ബഹുസ്വരത ഭീഷണിയില്‍

ബഹുസ്വരത ഭീഷണിയില്‍

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ ഈയിടെയുണ്ടായ "എല്ലാ ഇന്ത്യാക്കാരും ഹിന്ദുക്കളാണ്" പോലെയുള്ള വിചിത്ര പ്രസ്താവനകളും ഭരണകൂടത്തിലേയും ഭരണകക്ഷിയിലേയും ഉത്തരവാദിത്വമുള്ള മറ്റുള്ളവരെയും ഇതേ മട്ടിലുള്ള വിചിത്ര പ്രഖ്യാപനങ്ങളും ഒരു കാര്യം വെളിപ്പെടുത്തുന്നുണ്ട്: ഇതുവരെ മറഞ്ഞു കിടക്കുകയായിരുന്ന ഹിന്ദുരാഷ്ട്രത്തിന്‍റെ ദംഷ്ട്രകള്‍ വിപല്‍ക്കരമാംവിധം വെളിയില്‍ വന്നു തുടങ്ങിയിരിക്കുന്നു. എം എസ് ഗോള്‍വള്‍ക്കറും വി ഡി സവര്‍ക്കറും പോലെയുള്ള ഹിന്ദുത്വയുടെ ആചാര്യന്മാര്‍ ആവേശകരമായി മുന്നോട്ടു വച്ച കാര്യങ്ങള്‍ അവരുടെ പിന്‍ഗാമികളും സംഘവും അവയുടെ സ്വാഭാവികമായ പരിണതിയിലേയ്ക്ക് എത്തിക്കുകയാണ്. മതം, സംസ്കാരം, പ്രദേശം, ഭാഷ തുടങ്ങിയവയിലെ വൈവിധ്യം എന്തുതന്നെയായാലും എല്ലാ ഇന്ത്യാക്കാരും ഭൂരിപക്ഷ ഹിന്ദുമതത്തിന്‍റെ ഒരേ ചരടില്‍ കോര്‍ത്തിണക്കപ്പെടണമെന്ന് സംഘ് പരിവാര്‍ ആവശ്യപ്പെടുന്നു. ഇത് ഇന്ത്യയുടെ ആത്മാവായ ബഹുസ്വരതയ്ക്കു കിട്ടുന്ന മാരകമായ ഒരു പ്രഹരമാണ്.

നിയമനിര്‍മ്മാണ നടപടികള്‍ കൊണ്ടും അതിനെ ന്യായീകരിക്കാനുള്ള സമര്‍ത്ഥമായ പരിശ്രമങ്ങള്‍ കൊണ്ടും ഹിന്ദു രാഷ്ട്രത്തിലേയ്ക്കുള്ള പ്രയാണത്തെ ശക്തിപ്പെടുത്തുകയാണ്. ദശലക്ഷകണക്കിനു ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ ദേശീയത ലഭിക്കാന്‍ ഇടയാക്കുന്ന പൗരത്വ ഭേദഗതി നിയമം നിഷ്കളങ്കമായ ഒരു നീക്കമല്ല. പ്രക്ഷോഭകര്‍ക്കെതിരെ ആക്രോശിക്കപ്പെടുന്ന "പാക്കിസ്ഥാനിലേയ്ക്കു പോകൂ" എന്ന അധിക്ഷേപങ്ങളോടു ചേര്‍ത്തു വായിച്ചാല്‍ ഭരണകൂടത്തിന്‍റെ ഈ ഭീകര തീരുമാനത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം മനസ്സിലാകും. "മറ്റേതെങ്കിലും രാജ്യത്ത് ഹിന്ദുക്കള്‍ക്കാര്‍ക്കും പൗരത്വം ലഭിക്കുകയില്ല" എന്നിങ്ങനെയുള്ള തികച്ചും അവാസ്തവമായ പ്രസ്താവനകള്‍ കേട്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കുമാവില്ല. ലോകമെങ്ങുമുള്ള അനേകം രാജ്യങ്ങളില്‍ ലക്ഷകണക്കിനു ഹിന്ദുക്കള്‍ പൗരത്വമെടുത്തിട്ടുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. ഒരു നുണ ആയിരം തവണ പറഞ്ഞാല്‍ സത്യമാകുമെന്ന യുക്തിയാണ് ഇതിലും ആര്‍ എസ് എസ് പിന്തുടരുന്നത്.

ഇന്ത്യ സംസ്കാര ബഹുത്വമുള്ള, വൈവിദ്ധ്യമുള്ള ഒരു രാജ്യമാണ്. ബഹുസ്വരതയുടെ ജീവത്തായ ഒരു ചരിത്രം ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇവിടെ പുലര്‍ന്നു വരുന്നു. പുരാതന ഇന്ത്യ മുതല്‍ യുഗങ്ങളായി നാം കൈമാറി വരുന്ന മഹത്തായ പൈതൃകമാണ് മതപരമായ വൈവിദ്ധ്യം. ഹിന്ദുമതവും ഇസ്ലാമും ക്രിസ്തുമതവും സിഖുമതവും ബുദ്ധമതവും ജൈനമതവും ഒക്കെ ഇവിടെയുണ്ടായിരുന്നു. അസത്യങ്ങള്‍ പറഞ്ഞാല്‍, അവ ഒരു കോടി തവണ ഉരുക്കഴിച്ചാലും ഈ സത്യം തമസ്കരിക്കാനാകില്ല. ഇന്ത്യയിലെ ആദ്യം മുതലുള്ള നിവാസികള്‍ ഹിന്ദുക്കളാണെന്നും ഹിന്ദുയിസമാണ് ഇന്ത്യയുടെ മതമെന്നും പറയുന്നത് സത്യമല്ല. ദ്രാവിഡരും ആദിവാസികളുമാണ് ഇന്ത്യയിലെ ആദിമകാലനിവാസികളെന്നത് ചരിത്രപരമായ തെളിവുകളുള്ള വസ്തുതയാണ്. പക്ഷേ ഇന്ത്യ ഒരു ദ്രാവിഡനാടാണെന്നോ ആദിവാസി നാടാണെന്നോ ഒരു ചരിത്രകാരനും പറയാറില്ല. അതുകൊണ്ടു തന്നെ പില്‍ക്കാലത്തു മാത്രം വന്നവര്‍ (ഹിന്ദുക്കള്‍) ഈ നാടിന് അവരുടെ മതത്തിന്‍റെ പേരു നല്‍കുന്നത് ചരിത്രപരമായ വിഡ്ഢിത്തമായിരിക്കും.

ആര്‍ എസ് എസ് നേതാക്കളും അവരെ പിന്തുണയ്ക്കുന്ന ഭരണകൂടത്തിലെ കാലാള്‍പ്പടയും നടത്തുന്ന പ്രസ്താവനകള്‍ മഹാന്മാരായ ഹിന്ദു സന്യാസികളും ജ്ഞാനികളും തത്ത്വചിന്തകരും നല്‍കിയിട്ടുള്ള പ്രബോധനങ്ങള്‍ക്കു തികച്ചും വിരുദ്ധമാണ്. ഏറ്റവും ആദരിക്കപ്പെടുന്ന ഹിന്ദു സന്യാസിയും തത്ത്വചിന്തകനുമായ സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ ഹിന്ദുക്കളുടെ ഒരു രാജ്യമായിട്ടല്ല, മറിച്ച് അനേകം മതങ്ങള്‍ സഹവര്‍ത്തിക്കുന്ന രാജ്യമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ദൈവമെന്ന ഒരേ യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള പല മാര്‍ഗങ്ങളാണ് പല മതവിശ്വാസങ്ങളെന്ന വിശ്വാസം ഉള്ളതുകൊണ്ട് ഇതര മതങ്ങളിലുള്ളവരെ സ്വന്തം മതത്തിലേയ്ക്കു മാറ്റണമെന്ന ആവശ്യം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കു തോന്നിയിട്ടില്ല.

ദൗര്‍ഭാഗ്യവശാല്‍ ഇന്നു നാം ഇവിടെ കാണുന്നത് രാജ്യത്തു വരാനിരിക്കുന്നതിന്‍റെ ഒരു ആമുഖമാണ്. ഭരണകൂടത്തിനു മേല്‍ കൈ കടത്താന്‍ സംഘപരിവാറിനെ അനുവദിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന പുതിയ ഭരണഘടനയുടെ ആമുഖത്തിന്‍റെ ഭാഗങ്ങളാകാം, മോഹന്‍ ഭഗവതിനെ പോലുള്ളവരില്‍ നിന്നു നാമിന്നു കേള്‍ക്കുന്നത്. ഇതുവരെ മൂടിപ്പൊതിഞ്ഞു വച്ചിരുന്ന കാവി കര്‍മ്മ പരിപാടിയാണ് ഇപ്പോള്‍ മറ നീക്കി വരുന്നതായി നാം കേള്‍ക്കുന്നതും കാണുന്നതും

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org