കോവിഡിനെതിരായ പോരാട്ടം, കേരളത്തിന്‍റെ മാര്‍ഗം

ഇന്ത്യയിലെ ആദ്യത്തെ കൊറോണവൈറസ് കേസ് തീര്‍ച്ചയാക്കിയത് ജനുവരി 30 നു കേരളത്തിലാണ്. മാരകമായ ഈ പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നു വന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അത്. നാടു നടുങ്ങി വിറച്ചു ആ വാര്‍ത്തയില്‍. പക്ഷേ അതിനേക്കാള്‍ ഭീകരമായിരുന്നു വരാനിരുന്ന വാര്‍ത്തകള്‍. ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴേയ്ക്കും നിരാശാജനകമായ അടുത്ത വാര്‍ത്തയെത്തി. ഇറ്റലിയില്‍നിന്നു വന്ന മൂന്നു വ്യക്തികളും അവരുടെ വയോധികരായ രണ്ടു കുടുംബാംഗങ്ങളും വൈറസ് ബാധിതരാണെന്നു കണ്ടെത്തി. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തെ രാജ്യത്തിന്‍റെ കോവിഡ്-19 പ്രഭവ കേന്ദ്രമാക്കിക്കൊണ്ടുള്ള ദുരന്താത്മകമായ സംഭവവികാസങ്ങള്‍ ചുരുളഴിയുകയായി. സംസ്ഥാനങ്ങളുടെ 'കോവിഡ് പട്ടിക'യില്‍ കേരളം ഒന്നാമതായി.

പക്ഷേ, കാര്യങ്ങള്‍ വീണ്ടും തകിടം മറിക്കാന്‍ കേരളത്തിന് അധികം സമയം വേണ്ടി വന്നില്ല. ഇതെഴുതുമ്പോള്‍ കേരളം ഈ പകര്‍ച്ചവ്യാധിയെ കീഴടക്കിയതിന്‍റെ വിജയകഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ലോകമെങ്ങും ഇതു പ്രകീര്‍ത്തിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നു. കേരളം സ്വന്തം നില വളരെയധികം മെച്ചപ്പെടുത്തുകയും കോറോണാ ബാധിത സംസ്ഥാനങ്ങളില്‍ പത്താം സ്ഥാനത്താകുകയും ചെയ്തു. 400 രോഗികളും വെറും രണ്ടു മരണങ്ങളും മാത്രമായി. കേരളത്തില്‍ രോഗികള്‍ സുഖം പ്രാപിക്കുന്ന നിരക്ക് ദേശീയ ശരാശരിയുടെ അഞ്ചു മടങ്ങിലധികമാണ്. മരണനിരക്കാകട്ടെ പോസിറ്റീവാകുന്നവരുടെ വെറും 0.5 ശതമാനം മാത്രവും. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഈ നിരക്ക് 3.5 ശതമാനമാണ്.

കേരളത്തില്‍ സംഭവിച്ചത് അത്ഭുതമോ ജാലവിദ്യയോ അല്ല. കോണ്ടാക്ട് ട്രേസിംഗ്, ഐസൊലേഷന്‍, നിരീക്ഷണം എന്നിവയ്ക്കായി ലോകാരോഗ്യസംഘടന നിര്‍ദേശിച്ച പദ്ധതി സംസ്ഥാനം അതീവ കൃത്യതയോടെ നടപ്പാക്കി. രോഗബാധിതരായ വ്യക്തികളുടെ റൂട്ട് മാപ്പുകള്‍ തയ്യാറാക്കി, അവരുടെ നീക്കങ്ങള്‍ നിരീക്ഷണത്തിലാക്കി, അവരുമായി ബന്ധമുണ്ടായവരെ ഐസൊലേറ്റ് ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടനെ സംസ്ഥാനം അക്കാര്യം അതിന്‍റെ യഥാര്‍ത്ഥ സന്ദേശമുള്‍ക്കൊണ്ട് ശക്തമായി നടപ്പാക്കി. 'സാമൂഹ്യ അകലം' പാലിക്കുക എന്നത് കടലാസിലെ കല്‍പനയായി ഒതുങ്ങിയില്ല, അതു യഥാര്‍ത്ഥജീവിതത്തില്‍ കാണാമായിരുന്നു.

കേരളത്തില്‍ കോവിഡ്-19 വക്രരേഖ ഇത്രവേഗം നേര്‍രേഖയിലേയ്ക്കു നിവര്‍ന്നു വന്നതിന് നിരവധി കാരണങ്ങളുണ്ട്. നിപാ വൈറസിനെ നിയന്ത്രിച്ചതിന്‍റെ അനുഭവ സമ്പത്ത് പ്രയോജനപ്പെട്ടു. തീവ്രമായ പരിശോധന, കോണ്ടാക്ട് ട്രേസിംഗ്, ഐസൊലേഷന്‍, ചികിത്സ  എന്നിവ നിര്‍ബന്ധമായി നടപ്പാക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് നിരക്ക് കേരളത്തിലായിരുന്നു. അതു പകര്‍ച്ചാ ചങ്ങല തകര്‍ക്കുന്നതിനു സഹായിച്ചു. ഈ മരണപോരാട്ടത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വഹിച്ച പങ്ക് ചെറുതായി കണ്ടുകൂടാ. മറ്റെല്ലായിടത്തും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധരസേവയും കല്ലേറുകളുമാണു കിട്ടുന്നതെങ്കില്‍ കേരളം അവരെ ആദരിക്കുകയും മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ദല്‍ഹി എഐഐഎംഎസിലെ റസിഡന്‍റ് ഡോക്ടര്‍മാര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്ത് ഇക്കാര്യത്തില്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. "കൊറോണ വൈറസിനെയല്ല ആളുകളുടെ അക്രമത്തെയാണ് തങ്ങള്‍ പേടിക്കുന്നത്" എന്നാണ് അവരെഴുതിയിരുന്നത്. പ്രത്യേക പരിശീലനവും സംരക്ഷണസാമഗ്രികളും ഏറ്റവും പ്രധാനമായി സാമൂഹിക പിന്തുണയും കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യമുയര്‍ത്തി നിറുത്തുന്നതിനു വലിയ സംഭാവനകള്‍ നല്‍കി. എല്ലാത്തിലുമുപരി കേരളത്തില്‍ നിലനില്‍ക്കുന്ന ശക്തമായ പൊതുജനാരോഗ്യസംവിധാനമാണ് കൊറോണാവൈറസുമായുളള പോരാട്ടത്തില്‍ കേരളത്തെ സഹായിച്ച പ്രധാന ഘടകം. മറ്റു പല സംസ്ഥാനങ്ങളിലും അലങ്കോലമായി കിടക്കുകയാണു പൊതുജനാരോഗ്യസംവിധാനം.

ഇതിനോടൊപ്പം ഉയര്‍ന്നു വന്ന, മുമ്പില്ലാതിരുന്ന മറ്റൊരു പ്രതിസന്ധിയിലേയ്ക്കുകൂടി വിരല്‍ ചൂണ്ടേണ്ടതുണ്ട്. അനിശ്ചിതമായ ഭാവിയിലേയ്ക്കു തുറിച്ചു നോക്കുന്ന ലക്ഷകണക്കിനു കുടിയേറ്റ തൊഴിലാളികള്‍. നിരവധി സംസ്ഥാനങ്ങള്‍ ഈ പ്രതിസന്ധിയുടെ മുമ്പില്‍ മുട്ടുമടക്കി. കേരളത്തിനാകട്ടെ സന്നദ്ധസംഘടനകളുടേയും സന്മനസ്സുള്ളവരുടെയും സഹായത്തോടെ അവരില്‍ ആത്മവിശ്വാസം നിറയ്ക്കാനും സംസ്ഥാനത്തില്‍ അവര്‍ക്ക് അന്തസ്സോടെയുള്ള താമസം ഉറപ്പാക്കാനും കഴിഞ്ഞു.

കേരളത്തിന്‍റെ വിജയകഥ ചില വികസിത രാജ്യങ്ങളെ പോലും പിന്നിലാക്കി കളഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പുനഃസംഘടിപ്പിക്കാന്‍ മറ്റു ചില സംസ്ഥാന സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കുന്നതാണ് കേരളത്തിന്‍റെ വിജയകഥ. ആരോഗ്യമേഖലയുടെ പരിപാലനത്തില്‍ തന്‍റെ സംസ്ഥാനത്തെ കണ്ടു പഠിക്കാന്‍ കേരളത്തെ ഉപദേശിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പോലുളളവര്‍ ലജ്ജിച്ചു തല താഴ്ത്തണം. കേന്ദ്രത്തില്‍ നിന്നു കൂടുതല്‍ പിന്തുണയുണ്ടെങ്കില്‍, മറ്റുള്ളവര്‍ക്കു മാതൃകയാകുന്നതിനേക്കാളേറെ കാര്യങ്ങള്‍ കേരളത്തിനു നേടാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org