ഏകാധിപത്യ ജനാധിപത്യം പിറക്കുന്നു?

ഏകാധിപത്യ ജനാധിപത്യം പിറക്കുന്നു?

ജനാധിപത്യം സ്വേച്ഛാധിപത്യത്തിലേക്കു നിപതിക്കുന്ന പ്രലോഭനത്തിലാണ് എന്നു പറയാറുണ്ട്. ഈ പ്രലോഭനത്തിലേക്കു ബോധപൂര്‍വ്വം ചെന്നുചാടുന്ന ഭരണാധികാരികളാണിന്നു നമുക്കുള്ളത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒരു സ്വേച്ഛാധിപതിയുടെ ശൈലിയിലാണു പെരുമാറുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നാണു മാധ്യമങ്ങള്‍ നമ്മോടു പറയുന്നത്. അദ്ദേഹത്തിന്‍റെ ശരീരഭാഷയും പെരുമാറ്റ സവിശേഷതകളും തീരുമാനങ്ങളും നടപടികളുമെല്ലാം ഒരു സ്വേച്ഛാധിപതിയെയാണു കാണിച്ചു തരുന്നത്. ജനാധിപത്യത്തിന്‍റെ മഹത്ത്വപ്രഭയില്‍ വിരാജിക്കുന്ന അമേരിക്കന്‍ ജനത ട്രംപു കൊണ്ടുവരുന്ന സ്വേച്ഛാധിപത്യ ജനാധിപത്യത്തോടു സമരസപ്പെട്ടു തുടങ്ങിയിരിക്കുന്നു.

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്വേച്ഛാധിപത്യശൈലിതന്നെയാണ് അനുവര്‍ത്തിക്കുന്നത്. നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായതിനുശേഷമുള്ള പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചയമായും ഒരു സ്വേച്ഛാധിപതിയുടേതാണ്. അധികാരം തന്നിലേക്കു കേന്ദ്രീകരിക്കാന്‍ ജനാധിപത്യമാധ്യമങ്ങളെ ബോധപൂര്‍വ്വം പ്രയോജനപ്പെടുത്തുന്ന തന്ത്രങ്ങള്‍ വളരെ വൈദഗ്ധ്യത്തോടെ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. മാധ്യമനിയന്ത്രണങ്ങള്‍ മുതല്‍ പ്ലാനിങ്ങ് കമ്മീഷന്‍ എടുത്തുകളഞ്ഞതും, ഗ്രീന്‍ ട്രിബ്യൂണലിനെ ദുര്‍ബലപ്പെടുത്തിയതും ഡിമോണിറ്റൈസേഷന്‍ നടപ്പാക്കിയ രീതിയും ജി.എസ്.റ്റി നടപ്പാക്കിയ ശൈലിയും വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗണ്‍സില്‍ രൂപീകരണവുമെല്ലാം ഒരു സ്വേച്ഛാധിപതിയുടെ നടപടികളാണെന്നു തിരിച്ചറിയാന്‍ രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയും ഭരണഘടനാസ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ജുഡീഷ്യറിയുടെ നിയമനത്തില്‍പ്പോലും രാഷ്ട്രീയ ഇടപെടലുകള്‍ക്കു വഴിയൊരുക്കുന്നു. എന്തിനേറെ ജനം എന്തു ഭക്ഷിക്കണം എന്നുവരെ നിശ്ചയിക്കുന്ന ഫാസിസ്റ്റ് രീതികള്‍ ഏകാധിപതിയുടെ കുപ്പായമണിഞ്ഞ ഏകാധിപത്യ ജനാധിപത്യ സമ്പ്രദായത്തിലെ ഭരണാധികാരിയെ നമുക്കു കാണിച്ചു തരുന്നു.

കേരളത്തിന്‍റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും എടുത്തണിയുന്നതു സ്വേച്ഛാധിപതിയുടെ കുപ്പായംതന്നെയാണ്. മറ്റുമന്ത്രിമാര്‍ പോലും ഒരു സ്വേച്ഛാധിപതിയുടെ കീഴില്‍ കഴിയുന്നതുപോലെ ഭയപ്പാടോടെയാണു ഭരിക്കുന്നതെന്നത് പരസ്യമായിട്ടുള്ള രഹസ്യമാണ്. പൊലീസ് വകുപ്പു മുഖ്യമന്ത്രിതന്നെ കയ്യാളുന്നതും വെറുതെയല്ല. ഘടകകക്ഷികളെ പരിഗണിക്കുന്നുപോലുമില്ല എന്നാണു പൊതുവേയുള്ള വര്‍ത്തമാനം. പാര്‍ട്ടിയില്‍ത്തന്നെ പിണറായി വിജയന്‍റെ സ്വേച്ഛാധിപത്യരീതിമൂലം ഒട്ടനവധി പ്രശ്നങ്ങള്‍ നിലനില്ക്കുന്നു.എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ജനാധിപത്യത്തെ ഭരണാധികാരികള്‍ സ്വേച്ഛാധിപത്യ ജനാധിപത്യമാക്കി രൂപാന്തരപ്പെടുത്തുകയാണ്.

ജനാധിപത്യത്തില്‍ അധികാരം ജനങ്ങളിലെത്തിക്കാനാണു ശ്രമം നടക്കേണ്ടത്. അധികാരം എത്രകണ്ടു പങ്കുവയ്ക്കപ്പെടുന്നോ അത്രകണ്ടു ജനാധിപത്യം ശോഭയുള്ളതാകും. കാലം ചെല്ലുംതോറും ജനം പ്രബുദ്ധരാകുകയും ജനങ്ങള്‍ ഭരണകാര്യങ്ങളില്‍ സജീവമായി പങ്കുചേരുകയും വേണം. പങ്കാളിത്തഭരണമാണു ജനാധിപത്യത്തില്‍ നടക്കേണ്ടത്. എന്നാല്‍ ജനങ്ങളെ പ്രാകൃതാവസ്ഥയില്‍ നിലനിര്‍ത്തുകയും അധികാരം കൂടുതല്‍ കൂടുതലായി അധികാരിയിലേക്കു കേന്ദ്രീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ വലിച്ചിഴച്ച് ഏകാധിപത്യത്തിലേക്കു കൊണ്ടുപോകുന്നതിനുമുമ്പുള്ള ഏകാധിപത്യ ജനാധിപത്യ സമ്പ്രദായമാണ് ഇവിടെ നടക്കുന്നത്.

ജനക്ഷേമത്തിനു പകരം പാര്‍ട്ടി താത്പര്യങ്ങളും സ്വാര്‍ത്ഥതയും ഫാസിസ്റ്റ് മനോഭാവങ്ങളും ഹിഡന്‍ അജണ്ടകളുമെല്ലാം ചേര്‍ന്നാണ് ജനാധിപത്യത്തിന്‍റെ വേരറുക്കുന്നത്. ജനാധിപത്യം ഒരു സംവിധാനത്തിനപ്പുറം ഒരു നടപടിക്രമമാണ്, ജനങ്ങളെ ശാക്തീകരിക്കുന്ന നടപടിക്രമം. ഒരു പങ്കാളിത്ത ഭരണസമ്പ്രദായം. ഇതു നടപ്പാകണമെങ്കില്‍ ഭരണാധികാരി മാത്രമല്ല അധികാരം കയ്യാളുന്ന എല്ലാവരും ജനക്ഷേമതത്പരരാകണം, പങ്കാളിത്ത ഭരണക്രമത്തെക്കുറിച്ച് ആഴത്തില്‍ ബോധ്യവും അതു നടപ്പാക്കാന്‍ ഇച്ഛാശക്തിയും വേണം. ജനാധിപത്യം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന സമ്പ്രദായമാണെന്ന ബോധം ഉണ്ടാകണം. അധികാരം ആത്യന്തികമായി ജനങ്ങളിലാണ്. മറ്റാര്‍ക്കും ജന്മാവകാശമായി ലഭിച്ചതല്ല. ജനങ്ങള്‍ തന്നതു ജനങ്ങള്‍ക്കു തിരിച്ചു കൊടുക്കണം. അടിസ്ഥാനപരമായ നീതിബോധമുണ്ടെങ്കിലേ ഇതു നടക്കൂ.

ജനാധിപത്യം പ്രായോഗികമാകാന്‍ ജനങ്ങള്‍ പ്രബുദ്ധരും ഹൃദയവിശാലതയുള്ളവരുമാകേണ്ടതുണ്ട്. പങ്കുവച്ചാല്‍ ഒന്നും നടക്കില്ല എന്നു വന്നാലും അധികാരം കേന്ദ്രീകരിക്കപ്പെടും. ജനക്ഷേമപരമായ കാര്യങ്ങളോടു പുറംതിരിഞ്ഞു നില്‍ക്കുകയും എല്ലാറ്റിനോടും നിഷേധാത്മകമായ നിലപാടു സ്വീകരിക്കുകയും ചെയ്യുന്ന അന്തരീക്ഷമുണ്ടായാല്‍ അധികാരം പങ്കുവയ്ക്കപ്പെടില്ല. അധികാരം കയ്യാളുന്ന ഓരോരുത്തരും സ്വാര്‍ത്ഥരായാല്‍ ജനാധിപത്യം കാപട്യമാകും. ഇപ്പോള്‍ കപടതയുടെ മൂടുപടമണിഞ്ഞ ഷാഡോ ജനാധിപത്യ സമ്പ്രദായത്തിലേക്കാണു നീങ്ങുന്നത്. അധികാരിയുടെ കയ്യിലെ ചരടില്‍ പറന്നാടുന്ന ഒരു പട്ടം കണക്കായിട്ടുണ്ട് ഇന്നു ജനാധിപത്യം. അതുകൊണ്ടാണ് ഏകാധിപത്യ ജനാധിപത്യം പിറന്നോ എന്നു സംശയിക്കപ്പെടേണ്ടിവരുന്നത്. ജനാധിപത്യത്തിന്‍റെ കാവല്‍ക്കാര്‍ ജനങ്ങള്‍തന്നെയാണ്. ജനങ്ങളുടെ പ്രബുദ്ധതയിലും ജാഗ്രതയിലുമാണ് ജനാധിപത്യം നിലനില്‍ക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org