|^| Home -> Pangthi -> ഡെല്‍ഹി ഡെസ്ക് -> കോണ്‍ഗ്രസ് പ്രതിസന്ധിയില്‍, ജനാധിപത്യം അപകടത്തില്‍

കോണ്‍ഗ്രസ് പ്രതിസന്ധിയില്‍, ജനാധിപത്യം അപകടത്തില്‍

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap.

തോല്‍വികള്‍ അലങ്കാരമാക്കുന്ന പാര്‍ട്ടിയാണു ബിജെപി. കാര്യം നേടാനുള്ള കുറുക്കുവഴികള്‍ തേടുമ്പോള്‍ ഉണ്ടാകുന്ന നാണക്കേടുകള്‍ അവര്‍ അന്തസ്സായി കരുതുകയാണ്. കഴിഞ്ഞ വര്‍ഷം കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കൂടിയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം അവരുന്നയിക്കുകയും ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. പക്ഷേ നിയമസഭയില്‍ ഭൂരിപക്ഷപരിശോധനയെ അഭിമുഖീകരിക്കുക പോലും ചെയ്യാതെ അദ്ദേഹത്തിനു പടിയിറങ്ങേണ്ടി വന്നു. കോണ്‍ഗ്രസ് – ജെ ഡി (എസ്) സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പക്ഷേ ഏതാനും മാസം അടങ്ങിയിരുന്നതിനു ശേഷം അവര്‍ സര്‍ക്കാരിനെ പുറത്താക്കാനുള്ള ഓപ്പറേഷന്‍ താമരയുമായി രംഗത്തു വന്നു. അതു വിജയമായില്ല. പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ വന്‍വിജയത്തോടെ കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ വര്‍ദ്ധിതാവേശത്തോടെ മുന്നോട്ടിറങ്ങി. ഇപ്രാവശ്യം കുറേ കോണ്‍ഗ്രസ്, ജെ ഡി (എസ്) എം എല്‍ എ മാര്‍ ബി ജെ പി യുടെ കുതന്ത്രങ്ങളില്‍ വീണു. ഇതില്‍ പങ്കൊന്നുമില്ലെന്ന് ബി ജെ പി അവകാശപ്പെടുന്നുണ്ടെങ്കിലും വിമത എം എല്‍ എ മാരെ രാജ്യമൊട്ടുക്കും കൊണ്ടു നടക്കുന്നതിലും അടിയ്ക്കടി ഹോട്ടലുകള്‍ മാറ്റുന്നതിലും ഈ പാര്‍ട്ടിയുടെ പങ്ക് പ്രകടമാണ്. കാവിപാര്‍ട്ടിയുടെ ഈ ഉപജാപം കര്‍ണാടകയില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. ഗോവയില്‍ മൂന്നില്‍ രണ്ടു ഭാഗം കോണ്‍ഗ്രസ് എം എല്‍ എ മാരാണ് രാത്രിയ്ക്കുരാത്രി ബി ജെ പി യിലേക്കു കാലു മാറിയത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തലനാരിഴ ഭൂരിപക്ഷത്തില്‍ നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്കും ഈ ‘വൈറസ്’ പകരാനുള്ള സാദ്ധ്യത നില്‍ക്കുന്നു.

ഇപ്പോഴത്തെ ഈ കുഴപ്പങ്ങളുടെ കാരണക്കാര്‍ ബി ജെ പി മാത്രമല്ല. കോണ്‍ഗ്രസിന്‍റെ ഉന്നതത്തിലെ നേതൃത്വശൂന്യത ആ പാര്‍ട്ടി പ്രവര്‍ത്തകരുടെ എല്ലാ തലങ്ങളിലും കുറേ നിരാശയുണ്ടാക്കിയിട്ടുണ്ട്. കാറും കോളും കൊണ്ട രാഷ്ട്രീയക്കടലില്‍ കപ്പിത്താനില്ലാത്ത കപ്പല്‍ പോലെ ആടിയുലയുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന്. പാര്‍ട്ടിയുടെ തന്നെ നിലനില്‍പു പ്രതിസന്ധിയിലായിരിക്കെ അതിലെ തങ്ങളുടെ അനിശ്ചിതമായ ഭാവിയെക്കുറിച്ചുള്ള എം എല്‍ എ മാരുടെ ആശങ്കയാണ് കര്‍ണാടകയിലെയും ഗോവയിലെയും എം എല്‍ എ മാരുടെ രാജിയിലും കൂറുമാറ്റത്തിലും പ്രതിഫലിക്കുന്നത്. പൊതുതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് നേതൃപദവി വിടുവാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരൂമാനത്തെത്തുടര്‍ന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിലേക്കു കടക്കാന്‍പോലും ഈ മഹത്തായ പാരമ്പര്യവും പഴക്കവുമുള്ള പാര്‍ട്ടിക്കു കഴിയുന്നില്ലെന്നത് അചിന്ത്യമായിരിക്കുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടി ഒരു യുദ്ധകാലാടിസ്ഥാനത്തില്‍ സ്വയം പുനഃനിര്‍മ്മിക്കുകയും സജീവമായ ഒരു പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതു രാഷ്ട്രത്തെ വഞ്ചിക്കുകയാകും ചെയ്യുക. ഒട്ടും സമയം പാഴാക്കാനുള്ള അവസ്ഥയിലല്ല കോണ്‍ഗ്രസ്. സകലരേയും ഉള്‍ക്കൊള്ളുന്ന ഒരു ദര്‍ശനമുള്ള, ഊര്‍ജ്ജസ്വലതയുള്ള ഒരു നേതാവിനെ ആ പാര്‍ട്ടി തിരഞ്ഞെടുക്കേണ്ടതുണ്ട്. യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കിക്കൊണ്ട് പാര്‍ട്ടിയെ പുനഃനിര്‍മ്മിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും ദര്‍ശനവും വ്യക്തമായ ഭാഷയില്‍, ആകര്‍ഷകമായ ഒരു കര്‍മ്മപരിപാടിയോടു കൂടി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ജനതയുടെ ജീവല്‍ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതായിരിക്കണം ഇതെല്ലാം.

ഫലപ്രദമായ ഒരു പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍, ലോക്സഭയില്‍ മൃഗീയഭൂരിപക്ഷമുള്ള ഭരണകക്ഷി എളുപ്പത്തില്‍ സ്വേച്ഛാധിപത്യസ്വഭാവം സ്വീകരിക്കുകയും ജനാധിപത്യത്തെപ്പോലും പാളം തെറ്റിക്കുകയും ചെയ്തേക്കും. തങ്ങളുടെ പ്രത്യയശാസ്ത്രം ഹിന്ദുത്വയാണെന്ന് ആര്‍എസ്എസ്-ബിജെപി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. വി ഡി സവര്‍ക്കറും എം എസ് ഗോള്‍വള്‍ക്കറും വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്ര നിര്‍മ്മാണമെന്ന ലക്ഷ്യത്തിന്‍റെ സാക്ഷാത്കാരത്തിലേയ്ക്കു വളരെ തന്ത്രപൂര്‍വം നീങ്ങിക്കൊണ്ടിരിക്കുകയാണവര്‍. ശക്തമായ ഒരു പ്രതിപക്ഷത്തിന്‍റെ അഭാവത്തില്‍ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനം എളുപ്പത്തില്‍ സാധിക്കാനാകും.

അധാര്‍മ്മികമാര്‍ഗങ്ങളിലൂടെ രാജ്യമെങ്ങും തങ്ങളുടെ മുദ്ര പതിപ്പിക്കാനുള്ള ബി ജെ പി യുടെ പരിശ്രമങ്ങള്‍ ഹ്രസ്വകാലാടിസ്ഥാനത്തിലെങ്കിലും വിജയിച്ചേക്കാം. പക്ഷേ രാജ്യമാണ് അതില്‍ അന്തിമമായി പരാജയപ്പെടുക. ഏതു വിധേനയും അധികാരം കയ്യടക്കുക എന്നത് ജനാധിപത്യമല്ല, സ്വേച്ഛാധിപത്യമാണ്.

Leave a Comment

*
*