Latest News
|^| Home -> Pangthi -> ഡെല്‍ഹി ഡെസ്ക് -> അധികാര ദുര്‍വിനിയോഗത്തിന്‍റെ വൈറസ്

അധികാര ദുര്‍വിനിയോഗത്തിന്‍റെ വൈറസ്

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap.

ഡെല്‍ഹി ഡെസ്ക്

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap.

അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലാകുന്നത് ഇതാദ്യമല്ല. അധികാരം ദുര്‍വിനയോഗിക്കുന്നതിനു ഭരണകൂടങ്ങളെയും നിയമപാലനസംവിധാനങ്ങളെയും സുപ്രീം കോടതി ശക്തമായി വിമര്‍ശിക്കുന്നതും ആദ്യമായിട്ടല്ല. അധികാരത്തിലിരിക്കുന്നവര്‍ എഴുതാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കുന്നതിനു നിയമക്കുരുക്കുകളിലകപ്പെടുത്താന്‍ പോകുന്ന അവസാനത്തെയാളുമായിരിക്കില്ല പ്രശാന്ത് കനോജിയ. ശക്തമായ കോടതിയുത്തരവുകളുണ്ടായിട്ടും പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഭരണകൂടം ആവര്‍ത്തിച്ചു ലംഘിക്കുന്നതു പക്ഷേ ഉത്കണ്ഠയുളവാക്കുന്നുണ്ട്.

ഭരണകൂടത്തിനും അതിന്‍റെ നേതാക്കള്‍ക്കും നവമാധ്യമവേദികള്‍ നിരന്തരമായ അലോസരമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പക്ഷേ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ നിരവധി പത്രപ്രവര്‍ത്തകരെ അഴികള്‍ക്കുള്ളിലാക്കുവാന്‍ യു പി സര്‍ക്കാര്‍ കാണിച്ച അമിതാവേശം കടുത്ത ധിക്കാരത്തിന്‍റെ പ്രകടമായ നടപടികളാണ്. നിയമത്തിന്‍റെ യാതൊരു അടിസ്ഥാനവുമില്ലാത്തതായിരുന്നു ഈ അനാവശ്യ നടപടികള്‍. സമൂഹമാധ്യമശൃംഖലകളുടെ അനിയന്ത്രിതമായ ദുരുപയോഗത്തെ അംഗീകരിക്കുന്നില്ലെങ്കിലും അതിനെതിരായ നടപടികള്‍ വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നതിനുള്ള ഉപായമായി ഉപയോഗിക്കപ്പെടാന്‍ പാടില്ലെന്നു സുപ്രീം കോടതി അതുകൊണ്ടു വ്യക്തമായി പ്രസ്താവിച്ചു. വ്യക്തിസ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുകയും നിയമവ്യവസ്ഥകള്‍ പാലിക്കാതെ പൗരന്മാരെ തടവിലടക്കുകയും ചെയ്യുന്നതു കണ്ട് അമ്പരന്നിരിക്കുകയാണു സുപ്രീം കോടതി.

കനോജിയയുടെ അറസ്റ്റ് നടന്നത് ദല്‍ഹിയിലാണ്. അതിര്‍ത്തി കടക്കാനും അയല്‍ സംസ്ഥാനത്തു നിന്നൊരാളെ ലോക്കല്‍ മജിസ്ട്രേറ്റില്‍ നിന്നുള്ള ട്രാന്‍സിറ്റ് റിമാന്‍ഡ് നേടാതെ ബലം പ്രയോഗിച്ചു കൊണ്ടുപോകാനും യുപി പൊലീസ് ധൈര്യപ്പെട്ടു. ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശം കൂടാതെ ഇത്രയും പ്രകടമായ ഒരു നിയമവിരുദ്ധപ്രവൃത്തി ചെയ്യാന്‍ പൊലീസ് തയ്യാറാകുമെന്നു കരുതാനാകില്ല. പത്രപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യുന്നതിനു പൊലീസ് പറഞ്ഞ വകുപ്പുകള്‍ നിയമവാഴ്ചയെ പരിഹസിക്കുന്നതാണ്. ഉദാഹരണത്തിനു കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളില്‍ നാശം വരുത്തുന്നതുമായി ബന്ധപ്പെട്ട വിവര സാങ്കേതികവിദ്യാ നിയമത്തിലെ 66-ാം വകുപ്പ്. ഇതൊരിക്കലും സമൂഹമാധ്യമരചനകള്‍ക്കെതിരെ പ്രയോഗിക്കാനാകുന്നതല്ല. പത്രപ്രവര്‍ത്തകരുടെ വിവാദ ട്വിറ്റുകള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു യുപി മുഖ്യമന്ത്രിക്കു തോന്നുന്നുണ്ടെങ്കില്‍ അദ്ദേഹം കോടതിയെ സമീപിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുകയുമാണു വേണ്ടിയിരുന്നത്. അതിനു പകരം പൊലീസ് എടുത്ത നടപടി പരമോന്നത കോടതിയെ ചൊടിപ്പിക്കുകയും പത്രപ്രവര്‍ത്തകനെ ഉടനടി മോചിപ്പിക്കാന്‍ കല്‍പിക്കുകയും ചെയ്തു.

കടിഞ്ഞാണില്ലാത്ത നവമാധ്യമസന്ദേശങ്ങളും വിവരങ്ങളും നിരവധി പേരുടെ സത്പ്പേരിനെ കളങ്കപ്പെടുത്തുന്നുണ്ടെന്നതു വാസ്തവമാണ്. എന്നുവച്ച്, എല്ലാ ഭരണകൂട, നിയമപാലന സംവിധാനങ്ങളും ഏതാനും വ്യക്തികളെ തിരഞ്ഞുപിടിക്കാനും ജയിലിലടയ്ക്കാനും തുടങ്ങിയാല്‍ അതു നീതിയുടെ നശീകരണമല്ലാതെ മറ്റൊന്നുമല്ല. തന്നെക്കുറിച്ചു തെറ്റായ വാര്‍ത്തകളെഴുതുകയോ വ്യാജവും വിഷലിപ്തവുമായ ആര്‍എസ്എസ്/ബിജെപി പ്രചാരവേല ഏറ്റുപിടിക്കുകയോ ചെയ്യുന്നവരെയെല്ലാം ജയിലിലടക്കാന്‍ തുടങ്ങിയാല്‍ മിക്ക പത്രങ്ങളിലും വാര്‍ത്താ ചാനലുകളിലും ജോലിക്കാരുടെ ഗുരുതരമായ ക്ഷാമം ഉണ്ടാകുമെന്ന കാര്യമാത്രപ്രസക്തമായ പ്രസ്താവന രാഹുല്‍ ഗാന്ധിയില്‍ നിന്നുണ്ടായത് അതുകൊണ്ടാണ്.

നുണകളും വിവരക്കേടുകളും കടിഞ്ഞാണില്ലാതെ പരത്തുവാന്‍ സമൂഹമാധ്യമങ്ങള്‍ക്കു കഴിയണമെന്ന വാദം ആര്‍ക്കുമില്ല. പക്ഷേ തങ്ങള്‍ക്കെതിരെ അന്യായ വിമര്‍ശനമുന്നയിക്കുന്നവര്‍ക്കെതിരെയെല്ലാം അധികാരദുര്‍വിനിയോഗം നടത്താനും നിയമവിരുദ്ധമായ നടപടികളെടുക്കാനും അധികാരികള്‍ തുനിയുന്നത് അംഗീകരിക്കാനാകില്ല. ചില വീക്ഷണങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്, അവ അധികാരകേന്ദ്രങ്ങള്‍ക്ക് അപ്രിയകരങ്ങളാകാമെങ്കില്‍ കൂടിയും നിയമലംഘനമാണെന്നു വ്യാഖ്യാനിക്കാനാകില്ല. വ്യത്യസ്ത വീക്ഷണങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്നതിനു കൂച്ചുവിലങ്ങിടുന്നത് നിയമത്തിന്‍റെ ചൈതന്യത്തിനെതിരാണ്. യു പി ഗവണ്‍മെന്‍റും പോലീസും മാത്രമല്ല നിയമത്തെ അവഗണിക്കുന്നത്. സമൂഹമാധ്യമ ഉപയോക്താക്കളെ മെരുക്കുന്നതിനു നിയമത്തെ ദുരുപയോഗിക്കുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കര്‍ണാടക, കേരളം, അസ്സം, ത്രിപുര, ഛത്തീസ്ഗഡ് തുടങ്ങിയ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നുണ്ട്. നമ്മുടെ സംവിധാനത്തില്‍ അതിവേഗം പടരുന്ന ഈ വൈറസിനു സുപ്രീം കോടതി വിധി കടിഞ്ഞാണിടട്ടെ.

Comments

One thought on “അധികാര ദുര്‍വിനിയോഗത്തിന്‍റെ വൈറസ്”

 1. Bennykottooran says:

  നമ്മുടെ ചുറ്റുവട്ടത്തിന്റെ നേര്കാഴ്ച്ച യെ ഇത്രയും പച്ചയായി അവതരിപ്പിച്ച സുരേഷ് കപ്പൂച്ചിൻ അച്ചന് സ്നേഹത്തിന്റെ നിറമാണ് അപരനോടുള്ള തന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണ് അച്ചന്റെ ഓരോ വാക്കുകളും
  അറിയുന്നവന്റെ മൗനം
  മ ഹാപരാധം എന്നു പറയുന്നു കാലത്തിന്റെ മുഖത്തു നോക്കി അധികാരികളുടെ ആക്രോസമാണ്‌.
  ഇന്നിന്റെ വലിയ ശബ്ദം
  മിണ്ടരുത്….
  മിണ്ടിയാൽ നിന്നെ തല്ലാനും കൊല്ലാനും ഇവിടെ സാധ്യതയേറുന്നു.
  മൗനാമാണ് ഇന്നിന്റെ സ്വീകാര്യത. അധികാരികളുടെ ധര്ഷ്ട്യം അത്രയ്ക്കും മേലാണ്.
  നമ്മുടെ തച്ചന്റെ മക്കളും അതിനു ഒരപവാദം അല്ല. അവരും ഈ ലോകത്തിന്റെ കുത്തൊഴുക്കിൽ അടി തിമിർക്കുന്നു.
  അപ്രിയ സത്യത്തിനു ഇവിടെ വായ് നഷ്ട മായിരിക്കുന്നു.
  പ്രവാചക ധര്മത്തിനാണ് ഇന്നിൽ അപചയം.
  പറയുന്നവരുടെ നാവ് അറിയുന്ന അധികാരികളുടെ എണ്ണത്തിൽ വളരെ വർദ്ധനവ് ഉണ്ടായിരിക്കുന്നു.
  സഭയുടെ വർത്തമാനകാല പ്രവർത്തികളും ഇത്തരം പ്രവണതയെ ഒസാന പാടുമ്പോൾ ഇവിടെ സത്യം മരിച്ചുവീഴുന്നു.
  വീഴ്തുവാനാണു അവർ അധികാരികൾ.
  അറിയുന്നവയെ വലിയ വായിൽ വിളിച്ചുപറയുവാനുള്ള വിളിയാണ് ഓരോ തച്ചന്റെ മക്കളുടെയും
  എന്നൊരു ഓർമ്മപ്പെടുത്തലുകൾ
  ബെന്നി കോട്ടൂരാൻ
  ചേർത്തല

Leave a Comment

*
*