വര്‍ഗീയവാദത്തിനു ദല്ലാള്‍ പണിയെടുക്കുന്നവര്‍

സുരേഷ് മാത്യു OFM.Cap

പുതിയ സര്‍ക്കാരില്‍ നിന്നു മെച്ചപ്പെട്ട ഭരണമുണ്ടാകുമെന്നു പ്രതീക്ഷിച്ചാണ് ജനങ്ങള്‍ പുതിയൊരു പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത്. കൂടുതല്‍ നല്ല ഭരണവും ജനങ്ങള്‍ക്ക് ആശ്വാസവും ഉണ്ടാകുമെന്ന ജനകീയ പ്രതീക്ഷകളിലേറിയാണ് ചന്ദ്രബാബു നായിഡുവിനെ താഴെയിറക്കി ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഭരണമാരംഭിച്ച് ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ കാണുന്നത് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാരിന് അതിന്‍റെ മുന്‍ഗണനാക്രമത്തിലുള്ള ശ്രദ്ധ നഷ്ടപ്പെടുന്നതായിട്ടാണ്. ഈ സര്‍ക്കാരിന്‍റെ ചില തീരുമാനങ്ങള്‍ സാധാരണ സംഭവിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പുതിയ സര്‍ക്കാരിന്‍റെ ശോഭ കെടുത്തുന്നു. ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ക്ക് 5,000 രൂപ പ്രതിമാസ പ്രതിഫലം നല്‍കാനുള്ള തീരുമാനം രാജ്യത്തിന്‍റെ മതേതരത്വത്തിനു വിരുദ്ധമായ ഒരു ജനപ്രിയ, വിഭാഗീയ നീക്കമായിരുന്നു. മതപരമായ സേവനത്തിനു പൊതുഖജനാവില്‍ നിന്നു പ്രതിഫലം നല്‍കുന്നത് പാസ്റ്റര്‍മാര്‍ നിലകൊള്ളുന്ന മൂല്യങ്ങള്‍ക്കു തന്നെ എതിരാണ്. നികുതിദായകരുടെ പണത്തില്‍ നിന്നു ആനുകൂല്യങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള പൊതുജനസേവകരല്ല പാസ്റ്റര്‍മാര്‍. അവര്‍ സമുദായത്തെ സേവിക്കുന്നു. പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതു പോലെയല്ല അത്. അവരെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നതോ ഏതെങ്കിലും പൊതുചുമതലയിലേയ്ക്ക് ജനങ്ങള്‍ വോട്ട് ചെയ്തു തിരഞ്ഞെടുക്കുന്നതോ അല്ല. ആത്മീയമായും മറ്റു തരത്തിലും തങ്ങള്‍ സേവിക്കുന്ന അതേ സമുദായമാണ് അവരെ പിന്തുണയ്ക്കേണ്ടത്. ഒരു മതത്തെ മറ്റു മതങ്ങളേക്കാള്‍ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന വളരെ തെറ്റായ സന്ദേശമാണ് അവര്‍ക്ക് പ്രതിഫലം നല്‍കുന്നതിലൂടെ സര്‍ക്കാര്‍ പരത്തുന്നത്.

ഈ തീരുമാനത്തിനു മറ്റു ചില പോരായ്മകളും ഉണ്ട്. ക്രൈസ്തവര്‍ക്കിടയില്‍ സഭാവിഭാഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അസംഖ്യം സ്വതന്ത്രസഭകള്‍ ഇപ്പോഴുണ്ട്. അതുകൊണ്ട് പ്രതിഫലം അവകാശപ്പെടുന്ന പാസ്റ്റര്‍മാരുടെ എണ്ണം കൂണുപോലെ പെരുകാനിടയുണ്ട്. ഇത് പണ്ടോറയുടെ പെട്ടി തുറന്ന അവസ്ഥയുണ്ടാക്കും. വര്‍ഗീയവാദികളുടെ അക്രമങ്ങള്‍ക്ക് നിരന്തരം ഇരകളായിക്കൊണ്ടിരിക്കുന്ന ഒരു സമുദായത്തെ സങ്കുചിതത്വത്തിന്‍റെയും സ്വജനപക്ഷാഭേദത്തിന്‍റെയും ആരോപണങ്ങള്‍ക്കു അനാവശ്യമായി വിധേയമാക്കുകയാണ് ഈ നടപടി. ഇതിനായി നീക്കി വച്ചിരിക്കുന്ന തുക, ഗവണ്‍മെന്‍റ് മാത്രം ആശ്രയമായിട്ടുള്ള പാവങ്ങളെയും പാര്‍ശ്വവത്കൃതരേയും സഹായിക്കാനായി ചിലവഴിക്കണം. അധികാരികളുടെ വിരുന്നുമേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങളില്ലാതെ തന്നെ പാസ്റ്റര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനാകും. "വേണ്ട, നന്ദി" എന്നു പറഞ്ഞ് ഈ വാഗ്ദാനം നിരസിക്കുകയും ഇത്തരം പ്രതിഫലങ്ങളേക്കാള്‍ മൂല്യങ്ങള്‍ക്കായി നിലകൊള്ളുകയുമാണ് പാസ്റ്റര്‍മാര്‍ ചെയ്യേണ്ടത്. ഹിന്ദു പൂജാരിമാര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ടെന്ന വികലമായ മറുവാദം ഉയര്‍ത്തിക്കൊണ്ടു വരുന്നത് ബുദ്ധിശൂന്യമാണ്. അതു സര്‍ക്കാര്‍ ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നു നല്‍കുന്നതാണ്, നികുതിദായകരുടെ പണമല്ല.

ജാതിയോ മതമോ വംശമോ ഭേദമില്ലാതെ എല്ലാ വ്യക്തികളുടെയും പുരോഗതിയും സമൃദ്ധിയുമായിരിക്കണം സര്‍ക്കാരിന്‍റെ ലക്ഷ്യം. സര്‍ക്കാരുകള്‍ വരികയും പോകുകയും ചെയ്യും, ജനങ്ങള്‍ക്കായിരിക്കണം അവരുടെ നയങ്ങള്‍ കൊണ്ടുള്ള പ്രയോജനം. ഈയര്‍ത്ഥത്തില്‍, സംസ്ഥാന തലസ്ഥാനമെന്ന നിലയില്‍ അമരാവതിയില്‍ മുന്‍ നായിഡു ഗവണ്‍മെന്‍റ് തുടങ്ങി വച്ച വികസനപ്രവര്‍ത്തനങ്ങള്‍ നിറുത്തി വയ്ക്കാനുള്ള ജഗന്‍ ഗവണ്‍മെന്‍റിന്‍റെ തീരുമാനം പ്രതികാരരാഷ്ട്രീയത്തിന്‍റെ സൂചനയാണ്. ആയിരകണക്കിനു കോടി രൂപയും ലക്ഷകണക്കിനാളുകളുടെ ജോലിയും ഒരു പ്രദേശത്തിന്‍റെയാകെ വികസനവുമാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്. ഈ പദ്ധതികളില്‍ അഴിമതി ഉണ്ടായിട്ടുണ്ടെങ്കില്‍ അതിലുള്‍പ്പെട്ടിരിക്കുന്നവരുടെ നേരെ നടപടിയെടുക്കുകയാണു വേണ്ടത്. ഭാഗികമായി പൂര്‍ത്തിയാക്കിയ അനേകം പദ്ധതികള്‍ വഴിയിലുപേക്ഷിക്കുന്നത് പൊതുഖജനാവിലെ വന്‍തുക നഷ്ടപ്പെടുത്തുന്ന നടപടിയാണ്. ഒരു ഗവണ്‍മെന്‍റ് തുടങ്ങി വച്ച എല്ലാ പദ്ധതികളും പിന്നാലെ വരുന്ന ഗവണ്‍മെന്‍റുകള്‍ ഇല്ലാതാക്കരുത്. പദ്ധതികളുടെ റദ്ദാക്കല്‍ വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കും: ഒന്ന്, വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. രണ്ട്, പുതിയ ടെന്‍ഡറുകളില്‍ തുകയുടെ വലിയ വര്‍ദ്ധനവുണ്ടാകും. എലിയെ തോല്‍പിക്കാന്‍ ഇല്ലം ചുടുന്നതു പോലെയാണ് ജഗന്‍ മോഹന്‍ റെഡ്ഡി ഗവണ്‍മെന്‍റിന്‍റെ നടപടികള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org