ദൈവവിളി പ്രചാരകര്‍ ശ്രദ്ധിക്കാന്‍…

ദൈവവിളി പ്രചാരകര്‍ ശ്രദ്ധിക്കാന്‍…

മെയ് 7 ഞായര്‍ ആഗോള ദൈവവിളി പ്രാര്‍ത്ഥനാദിനം. തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍(മത്താ. 9:38). ദൈവശുശ്രൂഷയ്ക്കായി പൂര്‍ണമായും ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ ധീരത കാണിക്കുന്ന യുവതീയുവാക്കള്‍ തങ്ങളുടെ ദൈവവിളികള്‍ തിരിച്ചറിഞ്ഞു ശുശ്രൂഷാജീവിതത്തിനായി നിയോഗിക്കപ്പെടുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ദൈവവിളി ക്യാമ്പുകളും ധ്യാനങ്ങളും ധാരാളമായി നടക്കുന്നു. ദൈവവിളിയുടെ സ്വരം ശ്രവിക്കുന്നു എന്നു കരുതുന്നവരെ തിരക്കി ഓരോ സഭയുടെയും പ്രചാരകര്‍ എത്തുന്നു. കുഞ്ഞുനാള്‍ മുതല്‍ മാതാപിതാക്കളും ഇടവകയിലെ വികാരി അച്ചന്മാരും സിസ്റ്റേഴ്സും മതാദ്ധ്യാപകരും എല്ലാം വെളളമൊഴിച്ചു വളമിട്ടു വളര്‍ത്തി വലുതാക്കുന്നതാണ് സന്ന്യാസ-സമര്‍പ്പിത-പൗരോഹിത്യജീവിതത്തിലേക്കുള്ള വിളികള്‍. തിരിച്ചറിവും പ്രായപൂര്‍ത്തിയുമാകുമ്പോള്‍ 'മാമ്മോദീസയില്‍ വേരുറപ്പിച്ചിട്ടുള്ളതും ദൈവത്തിനു പൂര്‍ണമായി സമര്‍പ്പിച്ചിട്ടുള്ളതുമായ ഗാഢമായ ഒരു സമര്‍പ്പണം അനുഭവിച്ചറിയാനുള്ള മാര്‍ഗത്തിലേക്കു നമ്മെ നയിക്കുന്ന സന്ന്യാസ ജീവിതാവസ്ഥ (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം 916) കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ദൈവവിളി പ്രചാരകരുടെയും പരിപോഷകരുടെയും സാന്നിദ്ധ്യം ഏറെ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. ദൈവവിളിയെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടി തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനും പ്രചരിപ്പിക്കാനും സന്ന്യാസസമൂഹങ്ങള്‍ക്ക് അവകാശമുണ്ട് എന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എടുത്തുപറയുന്നു. അവര്‍ക്കു സന്ന്യാസാര്‍ത്ഥികളെ അന്വേഷിച്ചു കണ്ടുപിടിക്കുകയും ചെയ്യാം (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, സന്ന്യാസജീവിതം 24). എന്നാല്‍ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സഭ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യമേ കൊടുക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്. കാരണം അവരവരുള്‍പ്പെട്ട സഭയുടെ ഒന്നാംതരം സാക്ഷ്യപത്രവും സന്യാസജീവിതത്തിലേക്കുളള ക്ഷണക്കത്തും അവരുടെ ജീവിതമാതൃകതന്നെയാണ്(രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, സന്ന്യാസജീവിതം 24).
ദൈവവിളികള്‍ എണ്ണത്തില്‍ കുറയുന്ന കാലഘട്ടത്തില്‍ സഭാപഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അതേ നിറവോടും തികവോടുംകൂടി ആയിരിക്കണം ദൈവവിളികള്‍ കണ്ടെത്തേണ്ടത് എന്നു പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. പൗരോഹിത്യ ദൈവവിളികള്‍ കുറവില്ലാതെ മുന്നോട്ടുപോകുമ്പോഴും സന്ന്യാസ ദൈവവിളികള്‍ വിശിഷ്യ സ്ത്രീകളുടെ ദൈവവിളികള്‍ എണ്ണത്തില്‍ കുറയുകയാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മായം ചേര്‍ക്കാതെ സൂക്ഷിക്കണം എന്ന് എല്ലാ ദൈവവിളിപ്രചാരകരും ഓര്‍ത്തിരിക്കേണ്ടതാണ്.

പാപത്തില്‍ മരിച്ച് (റോമാ 6:11) ലോകമുപേക്ഷിച്ചു ദൈവത്തിനായി മാത്രം ജീവിച്ച്, ജീവിതം മുഴുവന്‍ ദൈവസേവനത്തിനായി ഉഴിഞ്ഞുവച്ച്, അതിവിശിഷ്ടമായ ഒരു സമര്‍പ്പണജീവിതത്തിലേക്കു (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍, സന്ന്യാസജീവിതം 5) കടന്നുവരാന്‍ കെല്പുള്ളവരെയാണോ തങ്ങള്‍ സമീപിക്കുന്നത് എന്നാവണം ദൈവവിളി പ്രചാരകരും പരിപോഷകരും ആദ്യം അന്വേഷിക്കേണ്ടതും ഉറപ്പുവരുത്തേണ്ടതും.

രണ്ടു വര്‍ഷം മുമ്പ് ഒരു വികാരിയച്ചന്‍ ദുഃഖത്തോടെ പറഞ്ഞ സംഭവം: അദ്ദേഹത്തിന്‍റെ ഇടവകയില്‍ നിന്ന് ഒരു കുട്ടി മഠത്തില്‍ പോകാനിടയുണ്ട് എന്നറിഞ്ഞ് അഞ്ചു സന്ന്യാസസഭകള്‍ അവളെ സമീപിച്ചു. അതില്‍ മൂന്നു കൂട്ടര്‍ വികാരിയച്ചനെ നേരിട്ടും മറ്റുളളവര്‍ ഫോണിലും ബന്ധപ്പെട്ടു. എല്ലാവരും കുട്ടിയെ തങ്ങളുടെ സഭയില്‍ കിട്ടുന്നതിനെപ്പറ്റി ഏറ്റം സ്നേഹത്തോടെ സംസാരിച്ചെങ്കിലും ഒരാള്‍പോലും ഈ കുട്ടിയുട സ്വഭാവം എങ്ങനെയെന്നോ, മേല്‍സൂചിപ്പിച്ച ധീരനിലപാടുകളെടുത്തു ദൈവവിളിയില്‍ നില്ക്കുമെന്നു തോന്നുന്നുണ്ടോ എന്നോ, ആ കുടുംബവും അതിന്‍റെ സാഹചര്യങ്ങളും എങ്ങനെയെന്നോ ഒന്നും ചോദിച്ചില്ലത്രേ. വികാരിയച്ചന്‍റെ ദയനീമായ ഒരു കൂട്ടിച്ചേര്‍ക്കല്‍; അവര്‍ക്ക് ഒരു പെണ്ണായാല്‍ മതി. ആ കുട്ടിയെപ്പറ്റി അച്ചന് നല്ലഅഭിപ്രായമില്ലേ എന്ന എന്‍റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ചിന്തോദ്വീപകമായിരുന്നു. കുട്ടിയുടെ സ്വഭാവമല്ല ഇവിടെ പ്രശ്നം, എടുക്കുന്നവരുടെ മാനദണ്ഡമാണ്. വന്ന അഞ്ചുപേര്‍ക്കും മാനദണ്ഡം വ്യത്യസ്തമായതിനാല്‍ ഞാന്‍ അവളെ മറ്റൊരു സഭയില്‍ ചേര്‍ത്തു!!!

ദൈവവിളി പ്രചാരകരും പരിപോഷകരും ചെയ്യുന്ന വിശിഷ്ടസേവനങ്ങളെ അഭിനന്ദിക്കുന്നു. നാളത്തെ സഭയെ ബലമുളളതാക്കാന്‍ നിങ്ങള്‍ ചെയ്യുന്ന വലിയ ശുശ്രൂഷകളെ ആദരവോടെ കാണുന്നു. എന്നാല്‍ നമ്മുടെ സഭയുടെ കെട്ടുറപ്പിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
1. അംഗബലത്തിലല്ല ഗുണനിലവാരത്തിലാണു കാര്യം എന്ന ഉറച്ച നിലപാടെടുക്കുക.
2. നമ്മുടെ സ്ഥാപനങ്ങളോ പ്രസ്ഥാനങ്ങളോ ഭാവിയില്‍ നടത്തിക്കൊണ്ടുപോകാനുളള റിക്രൂട്ട്മെന്‍റല്ല ദൈവവിളി എന്ന് ഉറപ്പുവരുത്തുക.
3. ഓരോ വര്‍ഷവുമുളള ദൈവവിളികളുടെ എണ്ണം പ്രൊവിന്‍സുകള്‍ തമ്മിലോ സഭകള്‍ തമ്മിലോ ഒരു മത്സരവിഷയമാക്കാതിരിക്കുക.
4. യോഗ്യതയില്ലാത്ത ഒരാളെങ്കിലും കയറിപ്പറ്റിയാല്‍ അതിലൂടെ ആഗോളസഭയ്ക്ക് ബാധ്യതയാണു വരുത്തിവയ്ക്കുന്നത് എന്ന ബോധ്യമുണ്ടാവുക.
5. ഓരോ തിരഞ്ഞെടുപ്പും (അധികാരികള്‍ പോലും അഭിനന്ദിച്ചാലും) ദൈവതിരുമുമ്പില്‍ കണക്കു കൊടുക്കേണ്ടതാണ് എന്ന അറിവുണ്ടാകുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org