ദൈവത്തെ അപ്പാ എന്ന് വിളിക്കുവാനുള്ള ധൈര്യമുണ്ടാവണം

ദൈവത്തെ അപ്പാ എന്ന് വിളിക്കുവാനുള്ള ധൈര്യമുണ്ടാവണം

ദൈവം നമ്മുടെ പിതാവാണെന്ന അവബോധമാണ് ക്രൈസ്തവപ്രത്യാശയുടെ കാതല്‍ എന്ന് ഉല്‍ബോധിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പ തന്‍റെ മതബോധനം തുടര്‍ന്നത്. 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന് പ്രാര്‍ത്ഥിക്കാന്‍ യേശു പഠിപ്പിച്ചപ്പോള്‍ ദൈവത്തെ അപ്പാ എന്ന് വിളിക്കുവാനുള്ള ധൈര്യമാണ് അതില്‍ നിഴലിക്കുന്നത്. ഈ സംബോധനയില്‍ ദൈവത്തിലുള്ള നമ്മുടെ ദൃഢവിശ്വാസവും സ്വന്തം അപ്പന്‍റെ സ്നേഹവും കരുതലും ഉറച്ച് വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന കൊച്ചുകുട്ടിയുടെ മനോഭാവവും നിഴലിക്കുന്നു. ദൈവത്തിന്‍റെ ദത്തുപുത്രസ്ഥാനത്തേക്ക് നമ്മള്‍ ഉയര്‍ത്തപ്പെട്ടു എന്നതാണ് നമ്മുടെ പ്രത്യാശയുടെയും ദൈവത്തിന് നമ്മളോടുള്ള രക്ഷാകരസ്നേഹത്തിന്‍റെയും അടിസ്ഥാനമാവുന്നത്.

പൗലോസ് അപ്പസ്തോലന്‍ രണ്ട് പ്രാവശ്യം (റോമാ 8:15, ഗലാ. 4:6) ദൈവത്തെ അറമായ ഭാഷയില്‍ യേശു ഉപയോഗിച്ച പിതാവ് എന്ന് അര്‍ത്ഥമുള്ള അബ്ബാ എന്ന വാക്ക് തന്നെ ഉപയോഗിക്കുന്നു. ഡാഡി എന്നോ പപ്പയെന്നോ തര്‍ജ്ജമ ചെയ്യാവുന്ന പദമാണിത്. മറ്റ് പല പദങ്ങളും നമുക്ക് സംബോധനയ്ക്കായി ഉപയോഗിക്കാം. എന്നാല്‍ പിതാവേ എന്ന് വിളിക്കുമ്പോള്‍ ആകുലതയോ ഭയമോ ഒന്നും നമ്മളെ കീഴ്പ്പെടുത്തുന്നില്ലെന്ന് മാത്രമല്ല, ഒരു കൊച്ചുകുട്ടിയെപോലെ ആശ്രയിക്കാനുള്ള ധൈര്യവും കൈവരുന്നു.

ദൈവത്തിന്‍റെ നിഗൂഢത എന്നും മനുഷ്യനെ അതിശയിപ്പിച്ചിട്ടുണ്ട്. ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ കരുണയുടെ നിറകുടമായ പിതാവ് ദൈവത്തെക്കുറിച്ചുള്ള എല്ലാ മാനുഷിക കണക്കുകൂട്ടലുകള്‍ക്കുമപ്പുറമാണ്. മതാത്മക മനഃശാസ്ത്രത്തില്‍ വലിയ വിപ്ലവകരമായ ആശയമാണ് ഇതിലൂടെ സംജാതമാവുന്നത്. അനീതി പ്രവര്‍ത്തിച്ച മകനോട് മാനുഷികനീതിക്കുമപ്പുറം അവന്‍റെ മുഴുവന്‍ അവകാശവും നല്‍കുന്ന തരത്തിലാണ് തിരിച്ച് പെരുമാറുന്നത്. എനിക്കുള്ളതെല്ലാം നിനക്കുള്ളതാണ് എന്ന പ്രസ്താവനയില്‍ സ്നേഹത്തിന്‍റെ മാറ്റ് അളന്ന് നിശ്ചയിക്കാനാവില്ല.

ദൈവത്തെ കൂടാതെ നമുക്ക് ഒന്നും ചെയ്യാനാവുകയില്ല എന്നതാണ് മറ്റൊരു നിഗൂഢമായ രഹസ്യം. നമ്മളാരും ഏകാന്തതയുടെ തുരുത്തില്‍ ജീവിക്കേണ്ടവരല്ല. കാരണം നമ്മുടെ ദൈവം നമ്മോടൊപ്പമുണ്ട്. നമുക്ക് ഒരു ആവശ്യം വരുമ്പോള്‍ ദൈവത്തെ സമീപിക്കണമെന്നുതന്നെയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ജനക്കൂട്ടത്തില്‍ നിന്ന് പിന്‍വാങ്ങി ഏകാന്തതയില്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരിക്കുന്ന യേശുവിനെ വി. ലൂക്കാ അവതരിപ്പിക്കുന്നു. യേശുവിന്‍റെ പ്രാര്‍ത്ഥനയില്‍ ആകര്‍ഷിക്കപ്പെട്ടതിനാലാവണം തങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് (ലൂക്കാ 11:1) ശിഷ്യര്‍ ആവശ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രാര്‍ത്ഥനയെന്ന് വിശേഷിപ്പിക്കാവുന്ന പ്രാര്‍ത്ഥന യേശു ശിഷ്യര്‍ക്ക് പകര്‍ന്നുകൊടുത്തു. പ്രാര്‍ത്ഥനയുടെ എല്ലാ സത്തും സമ്പത്തും പിതാവേ എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്നതിലുണ്ട്. സഭയുടെ ആരാധനക്രമത്തില്‍ യേശു പഠിപ്പിച്ച പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയായി നമ്മള്‍ അതിന്‍റെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്നു.

ദൈവത്തെ നിര്‍വചിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ നിരവധിയാണ്. അവരുടെ ബുദ്ധിയിലും അറിവിലും ദൈവത്തെ ഉള്‍ക്കൊള്ളാനാവുന്നില്ല. എന്നാല്‍ വളരെ ലളിതമായാണ് യേശു ദൈവത്തെ പരിചയപ്പടുത്തുന്നത്. അതില്‍ വിജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ഉള്‍പൊരുളുകള്‍ ഇഴചേര്‍ന്നിരിക്കുന്നു. പ്രാര്‍ത്ഥനയെന്നതും വളരെ ലളിതമാണ്. ദൈവത്തോട് നമ്മുടെ പ്രശ്നങ്ങളുടെ വലുപ്പം പറയുന്നതല്ല പ്രാര്‍ത്ഥന. മറിച്ച് നമ്മുടെ പ്രശ്നങ്ങളോട് ദൈവത്തിന്‍റെ മഹത്ത്വം പ്രഘോഷിക്കുന്നതാണ് പ്രാര്‍ത്ഥന. അപ്പോഴാണ് ദൈവം എന്‍റെ പിതാവും നമ്മള്‍ അവിടുത്തെ മക്കളുമാവുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org