തൊഴില്‍ നിയമങ്ങളെ തകിടം മറിക്കുമ്പോള്‍

ഇന്ത്യയില്‍ ഏറ്റവും ഗുരുതരമായ പരീക്ഷണകാലത്തിലൂടെ കടന്നുപോകുകയാണു തൊഴിലാളി വര്‍ഗം. ഒരിക്കലുമുണ്ടായിട്ടില്ലാത്തവിധം കഠിനമായ കഷ്ടപ്പാടുകള്‍ അവരനുഭവിക്കുന്നു. സ്വന്തം വീടുകളിലെത്തിച്ചേരാന്‍ കുടിയേറ്റ തൊഴിലാളികള്‍ നടത്തുന്ന മരണപ്പോരാട്ടത്തിന്‍റെ ഹൃദയം നുറുക്കുന്ന കാഴ്ചകള്‍ എത്ര കഠിനഹൃദയങ്ങളെ പോലും അലിയിപ്പിക്കാന്‍ പോന്നതാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലം കണ്ട് കണ്ണുമിഴിക്കുകയാണവര്‍. പക്ഷേ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള ഏറ്റവും നല്ല അവസരമായി കാണുകയാണ് ഇതിനെ. ഓര്‍ഡിനന്‍സ് ഇറക്കുക എന്ന ലജ്ജാകരമായ പാതയാണ് അവരിതിനു പിന്തുടരുന്നതും. മൂന്നു വര്‍ഷം വരെയുള്ള കാലയളവുകളിലേയ്ക്ക് മിക്ക തൊഴില്‍ നിയമങ്ങളും റദ്ദാക്കപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് കാലത്തോളം പഴക്കമുള്ള ചില തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ട് എന്നതു നിഷേധിക്കുന്നില്ല. മാറുന്ന കാലത്തിനൊപ്പം നീങ്ങാന്‍ രാജ്യത്തെ പ്രാപ്തമാക്കുവാന്‍ ഇതാവശ്യമാണ്. പക്ഷേ ഇതു ചെയ്യാന്‍ തിരഞ്ഞെടുത്ത സമയവും അടിച്ചേല്‍പിച്ച രീതിയും വച്ചു നോക്കുമ്പോള്‍ നമ്മള്‍ ഇപ്പോള്‍ കാണുന്നതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ ഇവര്‍ ഉദ്ദേശിക്കുന്നതെന്നു ചിന്തിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

ഈ സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന ചില മാറ്റങ്ങള്‍ നോക്കാം. ജോലിസമയം ദിവസം എട്ടു മണിക്കൂര്‍ എന്നതു പന്ത്രണ്ടു മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്ന മാറ്റമാണിത്. മനുഷ്യത്വവിരുദ്ധമായ മുഖമുള്ള ഒരു കഠോരനടപടിയെന്നാണ് തൊഴിലാളിയൂണിയനുകള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. വ്യവസായതര്‍ക്കപരിഹാര നിയമം റദ്ദാക്കിയതാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കേറ്റ മറ്റൊരു അടി. ഇതോടെ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ നിന്ന് സ്ഥാപനങ്ങള്‍ ഒഴിവായി. ആളുകളെ തോന്നിയ പോലെ ജോലിക്കെടുക്കാനും പിരിച്ചുവിടാനും തൊഴിലുടമകള്‍ക്ക് ഇതു സ്വാതന്ത്ര്യം നല്‍കും. സാമ്പത്തിക തകര്‍ച്ചയുടെ നടുവില്‍ ഭാവിയെ സംബന്ധിച്ച കടുത്ത അനിശ്ചിതത്വവുമായി നില്‍ക്കുന്ന തൊഴിലാളികള്‍ക്ക്, തൊഴിലുടമകള്‍ക്കു തോന്നുന്ന പോലെ തൊഴിലും നഷ്ടപ്പെടാമെന്നാകുമ്പോള്‍ അത് സര്‍വതും തകര്‍ക്കുന്ന അവസാനത്തെ അടിയാകുന്നു. തൊഴിലാളികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഏതാനും തവണ ഭേദഗതി ചെയ്യപ്പെട്ട ഫാക്ടറീസ് ആക്ടും റദ്ദാക്കപ്പെട്ടു. ഏതാനും തൊഴിലാളികള്‍ മരിക്കുകയും നൂറു കണക്കിനാളുകള്‍ രോഗികളാകുകയും ചെയ്ത വിശാഖപട്ടണത്തെ എല്‍ജി പോളിമെഴ്സില്‍ അടുത്ത കാലത്തുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, തൊഴിലാളികളുടെ സുരക്ഷയില്‍ വിനാശകരമായ ഫലങ്ങളുണ്ടാക്കാന്‍ ഇടയാക്കുന്നതാണ് ഫാക്ടറീസ് ആക്ട് റദ്ദാക്കിയ നടപടി. ഇതുപോലെ തന്നെ അപകടകരമാണ് മിനിമം കൂലി നിയമത്തിന്‍റെ റദ്ദാക്കലും സമാനമായ മറ്റു പല നടപടികളും. ഇതെല്ലാം തൊഴിലാളികളെ അടിമപ്പണിക്കാരാക്കാന്‍ ഇടയാക്കുന്നതാണ്.

രാജ്യത്തെ വിവിധ തൊഴില്‍ നിയമങ്ങളെയെല്ലാം പുതുമയാര്‍ന്ന രീതിയില്‍ നോക്കിക്കാണുന്ന വ്യവസായ ബന്ധ നിയമം പാര്‍ലിമെന്‍റ് പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഈ നീക്കം നടത്തിയത്. ലോകസഭയുടെയും രാജ്യസഭയുടെയും സ്ഥിരം സമിതികള്‍ ഈ നിയമം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിയമനിര്‍മ്മാതാക്കള്‍ അതു പരിശോധിക്കേണ്ടതുണ്ട്. തൊഴില്‍ നിയമങ്ങള്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും പരിധിയില്‍ വരുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ സ്വന്തം താത്പര്യങ്ങള്‍ക്കിണങ്ങുന്ന ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചുകൊണ്ട് ഏതാനും സംസ്ഥാന ഗവണ്‍മെന്‍റുകള്‍ നടത്തിയ ഈ എടുത്തുചാട്ടങ്ങള്‍ മര്യാദയല്ല. ചൈന വിടുന്ന കമ്പനികളെ ആകര്‍ഷിക്കാനാണ് സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഇത്ര വേഗതയില്‍ ഈ നടപടികള്‍ സ്വീകരിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. തൊഴിലാളി വര്‍ഗത്തിനനുകൂലമായി കാണപ്പെടുന്ന ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍, തൊഴിലുടമകള്‍ക്കനുകൂലമായി മാറ്റുന്നില്ലെങ്കില്‍ നിരവധി വിദേശ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ധൈര്യപ്പെടുകയില്ല എന്നൊരു ധാരണയാണു പരത്തിയിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ മാറ്റുന്നതുകൊണ്ടു മാത്രം വിദേശനിക്ഷേപകര്‍ ഇന്ത്യയിലേക്കു വരുമോ എന്നതു കാത്തിരുന്നു കാണേണ്ട കാര്യമാണ്.

വ്യവസായങ്ങളുടെ പ്രവര്‍ത്തനമികവിനെ പ്രതികൂലമായി ബാധിക്കാതെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ളതാണ് തൊഴില്‍ നിയമങ്ങളിലെ യഥാര്‍ത്ഥ പരിഷ്കാരങ്ങള്‍. നിലവിലുള്ള നിയമങ്ങള്‍ ധൃതി പിടിച്ചു റദ്ദാക്കിയത് തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ഇല്ലാതാക്കുകയാണു ചെയ്തത്. സ്വന്തം തൊഴിലാളിവര്‍ഗത്തെ അവമതിക്കുന്ന രാജ്യത്തിന് സൂപ്പര്‍ പവറാകാനുള്ള ബുള്ളറ്റ് ട്രെയിനില്‍ കയറാന്‍ കഴിയുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org