എന്തേ ഡാവിഞ്ചി കോഡിനു ബൈബിള്‍ എന്ന് പേരിടാഞ്ഞേ?

എന്തേ ഡാവിഞ്ചി കോഡിനു ബൈബിള്‍ എന്ന് പേരിടാഞ്ഞേ?

എന്തു കഴിക്കണം കുടിക്കണം ധരിക്കണം എന്നൊക്കെ ആദ്യം നിശ്ചയിച്ചിരുന്നത് അവനവനായിരുന്നു. ഇന്ന് സംഘടനകളും ഭരണകൂടങ്ങളും സംഘം ചേര്‍ന്ന് ഇത് പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍ സംസ്കൃതവും പ്രബുദ്ധവുമായ ഒരു സമൂഹം മറുപടി പോലുമില്ലാതെ അമ്പരന്നു നില്‍ക്കുന്നു. മറുവശത്താകട്ടെ, ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യാവകാശങ്ങളുടെയും ഉറപ്പിക്കാനാവാത്ത അതിര്‍ത്തികളില്‍ കീഴ്വഴക്കങ്ങള്‍ വീര്‍പ്പുമുട്ടുന്നു. മയക്കോവ്സ്കിയെ ഓര്‍മ്മ വരുന്നു. ട്രാക്ടര്‍ എന്നല്ല, എന്‍റെ സര്‍ഗ്ഗാത്മകതയില്‍ ഇടപെടാന്‍ ഒരു ഗവണ്‍മെന്‍റിനും അധികാരമില്ലെന്ന് ജീവന്‍ കൊണ്ടു പ്രതിഷേധിച്ച റഷ്യന്‍ കവി. ഇന്ത്യയില്‍ നിന്നും കവികളെയും കലാകാരന്മാരെയും കുത്തിക്കയറ്റിയ ബസ് പാക്കിസ്ഥാനിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറായി നില്പാണ്. പാക്ക് ടൂറിസം പ്രൊമോഷന്‍ പേജ് ഇപ്പോള്‍ അവരേക്കാള്‍ നന്നായി കൈകാര്യം ചെയ്യുന്നത് ഇന്ത്യയിലാണ്.

ദേശസ്നേഹം എന്നത് ചിലരുടെ മാത്രം കുത്തകയാണെന്ന് ധരിച്ചുവശായ ചിലരില്‍ നിന്നാണ് പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത്. കേരളത്തിലെ നസ്രാ ണികളുടെ തുടക്കത്തെപ്പറ്റി ജോണ്‍ ബ്രിട്ടാസ് പറഞ്ഞതടക്കം സോഷ്യല്‍ മീഡിയയില്‍ പരസ്പരം കൊമ്പുകോര്‍ക്കാനല്ലാതെ ഗൗരവതരമായ ചര്‍ച്ചകള്‍ എവിടെയും കാണുന്നുമില്ല. ശശികലടീച്ചറുടെ വികാരപരമായ പരാമര്‍ശങ്ങള്‍ക്കിടയില്‍ വിവാദം മാത്രം കണ്ട് അടങ്ങി നില്പാണ് ഇതരസമൂഹങ്ങള്‍.

എംടിയുടെ ഭീമന്‍, ചന്തു, തച്ചന്‍ തുടങ്ങിയ പുനര്‍വായനകളില്‍ മലയാളി കുറച്ചൊന്നുമല്ല ആശ്വസിച്ചിരുന്നത്. മാറിയ കാലത്തില്‍ ദേശവിരുദ്ധമാകാന്‍ മാത്രം ദുരന്തസ്ഥാനത്തേയ്ക്ക് തെറിക്കപ്പെട്ട ബിംബങ്ങള്‍. ശകുന്തള ഏതു വിഭാഗത്തില്‍ വരും? അതെ. വിശ്വകവി കാളിദാസന്‍റെ ശകുന്തള തന്നെ. പുരാണങ്ങളില്‍ നിന്നു പുനഃസൃഷ്ടി നടത്തിയ ഈ ശാകുന്തളമല്ലാതെ, എത്രപേര്‍ കണ്ടിട്ടുണ്ട്, ഒറിജിനല്‍ ശകുന്തളയെ?

എന്തുകൊണ്ട് ഹൈന്ദവികത അപനിര്‍മാണം ചെയ്യപ്പെട്ടു എന്നതാണ് എന്‍റെ ചോദ്യം. ആഴത്തില്‍ ആലോചിക്കുമ്പോള്‍ നസ്രാണിയുടെ ആത്മാവിലേയ്ക്ക് വിരല്‍ പലകുറി നീളുന്നുണ്ട്.

ഞാന്‍ ഹിന്ദുവല്ല എന്ന് നസ്രാണി പറഞ്ഞുറപ്പിക്കാന്‍ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഹിന്ദു വിജാതീയനാണെന്നും ഉദയംപേരൂരിലെ വിവാദ സൂനഹദോസ് വരെയും ആരും ചിന്തിച്ചിരുന്നില്ല. നാടിന്‍റെ ആത്മാവിന്‍റെ പരസ്പരപൂരകങ്ങളെ വെട്ടിമുറിക്കാന്‍ ആദ്യം വാളെടുത്തത് നമ്മളാണ്. വരേണ്യതയുടെ ഇടപെടലുകളും അതിന്‍റെ തീവ്രതകളും ഇല്ലെന്നല്ല ഈ പറഞ്ഞ തിനര്‍ത്ഥം. വരേണ്യതയേക്കാള്‍ കേരളീയ പൊതുസമൂഹത്തെ എല്ലാ അര്‍ത്ഥത്തിലും സ്വാധീനിക്കാന്‍ നസ്രാണിക്ക് കഴിഞ്ഞിരുന്നു. പൂര്‍വ്വകാലങ്ങളില്‍ നസ്രാണി നേടിയ അസൂയാവഹമായ സാമൂഹികപദവികളും വിശ്വാസ്യതയും അനുകരണീയമായിരുന്നു. ഇവരുടെ കെട്ടുറപ്പുള്ള സംവിധാനങ്ങളും പ്രവര്‍ത്തനരീതികളും അനുകരിക്കുവാന്‍ ഇതരസമുദായങ്ങള്‍ സദാ ശ്രദ്ധിക്കാറുണ്ട്. ചാന്നാര്‍ ലഹള പോലെയുള്ള പ്രത്യക്ഷ സമരങ്ങളും ആയിരക്കണക്കിനു പരോക്ഷപരിവര്‍ത്തനങ്ങളും ഇതോടനുബന്ധിച്ച് ഉണ്ടായിട്ടുമുണ്ട്.

സഭയ്ക്ക് പുറത്തുനിന്നുള്ള ഇടപെടലുകളെ സമൂഹം ഇങ്ങനെ നോക്കിക്കാണുന്നു എന്നുകൂടിയും അവര്‍ പഠിക്കുന്നത് സ്വാഭാവികം. പലപ്പോഴും അസഹിഷ്ണുതാപരമായ നയങ്ങള്‍ കൊണ്ട് കത്തോലിക്കാസഭ പ്രതിസ്ഥാനത്തു പെട്ടുപോകുന്നു. പ്രതികരണങ്ങളിലാണ് ഇത് കൂടുതലും ഉണ്ടായത്. അതുമാത്രം നോക്കിപ്പഠിച്ച ബിജെപിക്കു സംഭവിച്ച ദുരന്തമാണ് ശശികല ടീച്ചര്‍ പോലെയൊരാള്‍. മഹാഭാരതം തൊടാതിരിക്കാന്‍ അവര്‍ പറഞ്ഞ ന്യായീകരണവും വെല്ലുവിളിയുമാണ് മേല്‍ പറഞ്ഞ ശീര്‍ഷകം. ഈ കുഴപ്പം പിടിച്ച സാമൂഹികാവസ്ഥയില്‍ സഭയ്ക്ക് പീലാത്തോസില്‍ നിന്ന് ദൂരം തേടേണ്ടി വരും. വര്‍ഗീയപ്രസ്ഥാനങ്ങള്‍ സ്വയം തിരുത്തട്ടെ എന്ന് പറഞ്ഞിരിക്കാതെ അനുഭാവപൂര്‍വ്വം ഇടപെടാന്‍ സമയമായിരിക്കുന്നു.

ഗീതയും ബൈബിളും എല്ലാം വിശുദ്ധഗ്രന്ഥങ്ങളായി പൂജിക്കാനുള്ള അവകാശം എല്ലാര്‍ക്കുമുണ്ട്. അതേസമയം അതു സര്‍ഗ്ഗാത്മകാവിഷ്കാരങ്ങളായി കാണാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യവും ആരും കവര്‍ന്നുകൂടാ. ഒരു ദൈവവും മതത്തില്‍ ഒതുങ്ങുന്നില്ല. ദൈവം മതത്തെ ഉപജീവിക്കുകയല്ല, അതിജീവിക്കുകയാണെന്ന സത്യം തി രിച്ചറിയണം. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത 'ഗുരു' എന്ന മോഹന്‍ലാല്‍ ചിത്രം ദിവസേന രണ്ടുനേരം കണ്ടാല്‍ തീരുന്ന പ്രശ്നമേ ഇപ്പോള്‍ നമ്മുടെ നാട്ടിലുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org