ധര്‍മത്തിന്റെ അത്ഭുതം

ധര്‍മത്തിന്റെ അത്ഭുതം

സംസ്‌കാരത്തിന്റെ അടിസ്ഥാനം എന്ത് എന്ന ചോദ്യം അത്ര അപ്രധാനമല്ല. യുദ്ധമാണ് എല്ലാറ്റിന്റെയും പിതാവ് എന്നു പറഞ്ഞതു ഗ്രീക്ക് ചിന്തകന്‍ ഹെരാക്ലീറ്റസ് ആണ്. പലതുണ്ടാകുന്നത് പല അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതുകൊണ്ടാണ്. യുക്തിയുടെ വൈകല്യമാണു പല അഭിപ്രായങ്ങള്‍. എല്ലാ വൈരുദ്ധ്യങ്ങെളയും എല്ലാ അഭിപ്രായങ്ങളെയും ഇല്ലാതാക്കുന്നതു ബുദ്ധിയാണ്. ശരിയായ മനസ്സിലാക്കലിനു വിധേയരാകുമ്പോള്‍ എല്ലാ അഭിപ്രായങ്ങളും അവസാനിക്കും, വൈവിധ്യങ്ങള്‍ ഇല്ലാതാകും. എല്ലാം മനസ്സിലാക്കുമ്പോള്‍ എല്ലാം ഒന്നിക്കും. എല്ലാം സത്യത്തിലേക്കും അറിവിലേക്കും വിലയം പ്രാപിക്കുന്നു. ഒന്നും അറിവിന്റെ മണ്ഡലത്തിനു പുറത്തുപോകാന്‍ പാടില്ല. അറിവിന്റെ മണ്ഡലം എന്റെ ബോധമണ്ഡലമാണ്. എല്ലാം അറിഞ്ഞ് എന്റെ ബോധത്തിന്റെ സമഗ്രതയില്‍ ആക്കപ്പെടുന്നു. ഞാന്‍ ചിന്തിക്കുന്നു. അതുകൊണ്ടു ഞാനുണ്ട്. തന്റെ അസ്തിത്വചിന്ത സമഗ്രചിന്തയാണ്.

എന്റെ അനന്യത അഥവാ തനിമ എന്റെ ബോധത്തിന്റെ സത്യമാണ്. ആ സത്യം ഞാന്‍ ഉണ്ടാക്കുന്നത് എല്ലാം എന്നിലേക്കു മനസ്സിലാക്കിയുമാണ്. എന്റെ വെളിച്ചത്തില്‍ എല്ലാം പ്രകാശിതമായി ഞാന്‍ മനസ്സിലാക്കുന്നു. എന്റെ വെളിച്ചം എല്ലാറ്റിലും പതിക്കുമ്പോള്‍ എല്ലാം എന്റെ തനിമയുടെ ഭാഗമാകും. എന്റെ രൂപത്തിലാക്കപ്പെടുന്നു. അതു ഞാന്‍ എല്ലാം തിന്ന് എന്റെ ശരീരത്തിന്റെ ഭാഗമാക്കുന്നതുപോലെയാണ്. അങ്ങനെയാണ് എന്റെ തനിമ ഉണ്ടാകുന്നത്. അത് ഏതെങ്കിലും കാര്യങ്ങളില്‍ ഒരു കാലത്തു മാത്രം നടക്കുന്നതല്ല. അതു ഞാനാകുന്നതു ജീവിതത്തിന്റെ നിരന്തരപ്രക്രിയയാണ്.

എന്റെ നിലനില്പ് എല്ലാം മനസ്സിലാക്കുന്ന യാത്രയാണ്. അത് എന്റെ സ്വത്വരൂപീകരണമാണ്. വൈദേശികമാകുന്നതിനെയെല്ലാം സ്വദേശത്തേയ്ക്കു കൊണ്ടുവന്ന് എന്റേതാക്കുന്നു. എല്ലാം നിരന്തരമായി എന്റെ സൃഷ്ടിയുടെ സംഘട്ടനത്തിലാണ്. അവിടെ എന്റെ സമാധാനം സ്ഥാപിക്കുന്നതുവരെ. സമാധാനം അക്രമത്തിന്റെ തന്നെ ഒരു രൂപമാണ്. ഏതു സമാധാനവും അസ്ഥിരവുമാണ്. ഏതു സമാധാനവും യുദ്ധമായി എപ്പോഴും മാറാം. ആത്യന്തികമായി സ്വന്തം സുരക്ഷിതത്വം ഉറപ്പിലാത്ത സ്ഥിതിയിലാണ് എല്ലാവരും. അവിടെ താത്കാലികനടപടി മാത്രമാണു സമാധാനം. യുദ്ധം ഒഴിവാക്കല്‍, തീവ്രവാദം, നീതിയുക്തമായ യുദ്ധം ഇവയൊക്കെ കാണിക്കുന്നത് അസ്തിത്വചിന്ത എന്നതു പ്രാഥമികമായി യുദ്ധമാണ് എന്നതുതന്നെ. എന്റെ സ്വത്വനിര്‍മിതിയുടെ ഭാഗമാണത്. ആ സ്വത്വനിര്‍മിതി എപ്പോഴും ഭാഷയിലേക്കു തിരിച്ചുവരുന്നു. "ഞാന്‍" എന്നത് അസ്തിത്വമാകുമ്പോള്‍ ഒരു അടയാളമായി ഞാന്‍ നിലകൊള്ളുന്നു.

ഈ സാഹചര്യത്തെയാണ് തോമസ് ഹോബ്‌സ് "മനുഷ്യന്‍ മനുഷ്യനോട് ചെന്നായയാണ്" എന്ന് എഴുതിയത്. എല്ലാ മൗലികവാദങ്ങളും എല്ലാ തനിമബോധങ്ങളും ഈ പ്രതിസന്ധി പേറുന്നുണ്ട്. ഞാന്‍ എന്ന ബോധം ലോകത്തിന്റെ ആധികാരികതയായി മാറുന്ന പ്രതിസന്ധിയാണിത്. എനിക്കു സുരക്ഷിതമല്ലാത്ത സ്ഥിതിയില്‍ ഞാന്‍ യുദ്ധത്തിലാകുന്നു. എല്ലാവരും ഇരകളാക്കപ്പെടുന്നിടത്തു വേട്ടക്കാരനാകാതെ രക്ഷയില്ല എന്ന സ്ഥിതിവിശേഷം. ഇവിടെ മനസ്സിലാക്കല്‍ തന്നെയാണു പ്രതിസന്ധിയിലാകുന്നത്. മനസ്സിലാക്കല്‍ ഒരുതരം അടിച്ചൊതുക്കലും സ്വന്തമാക്കലും അധീനതയില്‍ ആക്കലുമായി മാറുന്നു. എന്റെ അടിച്ചൊതുക്കലിന്റെ മാധ്യമമാണ് എന്റെ സംഭാഷണം, ഭാഷ, എഴുത്ത്. ഇവിടെ സത്യം ഞാന്‍ എന്റെ സമഗ്രതയില്‍ ഉണ്ടാക്കുന്ന സത്യമാണ്. അതു സമഗ്രാധിപത്യമായി മാറും. അറിവിന്റെ വാഞ്ഛയിലാണ് എല്ലാ പ്രലോഭനങ്ങളും ഉള്‍ക്കൊള്ളുന്നത്.

അറിവിന്റെയും ബോധത്തിന്റെ വിമര്‍ശനമാണു സംസ്‌കാരത്തിന്റെ അടിസ്ഥാനമാകുന്നത്. അപരന്‍ എനിക്കു മനസ്സിലാക്കാവുന്ന അസ്തിത്വമാണോ എന്നതാണു മൗലികചോദ്യം. എന്റെ സത്യത്തിന്റെ, അഥവാ അസ്തിത്വസത്യത്തിന്റെ അടിസ്ഥാനത്തിലാണോ ഞാന്‍ അപരനെ മനസ്സിലാക്കേണ്ടത്? എന്റെ മനസ്സിലാക്കലിനു വിധേയപ്പെടുമ്പോള്‍ അപരന്‍ ആരായി? അപരന്റെ മുഖം അസ്തിത്വത്തിന്റെ ഒന്നാകാന്‍ വിസമ്മതിക്കുന്ന മുഖമാകുമ്പോള്‍ എന്തു ചെയ്യണം? ലോകത്തിലുള്ള അസ്തിത്വാത്ഭുതങ്ങളില്‍ ഒന്നാണോ അപരന്‍? അപരനെ തന്റെ അസ്തിത്വമോഹത്തിന്റെ അഹത്തിനു വിധേയമാക്കാന്‍ ഞാന്‍ എപ്പോഴും സന്നദ്ധമാണോ? ഇവിടെയാണ് എന്നെ വലയ്ക്കുന്ന ഒരു പ്രതിസന്ധി ഉണ്ടാകുന്നത്. അപരന്റെ മുഖം എന്നെ വിഷമിപ്പിക്കുന്നു. അവന്‍ എന്റെ ഷൂസിനുള്ളിലെ കല്ലുപോലെ ശല്യപ്പെടുത്തുന്നു. ഇതു വലിയ ശങ്കയാണ്, വിഷമമാണ്. അഗസ്റ്റിന്‍ ആത്മകഥയില്‍ എഴുതി: "ഞാന്‍ എനിക്കൊരു ചോദ്യമായിരിക്കുന്നു." എന്റെ അഹത്തെ ഞാന്‍ ചോദ്യം ചെയ്യുന്ന വൈരുദ്ധ്യം. അപരനോടുള്ള താത്പര്യം എന്നെ ചോദ്യം ചെയ്യുന്നു. എന്റെ അഹത്തിനും അപരന്റെ താത്പര്യത്തിനും ഇടയില്‍നിന്നു ഞാന്‍ തേങ്ങുന്നു. അപരനെ ബലി ചെയ്ത് എന്റെ വഴിയില്‍ പോകും. എന്റെ വഴി മാറി അവനു വഴികൊടുക്കാം. ഇവിടെ ഞാന്‍ ഉത്തരവാദിയാകുന്നു. അപരനോടു ഞാന്‍ പറയുന്ന ഉത്തരമാണത്. അപരന്റെ മുഖം മൊഴിയുന്ന ചോദ്യത്തിനു ഞാന്‍ നല്കുന്ന ഉത്തരം. എനിക്ക് അപരനോടുള്ള ഉത്തരം രണ്ടു പേരുടെ സ്വകാര്യപ്രശ്‌നമല്ല. അപരനെ പല അസ്തിത്വങ്ങളില്‍ ഒന്നായി പരിഗണിക്കുകയല്ല; അപരനെ അസ്തിത്വത്തിനപ്പുറത്തു പരിഗണിക്കുകയാണ്. അപരനോടുള്ള താത്പര്യത്തില്‍ ഞാന്‍ നിശ്ചയിക്കപ്പെട്ടവനുമല്ല. രണ്ടിനും സാദ്ധ്യതയുണ്ട്, എന്നിലേക്കു മടങ്ങാനും നിന്നിലേക്കിറങ്ങാനും കഴിയും.

ഞാന്‍ എന്റെ തൊലിക്കുള്ളില്‍ അപരനെ ഉള്‍ക്കൊള്ളുന്നു എന്നതാണു ധാര്‍മികാത്ഭുതം. താരപഥങ്ങളുടെ വഴിയില്‍ ഞാന്‍ കാണുന്ന അത്ഭുതമല്ലിത്. എന്നിലെ ധര്‍മബോധത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. എന്നെ നിഷേധിക്കുന്ന ഒരു തത്ത്വം. എന്നിലുണ്ട്. ഞാന്‍ എനിക്കായി നില്ക്കുന്നതിനപ്പുറം നിനക്കായി നിലകൊള്ളുന്ന അത്ഭുതം. നിന്നോടു "ഈ ഞാന്‍" എന്തു പറയുന്നു. "നിന്റെ ഇഷ്ടം നിറവേറട്ടെ" എന്നു സമ്മതിക്കുന്നു. ഞാന്‍ അപരന്റെ സൂക്ഷിപ്പുകാരനായി മാറുന്നു. മൊഴിയുന്ന മുഖം എന്റെ മുമ്പില്‍. അപരന്റെ മുഖത്തില്‍ നിന്നാണ് ആരുമല്ലാത്തവന്റെ വെളിപാട് ഞാന്‍ കേള്‍ക്കുന്നത്. ആ മുഖത്തു നീതിയുടെ വിലാപമുണ്ട്. മനുഷ്യന്‍ വീരനാകുകകയല്ല, ഇവിടെ അതു യുദ്ധത്തിന്റെ വീരനാണ്. കരയുന്ന മുഖത്തോടു കരുണയും നീതിയും കാണിക്കാന്‍ ഞാന്‍ എന്നെ നിഷേധിക്കുന്നു. ഗുഹയില്‍ രാജാവിനെ പേടിച്ച് ഒളിച്ചിരുന്ന ഏലിയ കേട്ട മൃദുസ്വരം. "നിശ്ശബ്ദതയുടെ ബലഹീനസ്വരം." അതാണു ധര്‍മസങ്കടത്തിന്റെ വിളി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org