന്ന് വിളിച്ചു പറഞ്ഞത്: ദാഹിക്കുന്നവര്‍ എന്നില്‍ നിന്നു വന്നു കുടിക്കുക. അപാരതയ്ക്കു വേണ്ടിയുള്ള, തൊട്ടിയോ കിണറോ കുടമോ ആവശ്യമില്ലാത്ത ഒരു നീരുറവയെ തേടാനുള്ള ക്ഷണമായി ദാഹത്തെ മനസ്സിലാക്കുന്നതില്‍ ഒരു അപാകതയുമില്ല.

ഭാരതീയമെന്നു വിശേഷിപ്പിക്കാവുന്ന ഒരു കളക്റ്റീവ് ബോധത്തിനും പരിചയമുള്ള വിചാരമിതാണ്. ഒത്തിരി ക്ലേശങ്ങളിലൂടെ അലഞ്ഞും അടി പതറിയും ഉലയിലെന്നതുപോലെ ശുദ്ധീകരിക്കപ്പെട്ടും ഒരാള്‍ ആ പരമമായ ആനന്ദത്തിലേക്ക് എത്തേണ്ടതുണ്ട് എന്നതാണ് നമ്മുടെ മനസ്സിന്‍റെ അരിപ്പയില്‍ അടിഞ്ഞിരിക്കുന്ന ദൈവവിചാരത്തിന്‍റെ പ്രകാശമുള്ള പരല്‍.

അതുകൊണ്ടാണ് ദൈവത്തെ കണ്ടെത്താന്‍ ഞാനെത്ര അവിടുത്തെ തിരയേണ്ടതുണ്ട് എന്ന ചോദ്യത്തിന് ശിഷ്യന്‍റെ ശിരസ്സ് വെള്ളത്തില്‍ മുക്കിപ്പിടിച്ചു കൊണ്ടുനില്‍ക്കുന്ന ഗുരുവിന്‍റെ കഥയൊക്കെ ഈ ദേശത്തു പൊടിച്ചത്. ശ്വാസത്തിന് വേണ്ടി നിന്‍റെ മനസ്സും ശരീരവും എത്ര പിടച്ചോ അത്രയും തീക്ഷ്ണവും തീവ്രവുമായ ദൈവാന്വേഷണത്തെക്കുറിച്ചാണ് നാം കേട്ടു കൊണ്ടിരുന്നത്.

പ്രണയിനിയെ തേടിപ്പോയ ഒരാചാര്യന്‍ രാത്രി മഴയില്‍ വലിയൊരു ആറിനെ കുറുകെ കടക്കാന്‍ വഴിയില്ലാതെ നില്‍ക്കുമ്പോള്‍ ആദ്യം കണ്ട പൊങ്ങുതടിയില്‍ തുഴഞ്ഞു മറുകരയെത്തി. പിന്നീടാണ് നദിയിലൂടെ ഒഴുകിവന്ന മൃതശരീരമാണതെന്നു തിരിച്ചറിഞ്ഞത്. അവളുടെ കുടില്‍ കണ്ടെത്തി. എന്തോ അതിനു മുന്‍പില്‍ ഞാന്നു കിടപ്പുണ്ട്. അതില്‍ പിടിച്ചു കയറി. വിളക്കിനു മുന്‍പില്‍ അവള്‍ പുഞ്ചിരിച്ചിരിപ്പുണ്ട്. ആ ചിരിയില്‍ പരിഹാസമുണ്ട്: എല്ലാം എനിക്ക് കാണാന്‍ കഴിയുമായിരുന്നു. കുത്തിയൊഴു കുന്ന പുഴ മുറിച്ചു കടക്കാനായി കണ്ടെത്തിയ തോണി മരിച്ചവന്‍റെ ശരീരം, വള്ളിയെന്നു ധരിച്ചു പിടിച്ചു കയറിയത് കൊടിയ വിഷമുള്ള സര്‍പ്പം. എന്നിട്ടും എന്നോടുള്ള പ്രണയംകൊണ്ട് ഒന്നും അങ്ങയെ അപായപ്പെടുത്തിയില്ല. എന്നോട് തോന്നിയ പ്രണയത്തിന്‍റെ പതിനായിരത്തിലൊന്നു അങ്ങ് നമസ്കരിക്കുന്ന ആ ചൈതന്യത്തോട് എന്നെങ്കിലും അങ്ങേയ്ക്കു അനുഭവപ്പെട്ടിരുന്നതെങ്കില്‍ എന്നേ പരമപദം പൂകിയേനേ!

ഇപ്പോള്‍ അയാളുടെ ഉള്ളില്‍ ഒരു മിന്നലുണ്ടായി. അതിന്‍റെ പ്രഭയിലാണ് ഈ ദേശത്തെ വലിയൊരാചാര്യന്‍ രൂപപ്പെട്ടത്, വില്വമംഗലം സ്വാമിയാര്‍. വായനയില്‍ ഇത്ര പരിഭ്രമിച്ചുപോയ അധികം മുഹൂര്‍ത്തങ്ങളില്ല. ചെറുപ്പത്തില്‍ ഒരു കൂട്ട്, വലുതാകുമ്പോള്‍ ചിലര്‍ക്കൊരു പ്രണയം, പിന്നീടൊരു വിവാഹം, അതില്‍ത്തന്നെ കൂടുതല്‍ പേര്‍ക്കും കുഞ്ഞുങ്ങള്‍ – parenting… ഇവയിലൊക്കെ ഇന്‍വെസ്റ്റ് ചെയ്ത ശ്രദ്ധയുടെയും ഏകാഗ്രതയുടെയും പതിനായിരത്തിലൊന്ന് നിശ്ചയമായും ആ പരാശക്തി അര്‍ഹിക്കുന്നുണ്ട്. നോമ്പ് ദൈവത്തെ ഗൗരവമായിട്ടെടുക്കാനുള്ള കാലമാണ്. അന്തരീക്ഷത്തില്‍ തീയുണ്ടായിരിക്കാം. എന്നാല്‍ അത് പിടുത്തം കിട്ടണമെങ്കില്‍ ഒരു ലെന്‍സിലേയ്ക്ക് രശ്മികളെ കണ്‍വെര്‍ജ് ചെയ്യേണ്ടതുണ്ട്. അപ്പോള്‍ കരിയിലകള്‍ക്കു കത്തുപിടിക്കുന്നു. യഹോവയെ മാനിക്കുന്നവനെ യഹോവയും മാനിക്കുന്നു.

മദറാവട്ടെ, അതു തിരിച്ചു പറയാനാണാഗ്രഹിച്ചത്. നമ്മള്‍ ദൈവത്തെ തേടുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ദൈവം നമ്മളെ തേടുന്നുണ്ട്. എനിക്ക് ദാഹിക്കുന്നു എന്നതിനെ സ്വന്തം പേരുമായി കൂട്ടിവായിക്കാനാണ് അമ്മ തന്‍റെ പെണ്‍കുട്ടികളെ പരിശീലിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ ലളിതമെന്നു തോന്നാമെങ്കിലും സമാശ്വാസം തരുന്ന ഒരു വിചാരമാണത്. കീടങ്ങളേപ്പോലെ പല നേരങ്ങളിലും ആത്മനിന്ദ അനുഭവപ്പെടുന്നവരേയും ആരോ അഗാധമായി കാംക്ഷിക്കുന്നുണ്ട്. തേടാനും തിരയാനും മാത്രം മൂല്യമുള്ളതാണ് എന്‍റെ ജീവിതം എന്ന മിന്നല്‍വെളിച്ചത്തിലാണ് എന്‍റെ ലോകം ചാരുതയുള്ളതായി മാറുന്നത്. തീവ്രമായ ഒരു പ്രേമ കഥയിലെ കഥാപാത്രമാണ് നിങ്ങളെന്ന ബോധമാണ് സുവിശേഷം തെളിഞ്ഞും മറഞ്ഞും വിളിച്ചു പറയുന്നത് – you're so passionately loved.

മാര്‍ ക്രിസോസ്റ്റം തിരുമേനി പറയുന്നതു പോലെ, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്നുള്ളതല്ല കാര്യം, ദൈവം നിങ്ങളെ വിശ്വസിക്കുന്നുണ്ടോയെന്നതാണ് കൂവേ!
പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായി മുഴങ്ങിയതാണ് ഈ വാക്കുകളെന്ന് യോഹന്നാന്‍. ആറു മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഒരു കുരിശാരോഹണ ചരിത്രത്തില്‍ അത്തരം ഇരുപതോളം പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടുവെന്ന് സുവിശേഷകര്‍ അടിവരയിടുന്നുണ്ട്. ഏതോ ഒരു കാലത്തിനപ്പുറത്തുനിന്ന് ഇപ്പോഴും ആ മൃദുമന്ത്രണം ഉപാസകരെ തേടി വരുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org