Latest News
|^| Home -> Pangthi -> ഡെല്‍ഹി ഡെസ്ക് -> ബാങ്കുകളെ വിശ്വസിക്കാമോ?

ബാങ്കുകളെ വിശ്വസിക്കാമോ?

ഫാ. സുരേഷ് മാത്യു പള്ളിവാതുക്കല്‍ OfmCap.

യെസ് ബാങ്ക് ഉപഭോക്താക്കളെ സംബന്ധിച്ച് നോ ബാങ്ക് ആയി മാറിയിരിക്കുന്നു. ഈ ബാങ്കിനു മേല്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മുംബൈ ആസ്ഥാനമായുള്ള പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോപറേറ്റീവ് ബാങ്കിന്‍റെ തകര്‍ച്ച കഴിഞ്ഞ് ആറു മാസം തികയുന്നതിനു മുമ്പേയാണ് ബാങ്കിംഗ് രംഗത്തെ ഭയാനകമായ ഈ സാഹചര്യം ഉണ്ടായിരിക്കുന്നത്. പതിനാറു ലക്ഷം നിക്ഷേപകരെയാണ് ഈ തകര്‍ച്ച ബാധിച്ചത്. അതിന്‍റെ ഉപഭോക്താക്കളെല്ലാം തങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണം ലഭിക്കുന്നതിനു നെട്ടോട്ടമോടുകയാണ്. സ്വകാര്യമേഖലാ ബാങ്കുകള്‍ മാത്രമല്ല ഇത്രയും ഗുരുതരമായ അവസ്ഥയിലുള്ളതെന്ന്, ഈ വിഷയം കൂടുതല്‍ അപഗ്രഥിക്കുന്നതിനു മുമ്പ് നാം മനസ്സിലാക്കുക പ്രധാനമാണ്. കിട്ടാക്കടം മൂലമുണ്ടായ ഗുരുതരമായ സാമ്പത്തികഞെരുക്കത്തെ മറികടക്കുന്നതിനു വിവിധ പൊതുമേഖലാ ബാങ്കുകളെ സഹായിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് നികുതിദായകരുടെ 2.11 ലക്ഷം കോടി രൂപായാണ് മോദി ഗവണ്‍മെന്‍റ് ഒഴുക്കിയത്.

യെസ് ബാങ്ക് പ്രതിസന്ധിയുടെ ഉത്ഭവമറിയാന്‍ ഏറെയൊന്നും പരതേണ്ടതില്ല. തിരിച്ചടയ്ക്കാനുള്ള പ്രാപ്തി സംശയാസ്പദമായ നിലയിലുള്ള കമ്പനികള്‍ക്കു വന്‍തുക ഈ ബാങ്ക് വായ്പ നല്കിയിരുന്നു. പത്തു വലിയ ബിസിനസ് ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ള ചുരുങ്ങിയത് 44 കമ്പനികള്‍ക്കായി 34,000 കോടി രൂപയിലധികം രൂപായാണ് വായ്പ കൊടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെറും ചവറു കമ്പനികളാണ് ഇവ. വായ്പ തിരിച്ചടയ്ക്കാത്തവയെന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ് ഇവയില്‍ പല കമ്പനികളും. ചുരുങ്ങിയത് ഒരു കമ്പനിയെങ്കിലും പാപ്പരായതുമാണ്. അതുകൊണ്ട്, പ്രസക്തമായ ചോദ്യമിതാണ്: സംശയകരമായ സ്ഥിതിയുള്ള ഈ കമ്പനികള്‍ക്ക് വായ്പകള്‍ നല്‍കിയത് പുറമെ നിന്നുള്ള സമ്മര്‍ദ്ദത്തിന്‍റെ ഫലമാണോ? വായ്പകള്‍ അനുവദിക്കുന്നതില്‍ കൈക്കൂലി ഒരു പങ്കു വഹിച്ചിട്ടുണ്ടോ? അല്ലെങ്കില്‍, കമ്പനികളുടെ തിരിച്ചടവു പ്രാപ്തി കണക്കാക്കുന്നതില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കുണ്ടായ പിഴവാണോ? ഏതു നിലയ്ക്കു നോക്കിയാലും ഇതില്‍ ചില ഇടപാടുകള്‍, പ്രതിസന്ധിയിലായ കമ്പനികളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്നു വ്യക്തമാണ്. ഈ ഏര്‍പ്പാടുകള്‍ക്കിടയില്‍ യെസ് ബാങ്കിലെ ചില ഉന്നതര്‍ എളുപ്പത്തില്‍ കുറെ പണമുണ്ടാക്കിയിട്ടുണ്ടെന്നും വ്യക്തമാണ്. കാര്യമെന്തായാലും, റിസര്‍വ് ബാങ്കിന്‍റെ ഉറപ്പുകളെല്ലാമുണ്ടെങ്കിലും ലക്ഷകണക്കിനു സാധാരണ നിക്ഷേപകര്‍ അവരുടെ പണം നഷ്ടമാകുമോ എന്ന ആശങ്കയില്‍ സ്തബ്ധരായിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യബാങ്കിന്‍റെ തകര്‍ച്ചയുടെ കഥ പുറത്തു വരികയും നിക്ഷേപകര്‍ രാജ്യമെങ്ങുമുള്ള അതിന്‍റെ കൗണ്ടറുകള്‍ക്കു മുമ്പില്‍ വരി നില്‍ക്കുകയും ചെയ്യുമ്പോള്‍, ബാങ്കുകള്‍ ഇങ്ങനെ വീണ്ടും വീണ്ടും തകരുന്നതിനെക്കുറിച്ചു റിസര്‍വ് ബാങ്ക് ഒരുപാടു വിശദീകരിക്കേണ്ടതുണ്ട്. യെസ് ബാങ്കിന്‍റെ കാര്യത്തില്‍ ഒരു വര്‍ഷത്തിലേറെയായി മുന്നറിയിപ്പുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. കിട്ടാക്കടം പെരുകുമ്പോഴും അവര്‍ വായ്പകള്‍ നിര്‍ബാധം നല്‍കിക്കൊണ്ടിരുന്നു. ആര്‍ ബി ഐ യുടെ നിരീക്ഷണ സംവിധാനം അതിന്‍റെ സ്വന്തം മൂക്കിനു താഴെ തന്നെ ദയനീയമായി പരാജയപ്പെട്ടു എന്നു വ്യക്തമായിരുന്നു. സംശയകരമായ ഇടപാടുകളുടെയും അക്കൗണ്ടുകളിലെ പൊരുത്തക്കേടുകളുടെയും പേരില്‍ ബാങ്കിന്‍റെ എം ഡി യെ ഒരു വര്‍ഷത്തിനു മുമ്പ് പുറത്താക്കിയിരുന്നെങ്കിലും ബാങ്കിനെ ശരിയായ പാതയില്‍ കൊണ്ടുവരുന്നതില്‍ ആര്‍ ബി ഐ യും ഗവണ്‍മെന്‍റും പരാജയപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സ്വീകരിച്ചിരിക്കുന്ന നടപടികളിലൂടെ നിക്ഷേപകര്‍ക്ക് അവരുടെ പണം നഷ്ടമാകാതെ പരിഹാരങ്ങള്‍ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ പരിഹാര നടപടികളിലുണ്ടാകുന്ന ഏതൊരു കാലതാമസവും ജനങ്ങളോടുള്ള ക്രൂരതയില്‍ കുറഞ്ഞ യാതൊന്നുമല്ല. യെസ് ബാങ്ക് ദുരന്തം ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ അവസാനത്തേതായിരിക്കട്ടെയെന്നാണ് ആളുകളുടെ പ്രത്യാശ. ഏതൊരു രാജ്യത്തിന്‍റെയും നട്ടെല്ലാണ് ബാങ്കിംഗ് മേഖല. ഇതു സാധിച്ചില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തികരംഗത്തിന്‍റെ തകര്‍ച്ച തുടര്‍ക്കഥയാകും.

Leave a Comment

*
*